പട്ടണത്തിലുള്ള കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ആദ്യദിനം..!! പരിഷ്കാരികളായ കുട്ടികൾ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം മറ്റുള്ളവർപങ്കുവെ ക്കുന്നു.എവിടെയും അപരിചിതർ.. കരച്ചിലടക്കാൻ പാടുപെട്ടു. വീടിനടുത്തെങ്ങാനും പഠിച്ചാൽ മതിയായിരുന്നു.ചിലർ ഒന്നു നോക്കി ചിരിച്ചും ചിലർ ചിരിക്കാതെയും മുന്നിലൂടെ നടന്നുപോയി. ബെല്ലടിച്ചു. എല്ലാവരും ക്ലാസ്സിലേക്ക്.. അടുത്തിരുന്ന ഒന്നുരണ്ടുപേർചോദിച്ചു. "എവിടെയാ പഠിച്ചത് ?,വീടെവിടെയാ ? ‘’ പിന്നെയും നിശ്ശബ്ദമായ നിമിഷങ്ങൾ.. അൽപ്പസമയത്തിനകം ഒരു ടീച്ചർ ക്ലാസ്സിലേക്ക് കടന്നു വന്നു.സ്വയം പരിചയപ്പെടുത്തി.പ്രൊഫ. മറിയം കുരുവിള. ടീച്ചർ എല്ലാവരെയും പരിചയപ്പെട്ടു.ഉള്ളിലെ വിഷമംഒതുക്കിവെച്ച് പഠിച്ച സ്കൂളും നാടും എല്ലാം പറഞ്ഞു.പിരീഡ് കഴിഞ്ഞ് ബെല്ലടിച്ചു.
പുറത്തേക്ക് പോകാൻ ഇറങ്ങിയ ടീച്ചർ എന്നെ വിളിച്ചു.എന്തിനായിരിക്കും ? മനസ്സിൽചിന്തിച്ചു അടുത്തെത്തിയപ്പോൾ ചോദിച്ചു.” എന്താ കുട്ടീ ! മുഖം വല്ലാതിരിക്കുന്നത് ?ആരെയും പരിചയമില്ല അല്ലെ ? “ ഒന്നു പൊട്ടിക്കരയാൻ തോന്നി.” Don’t worry ,രണ്ടുദിവസം കൊണ്ട് അതൊക്കെ മാറും.പിന്നെ വയനാട്ടിലെ ഡാലിയ എനിക്ക് വലിയഇഷ്ടമാണ്. അവധിക്ക് പോയി വരുമ്പോൾ ഡാലിയ കിഴങ്ങ് കൊണ്ടു വരണം".ഒരുപാട് സന്തോഷം തോന്നിയ നിമിഷം. തിരിച്ച് ക്ലാസ്സിലേക്ക് ...’മിസ്സിന്റെ റിലേറ്റീവ്ആണോ?’അടുത്തിരുന്നവർ ചോദിച്ചു. ഉള്ളിൽ അൽപ്പം ഗമ തോന്നി.ഉച്ചക്കു ഭക്ഷണത്തിന് വിട്ടു. അടുത്തിരുന്നവർ അവരുടെ വീടുകളിലേക്ക് പോയി. വിഷമിച്ചു നിൽക്കുമ്പോൾ അതാ വാതിൽക്കൽ ഞങ്ങളുടെ ടീച്ചർ.’ വരൂ ഇന്ന് എന്റെ കൂടെ ഭക്ഷണംകഴിക്കാം '. കാതുകളെ വിശ്വസിക്കാൻ പ്രയാസം തോന്നി.എങ്കിലു ബാഗുമെടുത്ത്പിന്നാലെ പോയി.വഴിനീളെ ടീച്ചർ ഓരോന്നു ചോദിച്ചും പറഞ്ഞും വീടിനടുത്തെത്തി.ഞാൻ കൊണ്ടുപോയ ചോറ് അവിടെ എല്ലാവരുടെയും കൂടെ ഇരുന്ന് കഴിച്ചു.” ഇന്നു
താൻ ഒറ്റക്കു വിഷമിക്കേണ്ടെന്നു കരുതി. നാളെ മുതൽ ദേ, ഇയാൾ കൂടെ ഉണ്ടാകും.”അപ്പോഴാണ് അറിയുന്നത് എന്റെ ക്ലാസ്സ് മേറ്റ് ടീച്ചറിന്റെ ഒരു ബന്ധുവാണെന്ന്.മിസ്സിനെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നി. പക്ഷെ ആ ടീച്ചറിനെ പ്പോലെ എന്റെകുട്ടികളുടെ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് കഴിയാറുണ്ടോ ? ഈ തിരക്കിനിടയിൽകഴിയാറില്ല എന്നതാണു സത്യം.പിറ്റേന്ന് സന്തോഷത്തോടെ ക്ലാസ്സിൽ എത്തി ബിന്ദു , രേഖ , പിന്നെ നിമ്മിഓരോരുത്തരേയും കണ്ടു.സംസാരിച്ചു.ഞങ്ങളുടെ ടീച്ചർ ക്ലാസ്സിൽ എത്തി. ഇംഗ്ലീഷ് കവിത നന്നായി പഠിപ്പിച്ച ടീച്ചർ , അത്രയും ഭാഗം കാണാതെ ചൊല്ലാൻ ആവശ്യപ്പെട്ടു. രണ്ടു മൂന്നു പേർ ചൊല്ലി.വിറച്ചുകൊണ്ട് ഞാനും എഴുന്നെേറ്റ് ചൊല്ലി.പേഴ്സിൽ കരുതിയിരുന്ന മിഠായി ഞങ്ങൾക്ക് തന്നു.ആ മിഠായിയുടെ മധുരം ഇന്നും നാവിലുള്ളതുപോലെ തോന്നും. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികളുടെ നല്ല പ്രതികരണങ്ങൾക്ക് നാംകൊടുക്കുന്ന ചെറിയ സമ്മാനം അവരിൽ എത്ര വലിയ സന്തോഷം ഉണ്ടാക്കും എന്ന് ഞാൻ പഠിച്ചത് എന്റെ ടീച്ചറിൽ നിന്നാണ്. വർഷങ്ങൾക്കു ശേഷം എന്റെ ഓർമച്ചെപ്പിനുള്ളിൽ ..വെറും ഓർമകൾ മാത്രം ..അന്ന് മൊബൈലും ഇന്റർനെറ്റും ഇല്ലല്ലോ? എന്റെ ടീച്ചർ എവിടെയയിരിക്കും ഇപ്പോൾ ? തിരക്കുകൾ മാറ്റിവെച്ച് ഒന്നു പോയികാണണം.. അതുവരെ ടീച്ചർ ആരോഗ്യത്തോടെ ഇരിക്കണേ....എന്നുമാത്രമാണ് എന്റെ പ്രാർത്ഥന....
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച ഞാൻ എട്ടാം ക്ലാസിലാണ് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ചേർന്നത്. വയനാട് ജില്ലയിൽ മാത്രമല്ല കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഈ പൊതുവിദ്യാലയത്തിൽ മൂന്നുവർഷം ഒരു വിദ്യാർത്ഥിയായിരിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.
മുൻപ് ഞാൻ പഠിച്ചിരുന്ന വിദ്യാലയത്തിൽ അക്കാദമിക കാര്യങ്ങൾക്ക് അമിതപ്രാധാന്യം നൽകി കുട്ടികളെ പഠിപ്പിച്ചിരുന്നു. എന്നാൽ ഈ വിദ്യാലയത്തിൽ പാഠ്യ മേഖലയോടൊപ്പം തന്നെ പ്രാധാന്യം പാഠ്യേതര മേഖലകളിലും നൽകുകയുണ്ടായി. ഇതു കൊണ്ട് തന്നെ പൂർണമായും പുസ്തകങ്ങളിൽ മാത്രമൊതുങ്ങാതെ സമൂഹവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ അടുത്തറിയാനും പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
ഈ പൊതു വിദ്യാലയം സമൂഹത്തിന്റെ ഒരു പരിഛേദമാണ്. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പണക്കാരുടെയും മക്കൾ ഒരുമിച്ച് കളിക്കുകയും പഠിക്കുകയും സഹവസിക്കുകയും ചെയ്യുന്നതിലൂടെ വൈവിധ്യമുള്ള ധാരാളം അറിവുകളും ആശയങ്ങളും ലഭിക്കുകയുണ്ടായി.
NCC, SPC, JRC മുതലായ വിവിധ ക്ലബ്ബുകളിൽ പങ്കെടുക്കാനുള്ള അവസരം അസുലഭ സൗഭാഗ്യമായി വിദ്യാർത്ഥികൾ കാണുന്നു. ഞാനും ഒരു NCC കേഡറ്റ് എന്ന നിലയിൽ പ്രവർത്തിച്ചതിലൂടെ ഉത്തരവാദിത്വബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു വിദ്യാർത്ഥിയായി മാറാൻ ഇടയായി. നല്ല പൗരൻമാരെ വാർത്തെടുക്കാൻ ഇത്തരം പ്രസ്ഥാനങ്ങളുടെ പങ്ക് നിസ്സാരമല്ല.
വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയും വികാസവും ആണല്ലോ. പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം കലാ, കായിക, ശാസ്ത്ര മേഖലകളിൽ കഴിവ് തെളിയിക്കാൻ ഈ വിദ്യാലയത്തിൽ നിരവധി അവസരങ്ങളുണ്ട്.
കുറേ വർഷങ്ങളായി കായികമേളയിൽ ജില്ലാ ചാമ്പ്യൻമാരായ എന്റെ വിദ്യാലയത്തിലെ കായിക മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. കലോൽസവത്തിലും ജില്ലയിലും സംസ്ഥാനമേളയിലും മുന്നിൽനിൽക്കുന്ന മീനങ്ങാടി സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടുവർഷം വൃന്ദവാദ്യ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത് വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.
കഴിഞ്ഞ മൂന്നു വർഷങ്ങളിലും ശാസ്ത്രമേളയിൽ പങ്കെടുത്ത് സബ്ബ്ജില്ലാ, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും A ഗ്രേഡ് വാങ്ങാനായതും ഈ പൊതുവിദ്യാലയം നൽകിയ വലിയ അവസരമാണ്. ഈ വിജയങ്ങൾക്കെല്ലാം എന്റെ ഗുരുനാഥൻമാരോട് കടപ്പെട്ടിരിക്കുന്നു.
സ്കൂൾ വാർഷികത്തിന് കുട്ടികളുടെ കഴിവുകൾ പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാൻ ലഭിച്ച അസുലഭ സൗഭാഗ്യമായി കരുതുന്നു. ആ വേദിയിൽ വച്ച് ലഭിച്ച സമ്മാനങ്ങൾക്ക് മറ്റെല്ലാത്തിനെക്കാളും വിലയുള്ളതായി തോന്നി.
എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി മാറിയ ഈ അന്താരാഷ്ട്ര വിദ്യാലയത്തിൽ പഠന മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ലാപ്ടോപ്പും കമ്പ്യൂട്ടറുമൊക്കെ ദൂരെ മാറിനിന്ന് നോക്കിക്കാണാൻ മാത്രം കഴിഞ്ഞിരുന്ന കാലത്ത് നിന്നും മാറി ഇവയെല്ലാം അനായാസമായി കൈകാര്യം ചെയ്യാനും, ക്ലാസിൽ പ്രോജക്ടറും സ്പീക്കറുമൊക്കെ കണക്ട് ചെയ്യാൻ ഉപയോഗിക്കാനും സാധിച്ചതിലൂടെ ലഭിച്ച ആത്മവിശ്വാസം ചെറുതല്ല.
വിജ്ഞാനത്തിനും വിനോദത്തിനും വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് അവസരം നൽകുന്ന ഈ വിദ്യാലയത്തിൽ നിന്നും നടത്തിയ വിനോദയാത്രകളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചു. കൂട്ടുകാരുമൊത്ത് നടത്തിയ ഈ യാത്രകൾ ജീവിതത്തിലെ തന്നെ മറക്കാനാവാത്ത അനുഭവങ്ങളാണ്.പൊത വിദ്യാലയങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവൺമെൻറ് അനേകം കോടി രൂപ വിദ്യാർഥികൾക്ക് വേണ്ടി ചിലവാക്കുന്നതായി മനസിലാക്കുന്നു. വിദ്യാർത്ഥി സമൂഹം ഇത് പരമാവധി മുതലാക്കാനും ഇതിലൂടെ നമ്മുടെ നാടിനും സമൂഹത്തിനും കൊള്ളാവുന്ന നല്ല വ്യക്തിത്വങ്ങൾ തിങ്ങിനിറഞ്ഞ നല്ല തലമുറകൾ രൂപപ്പെടാൻ ഇതുപോലുള്ള പൊതുവിദ്യാലയങ്ങൾ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു, സർവ്വവിധ ഭാവുകങ്ങളും നേരുന്നു.