ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ അറിവുകൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ അറിവുകൾ


മധ്യവേനലവധിക്കു വിദ്യാലയങ്ങളടച്ചു വീട്ടിൽ നിൽക്കുമ്പോഴാണ് പഴയ തലമുറയിൽ നിന്നും നിരവധി പാഠങ്ങൾ എന്നെപ്പോലുള്ളവർക്കു പഠിക്കുവാൻ കഴിയുന്നത്. പുതിയ തലമുറയ്ക്കു പഴയ കാര്യങ്ങൾ പഠിക്കുവാൻ ലഭിക്കുന്ന ചുരുക്കം ചില സമയങ്ങൾ അതു മാത്രമാണ്. എന്നാൽ ഇത്തവണ മധ്യവേനലവധി നേരത്തേയെത്തി. ലോകം മുഴുവൻ പടർന്നുപിടിച്ച കൊറോണ മഹാമാരിയെ തുടർന്നു സ്കൂളുകളെല്ലാം ഫെബ്രുവരിയിൽ തന്നെ അടയ്ക്കുകയായിരുന്നു. പ്രതീക്ഷിച്ചതിലും ഒരു മാസം മുമ്പുതന്നെ ഈ വർഷത്തെ അവധിയെത്തി. അതും മുഴുവൻ സമയവും വീട്ടിൽത്തന്നെ കഴിയേണ്ടിവന്ന നീണ്ട അവധി. പക്ഷേ ഈ അവധി ദിനങ്ങളിൽ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ പുതിയ അറിവുകളാണ് എനിക്കു ലഭിച്ചത്. കുറേ `പഴയ´ പുതിയ അറിവുകൾ. ഷാവായ്, ഷവർമ്മ, ബർഗർ, സാൻഡ്വിച്ച് തുടങ്ങിയ ഭക്ഷണങ്ങൾ ചില ദിവസങ്ങളിൽ അച്ഛൻ വരുമ്പോൾ എനിക്കു വാങ്ങിക്കൊണ്ടുവരും. ഈ ഭക്ഷണങ്ങളെല്ലാം എവിടെയാണ് ലഭിക്കുന്നതെന്നും എങ്ങനെയാണ് പാകം ചെയ്യുന്നതെന്നും എനിക്കറിയുകയും ചെയ്യാം. എന്നാൽ ഞാൻ ദിവസവും വീട്ടിൽ കഴിക്കുന്ന നെല്ല് ആഹാരം (ചോറ്) നിർമ്മിക്കുന്ന വയലും നെൽകൃഷിയും ഒന്നോരണ്ടോ തവണമാത്രമേ ഞാൻ കണ്ടിട്ടുള്ളു. ചിലപ്പോെഴാക്കെ വീടിനടുത്തുള്ള മുതിർന്ന ചേട്ടൻമാർ കുറച്ചകലെയുള്ള ആറ്റിൽ ചൂണ്ടയിടാൻ പോയിട്ട് വലിയ മീനുകളുമായി വരുന്നതു കാണാം. എന്നാൽ ഞാൻ ചൂണ്ടയിടുന്നതു കണ്ടിട്ടില്ല. അച്ഛൻ സ്കൂളിൽ പോയിരുന്നത് നടന്നായിരുന്നുവെന്നു പറയാറുണ്ട്. ഇന്ന് എൻ്റെ വീടിനു മുന്നിൽ സ്കൂൾ ബസുവരും. ഞാനും അച്ചനും അമ്മയും പിന്നെ അച്ചാച്ചനും അമ്മാമ്മയുമാണ് വീട്ടിലുള്ളത്. സ്കൂൾ അടച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മാമ ടെറസിൽ നട്ടുവളർത്തിയ പയറിൻ്റെ ഇലപറിച്ചുകൊണ്ടു വന്നു. ഞാൻ എന്തിനാണെന്നു ചോദിച്ചപ്പോൾ ഉച്ചയ്ക്കു തോരൻ വയ്ക്കാനെന്നാണ് അമ്മാമ്മ പറഞ്ഞത്. പയറിൻ്റെ ഇല ഉപയോഗിച്ച് തോരൻ വയ്ക്കുമെന്നുള്ളത് എനിക്കു പുതിയ അറിവായിരുന്നു. അന്നുച്ചയ്ക്കു ചോറുകഴിച്ചപ്പോൾ പയറിലത്തോരനും കൂടെ ഞാൻ കഴിച്ചു. സാധാരണ പയറുചെടയിൽ നിന്നും പയറുമാത്രമേ കറിവയ്ക്കുള്ളുവെന്ന് കരുതിയിരുന്ന എനിക്ക് അന്ന് പുതിയ ഒരറിവുകിട്ടി. പിന്നീട് അമ്മാമ്മ പറഞ്ഞു ചിലപ്പോഴാെക്കെ സ്കൂൾ വിട്ടു വരുമ്പോൾ നീ കഴിക്കുന്ന തോരൻ ഇതാണെന്നു. പക്ഷേ അന്നൊന്നും എനിക്കതു മനസ്സിലായില്ല. മനസ്സിലാക്കാൻ ഒരു കൊറോണ വരേണ്ടിവന്നു. ഒരുദിവസം ചക്ക വെട്ടി വീട്ടിൽ കറിവച്ചു. സാധാരണ ചക്കയുടെ ചുളയും കുരുവും മാത്രമേ ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുള്ളു. ബാക്കിവരുന്ന ചവിണിയും ചക്കമടലും വീട്ടിലെ ആടിനാണ് കൊടുത്തിരുന്നത്. എന്നാൽ അന്ന് അച്ഛാച്ചൻ ചവിണി മുറിച്ചെടുക്കുന്നതു കണ്ടു. അന്നുച്ചയ്ക്ക് ആ ചവിണി ഉപയോഗിച്ച് നല്ല വിഴുക്ക് അമ്മാമ്മയുണ്ടാക്കി. മാത്രമല്ല ചക്കക്കുരുവിനു പുറത്തു കാണുന്ന പാട ഉപയോഗിച്ചും വിഴുക്ക് ഉണ്ടാക്കാമെന്ന് അമ്മാമ പറഞ്ഞുതന്നു. പിന്നീട് ഒരു ദിവസം അതു കാണിച്ചും തന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എനിക്കു പുതിയ അറിവായിരുന്നു. വീടിനടുത്തുള്ള തെങ്ങ് മറിഞ്ഞു വീണപ്പോൾ അതിൻ്റെ മുകൾഭാഗം വെട്ടിപ്പൊളിച്ച് കാമ്പെടുത്ത് കുറച്ച് എനിക്കും തന്നു. നല്ല രുചിയും മധുരവും. ഒരാഴചമുമ്പാണ് ആട് പ്രസവിച്ചത്. ഒരു പെൺകുട്ടി. അടുത്തുള്ള പുരയിടത്തിൽ ആടിനെ മേയ്ക്കാൻ അച്ഛാച്ചൻ പോയപ്പോൾ ഒരു ദിവസം എന്നെയും കൂട്ടി. ആട്ടിൻകുട്ടി ഓടിക്കളിക്കുന്നതൊക്കെ നല്ല രസമായിരുന്നു. ഉച്ചയ്ക്ക് ചോറു കഴിച്ചശേഷം അമ്മാമ്മയും അമ്മയും കൂടി പുളി കുത്തിയെടുക്കുന്നതും എനിക്കു കാണാൻ കഴിഞ്ഞു. മറ്റൊരു ദിവസം അച്ചാച്ചൻ തട്ടിൻമുകളിൽ കിടന്ന ചെറിയ കുഴികളുള്ള ഒരു പലകയെടുത്ത് കഴുകി വൃത്തിയാക്കി വയ്ക്കുന്നതുകണ്ടു. പിന്നീട് എന്നെ വിളിച്ച് ഒരു തുണി വിരിച്ച് അച്ചാച്ചൻ്റെ മുറിയിലിരുന്ന ഒരു ചെറിയ കുപ്പി അടപ്പു തുറന്നു കുടഞ്ഞിട്ടു. ചുവപ്പും കറുപ്പുമുള്ള കുന്നിക്കുരുക്കളായിരുന്നു അത്. അതുവച്ച് പല്ലാംകുഴിയെന്ന കളിയും അച്ചാച്ചൻ പഠിപ്പിച്ചുതന്നു. അഞ്ചാം ക്ളാസിൽ നിന്നും ആറാം ക്ലാസിലായ എനിക്ക് ഇതൊക്കെ പുതിയ പുതിയ അറിവുകളായിരുന്നു. ഈ കാഴ്ചകളൊന്നും മുമ്പ് കണ്ടിട്ടില്ലാത്ത എനിക്ക് ഇങ്ങനെയുമൊരു ലോകം പണ്ടുണ്ടായിരുന്നുവെന്നു മനസ്സിലാക്കി. അതു മനസ്സിലാക്കിത്തരുവാൻ കുറച്ചുനാൾ മറ്റെങ്ങും പോകാതെ വീട്ടിലിരിക്കേണ്ടിവന്നു. പക്ഷേ അതുമാത്രമായിരുന്നില്ല. പ്രായമായ രണ്ടുപേർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നതും കൂടിയായിരുന്നു.

ഹിത .എ.ആർ
5 സി ഗവ.യു.പി.എസ്സ്.ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]