എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/നന്മകളുടെ പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മകളുടെ പൂക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മകളുടെ പൂക്കാലം

നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു കാലമാണ് അവധിക്കാലം. ബന്ധുക്കളുടേയും കൂട്ടുകാരുടേയും കൂടെ കളിക്കാനും രസിക്കാനും പുഴയിൽ ചാടാനുമൊക്കെ പോകുന്ന കാലം.എന്നാൽ ഇത്തവണ വ്യത്യസ്തമായ രീതിയിൽ അവധിക്കാലം തള്ളിനീക്കുകയാണ് നമ്മൾ . കൊറോണ എന്ന കുഞ്ഞൻ വൈറസിന്റെ ശല്യത്താൽ വീടിനുള്ളിൽ അടച്ചുപ്പൂട്ടിയിരിക്കുകയാണ്. പറമ്പുള്ള കൂട്ടുകാർക്ക് അവിടെയിറങ്ങി എന്തെങ്കിലും ചെയ്യാം. സഹോദരങ്ങളോടൊത്ത് കളിക്കാം. എന്നാൽ ഇതൊന്നും ഇല്ലാത്ത കൂട്ടുകാരുടെ അവസ്ഥ എന്തായിരിക്കും?ഇപ്പോൾ എന്തിനും സമയമുണ്ട്. സമയം കൂടുതലുണ്ടങ്കിലേ ഉള്ളൂ. എല്ലാവരും ടി.വിയുടേയും മൊബൈൽ ഫോണിന്റെയും പുറകെയായിരിക്കും. എന്നാലും എത്ര നേരന്നുവെച്ചാ അതുകൊണ്ട് ഇരിക്കുന്നേ?

പുതിയ പുതിയ പരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന കൂട്ടുകരും ഉണ്ട്. കരകൗശല വസ്തുക്കളാണ് പ്രധാന ഇനം. പാചകക്കാർ അങ്ങനെയും. പണികൾ ചെയ്തും കുസൃതികൾ ഒപ്പിച്ചും സമയം തള്ളിനീക്കുന്നതിനിടയിൽ നാം ഇങ്ങനെ പറഞ്ഞേക്കാം ബോറടിക്കുന്നു". ഈ ലോക്‌ഡൗൺ കാലത്ത് ബോറടിയില്ലാത്ത കുറച്ച് ആളുകൾ നമ്മുടെ ഇടയിലുണ്ട്. ' അമ്മ' മാരാണ് ഏറേയും.കല്യാണത്തിനുശേഷം ഒരു ജോലിക്കും പോകുവാൻ പറ്റാതെ അന്നുമുതലേ ലോക്ഡൗണിൽ പെട്ടവരാണ് ഇവർ. ഇത്രയും കർശനമല്ലെന്ന് മാത്രം. അവർക്ക് ഈ കൊറോണക്കാലം അത്ര ബോറിങ് ഒന്നും അല്ല. നമ്മുടെ അമ്മമാരെപ്പോലെ കൂടുതൽ കരുതൽ നൽകാൻ ശ്രമിക്കുന്ന മറ്റൊരു കൂട്ടം മാലാഖമാരാണ് നേഴ്സ്സുമാരും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും. അവർക്കും ബോറിങ് ഇല്ല. കുടുംബത്തിൽ നിന്ന് അകന്ന് സ്വന്തം മക്കളെപ്പോലും ഒന്നു നേരിൽ കാണാൻ കഴിയാതെ നമുക്ക് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാൻ പോലും സന്നദ്ധത കാണിക്കുന്നവരാണ് ഇവർ .

അതുപോലെ തന്നെ ആരോഗ്യ പ്രവർത്തകരും അഗ്നിശമന സേനാ അംഗങ്ങളും പോലീസുകാരും ഈ കാലഘട്ടത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. യുവജനങ്ങൾ തങ്ങളാൽ ആവും വിധം ഭക്ഷണം തയ്യാറാക്കിയും വിതരണം ചെയ്തും മാസ്ക്ക് നിർമ്മിച്ച് നൽകിയും ഈ മഹാമാരിയുടെ സമയത്ത് ജനങ്ങളെ സഹായിക്കുന്നുണ്ട്. ഇവരെയെല്ലാം സ്നേഹപൂർവ്വം നമ്മുടെ പ്രാർത്ഥനയിൽ അനുസ്മരിക്കാം. നമ്മളാൽ ആവും വിധം ഇവരെ സഹായിക്കാം. ഈ ലോക്ഡൗൺക്കാലം സത്യത്തിൽ നമ്മുടെ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള കാലമാണ്. പാട്ടുപാടിയും നൃത്തം ചെയ്തും പടം വരച്ചും എഴുതിയും സാധനങ്ങൾ ഉണ്ടാക്കിയും പുസ്തകം വായിച്ചും പാചകം ചെയ്തുമൊക്കെ ഈ സമയത്തെ നമുക്ക് പ്രയോജനപ്പെടുത്താം.

ഒരു കാര്യം മറക്കരുത്. ലോക്ഡൗൺ ആണ്. അനാവശ്യമായി പുറത്തിറങ്ങാതിരിക്കാം. മാസ്ക്ക് ഉപയോഗിക്കാം. ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യാം. അതുപോലെ ലോകത്ത് ഓരോ നിമിഷവും മരണത്തിന് കീഴടങ്ങുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടിയും , കൊറോണ ബാധയാൽ സങ്കടമനുഭവിക്കുന്ന കൂട്ടുകാർക്കു വേണ്ടിയും ലോകം മുഴുവനുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. ഈ രോഗത്തിന് പ്രതിവിധി കണ്ടത്തുന്നതിനും രോഗബാധയിൽ നിന്ന് നിന്ന് രക്ഷ നേടുന്നതിനു വേണ്ടിയും ദൈവസന്നിധിയിൽ കരങ്ങൾക്കൂപ്പാം. ഈ ലോക്ഡൗൺ കാലം ഇങ്ങനെ ഫലപ്രദമായി തീരട്ടെ .

അൽബീന റോബിൻ
7 ‍ഡി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം