നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017

അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന കുരുന്നുകൾക്ക് സ്‌കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം. പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത് ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയംപ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ വർഷം ഞങ്ങളുടെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയവരെയും സ്വീകരിച്ചത് വളരെ രസകരമായി തന്നെയാണ്. കുട്ടികളുടെ മുഖത്തെ അമ്പരപ്പും പരിഭവവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രമിച്ചു. സ്‌കൂൾ ഒരുവേറിട്ട അനുഭവം തന്നെയാണെന്ന് ഞങ്ങൾ കാണിച്ചുകൊടുത്തു. സ്‌കൂൾ അങ്കണം പ്രത്യേകം അലങ്കരിച്ചു. കുറുമ്പുകാട്ടുന്നവരെ സ്വീകരിക്കാനും അവരെ പരിചരിക്കാനും പ്രത്യേകം ശ്രദ്ധവെച്ചു. മധുരം വിളമ്പി അവരുടെ മനം കവരാൻ പുതിയ പദ്ധതികളും ഒരുക്കിയിരുന്നു. കാര്യപരിപാടികൾ പി.ടി.എ പ്രസിഡിന്റെ അധ്യക്ഷതയിലാണ് ആരംഭിച്ചത്. ഹെഡ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. റസിഡന്റ്അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നേരത്തെ എത്തി. കൗൺസിലർമാറും മുൻ ഹെഡ്മാസ്റ്ററും എത്തിച്ചേർന്നു. സമത്വം സിഡന്റ്അസോസിയേഷൻ ഭാരവാഹികളുടെ വകയായിരുന്നു മിഠായി വിതരണം. സ്‌കൂൾ മാനേജർ പാഡയും നൽകി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം അടങ്ങുന്ന ലഘുലേഖയും കുട്ടികൾക്ക് വിതരണം ചെയ്തു. ബീന ടീച്ചറാണ് ചടങ്ങിന് നന്ദി പറഞ്ഞത്.


കാഴ്ചകളുടെ പുതിയ ആകാശങ്ങൾ


യാത്രകൾ എന്നും മനസ്സു നിറയ്ക്കും. അത് പ്രിയപ്പെട്ടവരുടെ കൂടയാകുമ്പോഴോ ഇരട്ടി മധുരം.. അങ്ങനെ മധുരം നുണഞ്ഞ ഒരു യാത്രയെപ്പറ്റി 12അധ്യാപകരും സ്‌കൂൾ മാനേജറും ഹെഡ്മാസ്റ്ററുടെ ഭാര്യയായ ഉഷ മാഡവും മൂന്ന് കുട്ടികളുമായിരുന്നു യാത്രയിലെ അംഗങ്ങൾ. റോയൽ ഫീറ്റ് എ.സി ബസിൽ രാവിലെ ആറുമണിക്കേ കയറിക്കൂടിയിരുന്നു ആഹ്ലാദത്തിന്റെ ആ കാറ്റ്. എല്ലാ മുഖങ്ങളിലും ഏറെ സന്തോഷം. കുട്ടികളുടെ മനസും നിറഞ്ഞു കവിഞ്ഞിരുന്നു. ഭാരത പുഴയിലേക്കായിരുന്നു ആദ്യമെത്തിയത്. ചരിത്രത്തിൽ നിന്നു കേട്ടറിഞ്ഞതും മുമ്പ് എപ്പോഴെക്കെയോ നേരിട്ട് ൊട്ടറിഞ്ഞതിൽ നിന്നും ഏറെ വിഭിന്നമാണ് പുഴയുടെ മുഖമെന്ന് തിരിച്ചറിഞ്ഞു. നിളയുടെ നിലവിളികൾ ഞങ്ങളും കേട്ടു. വറ്റി വരണ്ട നീർച്ചാലുകൾ....മണൽ തിട്ടകളിൽ കാടു വളരുന്നു. കാടല്ല ഞാൻ കാട്ടാറായിരുന്നു എന്ന് നിള പറയുന്നതുപോലെ. ഉഗ്ര സ്വരൂപിണിയായി, കരയെ അതിക്രമിച്ച്, കണ്ണിൽ കാണുന്നതെല്ലാം തച്ചുടച്ച് ഒരു കുറുമ്പുകാരിയെപ്പോലെ പുളച്ചുപാഞ്ഞ ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നുവെന്നും മരണാസന്നയായ വൃദ്ധയെപ്പോലെ നിള പുലമ്പുന്നുണ്ടായിരുന്നു.അടുത്തതായി ഞങ്ങൾ പോയത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തേക്കായിരുന്നു. പൂരങ്ങളുടെ തറവാട്ടു മുറ്റത്ത്, പുതുമകളുടെ വെടിക്കെട്ടുകളും കുടമാറ്റവും കണ്ട തൃശൂരും പുതിയ വിവരങ്ങൾ പറഞ്ഞുതന്നു. പിന്നെ കാലാഭവൻ മണിയുടെ നാടായ ചാലക്കുടിയിലേക്ക്. നാടൻ പാട്ടും നാട്ടുശീലുകളും അവിടുത്തെ കാഴ്ചകൾക്ക് മിഴിവേകി. പിന്നെ സാംസ്‌കാരിക തലസ്ഥാനത്തു നിന്ന് വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ ഹൃദയത്തിലേക്ക്. കൊച്ചി പഴയ കൊച്ചിയേയല്ല. എത്രപെട്ടെന്നാണതിന്റെ മുഖം മാറുന്നത്. കണ്മടച്ചു തുറക്കുമ്പോഴേക്കും മനസ് പുതിയ രൂപത്തിലേക്ക് പരിണമിക്കുന്നു. 11.30 ആയപ്പോഴെക്കും പുതിയ കാഴ്ചയായ മെട്രോയുടെ മുറ്റത്തെത്തി. മനസ്സിൽ അലതല്ലിയിരുന്ന മെട്രോ കാഴ്ചകൾ മനോഹരം, അതിഗംഭീരം, വിട പറയാൻ മനസ്സു സമ്മതിക്കാതെ അവസാന സ്റ്റോപ്പായ മഹാരാജാസ് കോളേജ് സ്‌റ്റോപ്പിൽ ഇറങ്ങി. പിന്നെ നേരെ ബോട്ട് ജെട്ടിയിലേക്ക്. അവിടെയും ഞങ്ങലെ കാത്ത് ചില കാഴ്ചകൾ കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾക്കു മാത്രം സജ്ജമാക്കിയ ബോട്ട് നീങ്ങിയത് ഒരു മണിക്ക്. ബോൾഗാട്ടി പാലസ്, വെല്ലിംഗ്ടൻ ഐലന്റ്, ആഡംബര കപ്പൽ, മട്ടാഞ്ചേരി ഡച്ച് പാലസ്, സിനഗോഗ്, എന്നിവയിലെ കാഴ്ചകളെല്ലാം ആനന്ദവും ആവേശവും തന്നു. അവിടെത്തെ സഞ്ചാരികളോട് സംവദിച്ചു. തിരികെ മൂന്ന് മണിയോടെ ബോട്ട് ജെട്ടിയിൽ എത്തി. ഭക്ഷണത്തിന് ശേഷം ലുലു മാളിലേക്ക്. രാത്രി 9.30 വരെ കാഴ്ചകളുടെ പുതിയ ലോകത്തു നിന്ന് നിരാശയോടെ മടക്കയാത്ര തുടങ്ങി. രാത്രി വളരുകയായിരുന്നു. അർധരാത്രി ഒന്നേ മുപ്പതോടെ വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തി.


ആകാശവാണിയിലേക്കൊരു യാത്ര


ഒരു സ്വപ്നമായിരുന്നു ഞങ്ങൾക്കാ യാത്ര. റേഡിയോ എന്ന വാർത്താ മാധ്യമം നാടു നീങ്ങിയെങ്കിലും ഒരു കാലഘട്ടത്തിന്റെ ശബ്ദവും വെളിച്ചവും കരുത്തുമായിരുന്ന റേഡിയോയിലൂടെയുള്ള വാക്കും വരികളും ജനിക്കുന്നത് കാണാനായത് വലിയ ഭാഗ്യമായി കരുതുന്നു. പത്രങ്ങൾ ഇത്ര വിപുലമാകാത്ത കാലത്ത്, ദൃശ്യമാധ്യമങ്ങൾ ജനിച്ചിട്ടില്ലാത്ത കാലത്ത് ഏവരുടെയും വിവരങ്ങളിയാനുള്ള ഏക അത്താണിയായിരുന്നല്ലോ റേഡിയോ. ഈ കഥകളൊക്കെ ഞങ്ങൾ പറഞ്ഞു കേട്ടതാണ്. വാർത്തകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ഇത്ര ജനകീയമാക്കിയതും റേഡിയോകളാണ്. ആദ്യം രവീന്ദ്രനാഥാ ടാഗോറിനെ ഓർത്തുപോയി ഞങ്ങൾ . കാരണം അദ്ദേഹമാണല്ലോ ആകാശവാണി എന്ന പേരിട്ടത്. രണ്ടു കാറുകളിലായിരുന്നു ഈ യാത്ര. ഞങ്ങൾക്കൊപ്പം പ്രധാന അധ്യാപകൻ മണിമാഷ്, സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന ടീച്ചർ, ശുഹൈബ ടീച്ചർ, മണിമാഷിന്റെ ഭാര്യയായ ഉഷ ചേച്ചി എന്നിവരുണ്ടായിരുന്നു. യാത്രയിൽ ഞങ്ങൾക്കൊപ്പമില്ലെങ്കിലും മിനി ടീച്ചർ, വത്സല ടീച്ചർ, ഷമീന മറ്റധ്യാപകരും ഞങ്ങൾക്ക് മാനസികമായ പിന്തുണ വാഗ്ദാനം ചെയ്ത് എപ്പോഴുമുണ്ടായിരുന്നു. ആകാശവാണി ഞായറാഴ്ചകളിൽ പ്രക്ഷേപണം ചെയ്യുന്ന പൂക്കുട എന്ന പരിപാടിയിൽ അതിഥികളാവാൻ കഴിയുക എന്നു പറഞ്ഞാൽ വലിയ അഭിമാനം തന്നെയല്ലേ. വൈകാതെ ഞങ്ങളുടെ സ്‌കൂളിന്റെ പേരും അതിലൂടെ മുഴങ്ങും. വർണപ്പൂക്കുടചാർത്തി ഞങ്ങളുടെ ശബ്ദവും അതിലൂടെ അലയടിച്ചെത്തും. പരിപാടി അജന ടി.പിയും റിയാ ഫാത്തിമയും സാധിക സന്തോഷ്, ഖദീജ ലബീബ എന്നിവരുടെ പ്രാർഥനയോടെയാണ് തുടങ്ങിയത്. രണ്ടാം ക്ലാസിലെ ഷാൻരാജ് ആരും നിസാരനല്ല എന്ന ഗുണപാഠമുൾക്കൊള്ളുന്ന കഥ പറഞ്ഞു. ഖദീജ ലബീബ, റിയാ ഫാത്തിമ, ഫാത്തിമ ഷിഫ, അൽഫിയ, അംന ദിയ, ഫാത്തിമ നജ, ദാന ഫാത്തിമ എന്നിവർ ചേർന്ന് അറബി സംഘഗാനം ആലപിച്ചു. ജൈവപച്ചക്കറി കൃഷിയുടെ പ്രാധാന്യം ലയ വി. ആംഗ്യപ്പാട്ടിലൂടെ ആവിഷ്‌ക്കരിച്ചു. ഹരിത വിദ്യാലയത്തെക്കുറിച്ച് പ്രയാണിന്റെ പ്രസംഗവും മാപ്പിളപ്പാട്ടിലിന്റെ ഇശലുമായി ഖദീജ ലബീബയുടെ മാപ്പിളപ്പാട്ടും ഇടശ്ശേരിയുടെ പൂതപ്പാട്ടിന് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ സാധിക സന്തോഷ് മോണോ ആക്ടിലൂടെ ആവിഷ്‌ക്കരിച്ചു. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ ഞങ്ങൾ മടക്കയാത്രയിലും ആ ഓർമയിൽ തന്നെയായിരുന്നു.