സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ മനുഷ്യ കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യ കുഞ്ഞ്

അഞ്ചാം നിലയിലിരുന്ന് നഗരം മുഴുവൻ കാണാൻ സാധിക്കുമെന്ന് അന്നാണ് ജഗ്ഗു കണ്ടെത്തിയത്. ഏതോ വികൃതി പയ്യൻ പേപ്പറിൽ കുത്തിവരച്ച നട്ടെല്ലില്ലാത്ത വരകൾ പോലെ ഇടയ്ക്കിടെ കണ്ടുമുട്ടുന്നു. എവിടെയോ ചെന്നു വേർപിരിയുന്നു. ബാൽക്കണിയിലിരുന്ന് കാറ്റേൽക്കുന്ന സുഖം തൻ്റെ ഏഴു വർഷത്തെ ജീവിതത്തിൽ ഇത് രണ്ടാം തവണയാണ് ജഗ്ഗു അനുഭവിക്കുന്നത്. മൂന്നു നാല് മാസം മുമ്പ്, അച്ഛൻ വാങ്ങിത്തന്ന പ്ലേ സ്റ്റേഷൻ പണിപറ്റിച്ചപ്പോഴാണ് ആദ്യമായി ഇങ്ങനെ ഇരിക്കുന്നത്.ആ ഇരിപ്പിന് വെറും പതിനഞ്ച് മിനിറ്റിൻ്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഫ്ലാറ്റിലെ സമപ്രായക്കാരോടൊത്ത് പാർക്കിലേക്കോടി അന്ന്. അന്ന്.... അതെ, ആ വാക്കിനുള്ളിൽ ഭൂതകാലം മുഴുവനും ഒളിച്ചിരിക്കുന്നു. അന്ന് മുംബൈ ഇങ്ങനെയല്ല. ശ്വാസം മുട്ടിക്കുന്ന തിരക്കിസ്റ്റ പര്യായം അന്തരീക്ഷമെങ്ങും എപ്പോഴും സ്വരമുഖരിതം.ഇന്നോ?വേദനയുടെ വർത്തമാനത്തിൽ, ഭീതിയുടെ പകലിരവുകളിൽ ആ കുസൃതിപ്പയ്യൻ്റെ കുത്തി വരകൾ വിജനമാണ്. ഏതോ മരം വെട്ടുകാരൻ്റെ അറക്കവാളിന് ഇരയാകാനായി കാത്തു നിൽക്കുന്ന അവസാനമരത്തിലിരുന്ന് ചിലയ്‌ക്കുന്ന ചീവീടിൻ്റെ ആർത്തനാദം പോലും സുവ്യക്തം. ലോക്ക് ഡൗണാണ്. പബ്ജി കളിച്ച് ആവേശം മൂത്തിരുന്നപ്പോഴൊന്നും ഫോണിൻ്റെ ജീവവായു കളിക്കാരൻ്റെ തോക്കിന്മുനയിൽ പുകയായ് മാറിയതറിഞ്ഞില്ല. പിടഞ്ഞു കൊണ്ടിരിക്കുന്ന ആ ധീര ജവാന് പ്രഥമ ശുശ്രൂഷ നൽകുകയാണ് ചാർജർ.

ഉരുണ്ടുകൂടിയ കാർമേഘങ്ങളുടെ മറവിൽ സൂര്യൻ പടിഞ്ഞാറേയക്ക് പിച്ചവയ്ക്കുകയായിരുന്നു. ദൂരെയെങ്ങോപെയ്യുന്ന മഴയുടെ ചൂളം വിളിയായ് അസാധാരണമായി ഒരു തണുത്ത കാറ്റ് വീശി. പെട്ടെന്നാണ് ജഗ്ഗു ഒരു ശബ്ദം കേട്ടത്. ഏതോ ജീവിയുടെ ദയനീയമായ കരച്ചിൽ. അവൻ ചുറ്റും കണ്ണോടിച്ചു..... വലത് ഭാഗത്തായി സൺ ഷെയ്ഡിൽ കാർമേഘങ്ങളുടെ നിറമുള്ള ഒരു കുഞ്ഞു ജീവി.ആദ്യമായി അങ്ങനെ ഒന്നിനെ കാണുന്ന അത്ഭുതത്തിൽ അവൻ കസേരയിൽ നിന്നെഴുന്നേറ്റ് അവിടേയ്ക്ക് നീങ്ങി. വീശിയടിച്ച കാറ്റിൻ്റെ തണുപ്പിൽ അത് കുടുകുടാ വിറയ്ക്കുന്നുണ്ടായിരുന്നു.

അണ്ണാൻകുഞ്ഞിന്റെ വിറയ്ക്കുന്ന ശരീരത്തിൽ നിന്നും അവന്റെ കണ്ണുകളെ പറിച്ചുനട്ടത് താഴെ റോഡിൽ നിന്നുയർന്ന ചെറിയ കോലാഹലമായിരുന്നു. പെട്ടെന്ന് ഏതോ കൂട്ടിൽ നിന്ന് പറത്തിവിട്ട പോലെ കുറെ മനുഷ്യർ. അവർ ധൃതിയിലായിരുന്നു.  വീഡിയോ ഗെയിമുകൾ നിർജീവമാക്കിയ തന്റെ കുഞ്ഞിക്കണ്ണുകളെ വലിച്ചുതുറന്ന് ജഗ്ഗു  തെരുവീഥിയിലേയ്ക്ക് ഏന്തിവലിഞ്ഞു നോക്കി. അവർ ഒരു കടത്തിണ്ണയിലേക്ക് ഒരുമിച്ചു ചേർന്നു. കൂട്ടത്തിലെ സ്ത്രീകൾ തിണ്ണയുടെ ഒരു വശത്തായി വസ്ത്രങ്ങൾ കൂട്ടിക്കെട്ടി ഒരു മറ തീർക്കുന്നു. പുരുഷന്മാർ ദൂരെ മാറിനിന്ന് സംസാരിക്കുന്നു. രാവിലെ പത്രം മറിച്ചു നോക്കിയപ്പോൾ കണ്ട ഒരു ഫോട്ടോയാണ് അപ്പോൾ അവന് ഓർമ വന്നത്.,"ഇവര് മൈഗ്രന്റ്‌സ് ആയിരിക്കും. "അവൻ ഓർത്തു... എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ കൗതുകത്തോടെ നോക്കിനിന്ന ജഗ്ഗുവിന്റെ  കാതുകളെ ഒരു നിലവിളി വന്നു പുണർന്നു. വേദന തളം കെട്ടിനിന്ന നിലവിളി. അത് പതിയെ കാറ്റിന്റെ ശ്രുതിയിൽ ലയിച്ചു.

ഡാഡീ... ഡാഡീ.. " അവൻ നീട്ടി വിളിച്ചു. ഹാളിൽ ലാപ്ടോപ്പ് സ്ക്രീനിൽ കണ്ണും നട്ടിരുന്ന ഐ.ടി. പ്രഫഷണൽ മകൻ്റെ വിളി ശ്രദ്ധിച്ചില്ല. ഡാഡീ " ഇത്തവണ വിളിക്ക് ശക്തി കൂടുതലായിരുന്നു. ശല്യം സഹിക്കവയ്യാതെ സക്രീനിൽ നിന്ന് കണ്ണെടുക്കാതെ അയാൾ വിളി കേട്ടു ." ഒന്നിങ്ങു വന്നേ ". " എന്തിനാടാ ?" " ഇങ്ങു വാ.. "എന്തൊക്കെയോ പിറുപിറുത്തു കൊണ്ടയാൾ ബാൽക്കണിയിലേയ്ക്ക് നടന്നു."എന്താടാ നിനക്ക്?" "ദാ ... ഇതന്ത് ജീവിയാ?" തണുത്തു മരവിച്ച ആ കുഞ്ഞു ജീവിയെ ചൂണ്ടി കാട്ടി അവൻ ചോദിച്ചു. "അത് അണ്ണാൻ്റെ കുഞ്ഞാണെന്ന് തോന്നുന്നു." "എന്തിൻ്റെ കുഞ്ഞ്?" "അണ്ണാ ൻ്റെ.. പിന്നെ അതിനെ ഒന്നും പോയി തൊട്ടേക്കരുത്. വല്ല കൊറോണയും വരും. കേട്ടല്ലോ!" സമയനഷ്ടത്തിൻ്റെ അതൃപ്തിയോടെ അയാൾ തിരികെ പോയി വീണ്ടും ലാപ് ടോപ്പ് സ്ക്രീനിൽ തൻ്റെ കണ്ണുകൾക്ക് നങ്കൂരമിട്ടു.

മറ നീക്കപെട്ടു. തറയിൽ ചോരയിൽ കുളിച്ച് ക്ഷീണിതയായി കിടക്കുന്ന ഒരു സ്ത്രീ. അടുത്ത് വേറെ എന്തോ ഒന്ന്. അവൻ അതിനെ സൂക്ഷിച്ചു നോക്കി.   എന്താണത്? കൂട്ടം കൂടിനിന്ന സ്ത്രീകളിൽ ഒരുവൾ പരിഭ്രാന്തിയോടെ ഒരു പുരുഷനടുത്തേയ്ക്ക് ഓടി. "കുഞ്ഞ് മരിച്ചു.. "അവൾ ഹിന്ദിയിൽ പറഞ്ഞു. "ഇനി ആ സ്ത്രീയ്ക്ക് മറ്റെന്തെങ്കിലും അസുഖം ഉണ്ടാകുമോ?.. അവളെ ഇവിടെ ഉപേക്ഷിച്ചു പോകുന്നതാണ് നല്ലത്.. "പുരുഷന്മാരിൽ ആരൊക്കെയോ ഹിന്ദിയിൽ മറുപടി നൽകി.

മഴ പെയ്യാൻ തുടങ്ങുകയായിരുന്നു. വഴിയോരത്ത് അടുക്കിവെച്ച ഭാണ്ഡക്കെട്ടുകൾ പെറുക്കി അവർ വന്ന അതെ ധൃതി യിൽ കൂട്ടത്തോടെ നടന്നുനീങ്ങി.

വേനൽമഴ തകർക്കാൻ തുടങ്ങിയിരുന്നു. ഉള്ളിൽ തളം കെട്ടിനിന്ന കണ്ണീർ പൊഴിക്കുന്ന മേഘങ്ങളെ വകവയ്ക്കാതെ ജഗ്ഗു അതെ സ്ഥാനത്ത് തുടർന്നു. മകനെ വീട്ടിനുള്ളിലേക്ക് വിളിക്കാനായി ഡാഡി ബാൽക്കണി യിലേക്കിറങ്ങി.         "കേറി വാ ജഗ്ഗു.. മഴ പെയ്യുന്നത് കണ്ടില്ലെ ? " "ഡാഡീ, ഈ ജീവീ ടെ പേരെന്താന്നാ പറഞ്ഞേ ?? " അവന്റെ വിരലുകൾ ആ അണ്ണാൻകുഞ്ഞിനു നേരെ നീണ്ടു. മഴത്തുള്ളികൾ വീണ് അവ്യക്തമായ കണ്ണട ഒന്ന് തുടച്ചിട്ട് ഡാഡി നോക്കി. "ഞാൻ നേരത്തെ പറഞ്ഞതല്ലേ..  അത് അണ്ണാന്റെ കുഞ്ഞാണ്. നീ കേറി വന്നേ.. പണിയൊന്നും പിടിപ്പിക്കാതെ. ""അപ്പൊ അതോ...?? "പ്രകൃതി യുടെ കണ്ണുനീർതുള്ളികൾ മത്സരിച്ച്  മുത്തമിടുന്ന അവന്റെ ചൂണ്ടുവിരൽ നീണ്ടിടത്തേയ്ക്ക്  കണ്ണടച്ചിലിനിടയിലൂടെ അയാളുടെ കണ്ണുകൾ യാത്രചെയ്തു.

നോട്ടം ചെന്നു പതിഞ്ഞത് താഴെ ഷട്ടറടഞ്ഞു കിടക്കുന്ന ഒരു കടയുടെ തിണ്ണയിൽ ബോധരഹിതയാ യി കിടക്കുന്ന ഒരു നാടോടിസ്ത്രീയുടെ ചൂട് പറ്റി കിടക്കുന്ന ചോരയിൽ കുളിച്ചുകിടക്കുന്ന ചലനമറ്റ ഒരു ജന്തുവിലാണ്. "അത്......... " മേഘങ്ങളുടെ ഗർജനം അയാളുടെ  വാക്കുകളെ വിഴുങ്ങി.. സൺഷെയ്ഡിൽ മഴനനഞ്ഞുകിടന്ന അണ്ണാൻകുഞ്ഞ് അപ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നില്ല. ഒരു  ചോദ്യചിഹ്നമായി ഉയർന്ന അവന്റെ ചൂണ്ടുവിരലിൽ മഴത്തുള്ളികൾ അപ്പോഴും മുത്തമിടുന്നുണ്ടായിരുന്നു.....

സവ്യ വേണുഗോപാൽ
11 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ