എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

കോടാനുകോടി വർഷങ്ങൾക്കു മുമ്പ് ഒരു പൊട്ടിത്തെറിയിലൂടെ ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്ന ഭൂമിയും ഉൽക്കകളും മറ്റും വന്നിടിച്ച് അടർന്നു പോയ ചന്ദ്രനും തുടർച്ചയായി വർഷങ്ങളോളം പെയ്ത മഴയുടെ സാന്നിധ്യത്തിലുണ്ടായ വെള്ളവും അതിലുണ്ടായ ആദ്യ ജീവനും. ഇവിടെയാണ് പ്രകൃതിയുടെ തുടക്കം. ഇതെല്ലാം കഴിഞ്ഞാണ് മനുഷ്യന്റെ വരവ്.

തുടക്കത്തിൽ പ്രകൃതിയെ സ്നേഹിച്ചു വളർന്ന മനുഷ്യൻ പുരോഗതി കൈവരിക്കും തോറും അവന്റെ ആർത്തിയും അത്യാഗ്രഹവും കൂടി വന്നു. പതിയെ പതിയെ ദൈവം നമുക്ക് സമ്മാനിച്ച ആ മനോഹരമായ പ്രകൃതിയേയും അവൻ നശിപ്പിക്കാൻ തുടങ്ങി. പ്രകൃതിയുടെ ഈ ദുരവസ്ഥ കണക്കിലെടുത്ത് മനുഷ്യനെ പ്രകൃതിയിലേക്ക് അടുപ്പിക്കാനും പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമായി 1972 മുതൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.

ദിവസേന മനുഷ്യരിൽ നിന്ന് അന്തരീക്ഷത്തിലേക്ക് എത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ , നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ എന്നീ വാതകങ്ങളുടെ അളവ് വർദ്ധിച്ചു. ഇവ ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുകയും അതുമൂലം ആഗോള താപനമുണ്ടാവുകയും ചെയ്യും. വിള്ളലേറ്റ ഓസോൺ പാളികളെ പുനർജ്ജനിപ്പിക്കുന്ന കണ്ടൽക്കാടുകളുടെ വ്യാപനവും കുറഞ്ഞു. കൂടാതെ കാട്ടിൽ ചെന്ന് മരങ്ങൾ മുറിച്ച് കടത്തുകയും അവിടെയുള്ള ജീവികളെ കൊണ്ടുപോയി വിറ്റും മണ്ണിനടിയിലുള്ള പെട്രോൾ ഡീസൽ, കൽക്കരി തുടങ്ങിയ വസ്തുക്കൾ കുഴിച്ചെടുത്ത് വാഹനങ്ങൾക്കും മറ്റും ഇന്ധനമായി ഉപയോഗിക്കുകയും കൂടാതെ മലകളിലെ ചെങ്കൽ ഖനനം, വയൽ നികത്തൽ , കുന്നും മലകളും നിരപ്പാക്കൽ, മണൽ വാരൽ, പുഴകളിലും കടലിലും മാലിന്യം തള്ളൽ തുടങ്ങിയ ചൂഷണങ്ങൾ ഭൂമി അനുഭവിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഇതേ തുടർന്ന് പ്രളയവും സുനാമിയും, ഉരുൾ പൊട്ടലുമൊക്കെയുണ്ടാകുന്നു. മനുഷ്യരുടെ അതിക്രമങ്ങൾ നിലച്ചാൽ ഭൂമി തന്റെ പഴയ അവസ്ഥയിലേക്ക് വരുമെന്നതിന് തെളിവാണ് ഈ കോവിഡ്-19 എന്ന രോഗം. ഇപ്പോൾ രോഗം മൂലമുള്ള അടച്ചിടലിനെ തുടർന്ന് വായു മലിനീകരണവും ശബ്ദ മലിനീകരണവും വനനശീകരണവുമില്ല. വാഹനങ്ങളില്ലാത്തതു കൊണ്ടു തന്നെ അപകടങ്ങളുമില്ല. ഇപ്പോൾ മനുഷ്യരെല്ലാം ശുദ്ധവായു ശ്വസിച്ചാണ് ജീവിക്കുന്നത്. പക്ഷേ രോഗം ഭേദമായി മനുഷ്യർ വീണ്ടും പഴയ രീതിയിലേക്കു വന്നാൽ ഭൂമി നശിക്കുമെന്ന് തീർച്ച.

ഈ അടുത്ത കാലത്ത് വളരെ ചർച്ചയായ ഒരു നാടകമുണ്ട്. 1935 ൽ ബ്രിട്ടീഷ് എഴുത്തുകാരനായ നേൽ ഗ്രാന്റ് എഴുതിയ "അവസാന യുദ്ധം" - ഈ നാടകത്തിൽ ഒരു ലോക മഹായുദ്ധകാലത്ത് രാജ്യങ്ങൾ ജൈവ വൈറസുകളെ ഉപയോഗിക്കുന്നു. അപകടകാരിയായ വൈറസാണെന്നറിഞ്ഞിട്ടും അവർ ആ വൈറസിന് ജന്മം നൽകി. ആ വൈറസ് അതിവേഗം തന്നെ എതിർ രാജ്യത്തും അതേ പോലെ സ്വന്തം രാജ്യത്തും പടർന്ന് ഒരാളൊഴിച്ച് മറ്റെല്ലാവരും മരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അവിടേക്ക് ജീവികളെല്ലാം കൂട്ടമായി വരുന്നു. മനുഷ്യരുടെ പടുകൂറ്റൻ കെട്ടിടങ്ങൾ അവിടെ വിജനമായി കിടക്കുന്നു. എല്ലാ ജീവികളും അതിരറ്റ് സന്തോഷിക്കുന്നു. താൻ വിശക്കുമ്പോൾ മാത്രമേ ഇര തേടാറുള്ളൂ എന്നാൽ മനുഷ്യൻ അങ്ങനെയല്ലെന്ന് സിംഹം പറയുന്നു. താൻ മുമ്പ് ഇങ്ങനെയൊരു സാഹചര്യം മുന്നിൽ കണ്ടിരുന്നുവെന്ന് മനുഷ്യരുടെ കൂടെ യുദ്ധത്തിനു പോയ കുതിരകൾ പറയുന്നു. ഒരു കൈ കൊടുത്താൽ അവൻ അത് ആയുധമുണ്ടാക്കാനായി മാറ്റിവയ്ക്കും. ഒരു മനസ്സ് കൊടുത്താൽ അവൻ അത് അഹന്ത കൊണ്ട് നിറയ്ക്കും എന്നാണ് പാമ്പുകൾ പറയുന്നത്. അങ്ങനെ അവരെല്ലാവരും ആ അവസാന മനുഷ്യനെ കൊല്ലാൻ തിരയുന്നു. മനുഷ്യൻ തന്റെ തെറ്റുകളെ പറ്റി പശ്ചാത്തപിക്കുകയായിരുന്നു. അപ്പോൾ അവിടെ ലോകം ചുറ്റാനിറങ്ങിയ മാലാഖ ആ മനുഷ്യനെ കാണുന്നു. മാലാഖ ആ മനുഷ്യനെയുമെടുത്ത് ആകാശത്തേക്ക് പറക്കുന്നു. മനുഷന്റെ പ്രവർത്തനങ്ങൾ ഇങ്ങനെ പോയാൽ ലോകത്ത് ഭാവിയിൽ ഒരു മനുഷ്യനും ജീവിക്കില്ല എന്ന് ഈ കഥ നമുക്ക് മനസ്സിലാക്കിത്തരുന്നു.

നൈസാം ഫാറൂഖ്
6 C പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം