Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസികളുടെ ദുരിതപൂർണമായ കൊറോണ ദിനങ്ങൾ
2018 ലെ നാം അനുഭവിച്ച വലിയ ദുരന്തത്തിൽ ഒന്നായിരുന്നു പ്രളയം. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ വിടാതെ പിടികൂടി. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞു. അനേകം മലയാളികൾ വിദേശത്തു കുടുങ്ങി. സ്വന്തം അച്ഛനമ്മമാർക്കും കൂടെപിറപ്പുകൾക്കുംവേണ്ടി അന്യനാട്ടിൽ ജോലിചെയ്യുന്നവരും, നവവധുവരന്മാരും അങ്ങനെ ഒരുപാടുപേർ. പലരും ചികിത്സയിൽ... ആയുസ്സിന്റെ പകുതിപോലും ജീവിച്ചുതീർക്കാതെ എത്രയോപേർ നമ്മെ വിട്ടുപോയി. പത്രങ്ങളിലൂടെയും, വാർത്താചാനലുകളിലൂടെയും കൊറോണമൂലം പൊലിയുന്ന ജീവനുകളുടെ എണ്ണം എത്രയാണെന്ന് നാം അറിയുന്നുണ്ട്. രാവും പകലും നോക്കാതെ സ്വന്തം ജീവൻ പണയപ്പെടുത്തി രോഗികളെ ശുശ്രൂക്ഷിക്കുന്ന ആരോഗ്യപ്രവർത്തകരെ എത്ര പ്രശംസിച്ചാലും മതിവരില്ല...
സ്വന്തം കുടുംബത്തെ ജീവനുതുല്യം സ്നേഹിക്കുന്ന പ്രവാസികൾ എത്രയും വേഗം നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരുപക്ഷേ, കൊറോണയെന്ന മഹാമാരി തനിക്ക് പിടിപെട്ട് തന്റെ കുടുംബം അനാഥമാകുമോ എന്ന ഉത്കണ്ഠയായിരിക്കും അവരെ അതിനു പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് അവർ നാട്ടിലെത്താൻ വെമ്പുകയാണ്. പക്ഷേ അവരുടെ നാട്ടുകാർക്ക് അവരെ സ്വീകരിക്കാൻ അത്ര താല്പര്യമില്ല. വിദേശത്തുനിന്നും എത്തുന്നവർക്കെല്ലാം കോറോണയാണെന്ന് ചിന്തിക്കുന്ന നാട്ടുകാരുടെ സമൂഹമാണ് ഇന്ന് നമുക്കു ചുറ്റും. സ്വന്തം നാട്ടിൽനിന്നു പോയ പ്രവാസികൾ തിരികെ എത്തുമ്പോൾ അവർക്കു കൊറോണയാണോ? എന്തിനുവന്നു? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നാട്ടുകാരുടെ മനസ്സിൽ ഉയരുന്നു. എന്നാൽ പ്രവാസികൾ നാട്ടിലെത്തി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ്, ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യകാര്യങ്ങൾക്ക് പുറത്തുപോകുമ്പോൾ അവരെ കുറ്റകൃത്യം ചെയ്തവരെപ്പോലെ ഉറ്റുനോക്കുന്ന സമൂഹമാണ് നമ്മുടേത്. പിന്നീട് അവരുടെ ചിത്രം പകർത്തി പല സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുന്ന കേമന്മാരുണ്ട് നാട്ടിൽ. പക്ഷേ അവർ അറിയുന്നില്ല പ്രവാസികൾ നേരിടുന്ന വെല്ലുവിളികളും, പ്രയാസങ്ങളും, അവഗണനകളും. അവരും ആ നാട്ടിലെ തന്നെ അംഗങ്ങളാണെന്ന് മറക്കുകയാണ് നാട്ടുകാർ. നിയന്ത്രണങ്ങൾ പാലിക്കാത്ത പ്രവാസികളുമുണ്ട്. അവർക്കെതിരെ കർശനനിയന്ത്രണങ്ങൾ ചുമത്തുന്ന ഗവൺമെന്റ് ആണ് നമ്മുടേത്. പുറത്തിറങ്ങാൻപോലും കഴിയാത്ത ഈ കൊറോണക്കാലം പ്രവാസികൾക്ക് വേദനാജനകമാണ്. ഈ സന്ദർഭത്തിൽ അവരെ അവഗണിക്കാതെയും, നമ്മളിൽനിന്നും വേറിട്ട ഒരാളായി കാണാതേയും ഇരിക്കുക.നമുക്ക് ഒറ്റക്കെട്ടായിനിന്ന് കൊറോണയെ തുരത്താം .
|