സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ ഒരു അനാഥൻ്റെ ആത്മഗതം
ഒരു അനാഥൻ്റെ ആത്മഗതം
ഞാൻ അനാഥൻ. ഇടുങ്ങിയ കൺപോളകളും വിളറിയ നിറത്തോടും കൂടിയ വുഹാനിലെ ആൾക്കാർ,അവരുടെ ചടുലതകൾക്കിടയിൽ എന്നെ ശ്രദ്ധിച്ചതേയില്ല.ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നവൻ്റെ വേദനയെന്തെന്ന് ഇവരെ അറിയിക്കണം;ഈ ലോകത്തേയും. ഞാൻ ദൃഢനിശ്ചയമെടുത്തു. ഭീഷ്മപ്രതിജ്ഞപോലെ..... മനസ്സിൻ്റെ വീർപ്പുമുട്ടലിൽ ഉരുത്തിരിഞ്ഞ വൈരാഗ്യം പകയായി.കുടത്തിലടക്കപ്പെട്ട ഭൂതത്തെപ്പോലെ വിങ്ങിയ മനസ്സിനുടമയായിരുന്ന ഞാൻ എൻ്റെ ഭാഗ്യവശാൽ സ്വതന്ത്രനായി.അത്രയും നാളായുള്ള ഒറ്റപ്പെടലിൻ്റെയും ബന്ധനത്തിൻ്റെയും വേദന മുഴുവൻ ഈ ലോകജനതയിൽ ഞാൻ അറിയിക്കും. എൻ്റെ ദൃഢത ഫലം കാണാൻ തുടങ്ങി.ഒരാളുടെ ജീവൻ ഞാൻ പറിച്ചെടുത്തു.എൻ്റെ സിരകളിൽ കൊലപാതകം ഹരമായി.നിമിഷങ്ങൾ മണിക്കൂറുകളായി,മണിക്കൂറുകൾ ദിവസങ്ങളായി,ദിവസങ്ങൾ ആഴ്ചകൾക്കും മാസങ്ങൾക്കുമായി വഴിമാറി.ആത്മധൈര്യം വർദ്ധിച്ച ഞാൻ ആയിരക്കണക്കിന് - ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രാണഹാരിയായി.അതിലും ഉപരി ദശലക്ഷകണക്കിനുപേരെ എൻ്റെ കരവലയത്തിലൊതുക്കി വ്യാധിക്ക് അടിമയാക്കി. ഭൂരിപക്ഷംപേരും എൻ്റെ മനോവാഞ്ഛയ്ക്കനുസരിച്ച് മൃത്യുവിനെ വരിച്ചു.എന്നാൽ കുറച്ചുപേർ എൻ്റെ ബലിഷ്ഠ കരവലയങ്ങളിൽ നിന്നും കുതറിമാറി രക്ഷപ്പെട്ടു.എൻ്റെ ഉള്ളം മരണരഥത്തിൽ കാലപാശവുമായി പായുന്ന യമധർമ്മദേവൻ്റെ മനസ്സിനേയും വെല്ലുന്നതായിമാറി.മരണം കണ്ട് മത്ത് പിടിച്ച അവസ്ഥ.ചിത്രഗുപ്തൻ്റെ കണക്കുപുസ്തകത്തിലുള്ളവരെ ആയുസു തീർന്നാൽ മാത്രം അഞ്ചിലും പിഞ്ചിലും വാർദ്ധക്യത്തിലും യമൻ പാശമെറിഞ്ഞ് ധർമ്മപുരിയ്ക്ക് കൊണ്ടുപോകുമെന്ന് ആർഷവാക്ക്യം.പക്ഷേ,ഞാൻ.......ഞാൻ പ്രായത്തെ കണക്കിലെടുക്കുന്നില്ല. ഒരു മുറിക്കകത്ത് ഒരു ചെറുപേടകത്തിലെന്നപ്പോലെ ബന്ധനത്തിലായിരുന്ന ഞാൻ ഇപ്പോൾ ലോകവ്യാപിയായി,എല്ലാപേരും കരുതലോടെ മാത്രം നോക്കിക്കാണുന്ന ഒരുവനായി മാറി. എന്നെ ഇപ്പോൾ ഏവരും ഭയത്തോടെ ഒാർക്കുന്നു.ഞാനെൻ്റെ അനാഥത്വം മറക്കാൻ ശ്രമിക്കുന്നു.മാനവസമൂഹം വെറും തൃണതുല്യം എന്നായിരുന്നു ഞാൻ അവരെ ഒാർമിപ്പിച്ചു. സർവംസഹയായ ഭൂമീമാതാവ് തൻ്റെ മക്കളായ മാനവരാശിയുടെ തെറ്റുകുറ്റങ്ങൾ പൊറുത്ത് വശംകെട്ടിരിക്കുന്നു.എന്നെപ്പോലെ ആ അമ്മയും പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു;പേമാരിയായി,കൊടുങ്കാറ്റായി,ഇടിമിന്നലായി,ഭൂചലനമായി.......അങ്ങനെയങ്ങനെ."ലോകം കൈക്കുള്ളിൽ "എന്ന് മതിക്കുന്ന മനുഷ്യൻ;എന്നിൽ നിന്നും എവിടേയ്ക്ക് ഒാടിയകലും എന്ന് ആലോചിക്കുമ്പോൾ എനിക്ക് ഒന്ന് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.എന്നോട് ചേർന്ന് അല്ലെങ്കിലും ഭൂമിയും സ്വന്തം മക്കളെ ശിക്ഷിക്കുന്നുണ്ടല്ലോ! അനാഥനെന്ന് അവഹേളിച്ച് നികൃഷ്ടമാക്കി കുപ്പിയിലടച്ച് ചലനമില്ലാതിരുന്ന ഞാൻ ഇപ്പോൾ ലോകം ഭരിക്കുന്നു.സാത്താൻ്റെ ഭരണം.സസൂക്ഷ്മം വീക്ഷിക്കാൻ തീരുമാനിച്ച ചിലർ എന്നെ കൊറോണ,കോവിഡ്-19,.........എന്നൊക്കെ ഒാമനപ്പേരിട്ട് വിളിക്കാൻ തുടങ്ങി.ഉന്മത്തനായി തിമിർക്കുന്ന എന്നെ ഇനി ആര് പിടിച്ചുകെട്ടും?എന്നേക്കാൾ ശക്തനായ എൻ്റെ അന്തകനേയും കാത്ത് -രാവണൻ രാമനെയെന്നപോലെ,കംസൻ ശ്രീകൃഷ്ണനെയെന്നപോലെ-ഞാൻ കാത്തുകാത്തിരിക്കുന്നു.ബാല്യവും ശൈശവവും കടന്ന് യൗവനയുക്തായിരിക്കുന്ന എന്നോട് ആരുണ്ട് ഏറ്റുമുട്ടാൻ?അതോ മുപ്പാരും എൻ്റെ മുന്നിൽ അടിയറവ് പറയുമോ?എൻ്റെ പ്രതിയോഗിക്കായുള്ള കാത്തിരിപ്പ് ഒറ്റയടിപ്പാതയിലൂടെ പോകുന്ന നാലുചക്രവാഹനം പോലെ വിരോധാഭാസമാകുമോ?അമരനാകുമെന്ന ഒരു അനാഥൻ്റെ ആത്മഗതം!!!
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ