എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ രക്ഷിക്കൂ !

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ രക്ഷിക്കൂ !
നാം അധിവസിക്കുന്ന  നിറയെ പ്രത്യേകതയുള്ള  ഭൂപ്രകൃതിയുള്ള  സ്ഥലങ്ങളെയും  അവയുടെ  നിലനിൽപ്പിനെയും  ചേർത്താണ്  നാം പരിസ്ഥിതി  എന്ന്  പറയുന്നത്.  നിറയെ കല്പവൃക്ഷങ്ങൾ നിറഞ്ഞ പറമ്പുകൾ ഉള്ള ഇടമായിരുന്നു  നമ്മുടെ  സ്വന്തം, ദൈവത്തിന്റെ  സ്വന്തം നാട് എന്നറിയപ്പെടുന്ന  കേരളം. എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷിമായിരിക്കുന്നു.  തെങ്ങുകൾ ഉണങ്ങി കരിഞ്ഞു  നിൽക്കുന്നു.  ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ  കിട്ടാതായിരിക്കുന്നു .  എന്തിന് വിളനിലങ്ങൾ  കൂടി ഇല്ലാതായിരിക്കുന്നു. 
പരിസ്ഥിതിയും വൃക്ഷലതാദികയും പുഴകളും ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മഴ പെയ്‌താൽ പുഴ കവിയുന്നൊരു  അവസ്ഥയുണ്ടായിരുന്നു. എന്തു   കൊണ്ടാവാം ഇന്ന്  അങ്ങനെ ഒരു സ്ഥിതി  വരാത്തത്. ഈ  ചോദ്യങ്ങൾക്കെല്ലാം   അവസാനം  നാം എത്തി നിൽക്കുന്നത് അന്തരീക്ഷ  മലിനീകരണം  എന്ന അതി   ഭീകരമായ  പാരിസ്‌ഥിതിക  പ്രശ്നത്തിലാണ്. അത് പരിഹരിക്കേണ്ടത്  നമ്മുടെ  ആവശ്യമാണ്‌.
പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട്  ലോകം ഇന്ന് നട്ടം   തിരിയുകയാണ്.  തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ പ്രകൃതിയെ  ചൂഷണം  ചെയ്യാൻ ആരംഭിച്ചു . ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ് .  വൻ തോതിലുള്ള  ഉൽപ്പാദനത്തിന്  വൻ തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിന്റെ  ഫലമായി  ഗുരുതര  പ്രതിസന്ധികളിലേക്ക്  പരിസ്ഥിതി നിപതിച്ചു.
ലോകം നേരിടുന്ന വെല്ലുവികളിൽ ഒന്നാണ്  പരിസ്ഥിതി  പ്രശ്നങ്ങൾ.  മനുഷ്യന്റെ  നിലനിൽപ്പിനു തന്നെ ഭീഷിണിയായി കൊണ്ട്  നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം  വർദ്ധിക്കുന്നു. സംസ്കാരം ജനിക്കുന്നത്  മണ്ണിൽ നിന്നാണ്,  ഭൂമിയിൽ  നിന്നാണ് .  എന്നാൽ  ഭൂമിയെ നാംമലിനമാക്കുന്നു. കാടിന്റെ  മക്കളെ കുടിയിറക്കുന്നു.  കാട്ടാറുകളെ കയ്യേറി  കാട്ടുമരങ്ങളെ കട്ട്  മുറിച്ച്‌ മരുഭൂമിക്ക് വഴിയൊരുക്കുന്നു.  കാട്ടാറുകളെ  കയ്യേറി  സംസ്കാരത്തിന്റെ  ഗർഭപാത്രത്തിൽ  പരദേശിയുടെ വിഷവിത്ത് വിതച്ചു കൊണ്ടിരിക്കുകയാണ്.
ദൈവത്തിന്റെ  സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ  ഒരുപാട്  സവിശേഷതകളുണ്ട് .  സാക്ഷരതയുടെയും  ആരോഗ്യത്തിന്റെയും  വൃത്തിയുടെയും  ഒക്കെ കാര്യത്തിൽ  നാം  മറ്റു സംസ്ഥാനങ്ങളേക്കാൾ  മുന്നിലാണ് .  നിർഭാഗ്യവശാൽ  പരിസ്ഥിതി  സംരക്ഷണത്തിൽ  നാം വളരെ പിന്നിലാണ്. നാം ജീവിക്കുന്ന  ചുറ്റുപാടിന്റെ  സംരക്ഷണവും പരിചരണവും വളരെ  ശ്രദ്ധയോടെ  ചെയ്യേണ്ട  കാര്യമാണ്.  ജലത്തിനും   ഭക്ഷണത്തിനും തൊഴിലിനും  പ്രകൃതിയെ നേരിട്ട്  ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതി  നാശം  സ്വന്തം  പ്രത്യക്ഷാനുഭവമായി മാറുക.
പാടം   നികത്തിയാലും  മണൽ  വാരി പുഴ  നശിപ്പിച്ചാലും  വനം വെട്ടിയാലും  മാലിന്യ  കൂമ്പാരങ്ങൾ കൂടിയാലും   കുന്നിടിച്ചാലും  ഞങ്ങൾക്ക്  യാതൊരു  പ്രശ്നവും ഇല്ല  എന്ന്  കരുതുന്നവരുടെ  കാഴ്ചപ്പാടുകൾ  മാറ്റേണ്ടതാണ് .  നമുക്ക് നമ്മുടെ  പൂർവികർ ദാനം  തന്നതല്ല  ഈ  ഭൂമി മറിച്ച്  നമ്മുടെ ഇളം  തലമുറയിൽ  നിന്ന് കടം വാങ്ങിയതാണ്  എന്ന  ബോധത്തോടെ  വേണം ഇവിടെ ജീവിക്കാൻ .
വനനശീകരണം,  ആഗോളതാപനം,  കാലാവസ്ഥ  വ്യതിയാനം, കുടിവെള്ള  ക്ഷാമം തുടങ്ങിയവ  സർവ്വതും  പരസ്പര  പൂരകങ്ങളാണ്‌.  ഇന്ന്  കേരളത്തിന്റെ  കാലാവസ്ഥയിൽ  മാറ്റം  സംഭവിച്ചു .  ചൂട്  സഹിക്കാൻ  പറ്റാത്ത അവസ്ഥയായി  കൊണ്ടിരിക്കുന്നു.  കുടിക്കാൻ  വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു .  ഈ കാഴ്ച നമ്മുടെ  കണ്ണ്   തുറപ്പിക്കുന്നതാണ്. കേരളം  പ്രകൃതി രമണീയമാണ് ഭൂപ്രദേശമാണ്.മഴ ധാരാളം  കിട്ടുന്ന  നാടാണ് . ഒട്ടേറെ കുളങ്ങളും  കിണറുകളും കായലുകളും പുഴകളും കൊണ്ട് സമ്പന്നമാണ്.  ശുചിത്വം  ഉള്ളവരുടെ നാടാണ് . രണ്ടു  നേരം  കുളിക്കുന്നവരും  ശുഭ്ര വസ്ത്രം  ധരിക്കാൻ  ഇഷ്ടപ്പെടുന്നവരുമാണ് .  ഇതായിരുന്നു  മലയാളിയെ കുറിച്ച്  അടുത്ത  കാലം വരെയുള്ള  ധാരണ.  എന്നാൽ  ഇന്ന് ആ ധാരണ മാറിക്കൊണ്ടിരിക്കുകയാണ്. നാം സ്വന്തം വീടിനു പുറത്തേക്ക് ഇറങ്ങിനോക്കൂ. ശുചിത്വമെന്താണെന്ന്  മലയാളിക്ക് അറിയില്ല.
നഗരങ്ങൾ  മനുഷ്യരുടെ  സൃഷ്ടിയാണ്.   മനുഷ്യന്റെ  സ്വാർത്ഥത കാരണം.  പ്രകൃതി  സമ്പത്തുകളിൽ  കാലാനുസൃതമായ  മാറ്റങ്ങൾ  വന്നു തുടങ്ങി.  വിഷമയമായ ഒരു  അന്തരീക്ഷ ത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം,  വായു, മണ്ണ്,  ഭക്ഷണം  ഇവയിലെല്ലാം തന്നെ വിഷ മാലിന്യങ്ങൾ  ക്രമതീതമായിരിക്കുക യാണ്.
പരസ്പരം  അല്ലെങ്കിൽ പരിതസ്ഥിതി  എന്ന അർത്ഥത്തിലല്ല  പരിസ്ഥിതിയെ  വീക്ഷിക്കേണ്ടത്. പരിസ്ഥിതിയും  പരിതസ്ഥിയും രണ്ടാണ്.  പരിസ്ഥിതി  ഓരോ  വ്യക്തിയുടെയും  ജീവികളുടെയും ചുറ്റുപാടുകൾ  മാത്രമാണ്.  ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റപാടുകളും ജീവികളും കൂടി  സൃഷ്ടിച്ച്  എടുക്കുന്നതാണ്  പരിതസ്ഥിതി. 
പരിസ്ഥിതി ശോഷണത്തിനു  വിവിധ  കാരണങ്ങൾ  ഉണ്ട് . ജല മലിനീകരണം,  ജനപ്പെരുപ്പം, ടൂറിസം മേഖലയുടെ  കടന്നു കയറ്റം, രാഷ്ട്രീയ സാമ്പത്തിക  പ്രതിസന്ധികൾ, വ്യവസായ  സംരംഭങ്ങളുടെ  അതിപ്രസരം,  ശബ്ദമലിനീകരണം, അമിത മത്സരബുദ്ധി,  സ്വാർത്ഥ താൽപ്പര്യങ്ങൾ,  സങ്കുചിത മനോഭാവങ്ങൾ  ഇങ്ങനെ  നിരത്തി  വെയ്ക്കാൻ  ഒരുപാട്  കാരണങ്ങളുണ്ട്. 
മാലിന്യ പ്രശ്നം നാം നേരിടുന്ന, നാം തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ പ്രശ്നമാണ്.  ഉദാഹരണമായി  അടുക്കള മാലിന്യം  എടുക്കാം.  കഴിച്ച ആഹാരത്തിന്റെ  അവശിഷ്ടങ്ങൾ,  അങ്ങനെ  നിത്യവും  ഒരു  അടുക്കളയിൽ  തന്നെ ധാരാളം  മാലിന്യങ്ങൾ  ഉണ്ടാവുന്നു ഈ മാലിന്യങ്ങളൊക്കെ  നാം പറമ്പിലേക്ക്  വലിച്ചെറിയുകയാണ്  പതിവ്.  അത്  അവിടെ കിടന്ന്  ചീഞ്ഞളിഞ്ഞു  കാക്കയും  മറ്റും കൊത്തി വലിച്ചു കിണറ്റിലും തടാകങ്ങളിലും  മറ്റും കൊണ്ടിട്ടു അനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്  നാം കാണുന്ന  കാഴ്ചകളാണ്.  ഇതു  മൂലമുണ്ടാകുന്ന പരിസ്ഥിതി  പ്രശ്നങ്ങൾ  ഏറെയാണ്. പരിസ്ഥിതി  ശുചിത്വം  പാലിക്കേണ്ടത്   അത്യാവശ്യം  തന്നെയാണ്.
പരിസ്ഥിതിക്ക്  വിനാശം  വരുത്തുന്ന  പ്രവർത്തനങ്ങൾ  ജീവിതരീതി നമുക്ക്  വേണ്ട എന്ന്  സ്വയം  തിരിച്ചറിവ്  ഉണ്ടാകാത്തിടത്തോളം ഇത്തരം  പ്രശ്നങ്ങളിൽ  നിന്ന്  രക്ഷ നേടാൻ സാധ്യമല്ല.


നന്ദന ജയകുമാർ
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം