സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി..... ആധുനിക മനുഷ്യൻ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഭൂമിയുടെ സമ്പത്ത്. പ്രാചീന മനുഷ്യൻ പാർപ്പിടങ്ങൾക്കും കൃഷിയിടങ്ങൾക്കും വേണ്ടി കാടുവെട്ടിത്തെളിച്ച് ഓലയും പുല്ലും മേഞ്ഞ വീടുകൾ നിർമ്മിച്ചു.അത് പ്രകൃതിക്കിണങ്ങുന്നതും പൂർണ്ണമായും പരിസ്ഥിതി ഘടകങ്ങൾ അടങ്ങിയതുമായിരുന്നു. പിന്നീട് ഓടും മൺകട്ടകളും കൊണ്ട് വീടുകൾ നിർമ്മിച്ചു, ആധുനിക യുഗത്തിലേക്ക് കടന്നപ്പോൾ മൺകട്ടകൾക്ക് പകരമായി സിമന്റുു കട്ടകളും കമ്പികളും ഉപയോഗിച്ച് വീടുകളും ബഹുനിലകെട്ടിട സമുച്ചയങ്ങളും മനുഷ്യൻ പണിതുയർത്തി.പരിസ്ഥിതി മലിനീകരണം എന്ന മഹാവിപത്ത് അവിടെ തുടങ്ങി.


പരിസ്ഥിതി മലിനീകരണം, ആഗോളതാപനം , പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം,ഓസോൺ പാളികളിലെ വിള്ളൽ...എന്നിങ്ങനെ ആധുനിക മനുഷ്യൻ അമ്മയാവുന്ന ഭൂമീദേവിക്കുനേരേ പിടിച്ച കരിങ്കൊടികൾ അനേകമാണ്.വൃത്തിഹീനമായ ഓടകളും ആരുകണ്ടാലും മൂക്കുപൊത്തിപ്പോവുന്ന മനു‍ഷ്യമൃഗ വിസർജ്ജ്യങ്ങളും നമ്മുടെ പൊതു ഇടങ്ങളിൽ സർവ്വ സാധാരണമായി മാറിയിരിക്കുന്നു.ആരോഗ്യകേരളമെന്നും സാംസ്ക്കാരിക കേരളമെന്നും അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുമ്പോൾ വളർന്നുവരുന്ന പരിസ്ഥിതി പ്രശ്നങ്ങളാൽ പടരുന്ന പകർച്ച വ്യാധികളും അനേകമാണ്.


സാമ്പത്തിക സാംസ്ക്കാരിക നേട്ടത്തിനായി കൂടി വരുന്ന വനനശീകരണവും, പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം,കീടനാശിനി പ്രയോഗവും ഇനി വരും നാളുകളിൽ ജീവന്റെെ തുടിപ്പുകൾ ഭൂമിയിൽ അവശേഷിപ്പിക്കുമോ എന്ന കാര്യത്തിൽ സംശയിക്കേണ്ടതുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളും വിവിധ രാജ്യങ്ങളും നേരിടേണ്ടി വന്ന പ്രളയവും അതിനോടനുബന്ധിച്ചുണ്ടായ ഉരുൾപൊട്ടലും മറ്റ് പാരിസ്ഥിതിക ദുരന്തങ്ങളും,മനുഷ്യൻ പരിസ്ഥിതിക്കുനേരേ ഇത്രയും നാൾ നടത്തിയ ചൂഷണങ്ങളുടെ തിരിച്ചടിയാണ്.പശ്ചിമഘട്ട മലനിരകളിലെ വൃക്ഷങ്ങൾ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു.അതുപോലെ തന്നെ പാറപൊട്ടിക്കൽമൂലം പ്രകൃതിക്കേറ്റ ആഘാതം ,മണ്ണുമാന്തികൾ മൂലം മണ്ണ് നീക്കം ചെയ്ത്‌ത് തുടങ്ങിയവ ഇത്തരം പരിസ്ഥിതി ദുരന്തങ്ങളുടെ ആക്കം കൂട്ടി.

ഈ ലോക്ക്ഡൗൺ കാലഘട്ടത്തിലാകട്ടെ വാഹനങ്ങൾ പൊതുനിരത്തിലിറക്കാനും ഫാക്ടറികൾ പ്രവർത്തിപ്പിക്കാനും കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണത്തിനും ഫാക്ടറികളിലെ മാലിന്യങ്ങൾ മൂലമുള്ള പരിസ്ഥിതി മലിനീകരണത്തിനും വൻതോതിൽ കുറവ് സംഭവിച്ചിരിക്കുന്നു‍.അതുകൊണ്ടുതന്നെ ഈ ലോക്ക്ഡൗൺ കാലം മനുഷ്യരാശിയെ മാത്രമല്ല, പ്രകൃതിയെയും സംരക്ഷിക്കുന്നതായി.

സ്വാർത്ഥ മനോഭാവം മൂലം എല്ലാം സ്വന്തം എന്നുകരുതി പ്രവർത്തിക്കുന്ന ആധുനിക സമൂഹം ഭൂമിക്കുള്ള ചരമഗീതം പാടുകയാണ്.എന്നോ ജനിച്ച് എന്നോ മരിക്കുന്ന നാം കോടിക്കണക്കിന് സസ്യ ജന്തുജാലങ്ങളിലൊന്നാണ്...ഒന്നുമാത്രമാണ്.....ഇനിയുമുള്ള തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്....അതിനായി നമ്മുക്കൊത്തൊരുമിച്ച് മുന്നേറാം..........

അനുപമ എ
ക്ലാസ് 10 എ സി ആ എച്ച് എസ്സ് ,വലിയതോവാള
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം