സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം...

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (ലേഖനം)
ഒരു കൊറോണക്കാലം

അച്ഛനമ്മമാരുടെ കുട്ടിക്കാല അനുഭവങ്ങൾ പറഞ്ഞുകേട്ടുള്ള പരിചയം മാത്രം. ചക്ക, മാങ്ങ, മരച്ചീനി, മധുരക്കിഴങ്ങ്, ചേന മുതലായവയുടെ വിളവെടുപ്പും അവയിൽ ഉണ്ടാക്കാറുണ്ടായിരുന്ന വിഭവങ്ങളെയും അമ്മ എനിക്ക് പറഞ്ഞുതരുമായിരുന്നു. അമ്മയുടെ പൊടിപ്പും തൊങ്ങലും വച്ചുള്ള വിഭവവിവരണങ്ങൾ എൻ്റെ വായിൽ കപ്പലോടിക്കാറുണ്ടായിരുന്നു.എന്നാൽ ഈ മാർച്ചു മുതൽ മെയ് വരെയുള്ള സമയം എനിക്ക് പരീക്ഷാപ്പേടിക്ക് ഒപ്പം ഈ വിഭവങ്ങളെല്ലാം അസ്വദിക്കാനുള്ള കാലമായിരുന്നു.ഞങ്ങളുടെ 10 സെൻ്റ് സ്ഥലത്ത് ചീര,ചേന,ചേമ്പ്,വാഴ,മുതലായവ ഞാനും അമ്മയും അച്ഛനും കൂടെ നട്ടുനനക്കുന്നു.പിന്നെ ഔഷധസസ്യത്തോട്ടവും ഉണ്ട്.അതിൽ മൂന്നുതരം തുളസി,പനിക്കൂർക്ക,ചിറ്റാടലോടകം, കരിനൊച്ചി, ശതാവരി, ചങ്ങലംപറണ്ട, മരമുല്ല,പൊതിന,മുതലായവ ഉണ്ട്.പണ്ട് എൻ്റെ അപ്പൂപ്പൻ കഴിച്ചപോലെ പഴംകഞ്ഞിയിൽ മരച്ചീനിയും കട്ടത്തൈരും കാന്താരിമുളകും മാങ്ങാച്ചമ്മന്തിയും ചേർത്ത് ഒരു ദിവസം കഴിക്കാൻ സാധിച്ചു.

ഞങ്ങളുടെ വീട്ടിനടുത്ത് അഞ്ച് പേർ അടങ്ങുന്ന ഒരു കുടുംബം പട്ടിണിയാണെന്നറിഞ്ഞ് അവർക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് ഭക്ഷണസാമഗ്രികൾ പങ്കുവച്ച് കൊടുക്കാൻ സാധിച്ചു.ചക്കയും മാങ്ങയും മുരിങ്ങക്കായും എല്ലാം പങ്കുവച്ച് അയൽക്കാർക്ക് നൽകിയും അവരിൽനിന്നും കൈപ്പറ്റിയും സ്നേഹബന്ധത്തിൻ്റെ ദൃഢത കൂട്ടാൻ സാധിച്ചു.സ്കൂളിൽ പോകാൻ ഇനി എന്ന് പറ്റുമെന്ന ഒരു വിഷമമുണ്ട്.എൻ്റെ അമ്മ എല്ലായിപ്പോഴും പറയാറുണ്ട് "നാം ദൈവത്തോട് നമ്മുടെ സൗഖ്യത്തിനായി മാത്രമല്ല,സമസ്തലോകവും സൗഖ്യത്തിലായിരിക്കാൻ പ്രാർഥിക്കണം"എന്ന്. ഇപ്പോൾ ഈ അവസ്ഥയിൽ എനിക്ക് അതിൻ്റെ അർഥം വിവരിക്കാതെ തന്നെ മനസിലാക്കാൻ സാധിക്കുന്നു.എൻ്റെ ജീവിതത്തിലെ നല്ല അനുഭവങ്ങളെ മാത്രം ഞാൻ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു.

രേവതി.എ.എസ്.
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത / കഥ / ലേഖനം