എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കന്യാക‍ുമാരി മ‍ുതൽ ചന്ദ്രഗിരിപ്പ‍ുഴ വരെയ‍‍ുള്ള പ്രാചീനകേരളത്തിൽ നിരവധി നാട‍ുകള‍ും നാട‍ുവാഴികള‍ുമ‍ുണ്ടായിര‍ുന്ന‍ു. മഹാബ്രാമണപ‍ുരവ‍ും ഇങ്ങനെയ‍ുള്ള നാട‍ുകളിൽ ഒന്നായിര‍ുന്ന‍ു. പേര‍ു സ‍ൂചിപ്പിക്ക‍ുന്നത‍ുപോലെ മഹാബ്രാഹ്മണര‍ുടെ കേന്ദ്രം. ധാരാളം ക്ഷേത്രങ്ങൾ ഉള്ള അറിയപ്പെട‍ുന്ന പ്രദേശം. എ ഡി ഒന്നാം ന‍ൂറ്റാണ്ടിൽ മാപ്രാണത്ത് കർത്താ എന്ന ഒര‍ു ഭരണാധികാരി നാട‍ു വാണിര‍ുന്ന‍ു എന്ന് പറയപ്പെട‍ുന്ന‍ു. മാധവികോൺ കോട്ടയ‍ും കോവിലകവ‍ും ഉൾപ്പെട‍ുന്ന കോട്ടവളപ്പ് ഈ പ്രദേശത്ത് ഉണ്ടായിര‍ുന്ന‍ുവെന്ന് കൊല്ലവർഷം 1124 ൽ കെ എൽ ഗോപാലപ്പിള്ള രചിച്ച കേരളമഹാചരിത്രം എന്ന പ‍ുസ്തകത്തിൽ കാണ‍ുന്ന‍ു. റവന്യ‍ു റിക്കാർഡ‍ുകളിൽ മാടായിക്കോൺ എന്നതിന് പകരം മൗദായികോൺ വില്ലേജ് എന്ന‍ും കാണപ്പെട‍ുന്ന‍ുണ്ട്.

മാടായിക്കോൺ, ക‍‍ുഴിക്കാട്ട‍ുകോൺ, തളിയക്കോൺ, പീച്ചംപ്പിള്ളിക്കോൺ എന്നിങ്ങനെ നാല‍ു കോണ‍ുകളായ‍ിര‍ുന്ന‍ു, മഹാബ്രാഹ്മണപ‍ുരത്തിന്റെ അതിര‍ുകൾ. ഇന്ന് ഈ സ്ഥലങ്ങൾ യഥാക്രമം മാടായിക്കോണം, ക‍ുഴിക്കാട്ട‍ുകോണം, തളിയക്കോണം, പീച്ചംപിള്ളിക്കോണം എന്നീ പേര‍ുകളിൽ അറിയപ്പെട‍ുന്ന‍ു. മഹാബ്രാഹ്മണപ‍ുരം ന‍ൂറ്റാണ്ട‍ുകൾ പിന്നിട്ടപ്പോൾ ര‍ൂപഭേദം വന്ന് മാപ്രാണം എന്നായി മാറി. മഹാബ്രാഹ്മണപ‍ുരത്തിന്റെ കിഴക്ക‍ുഭാഗത്ത‍ുള്ള കോന്തിപ‍ുലം മധ്യകാലഘട്ടത്തിൽ ഒര‍ു ത‍ുറമ‍ുഖമായിര‍ുന്നത്രെ! ത‍ുറമ‍ുഖം കേന്ദ്രീകരിച്ച‍ുമാത്രമെ അക്കാലത്ത് വാണിജ്യം വികസിക്ക‍ുമായിര‍ുന്ന‍ുള്ള‍ൂ. കൊട‍ുങ്ങല്ല‍ൂർ ത‍ുറമ‍ൂഖവ‍ുമായി ബന്ധപ്പെട്ട് കച്ചവടത്തിന് വന്നിര‍ുന്ന ധാരാളം യ‍ഹ‍ൂദർ മാപ്രാണം ദേശത്ത് തിങ്ങിപ്പാർത്തിര‍ുന്ന‍ു. എ ഡി 1340 ൽ ഉണ്ടായ മഹാസ‍ുനാമിയിൽ മാപ്രാണം പ്രദേശത്തിന്റെ ഭ‍ൂപ്രക‍ൃതി മാറി.

കേരളത്തിലെ ഏറ്റവ‍ും പഴക്കം ചെന്ന നാട്ട‍ുപ്രദേശങ്ങളിൽ ഒന്നായിര‍ുന്ന മാപ്രാണത്തെ നാട്ട‍ുരാജാക്കന്മാ‍ർ ആയിര‍ുന്ന വേളോസ‍ുനമ്പ്യാര‍ുടെ ക‍ുട‍ുംബത്തിന്റെ ക‍ുലക്ഷേത്രമായിര‍ുന്ന‍ു ക‍ുഴിക്കാട്ട‍ുകോണത്തെ നമ്പ്യങ്കാവ് ക്ഷേത്രം. ശങ്കരമംഗലം ശിവക്ഷേത്രം, വരിക്കശ്ശേരി ക്ഷേത്രം, മനക്ക‍‍ുളങ്ങര മഹാവിഷ്‍ണ‍ുക്ഷേത്രം, ഇത്തിക്ക‍ുളം ക്ഷേത്രം എന്നിവയ‍ും മാപ്രാണത്തെ പ‍ുരാതന ക്ഷേത്രങ്ങളാണ്. യഹ‍ൂദ - ബ‍ുദ്ധ - ജൈന - ഹിന്ദ‍ു - ക്രിസ്ത്യൻ മതസംസ്‍കാരങ്ങള‍ുടെ ഒര‍ു പ്രധാന കേന്ദ്രമായിര‍ുന്ന‍ു, ഇവിടം. 350 വർഷങ്ങൾക്ക‍ുമ‍ുമ്പ് തയ്യാറാക്കപ്പെട്ടത‍ും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ‍ുടെ ഉപയോഗത്തിലിര‍ുന്നത‍ുമായ ഒര‍ു ഭ‍ൂപടത്തിൽ ചർച്ച് മഹാപ‍ൂക്കോണം എന്ന് മാപ്രാണത്തെ മാർശ്ലീവപ്പള്ളിയെക്ക‍ുറിച്ച് പരാമർശിക്ക‍ുന്ന‍ുണ്ട്. എ ഡി 928 ലാണ് ഈ ക്രൈസ്‍തവദേവാലയം സ്ഥാപിതമായത് എന്നതിന് തെളിവ‍ുകൾ ഉണ്ട്. കൊല്ലവർഷം 1080 ക‍ുംഭം 29ന് കൊച്ചി മഹാരാജാവിന്റെ കൽപ്പനയെത്ത‍ുടർന്ന് പള്ളി സ്ഥിതി ചെയ്യ‍ുന്ന ഭ‍ൂമിക്ക് കരം ഒഴിവാക്കി നൽകിയതിന്റെ രേഖ പള്ളിയിൽ ഇപ്പോഴ‍ും സ‍ൂക്ഷിച്ചിട്ട‍ുണ്ട്. ഇതിൽ പള്ളിക്ക് പറയ‍ുന്ന പേര് ആ‍ള‍ൂർപള്ളി എന്നാണ്. പ‍ുരാതനകാലത്ത് ആള‍ുകൾ ധരാളമായി താമസിക്ക‍ുന്ന സ്ഥലങ്ങളെ ആള‍ൂർ എന്ന് വിശേഷിപ്പിക്കാറ‍ുണ്ട്. റവന്യ‍ു റിക്കാർഡ‍ുകളിൽ മൗദായിക്കോൺ വില്ലേജിൽ ആള‍ൂർ പള്ളി എന്നാണ് രേഖപ്പെട‍ുത്തിക്കാണ‍ുന്നത്. 1905 ൽ സ്ഥാപിതമായ സെന്റ് സേവിയേഴ്‍സ് സി എൽ പി എസ് ആണ് ആദ്യത്തെ വിദ്യാലയം. ഒന്നാംതരം മാത്രം ഉണ്ടായിര‍ുന്ന വിദ്യാലയം പിന്നീട് നാലാംതരം വരെ ഉയർത്തി. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിൽ പട്ടികജാതി വികസനമന്ത്രിയായ‍ും ദീർഘകാലം പൊറത്തിശ്ശേരി ഗ്രാമപ‍ഞ്ചായത്ത് പ്രസിഡണ്ട‍ുമായിര‍ുന്ന ശ്രീ പി കെ ചാത്തൻമാസ്റ്റർ ഈ വിദ്യാലയത്തിലെ പ‍ൂർവ്വവിദ്യാർഥി ആയിര‍ുന്ന‍ു.

ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച ഏക സർക്കാർ വിദ്യാലയമാണ് മാടായിക്കോണം ഗവൺമെന്റ് യ‍ു പി സ്‍ക‍ൂൾ. അന്തരിച്ച മ‍ുൻമന്ത്രി ശ്രീ പി കെ ചാത്തൽമാസ്റ്ററ‍ുടെ നേത‍ൃത്വത്തിൽ ആറ്റ‍ുപ‍ുറത്ത് നായർ തറവാട്ട‍ുവക സ്ഥലത്ത് ആരംഭിച്ച നിശാപാഠശാലയായി ആരമഭിച്ച ഈ വിദ്യാലയം ഇന്ന് ദേശവാസികൾക്ക് അഭിമാനമായി പ്രൗഢിയോടെ നിൽക്ക‍ുന്ന‍ു. 1964 ൽ ക‍ുഴിക്കാട്ട‍ുകോണം ദേശത്ത് ആരംഭിച്ച വിദ്യാലയമാണ് ഹോളിഫാമിലി എൽ പി സ്‍ക‍ൂൾ. മ‍ൂന്ന‍ുവർഷം ആശാന്റെ അട‍ുത്ത് പഠിച്ചശേഷം പിന്നീട് തങ്ങള‍ുടെ ക‍ുട്ടികൾക്ക് പഠിക്ക‍ുവാൻ സൗകര്യമില്ല എന്ന‍ുകണ്ട് നാട്ട‍ുകാര‍ുടെ ശക്തമായ ആഗ്രഹം കണ്ട് ഫ്രാൻസിസ്‍കൻ ക്ലാരിസ്‍റ്റ് കോൺഗ്രിഗേഷനിലെ സിസ്‍റ്റേഴ്‍സ് മ‍ുന്നോട്ട‍ുവന്നിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1984 ൽ മാപ്രാണം പ്രദേളത്ത് ആരംഭിച്ച വിദ്യാലയമാണ് ഹോളിക്രോസ് ഹൈസ്‍ക‍ൂൾ. ത‍ൃശ്ശ‍ൂർ ജില്ലയിൽ മ‍ുക‍ുന്ദപ‍ുരം താല‍ൂക്കിലെ പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്തിൽ ആയിര‍ുന്ന ഈ പ്രദേശം 2010 ൽ പഞ്ചായത്ത് മ‍ുനിസിപ്പാലിറ്റിയിൽ ലയിപ്പിച്ചതിനെത്ത‍ുടർന്ന് ഇരിഞ്ഞാലക്ക‍ുട മ‍ുനിസിപ്പാലിറ്റിയ‍ുടെ ഭാഗമാണ്.