എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/പിണക്കരുത് പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) (hjk)
പിണക്കരുത് പ്രകൃതിയെ

പാന്റും കോട്ടും കെെയ്യിൽ ക്യാമറയുമായി ഒറ്റനോട്ടത്തിൽത്തന്നെ പരിഷ്കാരി എന്നു തോന്നിക്കുന്ന ഒരു സംഘം കാറിൽ വന്നിറങ്ങി. അവർ സാധാരണക്കാരുടെ ചർച്ചാകേന്ദ്രമായ ചായക്കടയിലേക്ക് കയറി. ആരാണിവർ എന്ന മനസ്സിലാകാതെ നിന്ന ചായക്കടക്കാരനോട് അവരിലൊരാൾ ഉയർന്ന ശബ്ദത്തിൽ ചോദിച്ചു.

"ഈ വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് കിട്ടിയ മത്തായിയുടെ വീടെവിടെയാണ് എന്നറിയുമോ? ” എന്തായിരിക്കും ഇവരുടെ ചോദ്യം എന്നു പേടിച്ച് നിന്ന ചായക്കടക്കാരൻ വഴി പറഞ്ഞു കൊടുത്തു. മത്തായിയുടെ വീട്ടിൽ എത്തിയപ്പോൾ അയാൾ ചെടികൾക്ക് വെള്ളം നൽകുന്നതിന്റെ തിരക്കിലായിരുന്നു. "നിങ്ങളൊക്കെ ആരാണ്? എന്തിനാണ് വന്നത് ?" മത്തായി സൗമ്യതയോടെ ചോദിച്ചു. "ഞങ്ങൾ ഒരു വാർത്താ ചാനലിലെ ജീവനക്കാരാണ്. സാറിന്റെ ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂ എടുക്കാനായിയാണ് ഞങ്ങൾ വന്നത്.” അവർ പറഞ്ഞു. "ക്ഷമിക്കണം എനിക്കീ ക്യാമറ കൊണ്ടുള്ള ഇന്റർവ്യൂവിനോടെന്നും താത്പര്യമില്ല. ദയവായി നിങ്ങൾ മടങ്ങിപോകണം.” "സർ അങ്ങനെ പറയരുത്, ഈ ഇന്റർവ്യൂ പ്രതീക്ഷിച്ചാണ് ഞങ്ങൾ വന്നത്. ദയവായി ‍ഞങ്ങളോട് സഹകരിക്കണം.” ആ സംഘത്തിലുള്ളവരുടെയെല്ലാം മുഖത്ത് പ്രതീക്ഷ കണ്ടപ്പോൾ അവരെ ഇറക്കിവിടാൻ മത്തായിക്ക് തോന്നിയില്ല. അയാൾ അവരെ വീട്ടിൽ അതിഥികളെപ്പോലെ സ്വീകരിച്ചിരുത്തി. വേലക്കാരൻ ചായയുമായി വന്നു. ചായകുടിക്കൂ, മത്തായി പറഞ്ഞു. ആ സംഘത്തിലൊരാൾ മത്തായിയോട് താൻ മൂന്ന് ചോദ്യങ്ങൾ ചോദിക്കുമെന്ന് പറഞ്ഞു. "ഈ വർഷത്തെ മികച്ച പരിസ്ഥിതിപ്രവർത്തകനുള്ള അവാർ‍ഡ് ലഭിച്ചപ്പോൾ എന്ത് തോന്നുന്നു?” "സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ല താൻ പരിസ്ഥിതിപ്രവർത്തനം തുടങ്ങിയത് പിന്നെ ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു.” ഒരു ചെറുപുഞ്ചിരിയോടെ മത്തായി പറഞ്ഞു.. അവസാനത്തെ ചോദ്യം,

"പരിസ്ഥിതിപ്രവർത്തകനാകുവാനുള്ള പ്രചോദനം എന്തായിരുന്നു ?” ആ ചോദ്യം കേട്ടപ്പോൾ മത്തായി തന്റെ പതിനാറുവർഷങ്ങൾക്കു മുൻപുള്ള ജീവിതത്തിലെ ചിന്തകളിലാണ്ടു... ആ നാട്ടിലെ പ്രധാനപ്പെട്ട രണ്ട് കർഷകരായിരുന്നു ഞാനും ചാക്കോയും. ഞങ്ങൾ ഇരുവരും അയൽവാസികളാണ്. അയൽവാസിബന്ധത്തിനെക്കാൾ എനിക്ക് ചാക്കോയോട് മനസ്സുനിറഞ്ഞ വിദ്വേഷവും അസൂയയും ഉണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, എന്റെ അപ്പൻ ഔസേപ്പായിരുന്നു അന്നാട്ടിലെ ജന്മി. ചാക്കോയുടെ നന്മ നിറഞ്ഞ പ്രവൃത്തികളെ അപ്പൻ എന്നും പ്രശംസിച്ചിരുന്നു. എന്റെ പേരിൽ അപ്പൻ തീറെഴുതി തന്ന പുരയിടത്തിനടുത്തുള്ള പത്തേക്കർ സ്ഥലം അപ്പൻ ചാക്കോയ്ക്ക് ഇഷ്ടദാനമായി നൽകി. കിഴക്ക് കുന്നിനോട് ചേർന്നുള്ള പൊന്നു വിളയിക്കുന്ന സ്ഥലമായിരുന്നു അത്. സ്വന്തം മകനായി നൽകേണ്ട സ്ഥലം അയൽവാസിക്ക് കൊടുത്ത അപ്പന്റെ പ്രവൃത്തി എന്നിൽ പ്രകോപനമുണ്ടാക്കി. പിന്നീട് അത് പകയായി വളർന്നു. കിട്ടിയ സ്ഥലത്തിൽ ചാക്കോ റബ്ബർ കൃഷി തുടങ്ങി. അതുവരെ അന്നാട്ടിൽ റബ്ബർകൃഷിയിൽ ഏറ്റവും അധികം വിളവ് ലഭിച്ചിരുന്നത് എനിക്കായിരുന്നു. ഒരിക്കൽ വിളവെടുത്ത റബ്ബർഷീറ്റുകൾ കടയിൽ വിൽക്കാൻ ചെന്നപ്പോൾ കടക്കാരൻ എന്റെ റബ്ബർഷീറ്റ് വിലക്കെടുക്കില്ല എന്നറിയിച്ചു. കാരണം, എന്റെ പറമ്പിൽ വിളയുന്നതിലും ഗുണമേന്മയുള്ളതാണ് ചാക്കോയുടേത്. ആ സംഭവം എന്നിൽ ആളിക്കത്തി. ചാക്കോയോടുള്ള എന്റെ ദേഷ്യത്തിന് അപ്പോൾ അതിരുകളുണ്ടായിരുന്നില്ല.

ചാക്കോയോട് പ്രതികാരം ചെയ്യാനുവാൻ എന്റെ മനസ്സ് പല ദിവസം എന്റെ ഉറക്കം കെടുത്തി. ഒടുവിൽ ഒരു രാത്രിയിൽ ചാക്കോയെന്ന നിരപരാധിയായ കർഷകൻ കഷ്ടപ്പെട്ടു വളർത്തിയ റബ്ബർത്തോട്ടത്തിൽ എന്തിനെയും വെണ്ണീറാക്കുന്ന അഗ്നിയെ എന്റെ ഉള്ളിൽ കുടികൊണ്ടിരുന്ന ദുഷ്ടചിന്തയാൽ എനിക്ക് പ്രയോഗിക്കേണ്ടി വന്നു. പിറ്റേന്ന് കത്തിയമർന്ന റബ്ബർത്തോട്ടത്തിൽ നിസ്സഹായരായി നിൽക്കുന്ന ചാക്കോയേയും കുടംബത്തെയും കണ്ട് സന്തോഷം ഉള്ളിലൊതുക്കി ഞാൻ സങ്കടം നടിച്ചു. ഇതോടെ തന്റെ ശത്രുവിന്റെ അധഃപതനം എന്ന സ്വപ്നം ഞാൻ പൂർത്തിയാക്കി. മൂന്നു മാസങ്ങൾക്ക് ശേഷം കൃഷിയാവശ്യത്തിനായി എനിക്ക് കോട്ടയത്തേക്ക് പോകേണ്ടി വന്നു. മക്കളും മരുമക്കളും കൊച്ചുമക്കളും വീട്ടിലുള്ളതിനാൽ ഞാനും ഭാര്യയും വളരെ സന്തോഷത്തിലായിരുന്നു. മഴ കനത്തതുമൂലം എനിക്ക മടങ്ങാൻ സാധിച്ചില്ല. പിറ്റേന്നു വീടിനടുത്തുള്ള വഴിയിൽ എത്തിയപ്പോൾ കൂട്ടനിലവിളികളുടെ ശബ്ദമാണ് കേട്ടത്. ഏവരും പരക്കം പായുന്നു. എങ്ങും ഭയാനകമായ അന്തരീക്ഷവും മരണത്തിന്റെ ഗന്ധവും. എന്താണ് കാര്യമെന്നന്വേഷിക്കുമ്പോഴാണ് മാസങ്ങൾക്ക് മുൻപുണ്ടായ കാട്ടുതീയിൽ മണ്ണ് നശിച്ച് മഴ പെയ്തപ്പോൾ മണ്ണിളകി കുന്നിടിഞ്ഞു വീണിരിക്കുന്നു. മരിച്ചവരുടെ എണ്ണം പോലും ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ ഉള്ളിൽ ഭയം നിറഞ്ഞു. ഞാൻ വേഗം വീട്ടിലേക്ക് ചെന്നു. പോകും വഴിയിൽ സഹതാപം നിറഞ്ഞ കണ്ണുകൾ എന്നെ തുറിച്ച് നോക്കുവാൻ തുടങ്ങി. വീട്ടുമുറ്റത്തെത്തിയപ്പോൾഏഴു മൃതദേഹങ്ങൾ അടുക്കി വച്ചിരിക്കുന്നു.

ഒറ്റ നിമിഷം കൊണ്ട് ഈ ഭൂലോകമാകെ ഇരുണ്ടതായിയെനിക്ക് തോന്നി.ആ ചാറ്റൽമഴയിൽ തകർന്ന ഹൃദയവുമായി ഞാൻ ചലനമറ്റ് നിന്നു. ചാക്കോയെന്ന കർഷകനെ തന്റെ നെഞ്ചിലെ അസൂയമുലം തകർക്കാൻ ശ്രമിച്ചതിനു പരിണിതഫലം തനിക്ക് കിട്ടിയിരിക്കുന്നു. ഈ സംഭവം എന്റെ ജീവിതകാഴ്ചപ്പാടുകളെ ആകെ മാറ്റിമറിച്ചു. പ്രകൃതി ഒരു പ്രതിഭാസമാണ്. ചിലപ്പോൾ തോന്നും പ്രകൃതിക്ക് മനുഷ്യമുഖം കൂടിയുണ്ടെന്ന്. പ്രകൃതിയോട് നാം എങ്ങനെ പെരുമാറുന്നുവോ അതേരീതിയിൽ പ്രകൃതി നമ്മോട് പ്രതികരിക്കുന്നു.. എന്റെ ഈ മഹാപാപത്തിന് പ്രകൃതി എനിക്ക് നൽകിയ ജീവിതപാഠമാണ് എന്നെ പരിസ്ഥിതിപ്രപർത്തനത്തിലേക്ക് നയിച്ചത്. ഒരു ദീർഘനിശ്വാസത്തോടെ മത്തായി തന്റെ വാക്കുകൾ നിർത്തി. ക്യാമറാസംഘം മത്തായിക്ക് നന്ദി പറഞ്ഞിറങ്ങിയപ്പോൾ അവരിലൊരാൾ നട്ടുവെച്ചിരിക്കുന്ന മരങ്ങൾക്കിടയിലെ ഒരു ബോർഡ് വായിച്ചു

"ഓർക്കുക ഭൂമിക്ക് നാമില്ലാതെ മുൻപോട്ടുപോകാനാവും എന്നാൽ നമുക്കതിനാവില്ല.”

അനിറ്റ മോനച്ചൻ
9 D എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ