എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


June 1 പ്രവേശനോത്സവം

2 വർഷത്തെ ഇടവേളക്കുശേഷം സ്കൂളുകൾ പഴയ രീതിയിൽ പ്രവർത്തിക്കാനുള്ള ഒരുക്കങ്ങളായി. ജൂൺ 1 പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി തന്നെ നടത്തി. രക്ഷിതാക്കളെല്ലാവരും നേരത്തെ തന്നെ ഹാജരായിരുന്നു. കോവിഡ് മഹാമാരി മുലമുണ്ടായ അടച്ചിടലും ഓൺലൈൻ പഠനവും രക്ഷിതാക്കളേയും അധ്യാപകരേയും കുട്ടികളേയും ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. എല്ലാം പഴയപടിയാകുന്ന ഒരു സന്തോഷവും എല്ലാവരുടേയും മുഖത്ത് തെളിഞ്ഞിരുന്നു. സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം പ്രാർത്ഥനയോടെ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ തല പ്രവേശനോത്സവ പരിപാടികൾ തുടങ്ങി. സ്വാഗതം പ്രിൻസിപ്പാൾ സുനന്ദ വി ഭദ്രദീപം തെളിയിച്ചുള്ള ഉദ്ഘാടനം പ്രവാജിക വിമല പ്രാണാ മാതാജി ( പുറനാട്ടുകര ശാരദ മഠം പ്രസിഡന്റ്) മുഖ്യാതിഥി പ്രശസ്ത കവിയും ആത്മീയ പ്രഭാഷകനുമായ മുരളി പുറനാട്ടുകര , അനുഗ്രഹ പ്രഭാഷണം സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി , ആംശംസപ്രസംഗം വാർഡ് മെമ്പർ ഹെഡ്മിസ്ട്രസ്സ് സുമ എൻ കെ കൃതജ്ഞത സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി ഇത്രയുമാണ് കാര്യപരിപാടി. എല്ലാവരും സംസാരം ദീർഘിപ്പിച്ച് കുട്ടികളുടെ ക്ഷമ പരീക്ഷിക്കാൻ നോക്കിയില്ല. ആവശ്യം വേണ്ട കാര്യങ്ങൾ വേഗം പറഞ്ഞവസാനിപ്പിച്ചു. വാർഡ് മെമ്പറുടെ ഉണ്ണികളേ ഒരു കഥ പറയാം …. എന്ന ഗാനം വളരേയധികം ഹർഷാരവങ്ങളോടെയാണ് കുട്ടികൾ കേട്ടത്.

മുരളി പുറനാട്ടുകരയുടെ കവിതാലാപനവും കുട്ടികളോടുള്ള സംവാദവും സാഹിത്യത്തിൽ നിന്ന് ഒട്ടുമകന്നിട്ടില്ല എന്നു തെളിയിക്കുന്നതു തന്നെയായിരുന്നു. ചെയ്യുന്ന കാര്യത്തിൽ , അത് പഠനമോ കളിയോ എന്തുമാകട്ടെ, നൂറു ശതമാനവും ശ്രദ്ധയുള്ളവരായ്ത്തീരുക എന്ന വാചകം ഒട്ടുമിക്ക കുട്ടികളിലും ചില ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കിയിരിക്കും.ഇതിനെല്ലാം പുറമേ കുട്ടികളുടെ പ്രവേശനോത്സവ ഗാനവും കവിതാലാപനവുമെല്ലാം ഉണ്ടായിരുന്നു.

ഉദ്ഘാടന പരിപാടികൾക്കു ശേഷം കുട്ടികൾ തങ്ങളുടെ ക്ലാസ്സ് റൂമുകളിലേക്ക് പ്രവേശിച്ചു. ക്ലാസ്സ് റും കണ്ടെത്താനുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ ഓരോ ക്ലാസ്സ് റൂമിനു മുമ്പിലും കുട്ടികളുടെ പേരെഴുതിയ ലിസ്റ്റ് ഉണ്ടായിരുന്നു. ക്ലാസ്സ് ടീച്ചർമാരും കുട്ടികളുമൊത്തുള്ള പരിചയപ്പെടലും സൗഹൃദം പുതുക്കലും കഴിഞ്ഞ് മധുര വിതരണവുമുണ്ടായിരുന്നു. ഉച്ച ഭക്ഷണം ഉദ്ഘാടനവും നടന്നു.

പരിസ്ഥിതി ദിനം

ജൂൺ 6 തിങ്കളാഴ്ചയാണ് പരിസ്ഥിതി ദിനം ആചരിച്ചത്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ - പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിംഗ്, മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് പ്രകൃതി ദൃശ്യങ്ങളോ, പക്ഷികളെയോ, മൃഗങ്ങളെയോ വരയ്ക്കുക. വീടുകളിൽ വൃക്ഷ തൈ നടൽ. കുട്ടികൾ വരച്ചു കൊണ്ടുവന്നതെല്ലാം പ്രദർശനം നടത്തി. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം നൽകി. ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എട്ട് ബിയിലെ ഗാഥ സി വി അസംബ്ലിയിൽ സംസാരിച്ചു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷത്തെെ നട്ടു കൊണ്ട് സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി നിർവ്വഹിച്ചു. റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജയരാഘവൻ സിയുടെ നേതൃത്വത്തിലാണ് ഫോറസ്റ്റ് ക്ലബ്ബ് തുടങ്ങിയത്. വിദ്യാലയ പരിസരത്തെ 3 സെന്റ് ഭൂമിയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തെെകൾ നട്ടുപിടിപ്പിച്ചു. മരങ്ങൾ, വന സംതക്ഷണം ഇവയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു.

ജൂൺ 15 വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനം

ലോകത്തെ മുതിർന്ന പൗരന്മാർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഏറി വരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം വയോജന സംരക്ഷണ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനായി ജൂൺ 15 വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ അന്നേദിവസം രാവിലെ 11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും എടുത്തു.

സംഗീത ദിനം / യോഗദിനം

സംഗീതാധ്യാപിക ജീജ കെ കൃഷ്ണൻ സംഗീത ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. അധ്യാപികയും കുട്ടികളും ചേർന്ന് സംഗീതാർച്ചന നടത്തുകയും ചെയ്തു.

യോഗദിനത്തിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി യോഗ ക്ലാസ്സ് നടത്തി. ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപികയായ അംബിക എൻ വിദ്യാർത്ഥിനികളായ സേതു ലക്ഷ്മി ആർ, നിള എം എം എന്നിവർ നേതൃത്വം വഹിച്ചു.

ജൂൺ 19 വായന ദിനം

ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ വായന ദിനം പക്ഷാചരണമായി നടത്തി. അന്നേ ദിവസം വായനയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം അധ്യാപിക ഓമനകുമാരി വി പി അസംബ്ലിയിൽ സംസാരിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ്, കഥ, കവിത, ഉപന്യാസ രചന , കയ്യെഴുത്തു മത്സരം, പ്രസംഗം തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി. വിജയികളെ അനുമോദിക്കുകയും ചെയ്തു. കൂടാതെ ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള കഥ, കവിത, നാടൻ പാട്ടുകൾ എന്നിവ അവതരിപ്പിക്കാനുള്ള അവസരവും നൽകുകയുണ്ടായി.

മധുരം മലയാളം

കുട്ടികളെ വായനയുടെയും അറിവിന്റെയും ലോകത്തെത്തിക്കാൻ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടാട്ട് പഞ്ചായത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ അപ്നയുടെ സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. ഓഗസ്റ്റ് 3 ന് നടന്ന ചടങ്ങിൽ അപ്നയുടെ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പാറമേൽ അംഗങ്ങളായ രഞ്ജിത്ത് എൻ ജി , ഗോപേഷ് കെ ജി, ഫ്രാൻസിസ് പി എ , ശ്രീവിദ്യ ചന്ദ്രബാബു എന്നിവർ സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജിക്ക് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് വിജയ രാഘവൻ സി, പ്രധാനാധ്യാപിക സുമ എൻ കെ , മറ്റധ്യാപകർ, വിദ്യാർത്ഥികൾ, മാതൃഭൂമി പ്രതിനിധികളായ ശിവശങ്കരൻ പി കെ , സജീവ് പുത്തൂരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തിങ്കളാഴ്ച തോറും പ്രത്രങ്ങളിൽ വരുന്ന വാർത്തകളെ അടിസ്ഥാനമാക്കി പ്രശ്നോത്തരി മത്സരം നടത്താറുണ്ട്.

സ്വാതന്ത്ര്യ ദിനം

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം കൃത്യം 9 മണിക്ക് പതാക ഉയർത്തി ചടങ്ങുകൾ ആരംഭിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിച്ചതിനു ശേഷം പൊതുപരിപാടികൾ ശാരദാ പ്രസാദം ഹാളിൽ കൃത്യം 9.30 ന് ആരംഭിച്ചു. അഖിലാണ്ഡമണ്ഡലം എന്ന പ്രാർത്ഥനയോടെ തുടങ്ങി. ആദ്യമായി സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജി കുട്ടികൾക്കും സ്റ്റാഫംഗങ്ങൾക്കും രക്ഷിതാക്കൾക്കും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ പങ്കു വെച്ചു. ഉത്തരവാദിത്വങ്ങളും കടമകളും കുട്ടികളെ ഓർമ്മപ്പെടുത്തി. തുടർന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സുനന്ദ വി ആശംസകൾ അർപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. അടുത്തതായി ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സുമ എൻ കെ സഹജീവി സ്നേഹം പുലർത്തണമെന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണൻ " നന്ദി ലോകമേ " എന്ന കവിത ആലപിച്ചു. ക്രിസ്റ്റീന സ്കറിയ, സുവർണ്ണ ജോബി , അലേഖ്യ ഹരികൃഷ്ണൻ , ശ്രീലക്ഷ്മി പ്രമോദ്, സ്റ്റാഫ് സെക്രട്ടറി പി.വി. രാജേശ്വരി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി. തുടർന്ന് സേവ് ദി സോയിൽ എന്ന ഗാനം വിദ്യാർത്ഥിനികൾ ആലപിച്ചു. അതിനു ശേഷം ആനന്ദ നടനവും തുടർന്ന് ദേശീയ ഗാനത്തോടെ  ഈ വർഷത്തെ ദേശീയോത്സവത്തിന് പരിസമാപ്തി കുറിച്ചു.

വിദ്യാലയത്തിൽ എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും അദ്ധ്യാപക അനദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പിടിഎ ,എം പിടിഎ അംഗങ്ങൾക്കുംലഡുവും പാനീയവും നൽകി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കൊണ്ടാടി.

ലഹരി വിരുദ്ധ ക്യാമ്പെയിൻ

ഒക്ടോബർ ആറിന് സർക്കാർ നിർദ്ദേശ പ്രകാരം ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തി. ബഹുമാന്യനായ മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ പ്രഭാഷണം കൈറ്റ് വിൿടേഴ്സ് ചാനലിലൂടെ കാണാനുള്ള അവസരമൊരുക്കി.