എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ശുചിത്വം: മാറേണ്ടത് മലയാളിയുടെ മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikiaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം: മാറേണ്ടത് മലയാളിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം: മാറേണ്ടത് മലയാളിയുടെ മനസ്സ്

പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ യഥാർഥത്തിൽ നമ്മുടെ പൗരബോധത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ഉത്പന്നങ്ങളാണെന്ന് നാം തന്നെ ഇപ്പോൾ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. വീടിന്റെ അകം വൃത്തിയാക്കുന്നതിൽ ശ്രദ്ധാലുക്കളായ നാം ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റു പെരുകാനുള്ള വലിയ സാഹചര്യമാണ് ഒരുക്കിക്കൊടുത്തത്. ജീവിതശൈലി പാടെ മാറ്റിയപ്പോൾ മുതലാണ് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ സ്വഭാവവും അളവും ക്രമാതീതമായി പെരുകാനും അവ നിർദാക്ഷിണ്യം വലിച്ചെറിയാനും നാം ശീലിച്ചത്. നാലും അഞ്ചും സെന്റിൽ വീടുകളും ഫഌറ്റുകളും നിറഞ്ഞതോടെ അയലത്തെ മുറ്റത്തും റോഡരികിലും പുഴയിലും തോട്ടിലും മാലിന്യം ചേക്കേറാൻ തുടങ്ങി. കേരളീയന്റെ ശുചിത്വ ബോധത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഈ 'പെരുമാറ്റ ദൂഷ്യ'ത്തെ അകറ്റാൻ ആർക്കും കഴിഞ്ഞതുമില്ല.

മാലിന്യക്കൂനകൾ സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും പാരിസ്ഥിതിക പ്രശ്‌നങ്ങളും രാജ്യത്തെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും പേടിസ്വപ്‌നമാണ്. നമ്മുടെ നാട്ടിലും സ്ഥിതി മറിച്ചല്ല. മഴയിലും വേനലിലും ഇത്തരം മാലിനമല വലുതാകുകയാണ്. പനിച്ച് വിറച്ചെത്തിയ ആളുകളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞ് കവിയുന്നു. ചേരികളില്ലാത്ത, വൃത്തിയുള്ള റോഡുകളുള്ള, ആരും പൊതുസ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യാത്ത നമ്മുടെ നാട് പകർച്ച പനികളുടെ വിളഭൂമിയാകുന്നു എന്ന സത്യം നാമിപ്പോൾ അനുഭവിച്ചറിയുന്നുണ്ട്. മഴ എന്ന ആലോചനയ്ക്കുമുമ്പേ പകർച്ചപ്പനികൾ പെയ്തു തുടങ്ങുന്നതിനുള്ള ഏറ്റവും പ്രധാന കാരണമെന്തെന്ന് എത് കൊച്ചു കുട്ടിക്കും വിളിച്ചു പറയാനാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തിയത്. ആരോഗ്യ വികസന സൂചികകളിൽ ഒരുകാലത്ത് മുന്നിലായിരുന്ന സാക്ഷര കേരളമാണ് മലിനീകരണത്തിൽ അഗ്രഗണ്യ സ്ഥാനത്ത് എന്ന് തിരിച്ചറിയാൻ എന്തു കൊണ്ടോ വൈകിയതാണ് നമ്മുടെ സകലദുരിതങ്ങൾക്കുമുള്ള അടിസ്ഥാന കാരണമെന്ന് ഇപ്പോൾ പൂർണ്ണമായും കേരളീയർ മനസ്സിലാക്കിക്കഴിഞ്ഞു. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളായ പൊതുശിശു, മാതൃ, മരണനിരക്കുകൾ കുറച്ചുകൊണ്ടുവരാനും ആയുർദൈർഘ്യം വർധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും ശുചിത്വം ഒരു സംസ്‌കാരമായി മാറ്റിയെടുക്കുന്നതിൽ പൂർണമായി വിജയിച്ചില്ലെന്ന് കണ്ടെത്താൻ ഇപ്പോഴത്തെ അനുഭവങ്ങൾ മാത്രം മതിയാകും.

പൂർണ്ണമായും നിർമാർജനം ചെയ്തുവെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ തിരിച്ചുവന്നുതുടങ്ങിയതും ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മസ്തിഷ്‌കജ്വരം,എച്ച് വൺ എൻ വൺ, നിപ, Covid 19 Corona, തുടങ്ങിയ പുതിയ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ടതുമെല്ലാം കേരളത്തിന്റെ ആരോഗ്യമേഖലയെ വലുതായിത്തന്നെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നു. മാലിന്യനിർമാർജനം, പരിസരശുചിത്വം, കൊതുക് നശീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കാൻ ശ്രമിച്ച പരിപാടികളൊന്നും വേണ്ടത്ര വിജയിക്കാതെ പോയതാണ് പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്നതിനുള്ള അടിസ്ഥാനകാരണമായത്. മാലിന്യനിർമാർജനം ഫലവത്തായി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കും ഇതു വരെയായും കഴിഞ്ഞതുമില്ല. ജനസംഖ്യാ വർധനവിനും നഗരവത്കരണത്തിനും അനുസൃതമായി മലയാളി സാമൂഹിക ശുചിത്വത്തിന് കാണിക്കുന്ന അലംഭാവം പകർച്ചവ്യാധികളുടെ കടന്നുവരവിനുള്ള പ്രധാന കാരണമായി മാറി. എത്ര തന്നെ പരിഷ്‌കാരിയായാലും മാറാത്ത മലയാളിയുടെ മനസ്സ് തന്നെയാണ് ഒരിക്കലും ഒഴിയാത്ത മാലിന്യം പേറാൻ വിധിക്കപ്പെട്ട നാടാക്കി കേരളത്തെ മാറ്റിയത്.

കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന്റെ വസ്തുനിഷ്ഠകാരണങ്ങൾ കണ്ടെത്തി, കുറവുകൾ പരിഹരിച്ച് ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടും ജനപങ്കാളിത്തത്തോടും കൂടി ബൃഹത്തായ ഒരു പുതിയ ശുചിത്വ പരിപാടിയാണ് ഇനി നടപ്പിലാക്കേണ്ടത്. മാലിന്യങ്ങൾ അതിന്റെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ സംസ്‌കരിക്കുന്നതിനുള്ള ബോധവത്കരണവും സമുചിത സാങ്കേതിക വിദ്യകളുടെ വ്യാപനവും വിഭാവനം ചെയ്യണം. സാക്ഷരതാപ്രസ്ഥാനത്തിലും ജനകീയാസൂത്രണത്തിലും ഫലപ്രദമെന്നു തെളിഞ്ഞ ജനകീയ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞാൽ സമ്പൂർണ ശുചിത്വമെന്ന ലക്ഷ്യം നേടാനാകുമെന്നതിൽ തർക്കമില്ല. ഇതിന് കൈകോർത്തിറങ്ങാൻ ഇനിയെങ്കിലും എല്ലാവരും തയ്യാറായില്ലെങ്കിൽ നേരിടേണ്ടിവരിക പരിഹാരമില്ലാത്ത മഹാമാരി തന്നെ.
ഫാത്തിമ ഫിദ എം
6 C എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം