Schoolwiki സംരംഭത്തിൽ നിന്ന്
അപ്പൂപ്പൻതാടിയെപ്പോലെ
പ്രകൃതിയിലേയ്ക്കൊന്നു നോക്കണം
അപൂർവ്വമായതെന്തോ അതിലുണ്ട്
മനോഹാരിതകളെയാണ് തിരയേണ്ടത്
കാടിൻ നടുവിലൊരു കുഞ്ഞി-
മാരുതനെ പോലെയാവണം
മൂകത ഇഴചേർത്തതിന്റെ ഇരുട്ടിലൂടെ
കിളിക്കൊഞ്ചലുകൾക്കായി പതുങ്ങിച്ചെല്ലണം
മലനിരകളിലാരോ നിറം ചാലിച്ച
മഴവില്ലൊന്നു പിടിച്ചു കുലുക്കണം
മാഞ്ചുനയേറ്റു പൊള്ളിയ ചുണ്ടിലൂടെ
മനസ്സിൽ പൊന്തിയ പുഞ്ചിരി കാണണം
നാട്ടുവഴിപ്പച്ചയിൽ പാവാടയിൽ കൊരുത്ത
തൊട്ടാവാടികളോടൊന്ന് പിണങ്ങണം
നാട്യങ്ങളേതുമില്ലാത്ത നാമജപത്തിന്റെ
കാച്ചെണ്ണമണമുള്ള സന്ധ്യകൾ വേണം
തെയ്യത്തറകളിലും വെളിച്ചപ്പാടിലും
ആരോ പറഞ്ഞ പ്രേതക്കഥകളിലുമുടലെടുത്ത
ഉറക്കം മുറിഞ്ഞ പേക്കിനാവുകൾ കാണണം
ആശകൾ തളിർക്കുന്ന വസന്തത്തിനായി
നെഞ്ചകം കുളിർക്കുന്ന മഴ കാക്കണം
പാതിയടഞ്ഞ ജാലകവാതിലോരം ചിണുങ്ങുന്ന
വായാടിപ്പക്ഷിയെ ഇനിയും കാണണം
ഇരുട്ടിന്റെ തന്ത്രികളിലൊരു നോവുപാടിയ
വാനമ്പാടിക്കായി മുറിത്തിരികൾ തെളിക്കണം
പ്രണയമാണ് പൂക്കളോട്,കാറ്റിനോട്
പുലരികൾ തന്ന തുഷാരത്തോട്
ഭൗമസൗന്ദര്യമേ നീ എന്നിൽ ലയിച്ചിരിക്കെ
ഞാനെന്തേ നിന്നെ തിരഞ്ഞുപോവാൻ
ഗതിയറിയാത്തൊരപ്പൂപ്പൻ താടി പോൽ.......
|