മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| Home | 2026-27 |
മാത ആർട്സ് ഫെസ്റ്റ് 2025 - ധ്വനി
ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ കണ്ടെത്തി വളർത്തുന്നതാണ് സ്ക്കൂൾ കലോത്സവങ്ങൾ. എന്നത്തെയും പോലെ മാത ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ഈ വർഷവും സ്ക്കൂൾ കലോത്സവം സമുചിതമായി കൊണ്ടാടി. ഏതൊരു കലോത്സവത്തിൻ്റെയും ആദ്യപടിയെന്നോണം 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളെ 4 ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് ചെണ്ട, തബല, വീണ , തംബുരു എന്നിങ്ങനെ പേര് കൊടുത്തു. ഇത് കുട്ടികളിൽ വീറും വാശിയും ഉണർത്തി. അവരുടെ സർഗവാസനങ്ങളെ വളർത്തി. പുതിയ കലാസൃഷ്ടികൾ രൂപം കൊണ്ടു. ധ്വനി 2k25 ൽ 35 ഓൺ സ്റ്റേജ് മത്സരങ്ങളും 20 ഓഫ് സ്റ്റേജ് മത്സരങ്ങളും അരങ്ങേറി. ഓരോ ഗ്രൂപ്പിൻ്റെയും പോയിൻ്റ് നില സൂചിപ്പിക്കുന്ന സ്ക്കോർ ബോർഡും സ്കൂൾ വരാന്തയിൽ ഇടം പിടിച്ചു. മാറി മാറി വരുന്ന പോയിൻ്റ് നില കണ്ടെത്താൻ ഒരു കൂട്ടം കുട്ടികൾ എപ്പോഴും സ്ക്കോർബോർഡിന് മുമ്പിൽ ഉണ്ടായിരുന്നു. ഓഫ് സ്റ്റേജ് ഐറ്റത്തിൽ മത്സരിക്കാൻ വിദ്യാർത്ഥികളുടെ ബാഹുല്യം ഉണ്ടായിരുന്നു. ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ചു. ഓൺ സ്റ്റേജ് ഐറ്റത്തിലും ഓഫ് സ്റ്റേജ് െഎറ്റത്തിലും തമിഴ്, കന്നട, ഉറുദു, അറബി തുടങ്ങി പല ഭാഷകളിലും മത്സരം നടന്നു. കലോത്സവത്തിൻ്റെ ഒരു പ്രധാന ആകർഷണ മായിരുന്നു ഫുഡ് കോർട്ട്. വിദ്യാർത്ഥികളുടെ ക്ഷീണം അകറ്റാൻ, ഒഴിവ് വേളകൾ ആനന്ദദായകമാക്കാൻ അത് സഹായിച്ചു. ധ്വനി 2025 ൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് 23 -7- 25 ന് മാതാ സ്ക്കൂൾ വേദിയായി. ഉദ്ഘാടന ചടങ്ങിന് നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ . തോമസ് KJ സ്വാഗതം ആശംസിച്ചു.PTA പ്രസിഡണ്ട് ജെൻസൻ പുത്തൂർ അധ്യക്ഷപദം അലങ്കരിച്ചു. സ്ക്കൂൾ മാനേജർ റവ. ഫാ. ജെയ് സൻ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ധ്വനി 2k25 ഉദ്ഘാടനം ചെയ്തത് പ്രശസ്ത ചാക്യാർകൂത്ത് കലാകാരനും മിമിക്രി ആർട്ടിസ്റ്റും ആയ ശ്രീ . പ്രദീപ് പൂലാനിയായിരുന്നു. ശേഷം അദ്ദേഹം മധുരം മലയാളം എന്ന പരിപാടി അവതരിപ്പിച്ചു. അതിലൂടെ അദ്ദേഹം കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മദർ പി ടി എ പ്രസിഡണ്ട് മജ്ഞു സജി പരിപാടിയ്ക്ക് ആശംസ അർപ്പിച്ചു. ധ്വനി 2k25 ജനറൽ കൺവീനർ ബീന സി.ഡി ടീച്ചർ പരിപാടിയ്ക്ക് നന്ദിയർപ്പിച്ച് സംസാരിച്ചു. അതിനു ശേഷം രണ്ട് വേദികളിലായി ഭരത നാട്യം, നാടോടി നൃത്തം , ഗ്രൂപ്പ് ഡാൻസ്... തുടങ്ങി ധാരാളം പരിപാടികൾ അരങ്ങേറി. 25.7.25 ന് വൈകീട്ട് 5 മണിയ്ക്ക് പരിപാടികൾ അവസാനിച്ചു. ജൂലായ്10 ന് ആരംഭിച്ച് ഏകദേശം 10 ദിവസം നീണ്ടു നിന്ന മത്സരത്തിന് ഒടുവിൽ തംബുരു ഒന്നാം സ്ഥാനം നേടി. വീണ രണ്ടാം സ്ഥാനവും ചെണ്ട മൂന്നാം സ്ഥാനവും തബല നാലാം സ്ഥാനവും നേടി.
എൽ. ഇ.ഡി. ലൈറ്റ് നിർമ്മാണം
ജൂലൈ 26 , ഉച്ചക്ക്1 '30ന് കോൺഫറൻസ് ബഹുമാനപ്പെട്ട എച്ച് എം തോമസ് മാഷിൻറെ നേതൃത്വത്തിൽ എൽഇഡി ട്യൂബ് ലൈറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് ത്യാഗരാജാർ പോളിടെക്നിക്കിലെ ഇൻസ്ട്രക്ടർമാരും കുട്ടികളും ചേർന്ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്. സോൾഡറിങ് അയേൺ കൈകാര്യം ചെയ്യുന്നതും സോൾഡറിങ് ചെയ്യുന്നതും എൽഇഡി ട്യൂബ് ലൈറ്റ് എങ്ങനെ നിർമ്മിക്കാമെന്നും അവർ പഠിച്ചു. ബോർഡുകളും എൽ ഇ ഡി ലൈറ്റുകളും സോൾഡർ ചെയ്തു നമ്മുടെ കുട്ടികൾ വളരെ ഭംഗിയായി എൽഇഡി ട്യൂബ് ലൈറ്റുകൾ ഉണ്ടാക്കി. സ്വന്തമായി നിർമിച്ച എൽഇഡി ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്ത് പ്രകാശിക്കുന്നത് കണ്ടപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ലാദത്തോടെ കൈയ്യടിച്ച് അവർ പ്രകടിപ്പിച്ച സന്തോഷവും ഈ ക്ലാസ് വളരെ ഉപകാരപ്രദമായി എന്നുള്ളതിന് തെളിവായി മാറി.
ചാന്ദ്രദിനം- 2025
ഈ വർഷത്തെ ചാന്ദ്രദിനം മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ വർണ്ണശബളമായ പ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എൽ പി കുട്ടികൾ തയ്യാറാക്കിയ ചന്ദ്രനും നക്ഷത്രങ്ങളും ചാന്ദ്രപതിപ്പും യുപി കുട്ടികൾ തയ്യാറാക്കിയ റോക്കറ്റുകളും എച്ച് എസ് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകളും മറ്റും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു.ഇത് കുട്ടികൾക്കെല്ലാം കണ്ട് ആസ്വദിക്കാനും അറിവ് നേടാനും വളരെയേറെ സഹായിച്ചു. സ്കൂൾ അസംബ്ലിയിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ചാന്ദ്ര ദിനത്തിന്റെ ആശംസകൾ എല്ലാവർക്കും നൽകി. ചാന്ദ്രദിനം പോലുള്ള ദിനചാരണങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളരുവാൻ ഉപകരിക്കുമെന്നും ടീച്ചർ അഭിപ്രായപെട്ടു. തുടർന്ന് ചാന്ദ്രദിന പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടു. 41 വർഷത്തിനുശേഷം ബഹിരകാശത്ത് എത്തിയ ശുഭാൻഷു ശുക്ലയുമായി ഓൺലൈൻ കോൺഫറൻസ് വഴി സംസാരിക്കാൻ അവസരം ലഭിച്ച 9എ യിലെ തരുൺ മഹേഷ് തന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു. 9ബി യിലെ അവന്തിക കെ യു ചാന്ദ്രദിനത്തിന്റെ പ്രസക്തി ഉൾക്കൊള്ളിച്ച പ്രബന്ധം അവതരിപ്പിച്ചു. യു പി വിദ്യാർത്ഥികൾ ചാന്ദ്രദിനത്തെക്കുറിച്ചുള്ള സംഘഗാനം ആലപിക്കുകയും ചാന്ദ്രകവിത 4 സി യിലെ ദക്ഷ സജിത്ത് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എൽ പി കുട്ടികളുടെ ഫാൻസി ഡ്രെസ്സ് മത്സരമായിരുന്നു. അമ്പിളി മാമനായി ഒരുങ്ങിയെത്തിയ കുരുന്നുകളുടെ അവതരണം നയന മനോഹരമായിരുന്നു. തുടർന്ന് തത്സമയ റോക്കറ്റ് വിക്ഷേപണം സ്കൂൾ മുറ്റത്ത് നടത്തപ്പെട്ടു. ന്യൂട്ടന്റെ മൂന്നാം ചലനനിയമം അടിസ്ഥാനപ്പെടുത്തി ചലിച്ച റോക്കറ്റ് കുട്ടികളിൽ ഏറെ ആവേശമുണർത്തി. എൽ പി, യു പി, എച്ച് എസ് വിദ്യാർഥികൾക്കായി ചാന്ദ്രദിന ക്വിസും നടത്തി. ഓരോ മത്സരങ്ങളിലെയും വിജയികളെയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വളരെ മനോഹരമായി പര്യവസാനിച്ചു.
ഫയർ ആൻ്റ് സേഫ്റ്റി
മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻ്റ് സേഫ്റ്റിയെക്കുറിച്ച് ഒരു ലഘു ക്ലാസ് സ്കൂളിലെ ഓഫീസ് സ്റ്റാഫും ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പാസായ ശ്രീ. സിദിൽ തോമസ് ക്ലാസ് എടുക്കുകയും ചെയ്തു. വിദ്യാർഥികളെ ഒരു അപകടം ഉണ്ടാവുകയാണെങ്കിൽ എങ്ങനെ പ്രതിരോധിക്കാം എന്നും, തീ ഉണ്ടാവുമ്പോൾ എന്തൊക്കെ കാരണങ്ങളാൽ അല്ലെങ്കിൽ എന്തൊക്കെ ആവശ്യങ്ങൾ നമ്മൾ മുൻകൂർ കരുതണം എന്നും, എങ്ങനെയൊക്കെ ഒരു തീപ്പിടുത്തം ഉണ്ടാകുന്ന അപകടത്തെ തരണം ചെയ്യാമെന്നുള്ള പ്രവർത്തനങ്ങൾ അവർക്ക് ഡെമോൺസ്ട്രേഷൻ നൽകുകയും ചെയ്യ്തു .വിവിധ തരം ഫയർ എക്സ്റ്റിങ്യൂഷർ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും വിവിധതരം തീപിടുത്തങ്ങളെ കുറിച്ചും അവർക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു.ഒരു തീപിടുത്തം ഉണ്ടാവുകയാണെങ്കിൽ തീ ഉണ്ടാക്കുന്ന ഘടകങ്ങളെ ഓരോന്നോരോന്നായി ഉന്മൂലനം ചെയ്തുകൊണ്ട് കെടുത്തുന്ന രീതി എങ്ങനെയാണെന്ന് വിവരിച്ചു.കൂടാതെ ഫയർ എക്സ്റ്റിങ്യൂഷൻ,ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ച് തീപിടുത്തം എങ്ങനെ നിയന്ത്രിക്കാം വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഫയർ എക്സ്റ്റിംഗ്യൂഷനും ഫയർ ബ്ലാങ്കറ്റും ഉപയോഗിക്കുന്ന വിധം കുട്ടികൾ പരിശീലിച്ചു.
ജൂലൈ 5-ബഷീർ ദിനം
മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം ജൂലെെ 5 ശനിയാഴ്ച,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അസംബ്ലിയിൽ നാലാം ക്ലാസിലെ ദിയ കൃഷ്ണ ബഷീർ കവിതയും, ആറാം ക്ലാസിലെ ലെന പി.എസ്. പ്രസംഗവും അവതരിപ്പിച്ചു. ബഷീർ കൃതികളിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'ബാല്യകാലസഖി'യുടെ വായനാനുഭവം ഒൻപതാം ക്ലാസിലെ റോസ്ബെല്ല പങ്കുവെച്ചു. ബഷീർ കൃതികളിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ചിത്രരചന മത്സരത്തിൽ യു. പി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഏകദേശം 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഭൂരിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു. ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീർ എന്ന സാഹിത്യകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഈ ദിനം ഏറെ സഹായകമായി.
ലഹരിവിരുദ്ധദിനാചരണം
സമൂഹം ലഹരിയുടെ പിടിയിൽ അമർണ്ണുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ആബലവൃന്ദം ജനങ്ങളെയും ലഹരി വശീകരിക്കുകയാണ്.അത്ഭുതങ്ങൾ വിരിയിക്കാൻ ശക്തിയുള്ള ബുദ്ധിയെ നാം ലഹരിക്ക്അ ടിമയാക്കണോ? സമൂഹത്തെ വല്ലാതെ ഉലച്ചിരിക്കുന്ന ലഹരി എന്ന ക്യാൻസറിനെ പറ്റി വിദ്യാർത്ഥികളെ ബോധവൽകരിക്കുന്നതിനായി മണ്ണംപ്പേട്ട മാത ഹൈ സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. ഹെഡ്മാസ്റർ തോമസ് മാസ്റ്റർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധദിന സന്ദേശം നൽകി. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഗൈഡ് വിഭാഗത്തിൽ നിന്നു 8 ഡി ക്ലാസ്സിൽ പഠിക്കുന്ന കുമാരി എയ്ഞ്ചൽ മരിയ ഷാജു ലഹരി വിരുദ്ധദിന സന്ദേശം നൽകി. തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ദിന നൃത്താവിഷ്‌കരമായിരുന്നു. ഗൈഡ് അംഗങ്ങളുടെ സെമി ക്ലാസിക്കൽ നൃത്തവും സ്‌കിറ്റും മോട്ടിവേഷണൽ ഡാൻസും സ്കൗട്ട് അംഗങ്ങളുടെ പിരമിഡ് ഡാൻസും അടങ്ങുന്ന നൃത്താവിഷ്‌കരമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. കണ്ണിനു കുളിർമയും മനസ്സിൽ ലഹരിക്കെതിരെ പ്രചോദിപ്പിക്കുന്ന ആവിഷ്കാരമാണ് കുട്ടികൾ അവതരിപ്പിച്ചത്. തങ്ങളുടെ നിലപാടുകൾ ഉറപ്പിച്ചു പറഞ്ഞു ലഹരിക്കെതിരെയുള്ളപ്ലക്കാർഡും കൈകളിലേന്തി നിന്ന വിദ്യാർത്ഥികൾ തീർച്ചയായും ഒരു പ്രചോദനമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എല്ലാത്തിനും കൂടെയുണ്ടായിരുന്നു .തുടർ മാസങ്ങളിൽ വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ആദ്യത്തെ ഘട്ടമാണ് ലഹരിവിരുദ്ധ ദിനാചരണത്തിലൂടെ നടന്നത്. ലഹരി ഇല്ലാത്ത സമൂഹത്തിനായി നമുക്ക് കൈകോർക്കാം
വായനശാല സന്ദർശനം
വായന പക്ഷാചരണത്തിന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ നിന്നും നല്ല പാഠം പ്രവർത്തകർ തൃശ്ശൂർ സാഹിത്യ അക്കാദമി,തൃശ്ശൂർ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ ഒരു പഠനയാത്ര നടത്തുകയുണ്ടായി. സാഹിത്യ അക്കാദമിയിലെ ലൈബ്രറി സന്ദർശിച്ച് നിരവധിയായ പുസ്തകങ്ങൾ കാണുവാനും അടുത്ത് അറിയുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഭിന്നശേഷിക്കാരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുകയും ചെയ്തു. ഭിന്നശേഷിക്കാരെ കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ ഇതോടെ വിദ്യാർഥികൾക്ക് ഒരു അവസരം ലഭിച്ചു. അവരിലുള്ള കലാകാരന്മാരെ പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. നല്ല പാഠം പ്രവർത്തകർക്ക് സമൂഹത്തിൽ ചിലതെല്ലാം ചെയ്യാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി.തുടർന്ന് തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ പോയി. അവിടെയുള്ള കുട്ടികൾക്ക് മാത്രമായുള്ള പുസ്തകങ്ങളുടെ വിഭാഗം നമ്മുടെ കുട്ടികളെ ഏറെ ആകർഷിക്കുകയുണ്ടായി. അവിടെയുള്ള പുസ്തകങ്ങളുടെ കലവറ കുട്ടികളെ അമ്പരപ്പെടുത്തുക തന്നെ ചെയ്തു. ഈ വർഷത്തെ വായന പക്ഷാചരണം കാഴ്ചകൾ കൊണ്ടും വിജ്ഞാനം കൊണ്ടും ഏറെ ഉപയോഗപ്രദമായി എന്ന് പറയാതെ വയ്യ.
വായനദിനം
2025 അധ്യയന വർഷത്തിലെ വായന ദിന ആചരണം ജൂൺ 19 വ്യാഴാഴ്ച സ മുചിതമായി നടത്തുകയുണ്ടായി. സാഹിത്യകാരനും നാടക കർത്താവുമായ നിതിൻ കെ ( നന്തി പുലം )ആണ് ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പിടിഎ പ്രസിഡണ്ട് ജെൻസൺ പുത്തൂർ അധ്യക്ഷനായ ഈ ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ഷീജ ടീച്ചർ,നീന ടീച്ചർ സ്കൂൾ ലീഡർ ദേവനന്ദ എന്നിവർ പ്രസംഗിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് ലൈബ്രറിയിൽ പുസ്തക പ്രദർശനവും നടന്നു
മെറിറ്റ് ഡെ
മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ അഭിമാനതാരങ്ങൾ അണിനിരന്ന സുന്ദരദിനം. മാതാ ഹൈസ്ക്കൂളിൻ്റെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ട് 2025 ലെ എസ് എസ് എൽ സി , എൽ എസ് എസ്,യു എസ് എസ് , എൻ എം എം എസ് വിജയികൾ , കരാട്ടെ ഗിന്നസ് റെക്കോർഡ് ജേതാക്കൾ, അണിനിരന്നപ്പോൾ അധ്യാപകരുടേയും നാട്ടുകാരുടെയും മനം നിറഞ്ഞു. ആദരവ് ലഭിക്കുന്നത് ഒരു വ്യക്തിക്ക് ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണ്. അധ്യാപക പ്രതിനിധിയായ ഷെല്ലി ടീച്ചറുടെ പ്രാർത്ഥനാഗാനത്തോടെയാണ് കാര്യപരിപാടികൾ ആരംഭിച്ചത്. വളരെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി സുന്ദരീ സുന്ദരൻമാരായി വിജയികളെല്ലാവരും ഉച്ചയ്ക്ക് 1 .30 ന് തന്നെ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നിരുന്നു. മാതാ ഹൈസ്ക്കൂളിനെ യശസ്സിലെത്തിക്കാൻ അക്ഷീണം പ്രയ്തനിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.ജെ തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ച് കൊണ്ട് പ്രസംഗിച്ചു. സ്കൂളിൻ്റെ പുരോഗമനം ആഗ്രഹിക്കുന്ന നമ്മുടെ സ്വന്തം ബഹു. അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. സ്കൂൾ പ്രവർത്തനങ്ങൾ ആകാംക്ഷയോടെ നോക്കി ക്കാണുന്ന ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി. എസ് പ്രിൻസ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയും എസ് എസ് എൽ സി ഫുൾ എ+ നേടിയ കുട്ടികളെ മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. 9എ+ സമ്മാനങ്ങൾ നൽകിയത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ. രാജേശ്വരിയായിരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ വ്യതിരിക്ത വീക്ഷണത്തോടെ നോക്കി കാണുന്ന സ്കൂൾ മാനേജർ റവ. ഫാ. ജെയ്സൺ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിച്ചു. കരാട്ടെ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയവിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകനായ റെൻഷി അർഫൻ മാസ്റ്ററേയുംമെമെന്റോ നൽകി ആദരിച്ചത് സ്കൂൾ മാനേജർ ആയിരുന്നു.ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ എൽ എസ് എസ്,എൻ എം എം എസ് കുട്ടികളെ അഭിനന്ദിച്ച് സംസാരിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. യു എസ് എസ് കുട്ടികളെ ആദരിച്ചുകൊണ്ട് സംസാരിച്ചത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ അവർകളാണ്.പിടിഎ പ്രസിഡൻറ് ശ്രീ ജൻസൺ പുത്തൂർ,എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ഫീനാ ടിറ്റോ,സ്റ്റാഫ് പ്രതിനിധി ശ്രീമതി സൗമ്യ ജോസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.100% വിജയം കൈവരിച്ച മാതാ ഹൈസ്കൂൾ മണ്ണുപേട്ടയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മെമെന്റോ നൽകി ആദരിച്ചു. മെമെന്റോ നൽകുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് ശ്രീ. ജെൻസൺ പുത്തൂർ,എം പി ടി എ പ്രസിഡണ്ട് ശ്രീ ഫീന ടിറ്റോ ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഡിക്ലസ് ,ഷീജ ടീച്ചർ,വിജി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കുമാരി അനീറ്റ കെ എ മറുപടി പ്രസംഗം നടത്തിയതിനു ശേഷം ഫസ്റ്റ് അസിസ്റ്റൻ്റ് ശ്രീമതി ഷീജ വാറുണ്ണി നന്ദി പ്രകടനം നടത്തി. ശേഷം ദേശീയഗാനത്തോടുകൂടി സമംഗളം മെറിറ്റ് ഡെ അവസാനിച്ചു.
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക- ഗൈഡ്സ്
2025 പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതിനോട് ചേർന്ന് ഗൈഡ് പ്രസ്ഥാനത്തിലെ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം പുല്ല് പറിച്ച് മനോഹരമാക്കി .
ജൂൺ 5; പരിസ്ഥിതിക്കായി ഒരു ദിനം 2025-26
പുതിയ തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന്പ ഠിപ്പിക്കാൻ ഒരു ദിവസം മാറ്റിവെച്ചിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതാ വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. വളർന്നുവരുന്ന തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുംവിധമുള്ള മനോഹരമായ പരിപാടികളാണ് ഇപ്രാവശ്യം സ്കൂളിൽ സംഘടിപ്പിച്ചിരുന്നത്. ബന്ധപ്പെട്ട അധ്യാപകർ തലേദിവസം തന്നെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളും മുന്നൊരുക്കങ്ങളും ചെയ്തു. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വിധത്തിലുള്ള ഹരിതാഭമായ അലങ്കാരമാണ് പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ ചെയ്തിരുന്നത് .സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച പരിസ്ഥിതി ദിന പരിപാടികൾ വൈകുന്നേരം വരെ തുടർന്നുകൊണ്ടിരുന്നു. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ പരിസ്ഥിതി
സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനി ഹെവനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി . എൽ പി ,എച്ച് എസ് വിദ്യാർത്ഥിനികളായ പാർവതിയും അവന്തികയും പരിസ്ഥിതി ദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. കൃഷ്ണപ്രിയ "ഒരു തൈ നടാം "എന്ന സുഗതകുമാരിയുടെ പരിസ്ഥിതി സൗഹൃദ കവിത ചൊല്ലി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ പി വിദ്യാർത്ഥികൾക്കായി പ്ലക്കാർഡ് നിർമ്മാണ മത്സരവും യു പി,എച്ച് എസ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചിരുന്നു. കൂടാതെ പരിസ്ഥിതി ദിനത്തെ കുറിച്ച് കൂടുതൽ കുട്ടികളിലേക്ക്എ ത്തിക്കാൻ യു പി എച്ച് എസ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.വളരെ വാശിയോടെ തന്നെ വിദ്യാർത്ഥികൾ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനർഹരാവുകയും ചെയ്തു. 10: 30 ഓടുകൂടി ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്ലക്കാർഡുകളും പോസ്റ്ററുകളും കൈകളിലേന്തി പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച വിദ്യാർത്ഥികളും ജെ ആർ സി, സ്കൗട്ട്,ഗൈഡ് വിദ്യാർത്ഥികളും ചേർന്ന് പരിസ്ഥിതി ദിന റാലി നടത്തി. "പ്രകൃതി നമ്മുടെ മാതാവ് "എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ അലയടിച്ചു നിന്നു. തുടർന്ന് ഹെഡ്മാസ്റ്റർ വിദ്യാർത്ഥി പ്രതിനിധികളോട് ചേർന്ന് സ്കൂൾ അങ്കണത്തിൽ മരതൈ നട്ടു. സ്കൗട്ട്, ഗൈഡ്, ജെ ആർ സി അംഗങ്ങളും എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്നു. 2025 പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതിനോട് ചേർന്ന് യുപി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി. ഗൈഡ് പ്രസ്ഥാനത്തിലെ അംഗങ്ങളുംവിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം പുല്ല് പറിച്ച് മനോഹരമാക്കി. പുതിയൊരു തുടക്കമായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം എന്ന് ബോധ്യം വരുത്തുന്ന നോട്ടീസ് എല്ലാ ക്ലാസ്സുകളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പതിപ്പിച്ചു. ഓരോ വിദ്യാർത്ഥിക്കും സ്വന്തം ക്ലാസ്സിൽ ഉണ്ടാകുന്ന മാലിന്യം വൃത്തിയാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന് ബോധ്യം നൽകാനാണ് ഇതിലൂടെ ശ്രമിച്ചത്. എൽപി വിദ്യാർഥികൾക്കായി പരിസ്ഥിതിയെ സംബന്ധിക്കുന്ന ടെലിഫിലിമും പ്രദർശിപ്പിക്കുകയുണ്ടായി. പരിസ്ഥിതി ദിനം എന്നാൽ വെറും മരം നടൽ മാത്രമല്ല മറിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനമാണ്. പരിസ്ഥിതി ദിനത്തോടുകൂടി അവസാനിക്കേണ്ട ഒന്നല്ല പരിസ്ഥിതി സംരക്ഷണം നാം എപ്പോഴും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് നൽകാൻ ഈ പരിസ്ഥിതി ദിനത്തിൽ സാധിച്ചു.
പ്രവേശനോത്സവം 2025-26
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ഒരു അധ്യായന വർഷം ഇതാ വന്നെത്തി. ഒന്നാം ക്ലാസിലേക്ക് ചേർന്ന കുരുന്നുകളോടൊപ്പം മറ്റു ക്ലാസുകളിലേക്ക് ചേർന്ന പുതിയ കുട്ടികളും ഇന്നത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായിരുന്നു. യോഗം ആരംഭിക്കുന്നതിനു മുൻപ് പ്രവേശനോത്സവം എന്ന് എഴുതിയ ബലൂൺ പിടിച്ച് ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ കുഞ്ഞുങ്ങളുടെ ഒരു മാർച്ച് ഉണ്ടായിരുന്നു കൃത്യം 10.15 ന് തന്നെ യോഗം ആരംഭിച്ചു. നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ.തോമസ് കെ ജെ യോഗത്തിന് സ്വാഗതം ആശംസിച്ചു. യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയതും കുട്ടികളെ എഴുത്തിനിരുത്തിയതും നമ്മുടെ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവറന്റ് ഫാദർ ജയ്സൺ പുന്നശ്ശേരിയാണ്. ഈ യോഗം ഉദ്ഘാടനം ചെയ്തത് അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രനാണ്. യൂണിഫോം വിതരണ ഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡന്റ് ശ്രീ ജെൻസൺ പുത്തൂരും ടെക്സ്റ്റ് ബുക്ക് വിതരണ ഉദ്ഘാടനം നടത്തിയത് എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫീന ടിറ്റോയുമാണ്. ശ്രീമതി ബെസ്റ്റി സിപി കുട്ടികൾക്ക് അനുഗ്രഹ പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ജോസ് ആലുക്കാസ് ഗ്രൂപ്പ് അസിസ്റ്റന്റ് മാനേജർ ശ്രീ.ക്ലീറ്റസ് പി പി ബാഗ് വിതരണം ഉദ്ഘാടനവും നിർവഹിച്ചു. എല്ലാ കുട്ടികൾക്കും നിറപ്പകിട്ടുള്ള സമ്മാനങ്ങൾക്കു പുറമേ പേനയും മിഠായിയും എല്ലാ കുട്ടികൾക്കും നൽകി . സമ്മാനവിതരണത്തിനു ശേഷം സ്കൂൾ ലീഡർ കുമാരി ദേവനന്ദയുടെ ആശംസകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി.ബിന്ദു ഇയ്യപ്പൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.
ഗാലറി
-
ചന്ദ്രദിനം
-
പുതിയ പി ടി എ എക്സിക്യൂട്ടീവ്
-
ലഹരി വിരുദ്ധ ക്ളാസ്സ്
-
ഫയർ ആന്റ് സേഫ്റ്റി
-
തരുൺ മഹേഷ് ഐഎസ്ആർഒയിൽ
-
പ്രവേശനോത്സവം 2025-26
-
പ്രവേശനോത്സവം 2025-26
-
പരിസ്ഥിതി ദിനം
-
സ്കൗട്ട് ഗെെഡ് കുട്ടികൾ മരം നടുന്നു
-
മെറിറ്റ് ഡേ
-
പബ്ലിക് ലൈബ്രറി സന്ദർശനം
-
ലഹരി വിരുദ്ധ ദിനം
-
പയർ വിളവെടുപ്പ്