കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചരിത്രം
നാല് കെട്ടും, നടുത്തളവും, വിശാലമായ മുറ്റങ്ങളുമുള്ള തറവാട് വീടുകൾ. മക്കത്തായ സമ്പ്രദായം. കൂട്ടുകുടുംബജീവിതം. ഇത്തരമൊരു ജീവിതരീതി സ്വീകരിച്ച സമൂഹമായിരുന്നു കോഴിക്കോട്ടെ മുസ്‌ലിംകൾ.
അവർ വാണിജ്യ സമൂഹമായിരുന്നു. മതമൂല്യങ്ങളിൽ അടിയുറച്ച് ജീവിച്ചിരുന്നവർ. ആധുനിക വിദ്യാഭ്യാസം അവർക്കകലെയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ആധുനിക വിദ്യാഭ്യാസത്തോടവർ മുഖം തിരിച്ചുനിന്നു. സ്ത്രീകൾ അറബി മലയാളമെന്ന സങ്കരഭാഷയിൽ കൂടിയാണ് അൽപമെങ്കിലും അറിവ് നേടിയിരുന്നത്.
പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ അറബി മലയാളത്തിൽ രചിച്ച കൃതികൾ പലതും അപൂർവ്വങ്ങളും ആധികാരികതയുള്ളവയുമായിരുന്നു. അറബി മലയാളത്തിലും, അറബിയിലും രചിക്കപ്പെട്ട മാലപ്പാട്ടുകളും, സബീനകളും, ഉപദേശ കൃതികളും അക്കാലത്തെ മുസ്‌ലിം സ്ത്രീ സമൂഹത്തെ നല്ല പോലെ സ്വാധീനിച്ചിരുന്നു.
ഓത്തുപള്ളികളും, ഓത്തുപുരകളും ആ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. തുടർന്നു വന്ന മദ്രസകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രയോജനപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മദ്രസാ വിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകാനുള്ള ശ്രമങ്ങളുണ്ടായി.
1912-ൽ ഹിമായത്തുൽ ഇസ്‌ലാം സ്‌കൂളും 1918-ൽ മദ്രസ്സത്തുൽ മുഹമ്മദിയ്യാ സ്കൂളും സ്ഥാപിതമായി. മതവിദ്യാഭ്യാസത്തിലധിഷ്‌ഠിതമായ ആധുനിക വിദ്യാഭ്യാസമാണ് അവിടെ നൽകിയിരുന്നത്. ഈ വിദ്യാലയങ്ങൾ സ്ഥാപിച്ച സമുദായ പരി ഷ്കർത്താക്കളുടെ ലക്ഷ്യം ആൺകുട്ടികളുടെ ആധുനിക വിദ്യാഭ്യാസം മാത്രമായിരുന്നു. പെൺകുട്ടികൾ ഓത്തുപുരകൾക്കപ്പുറമുള്ള അറിവൊന്നും നേടാതെ തറവാടുകളിലെ അടുക്കളയിലും അറയിലുമായി ഒതുങ്ങി. പന്ത്രണ്ടോ, പതിമൂന്നോ വയസ്സിൽ ദാമ്പത്യത്തിലേക്കും തുടർന്നു മാതൃത്വത്തിലേക്കും അവർ കടന്നു. ചുറ്റും എന്ത് നടക്കുന്നുവെന്ന് അറിയാനുള്ള അവസരങ്ങൾ അവർക്കുണ്ടായിരുന്നില്ല. സമൂഹം, ഇതൊക്കെ മാറണമെന്ന് ആഗ്രഹിച്ചതുമില്ല. യാഥാസ്ഥിതികരുടെ കടുംപിടുത്തം തട്ടിമാറ്റാൻ സ്വാഭാവികമായും അവർ ധൈര്യപ്പെട്ടതുമില്ല.
ഈ ഘട്ടത്തിൽ മുസ്‌ലിം ഭൂരിപക്ഷ പിന്നോക്ക പ്രദേശത്തെ പെൺകുട്ടികളുടെ ദുരവസ്ഥക്ക് അറുതി വരുത്താനായി സ്വയം സമർപ്പിച്ച ഒരു വീരാംഗനയുടെ ചരിത്രം ഇവിടെ ഓർക്കേണ്ടതുണ്ട്. മുപ്പതുകളുടെ മധ്യത്തിൽ സ്ത്രീവിദ്യാഭ്യാസ പ്രചാരണത്തിനായി ജീവിത മർപ്പിച്ച മുത്തുബീബിയെന്ന ബീത്താത്തയുടെ ത്യാഗോജ്വലമായ സേവനം കോഴിക്കോട്ടെ മുസ്‌ലിം സ്ത്രീവി ദ്യാഭ്യാസ ചരിത്രത്തിൽ പ്രകാശമുള്ള ഒരേടാണ്.
കാലിക്കറ്റ് ഗേൾസ് സ്‌കൂളിൻ്റെ ചരിത്രത്തിലേക്ക് കടക്കുമ്പോൾ ഈ മഹിളാ മണിയെയും അവർ സ്ഥാപിച്ച 'ബീബിന്റെ സ്കൂളിനെയും ഓർമ്മിക്കാതെ വയ്യ.
1928-ൽ കുണ്ടോട്ടിക്കടുത്ത പുളിക്കൽ ഗ്രാമത്തിൽ നിന്നാണ് മുത്തുബീബി കോഴിക്കോട്ടെത്തി സ്ഥിരതാമസമാക്കിയത്. ഇന്ന് പരപ്പിൽ ജി.എൽ.പി. സ്‌കൂൾ എന്നറിയപ്പെടുന്ന വിദ്യാലയം സ്ഥാപിച്ചത് അവരാണ്. കോഴിക്കോട്ടെ ആദ്യത്തെ മാപ്പിള ഗേൾസ് സ്‌കൂൾ.
മുത്തുബീബിയുടെ ഈ സ്ഥാപനം പിൽക്കാലത്ത് ഹിമായത്തുൽ ഇസ്‌ലാം സ്കൂളിലും, മദ്രസത്തുൽ മുഹമ്മദിയ്യാ സ്‌കൂളിലും പ്രാഥമിക ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകാൻ പ്രേരകമായി. പ്രൈമറി വിദ്യാഭ്യാസത്തിനപ്പുറം പഠിക്കാൻ ഈ വിദ്യാലയങ്ങളിലും, കുറ്റിച്ചിറ സർക്കാർ സ്‌കൂളിലും പെൺകുട്ടികളെത്തിയിരുന്നില്ല.
അമ്പതുകളുടെ തുടക്കം വരെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പിന്നോക്ക പ്രദേശത്തെ മുസ്‌ലിം പെൺകുട്ടികളെ ആകർഷിച്ചിരുന്നില്ലെന്ന് പറയാം.
അമ്പതുകളുടെ മധ്യത്തോടെ ഉറങ്ങാത്തവരും ഉണരാത്തവരുമായി മുദ്രവെയ്ക്കപ്പെട്ടവർക്ക് ബോധം തെളിയാൻ തുടങ്ങി. നാടിൻ്റെ പല ഭാഗത്തും മുസ്‌ലിം പെൺകുട്ടികളുടെ ആധുനിക വിദ്യാഭ്യാസത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമായി.
1956-ൽ ഒരു സാംസ്‌കാരിക വേദിയിൽ പങ്കെടുത്ത കോഴിക്കോട്ടെ പൗരപ്രമുഖനും, വിദ്യാഭ്യാസ തൽപരനുമായ പി.പി. ഹസ്സൻകോയ പെൺകുട്ടികൾക്കായി ഒരു സ്‌കൂൾ സ്ഥാപിക്കാൻ ആരെങ്കിലും മുന്നോട്ട് വരികയാണെങ്കിൽ ആ സംരംഭ ത്തിന് തന്റെ വകയായി അയ്യായിരം രൂപ സംഭാവന നൽകാമെന്ന് പ്രഖ്യാപിച്ചു.
തെക്കെ പുറത്തെ സാമൂഹ്യപരിഷ്കർത്താവായ സി.പി. കുഞ്ഞഹമ്മദ് സാഹിബ് ആ വെല്ലുവിളി ഏറ്റെടുക്കാൻ മുന്നോട്ട് വന്നു. അദ്ദേഹം അത്തരം ഒരാശയവുമായി നടക്കുകയായിരുന്നു.
ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണതകളും, മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തുന്നത് മനസ്സിലാക്കി അതിനൊരു പരിഹാരം തേടിക്കൊണ്ടിരിക്കുകയായിരുന്നു സി.പി.യുടെ നേതൃത്വത്തിൽ വിദ്യാസമ്പന്നരായ ഏതാനും വ്യക്തികൾ.
മുസ്ലിം ഗേൾസ് സ്‌കൂൾ എന്ന ആശയത്തിന് പ്രായോഗിക നിർദ്ദേശം സി.പി. കുഞ്ഞഹമ്മദിന് നൽകിയതാവട്ടെ മറ്റൊരു പുരോഗമന ആശയക്കാരനും സാമൂഹ്യ പരിഷ്‌കർത്താവും, എഴുത്തുകാരനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായിരുന്ന വി. അബ്ദുള്ള സാഹിബായിരുന്നു.
1956-ൽ സോഷ്യൽ സർവ്വീസ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് സി.പി. കുഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ടിരുന്നു. സി.പി. പ്രസിഡണ്ടായിരുന്ന ആ സംഘടനയുടെ പ്രവർത്തകർ പി.എൻ.എം. ആലിക്കോയ, എം.പി. കുഞ്ഞദീൻകോയ മൂപ്പൻ, പി.വി. ആലി ബറാമി, സ്രാമ്പിക്കൽ കുഞ്ഞു എന്ന മുഹമ്മദ്, അഡ്വ. എൻ. അഹമ്മദ്കോയ ടി.പി. കുഞ്ഞഹമ്മദ് കോയ, എസ്.എം. ബഷീർ ഹാജി തുടങ്ങിയവരായിരുന്നു.
സ്ത്രീകൾക്ക് എന്തെങ്കിലും കൈതൊഴിൽ പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന തുന്നൽ ക്ലാസ്സ് ആരംഭിച്ചത്. തുന്നൽ ക്ലാസ്സിനോടൊപ്പം അധികം താമസിയാതെ സ്കൂൾ വിദ്യാഭ്യാസത്തിനും തുടക്കമിട്ടു. മുതിർന്നവർക്ക് കൈത്തൊഴിൽ പഠനവും, കുട്ടികൾക്ക് വിദ്യാഭ്യാസവും ഒപ്പം നൽകിപ്പോന്ന സംഘടന അറിവിൻ്റെയും തൊഴിലിന്റെയും വാതിൽ തുറന്നു. ബയറംവീട് പറമ്പിൽ കുരുത്തോല മുറ്റം വീടിൻ്റെ വരാന്തയിൽ ഒരു തുന്നൽ ക്ലാസ്സ് ആരംഭിച്ചത് അങ്ങനെയാണ്. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാനും കാര്യങ്ങൾ രൂപപ്പെടുത്താനുമായി സ്ത്രീകളുടേതായ ആലോചനാ കമ്മിറ്റിയും രൂപീകരിച്ചു.
കുമ്മട്ടി വീട്ടിൽ കച്ചീബി, ചക്കളത്തോപ്പിൽ ഫാത്തിമാബി, വലിയകത്ത് കുഞ്ഞീബി, മനന്തലയിൽ ഇമ്പിച്ചി പാത്തുമ്മബി, മാളിയേക്കൽ കൽമബി തുടങ്ങിയവരായിരുന്നു കമ്മറ്റിയംഗങ്ങൾ.
നാൽപത് രൂപ വാടകക്ക് വീട് വാങ്ങി മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷേ കുട്ടികളെ കിട്ടിയില്ല. അസോസിയേഷൻ്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച സ്ത്രീകളുടെ കൂട്ടായ്‌മയുടെ ഫലമായി ഇടത്തരം വീടുകളിൽനിന്ന് കുറച്ചുപേർ ക്ലാസ്സിൽ ചേർന്നു.
അന്നത്തെ ജില്ലാ ജഡ്‌ജിയായിരുന്ന ശ്രീമതി അന്നാചാണ്ടി, തുന്നൽ ക്ലാസ്സും, സ്‌കൂളും ഉദ്ഘാടനം ചെയ്തു. വ്യാപാരപ്രമുഖനായ എസ്.എ. ജിഫ്തി സാഹിബായിരുന്നു അധ്യക്ഷൻ. സദസ്സിൽ പറയത്തക്ക സ്ത്രീകളുടെ സാന്നിധ്യമൊന്നുമുണ്ടായിരു ന്നില്ല. അടുത്തുള്ള തറവാട് വീടുകളുടെ മാളികപ്പുറത്തെ ജനലഴികളിലൂടെ ചടങ്ങ് കൗതുകപൂർവ്വം നോക്കിക്കൊണ്ടിരുന്ന സ്ത്രീകളെ അന്നാചാണ്ടി സദസ്സിലേക്ക് വരാൻ ക്ഷണിക്കുകയുണ്ടായി. 'നിങ്ങൾ ഒളിച്ചിരിക്കേണ്ടവരല്ല. ഈ സംരംഭം നിങ്ങൾക്ക് വേണ്ടിയാണ്. ഇവിടെ ഈ സദസ്സിൽ ആണുങ്ങളല്ല നിങ്ങളാണ് വന്നിരിക്കേണ്ടത്. സംഘാടകരായ ഏതാനും സ്ത്രീകളേ ഇവിടെയുള്ളൂ'. അന്നാ ചാണ്ടി യുടെ പ്രസംഗം അവർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാറ്റ ങൾക്കുവേണ്ടിയുള്ള ആഹ്വാനം അവരുടെ മനസ്സിൽ തട്ടുന്നവയായിരുന്നു.
തുന്നൽ ക്ലാസ്സിലും, സ്‌കൂളിലും കുട്ടികൾ സാവധാനം വന്നുചേരാൻ തുടങ്ങി. സംഘാടകരിൽ നിന്ന് പ്രോത്സാഹനവും സഹായങ്ങളും നാട്ടുകാരിൽനിന്ന് പിൻതുണയും ലഭിച്ചു തുടങ്ങി.
തുന്നൽ ക്ലാസ്സും, സ്കൂളും നടത്തിക്കൊണ്ടുപോകവേയാണ് യു.പി.സ്‌കൂളിന് അംഗീകാരം വാങ്ങാനുള്ള ആലോചന വന്നത്. അതിനായി പൗരപ്രമുഖരും വിദ്യാഭ്യാസതൽപരരുമടങ്ങുന്നവരുടെ വിപുലമായ കമ്മറ്റിയുണ്ടാക്കി .ആ കമ്മറ്റിയുടെ കീഴിൽസ്‌കൂളിനായി ശ്രമങ്ങൾ നടത്താൻ തീരുമാനിച്ചു.
1956 സപ്തംബർ 15-ന് ഒരു ഗേൾസ് സ്‌കൂളിന് വേണ്ടി ആദ്യമായി ചുവടുവെച്ച പി.പി. ഹസ്സൻകോയയുടെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ സി.പി. കുഞ്ഞഹമ്മദ് സാഹിബ്, എസ്.ഇമ്പിച്ചിക്കോയ ഹാജി, കിൽസിങ്ങാൻ്റകത്ത് അസ്സൻകോയ തുടങ്ങിയവർ ആലോചനാ യോഗം ചേർന്നു.
കോഴിക്കോട് എഡ്യൂക്കേഷനൽ സൊസൈറ്റി എന്ന പേരിൽ കമ്മറ്റിയുണ്ടാക്കാനും, കമ്മറ്റിയുടെ കീഴിൽ യു.പി.സ്‌കൂളും തുടർന്ന് ഹൈസ്‌കൂളും മുസ്‌ലിം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിക്കാനും തീർച്ചപ്പെടുത്തി.
സ്കൂളിന് സ്ഥലം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മുസ്‌ലിം പ്രദേശത്ത് തന്നെയാവണമെന്ന നിബന്ധനയും ഉണ്ടായി. വലിയ വില വാഗ്ദാനം ചെയ്തിട്ടും പലരും സ്ഥലം വിട്ടുതരാൻ സന്മനസ്സ് കാണിച്ചില്ല. കല്ലായി പുഴയുടെ തീരത്തെ വിശാലമായ ഒന്നുരണ്ട് പറമ്പുകൾ കണ്ടെത്തിയെങ്കിലും അതൊന്നും സ്വീകാര്യമായില്ല.
വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്, കോഹി നൂർ സോമിൽസ് എന്നീ കമ്പനികളുടെ സ്ഥാപകനും മാനേജിങ്ങ് ഡയരക്ടറും, ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മിറ്റിയംഗവും, മലബാറിലെ വൻകിട ജന്മിയും, വിദ്യാഭ്യാസ തൽപരനുമായ കുഞ്ഞിമായിൻ ഹാജിക്ക് കോഴിക്കോട് കുണ്ടുങ്ങൽ വാടിയിൽപ്പാലം എന്ന സ്ഥലത്ത് റോഡിന് ഇരുവശവുമായി തൊണ്ണൂറ് സെന്റ്റ് സ്ഥലമുണ്ടായിരുന്നു. കോഴിക്കോട്ടെ അദ്ദേഹത്തിന്റെ ഒരു ഉറ്റ ബിസിനസ്സ് സുഹൃത്തായ ഇടിയാനം വീട്ടിൽ ഇമ്പിച്ചിക്കോയ ഹാജി (ഡോ. പി.കെ. അബൂബക്കറിന്റെ പിതാവ്) മുഖേനയാണ് ഇക്കാര്യം സി.പി. കുഞ്ഞഹമ്മദ് സാഹിബ് അറിയുന്നത്. സ്ഥലം ലഭിക്കാനായി കുഞ്ഞിമായിൻ ഹാജിയെ കാണാൻ തലശ്ശേരിക്ക് സമീപം പാലാപറമ്പിലെ അദ്ദേഹ ത്തിന്റെ ബംഗ്ലാവിലേക്ക് സി.പി കുഞ്ഞഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ ഒരു സംഘം പുറപ്പെട്ടു. എസ്. ഇമ്പിച്ചിക്കോയ ഹാജി, കുഞ്ഞി രീമ്പലത്ത് അബ്‌ദുറഹിമാൻ കോയ ഹാജി, കെ. ഹസ്സൻ കോയ, കെ.വി. കോയസ്സൻ കോയ ഹാജി എന്നിവരായിരുന്നു കൂടെയുണ്ടായിരുന്നത്.
ഈ സംഘത്തിലെ യുവാവായ കോയസ്സൻ കോയ ഹാജിയെ സി.എ കുഞ്ഞിമൂസ്സ കമ്പനിയിൽ ചെന്നുകണ്ട് കൂടെ കൂട്ടുകയായിരുന്നു. ഇങ്ങനെ പാണ്ടികശാലയും, കച്ചവടവും മാത്രം മതിയോ. കുറച്ച് സമുദായ സേവനവും വേണ്ടേ. നാളെ ഒരു സ്ഥലം വരെ പോവാനുണ്ട് കൂടെ വരണം. പിൽകാലത്ത് നല്ലൊരു സാമൂഹ്യപ്ര വർത്തകനായി അറിയപ്പെട്ട കോയസ്സൻ കോയ ഹാജിയുടെ സാമൂഹ്യരംഗത്തേക്കുള്ള ആദ്യ കാൽവെപ്പ് തന്നെ ഗേൾസ് സ്‌കൂളിന് സ്ഥലം തേടിയുള്ള സി.പി.യുടെ കൂടെയുള്ള യാത്ര യോടെയാണ്.
കാറിലായിരുന്നു യാത്ര. രാവിലെ പുറപ്പെട്ടെങ്കിലും വഴിയിലുണ്ടായ തടസ്സങ്ങളും, ഒന്നുരണ്ട് കൂടിക്കാഴ്ചക്കായി തലശ്ശേരിയിൽ തങ്ങിയതിനാലും പാലാപറമ്പിൽ എത്തിയപ്പോഴേക്കും രാത്രി വൈകിയിരുന്നു.
കോഴിക്കോട്ട് നിന്നെത്തിയ കച്ചവടക്കാരെ കുഞ്ഞിമായിൻ ഹാജി സ്വീകരിച്ചു. വിവരം മുൻകൂട്ടിയറിയിക്കാതെ വന്നതിൽ കുണ്ഠിതപ്പെട്ടു.
'നിങ്ങളുടെ കയ്യിൽ തോക്കുണ്ടായിരുന്നോ!'
ഹാജിയുടെ അന്വേഷണം വന്നവരെ തെല്ലൊന്നമ്പരപ്പിച്ചു.
'അതെന്താ'?
'കാട്ടുമൃഗങ്ങൾ വരുന്ന സ്ഥലമാണ്. പാലാപറമ്പിൽ തോക്കില്ലാതെ അസമയത്ത് വരാൻ പറ്റില്ല'.
അതിഥിതികൾക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കാര്യസ്ഥൻ പോക്കർ ഹാജിയെ ചട്ടംകെട്ടി, വന്ന കാര്യം തിരക്കാതെ രാവിലെ സംസാരിക്കാമെന്ന് പറഞ്ഞ് ഹാജി ഉറങ്ങാൻ പോയി. 'ഞങ്ങൾ വന്ന കാര്യമൊന്നും അന്വേഷിക്കാതെ മുതലാളി പോയതെന്താണ്?'
'മൂപ്പര് അങ്ങനെയാണ്. എട്ട് മണിക്ക് വാതിലടച്ച് കിടക്കും. പിന്നെ ആര് വന്നാലും ബംഗ്ലാവിന്റെ ഔട്ട് ഹൗസിൽ തങ്ങിക്കൊള്ളണം. രാവിലെ കാണൂ. അതാണ് ശീലം'.
രാവിലെ നേരത്തെ തന്നെ അദ്ദേഹം വരാന്തയിലെത്തി. സി.പി.യും കൂടെ വന്നവരും യാത്രയുടെ ഉദ്ദേശം മുന്നിൽ വെച്ചു. ഞങ്ങൾക്ക് ഒരു ഗേൾസ് സ്‌കൂൾ തുടങ്ങാൻ നിങ്ങളുടെ കോഴിക്കോട്ടുള്ള സ്ഥലം അന്വേഷിച്ചുവന്നതാണ്.
നിങ്ങൾ പറഞ്ഞ സ്ഥലം മറ്റൊരാവശ്യത്തിന് കൊടുത്തുപോയതാണ്. തെക്കുള്ള പറമ്പ് പറ്റുമെങ്കിൽ എടുത്തോളൂ.
ഹാജി തരാമെന്ന് ഏറ്റ സ്ഥലം മതിയാവില്ലെന്ന ശങ്കയിൽ ഉപേക്ഷിക്കണമോ, അതല്ല തന്നത് വാങ്ങണമോ എന്ന ആശയക്കുഴപ്പത്തിലായി സി.പി.യും കൂട്ടരും.
'സ്‌കൂളിനാണെങ്കിൽ വിലയൊന്നും വേണ്ട ഞാൻ ദാനമായി തരാം'
ആ ഔദാര്യം മറിച്ചൊന്നും ആലോചിക്കാതെ സ്വീകരിച്ചു. വടറക്ക മലബാറിലെ ജന്മി സൗജന്യമായി തന്ന മുപ്പത്തിയഞ്ച് സെൻ്റ് സ്ഥലം സ്വീകരിച്ച് പാലാപറമ്പിൽനിന്നും സംഘം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.
1956 ഡിസംബർ 19-ന് പി.പി. ഹസ്സൻകോയയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വച്ച് വിപുലമായ സ്‌കൂൾ കമ്മറ്റി നിലവിൽ വന്നു എസ്.എ. ജിഫ്തി സാഹിബ് പ്രസിഡണ്ടും, സി.പി. കുഞ്ഞഹമ്മദ് സെക്രട്ടറിയുമായി കോഴിക്കോട് എഡുക്കേഷണൽ സൊസൈറ്റി എന്ന കമ്മറ്റി കൂടുതൽ പ്രമുഖരെ ചേർത്ത് വിപുലീകരിച്ചു. ഈ യോഗത്തിൽ വെച്ച് കുഞ്ഞിമായൻ ഹാജി സൗജന്യമായി തന്ന സ്ഥലം എസ്. ഇമ്പിച്ചിക്കോയ ഹാജിയുടെ പേരിൽ കമ്മറ്റിക്ക് വേണ്ടി റജിസ്റ്റർ ചെയ്യാൻ അധികാരപ്പെടുത്തി.
കെട്ടിട നിർമ്മാണത്തിനായി എസ്.എ. ജിഫ്തി, പി.പി. ഹസ്സൻകോയ അയ്യായിരം രൂപയും, പി.ഐ. കുഞ്ഞമ്മദ് കുട്ടി ഹാജി ആയിരം രൂപയും, സി.പി.കുഞ്ഞഹമ്മദ്, എസ്. ഇമ്പിച്ചക്കോയ ഹാജി, കെ. ഹസ്സൻകോയ എന്നിവർ അഞ്ഞൂറു രൂപ വീതവും സംഭാവന നൽകി. നാൽപതിനായിരം രൂപ കൂടി നാട്ടുകാരിൽനിന്നും പിരിച്ചെടുത്താണ് കെട്ടിടം പൂർത്തിയാക്കിയത് .പ്രമുഖ കോൺട്രാക്ടർ പി.കെ. മമ്മത് ബറാമിയുടെ നേതൃത്വത്തിലാണ് നിർമ്മാണ ജോലികൾ നടന്നത്.
എലൈറ്റ് പ്രൊഡ്യൂസ് ഉടമ ഹക്കീം റാവുത്തർ, എ.കെ. കാദർകുട്ടി, ദാദാഹാജി ഇബ്രാഹിം തുടങ്ങിയ കോഴിക്കോട്ടുകാരല്ലാത്ത പ്രമുഖ കച്ചവടക്കാരും സംഭാവന നൽകി സഹകരിച്ചിരുന്നു.
1957-ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാറിൽനിന്ന് ഒരു മുസ്‌ലിം ഗേൾസ് സ്കൂളിന് അംഗീകാരം കിട്ടുമോയെന്ന സന്ദേഹം ഉണ്ടാവാതിരുന്നില്ല. ഈ ആശയം ശ്രദ്ധയിൽ കൊണ്ടു വന്ന കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന അബ്ദുള്ള സാഹിബിനെ തന്നെ ആവശ്യം നേടിയെടുക്കാൻ സി.പി. ഭരമേൽപിച്ചു.
കമ്യൂണിസ്റ്റ് ആചാര്യനും, അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ തന്റെ ആവശ്യം ബോധ്യപ്പെടുത്തി, വിദ്യാഭ്യാ സമന്ത്രി ജോസഫ് മുണ്ടശ്ശേരിയിൽ നിന്ന് ഒരു യു.പി. സ്‌കൂൾ അനുവദിച്ചുകിട്ടാൻ അബ്‌ദുള്ള സാഹിബ് അശ്രാന്തപരിശ്രമം ചെയ്‌തു. അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭമാണിത്.
1958-ൽ കെട്ടിടം പൂർത്തിയാക്കി അംഗീകാരത്തിനായി കാത്തിരുന്നു .1958 ആഗസ്റ്റ് 2-ന് ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ മുഖേന സംസ്ഥാന സർക്കാർ ആർ.സി. നമ്പർ 30/58-2-8-1958, ജി.ഒ. പ്രകാരം യു.പി സ്‌കൂളിനുള്ള അംഗീകാരം നൽകി.
ആഗസ്റ്റ് നാലിന് ഇരുപത്തിയാറ് കുട്ടികളുമായി സ്‌കൂൾ കുരുത്തോല മുറ്റത്ത് വീട്ടിൽനിന്നും കുണ്ടുങ്ങൽ വാടിയിൽപ്പാലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ടി.ടി.സി. പാസ്സായ ഉമ്മുകുൽസു വെന്ന അദ്ധ്യാപികയെ പതിനഞ്ച് രൂപ ശമ്പളത്തിൽ ഹെഡ്മിസ്ട്രസായി നിശ്ചയിച്ചു.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വർണ്ണശബളമായിരുന്നു. ചടങ്ങിൽ സംഘാടകരുടെ പ്രതീക്ഷയിലും കവിഞ്ഞ സ്ത്രീ സാന്നിദ്ധ്യമുണ്ടായി. എറണാകുളത്തെ വിദ്യാഭ്യാസ, സാമൂഹ്യപ്രവർത്തകയും ജില്ലാ ജഡ്‌ജിയുമായിരുന്ന ഫാത്തിമ റഹ്‌മാനായിരുന്നു ഉദ്ഘാടനം ചെയ്‌തത്. മാനേജ്‌മെന്റ് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിന് യാത്രാസൗകര്യങ്ങളും ഏർപ്പെടുത്തി. സി.സി. കമ്പനിയുടെ ഫോഡ്‌വാൻ വിലക്ക് വാങ്ങി ബസ്സ് രൂപത്തിലാക്കി രാവിലെയും, വൈകുന്നേരവും വീട്ടിൽനിന്നും തിരിച്ച് വീട്ടിലേക്കും എത്തിക്കാനായി സർവ്വീസ് നടത്തി.
മീഞ്ചന്ത മുതൽ വെള്ളയിൽ വരെയുള്ള പ്രദേശങ്ങളിലെ ധാരാളം കുട്ടികൾ സ്‌കൂളിലെത്താൻ ഈ ബസ്സ് സർവ്വീസ് ഉപയോഗപ്പെടുത്തി. പി.എൻ.എം. ഇമ്പിച്ചാമിനയിൽ നിന്നും പതിനഞ്ച് രൂപ വാടകക്ക് വാങ്ങിയ ഷെഡ്ഡിലാണ് ബസ്സ് നിർത്തിയിരുന്നത്. പരിസരപ്രദേശങ്ങളിലെ കുട്ടികൾ സിറ്റി ബസ്സിലും കുട ചൂടി കാൽനടയായും വന്നുതുടങ്ങിയതോടെ കുട്ടി കളുടെ എണ്ണം കൂടി. രക്ഷിതാക്കളും സ്വന്തം ചെലവിൽ കുട്ടികളെ എത്തിക്കാൻ തുടങ്ങിയത് എതിർപ്പുകൾക്ക് കാഠിന്യം കുറഞ്ഞതുമെല്ലാം ആശാവഹമായ സാഹചര്യം ഒരുക്കി.
1960-ഓടെ കേരളത്തിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നു. കോഴിക്കോട് കേരള രാഷ്ട്രീയത്തിന് സംഭാവന നൽകിയ പി.പി.ഉമ്മർകോയ സംസ്ഥാന വിദ്യാഭ്യാസമന്ത്രിയായി. കാലിക്കറ്റ് ഗേൾസ് സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്താൻ കാലിക്കറ്റ് എഡ്യൂക്കേഷണൽ സൊസൈറ്റി തീരുമാനിച്ചു. ഹൈസ്‌കൂൾ അനുവദിച്ചുകിട്ടാനുള്ള പ്രവർത്തനങ്ങൾക്ക് ഭരമേൽപ്പിച്ചത് പി.പി. ഹസ്സൻകോയയെയും സി.പി. കുഞ്ഞഹമ്മദ് സാഹിബിനെയുമാണ്. മന്ത്രിയായ ഉമ്മർകോയയുടെ എല്ലാ പിൻതുണയും ആ ശ്രമങ്ങൾക്കുണ്ടായിരുന്നു.
സ്വകാര്യ സ്‌കൂളുകളനുവദിക്കുന്നതിനുള്ള ലിസ്റ്റ് തയ്യാറാക്കുന്നതിൽ സാമുദായിക സംഘടനകളുടെ കടുംപിടുത്തം മന്ത്രിസഭയിലും, ഭരണതലത്തിലും ചലനമുണ്ടാക്കിക്കൊണ്ടിരുന്നു.
ഹൈസ്‌കൂളിനു വേണ്ടിയുള്ള പരിശ്രമങ്ങൾക്കിടയിൽ ഈ പ്രദേശത്തുകാരൻ കൂടിയായ വിദ്യാഭ്യാസമന്ത്രി ഉമ്മർകോയ ഒരു കടുത്ത രോഗത്തിൽപ്പെട്ട് ദീർഘകാല ചികിൽസയിലായി സുഖമായി തിരിച്ചെത്തിയപ്പോഴേക്കും വിദ്യാഭ്യാസ വകുപ്പ് അന്നത്തെ രാഷ്ട്രീയ കുതന്ത്രങ്ങളിൽ ഉമ്മർകോയയിൽനിന്നും മുഖ്യമന്ത്രി പട്ടം താണുപ്പിള്ള നേരിട്ട് ഏറ്റെടുത്തു. ഉമ്മർകോയയെ മറ്റൊരു വകുപ്പിൻ്റെ മന്ത്രിയാക്കി.
ഭരണതലത്തിലുണ്ടായ ഈ മാറ്റം ഹൈസ്‌കൂളിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന കാലിക്കറ്റ് ഗേൾസ് സ്‌കൂൾ ഭാരവാഹികളെ മനോവിഷമത്തിലാക്കി. അണിയറയിൽ സ്‌കൂൾ ലിസ്റ്റിന് അന്തിമരൂപമായെന്നും, അക്കൂട്ടത്തിൽ തങ്ങളുടെ അപേക്ഷക്ക് ഇടം കിട്ടിയില്ലെന്നും അറിയാനിടയായ മാനേജ്മെന്റ് പരിഹാരം തേടി. അവർ സ്‌പീക്കർ സീതിസാഹിബുമായിമായി ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിച്ചു. സ്‌പീക്കറുടെ ക്ഷണം സ്വീകരിച്ച് പി.പിയും സി പി യും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു .സ്പീക്കറെ കണ്ട് പരിഗണിക്കപ്പെടാതെ തള്ളിപ്പോയ തങ്ങളുടെ അപേക്ഷയുടെ കാര്യം ധരിപ്പിക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
മുസ്‌ലിം ലീഗ് നേതാവും, കേരള മുസ്ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നായകന്മാരിൽ ഒരാളുമായിരുന്ന സീതിസാഹിബ് വഴി കാര്യംനേടാൻ കഴിയുമെന്ന പ്രത്യാശയും അവർക്കുണ്ടായിരുന്നു
സീതിസാഹിബുമായി ഉറ്റബന്ധത്തിലായിരുന്നു പി.പി, സി.പി.യാകട്ടെ വളരെയടുത്ത സുഹൃത്തും. തിരുവനന്തപുരത്ത് എത്തിയ നിവേദകസംഘം സ്പീക്കറെ ഫോണിൽ ബന്ധപ്പെട്ടു കാണാനുള്ള സമയവും തിരക്കി
'ഞാൻ നല്ല തിരക്കിലാണ്' ഇന്ന് കാണാൻ സൗകര്യപ്പെടുമോയെന്നു പോലും സംശയിക്കുന്നു'. 'ഒഴിവായാൽ വിളിക്കും വൈകുന്നേരമെങ്കിലും കാണാൻ ശ്രമിക്കാം'.
'ഹോട്ടലിൽ വിശ്രമിക്കു'. സീതി സാഹിബിൻ്റെ മറുപടി ഹസ്സൻകോയയെ അമ്പരപ്പിച്ചു. ഇത്രയും അടുപ്പമുള്ള ഒരാളിൽ നിന്നും ഇങ്ങനെ ഒഴുക്കൻ മട്ടിലുള്ള പ്രതികരണമോ! സി.പി യും ഇതേ വികാരം പങ്കുവെച്ചു. തിരുവനന്തപുരത്തെ വ്യക്തിപരമായ ചില ജോലികൾ തീർത്ത് വൈകുന്നേരത്തോടെ താമസിച്ചിരുന്ന ഹോട്ടലിലെത്തിയപ്പോൾ സീതി സാഹിബിന്റെ ഫോൺ വിളി 'ഞാൻ വീട്ടിലെത്തിയിട്ടുണ്ട്.നിങ്ങൾ ഉടനെ വരണം'. വൈകീട്ടു സ്‌പീക്കറുടെ ബംഗ്ലാവായ സാനഡുവിലെത്തി. ക്ഷമാപണം കലർന്ന സ്വരത്തിൽ സീതി സാഹിബ് പറഞ്ഞു:
"നിങ്ങൾ വരുന്ന വിവരം അറിഞ്ഞ് താമസവും, ഭക്ഷണവു മെല്ലാം ഇവിടെ ഏർപ്പാട് ചെയ്തതാണ്. അപ്പോഴാണ് മുന്നറിയിപ്പ് ഇല്ലാതെ ബാഫക്കി തങ്ങൾ രാവിലെ ഇവിടെ എത്തിയത്.
ഭരണകാര്യങ്ങളും പാർട്ടി ചർച്ചകളുമായി തങ്ങളുടെ കൂടെ ഏറെനേരം ചെലവഴിക്കേണ്ടിവന്നു. അദ്ദേഹത്തെ യാത്രയാക്കിയ ഉടനെയാണ് നിങ്ങളെ വിളിച്ചത്. നിങ്ങളുടെ പ്രശ്നങ്ങളെല്ലാം എനിക്കറിയാം. ബാഫക്കി തങ്ങളുടെ സാന്നിദ്ധ്യത്തിൽ മുസ്‌ലിം പെൺകുട്ടികളുടെ ഹൈസ്‌കൂൾ പ്രശ്‌നം സംസാരിച്ചാൽ ശുദ്ധമനസ്കനായ തങ്ങൾ ഒരുപക്ഷെ എതിർക്കുമോ എന്ന ആശങ്കയിലാണ് നിങ്ങളെ കാണാൻ വൈകിയത് നിങ്ങൾ രണ്ടുപേരും തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരവും ബാഫക്കി തങ്ങളോട് പറഞ്ഞിട്ടില്ല. ഹസ്സൻ കോയയും സി.പി. കുഞ്ഞഹമ്മദും സീതിസാഹിബിന്റെ വിശാലമായ കാഴ്‌ചപ്പാടിൽ ആശ്ചര്യപ്പെട്ടു
അവർ സീതിസാഹിബിൻ്റെ കൂടെ മുഖ്യമന്ത്രിയെ കാണാൻ ചെന്നു. മുഖ്യമന്ത്രി സീതിസാഹിബിനോട് കൈമലർത്തി. സ്കൂൾ ലിസ്റ്റ് തർക്കങ്ങൾ തീർത്ത് പൂർത്തിയായ വിവരം അറിയിച്ചു. മുസ്ലിം ന്യൂനപക്ഷത്തിന് കോഴിക്കോട് ഒരു ഗേൾസ് ഹൈസ്‌കൂൾ അനുവദിക്കേണ്ട ആവശ്യം ശക്തമായ ഭാഷയിൽ സ്‌പീക്കർ മുഖ്യമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു.
സ്പീക്കറുടെ മുന്നിൽ മുഖ്യമന്ത്രി അസ്വസ്ഥനായി.ലിസ്റ്റിൽ ഭേദഗതി വരുത്തി സ്‌കൂൾ അനുവദിക്കാമെന്ന് പറഞ്ഞു. കാലിക്കറ്റ് ഗേൾസ് ഹൈസ്‌കൂൾ കൂടി ലിസ്റ്റിലുൾപ്പെടുത്തി സ്‌കൂൾ ലിസ്റ്റ് പുറത്തുവന്നു.
1962 മെയ് മാസം No. 6/124878/61 17-5-1962 DPE-TVM-GO പ്രകാരം കാലിക്കറ്റ് ഗേൾസ് ഹൈസ്‌കൂളിന് അംഗീകാരം ലഭിച്ചു. ജൂൺ ഒന്നാം തിയ്യതി സ്‌കൂൾ അങ്കണത്തിൽ സജ്ജീകരിച്ച വേദിയിൽ വെച്ച് കോഴിക്കോട്ടെ പൗരപ്രമുഖരും, സാധാ രണക്കാരും, സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തകരും സ്ത്രീകളും നിറഞ്ഞ സദസ്സിൽ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പി.പി ഉമ്മർകോയ കാലിക്കറ്റ് ഗേൾസ് ഹൈസ്‌കൂൾ ഉദ്ഘാടനം ചെയ്തു. ഒരു ദേശത്തിന്റെയും സമുദായത്തിന്റെയും ചിരകാലാഭിലാഷത്തിനുള്ള അംഗീകാരമായിരുന്നു അത്.
അജ്ഞതയിൽ നിന്ന് വിജ്ഞാനത്തിലേക്കും, ഇരുട്ടിൽനിന്ന് വെളിച്ചത്തി ലേക്കും ഒരു സമുദായത്തിലെ സ്ത്രീജനങ്ങളെ നയിച്ച വിദ്യാകേന്ദ്രമാണ്, കാലിക്കറ്റ് ഗേൾസ് ഹൈസ്‌കൂൾ. ഇവിടെ നിന്നും പടിയിറങ്ങി നാട്ടിലും, മറുനാട്ടിലും ഉന്നതങ്ങളിലെത്തിയവർ ധാരാളമുണ്ട്.
അവരിൽ സർക്കാർ ഉദ്യോഗസ്ഥകൾ, അദ്ധ്യാ പികമാർ, നിയമജ്ഞർ, എൻജിനീയർമാർ, ഡോക്ടർമാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരികൾ... അങ്ങനെ പോകുന്നു ആ നിര...