സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/അക്ഷരവൃക്ഷം/കടൽത്തീരത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടൽത്തീരത്ത്

നഗരം ജനനിബിഡമായിരുന്നു റോഡിലൂടെ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾ നടക്കുന്നത് .ഈ ജനക്കൂട്ടത്തിനിടയിലേക്കാണ് അവന്റെ ശബ്‍ദം ഒഴുകിയിറങ്ങിയത് .ജനം ശബ്‍ദം കേട്ടിടത്തേക്കു തിരിഞ്ഞു അവിടെ കാഴ്ച്ചയിൽ പത്തു പന്ത്രണ്ടു വയസു തോന്നിക്കുന്ന അന്ധനായ ഒരാൺകുട്ടി പാടുകയാണ് . പാട്ടിനിടയിൽ അവന്റെ നീലനക്ഷത്രനയനങ്ങൾ നിറഞ്ഞൊഴുകുന്നു .പെറ്റിക്കോട്ടണിഞ്ഞ അവന്റെ കുഞ്ഞിപെങ്ങൾ ആ പാട്ടിനു തന്നാലാവും വിധം ചുവടുവയ്ക്കുന്നു .അസ്വസ്ഥമായ ഹൃദയ താഴ്വാരങ്ങളിലേക്കു ആ കാഴ്ച ഒരു മഞ്ഞുകാറ്റുപോലെ വീശി .മരുഭൂമിയിൽ മഴ ലഭിക്കുന്നവന്റെ അവസ്ഥ! കുയിലിന്റെ പാട്ടിനു മയിൽ പീലി വിടർത്തിയാടുന്ന അത്യപൂർവ്വ നിമിഷം .ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരിയായി അവരിരുവരും മാറി പുതുവർഴപിറവിയുടെ തലേന്നായതു കൊണ്ടായിരിക്കും ഒരുപാടു പൈസ അവരുടെ പാത്രത്തിലേക്ക് വീണത്. നനഞ്ഞ നീല മിഴികളിൽ മുഴുവൻ ഇരുട്ടാണെങ്കിലും അവന്റെ മനസിന്റെ വെളിച്ചത്തിൽ ചുറ്റുമുള്ള സഹായ ഹസ്തങ്ങളെ നോക്കി അവൻ പുഞ്ചിരിച്ചു .കുഞ്ഞിപ്പെങ്ങളുടെ കൈപിടിച്ചു അവൻ കടൽത്തീരത്തേക്കു നടന്നു. വീശിയടിച്ച കടൽക്കാറ്റു അവളുടെ തലമുടിയിൽ തഴുകി പറന്നു പോയി .ആ ആറുവയസ്സുകാരിയുടെ നിഷ്കളങ്കമായ ചിരിയിൽ അവന്റെ കണ്ണുനീരിനെവറ്റിക്കാനും ചുണ്ടിൽ ചിരി വിടർത്താനും സാധിച്ചു . അവന്റെ കുഞ്ഞു ലോകം അവളെ ചുറ്റിപ്പറ്റിയായിരുന്നു അവൾ അവന്റെ കൈ പിടിച്ചു തീരത്തേക്കിറങ്ങി .ഒരു കുഞ്ഞിതിര വന്നു അവളുടെ കാലിനെ ഇക്കിളിയിട്ടു . കടലിന്റെ നീലിമയിലേക്കു സൂര്യന്റെ ചെമപ്പുനിറം വീണു .സൂര്യൻ നീരാടാൻ ഇറങ്ങുമ്പോൾ കടലിൽ വന്ന മാറ്റം അവളെ അതിശയിപ്പിച്ചു .സ്വന്തം ജീവിതത്തെ നിറമുള്ളതാക്കി മാറ്റുന്നതിനേക്കാൾ മറ്റുള്ളവരുടെ ജീവിതത്തെ നിറമുള്ളതാക്കി മാറ്റുന്നതാണ് മനോഹരം. ഒരു നിറം മാത്രമാണെങ്കിൽ മഴവില്ലാകില്ലല്ലോ ?ഒരുപാടു നിറങ്ങൾ ചേരുന്ന മനോഹര ചിത്രം അതായിരുന്നു ആ അസ്തമയം . ആര് വരച്ച ചിത്രമാണെന്നറിയില്ല എങ്കിലും കണ്ടതിൽ വച്ചേറ്റവും മനോഹരചിത്രമായിരുന്നു അത്. ആ അസ്തമയം അവളുടെ കണ്ണുകളെ മാടി വിളിച്ചു .നിറങ്ങളുടെ ആ ലോകം അവളെ പ്രലോഭിപ്പിച്ചു . തിര വന്നു വിളിച്ചപ്പോൾ അവൾക്കു പോകാതിരിക്കാനായില്ല അവന്റെ കൈകൾ വിട്ടു അവൾ തിരയിലേക്കു ഓടിയിറങ്ങിയപ്പോൾ ഒരു വലിയ തിരവന്നു അവളെ കട്ടെടുത്തു കുഞ്ഞു തിരവന്നു ഒരുക്ഷമാപണം എന്നപോലെ അവന്റെ കാലിനെ തഴുകി .

അവനുപ്രിയപ്പെട്ടതെല്ലാം അപഹരിക്കുന്നത് വിധിക്ക് പണ്ടേ ഇഷ്‌ടമാണ്‌ .ഇപ്പോഴും അത് ആവർത്തിച്ചിരിക്കുന്നു .പക്ഷെ ഇപ്പോൾ അവനിൽനിന്ന് കട്ടെടുത്തത് അവന്റെ ജീവന്റെ ജീവനായിരുന്നു .കടലിന്റെ ആഴത്തിലേക്ക് അവൾ മാഞ്ഞു പോയെങ്കിലും അവനിലെ അവൾക്കു മരണമില്ല .അവൻ അവളുടെ പേര് വിളിച്ചു അലമുറയിട്ടു കരഞ്ഞു .കണ്ണിലെ ഇരുട്ടിൽ അവന്റെ ലോകം മാഞ്ഞുകൊണ്ടിരുന്നു പിന്നെ കാണാതായി .അവന്റെ കണ്ണിൽ നിന്ന് വലിയ തുള്ളികൾ വീണു ഭൂമിയെ ചുട്ടുപൊള്ളിച്ചു .കൂടിനിന്നവരുടെ മനസ്സിൽ അവനൊരു നോവായിപ്പടർന്നു .അവളുടെ കുഞ്ഞിചെരിപ്പുകൾ തിരവന്നു അവനു തിരികെ നൽകി .ഹൃദയത്തിൽ വല്ലാതൊരു വേദന സൂര്യൻ അസ്തമിച്ചു ഇരുട്ടിന്റെ മാലയിൽനിന്നു നക്ഷത്രമുത്തുകൾ ചിതറിവീണു .ഒരു താരകമായി അവൾ അവനെ നോക്കി ചിരിച്ചപ്പോഴും അവനതു കണ്ടില്ല .അവന്റെ ചുണ്ടിലെ ചിരി എന്നന്നേക്കുമായി മറഞ്ഞത് അവൾ അറിഞ്ഞു .

ജോർജ് മേരി സെ
10 A സെന്റ്‌ തോമസ് എച്ച് .എസ് ,തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ