ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1799ൽ തിരുസഭാ പ്രേഷിത സമൂഹം രൂപം കൊണ്ടു. ഇതേ വർഷം പ്രസിദ്ധീകൃതമായ ഡോ.ക്ലോഡിയസ് ബുക്കാനൻറെ ഭാരതത്തേക്കുറിച്ചുള്ള പ്രാമാണിക ഗ്രന്ഥം ഇംഗ്ലണ്ടിൽ എങ്ങും ചർച്ചാവിഷയമായി. പ്രാർത്ഥനാക്കൂട്ടങ്ങളിലും യുവസംഗമങ്ങളിലും അവികസിതമായ വലിയ ഒരു ഭൂവിഭാഗത്തെപ്പറ്റിയുള്ള കേട്ടറിവുകൾ ആത്മീയമായ ജിജ്ഞാസയുണർത്തി. 1801 ൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി നടത്തിയ അഖിലലോക സമ്മേളനം വിദ്യാഭ്യാസത്തിലൂടെ വികസനംനേടുവാൻ ചില പദ്ധതികൾ മുന്നോട്ടുവച്ചു. ആംഗ്ലിക്കൻ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നവരും അന്നത്തെ പ്രഗത്ഭരുമായ യൂണിവേഴ്സിറ്റികളിൽ അധ്യാപനം നടത്തിയിരുന്നവരുമായ സാമൂഹിക പരിഷ്ക്കർത്താക്കളായ ചിലർ ഭാരതത്തിലേക്ക് പോകുവാൻ തീരുമാനിച്ചു. 1806 ൽ ഈ നിയോഗവുമായി റവ. തോമസ് നോർട്ടൻ ആലപ്പുഴയിൽ എത്തി. കേരളത്തിൻറെ സർവ്വോന്മുഖമായ വളർച്ചയ്ക്കും വികസനത്തിനും ബീജാവാപം ചെയ്ത സംഭവമായിരുന്നു ഇത്.

കേരളത്തിലെത്തിയ മിഷനറിമാർ അന്നിവിടെ നിലനിന്നിരുന്ന ഭരണസംവിധാനത്തിൽ നിന്നും അകലം പാലിക്കുവാൻ ശ്രദ്ധിച്ചിരുന്നു. ഭരണക്രമത്തിലെ അനീതിക്കെതിരെ ജനങ്ങളെ സജ്ജമാക്കുവാനും അടിമവ്യവസ്ഥ അവസാനിപ്പിക്കുന്നതിനും അധഃസ്ഥിതർക്ക് എഴുത്തും വായനയും പരിചയപ്പെടുത്തുന്നതിനും തദ്ദേശീയമായ അറിവിനെ പരിപോഷിപ്പിക്കുന്നതിനും വൈജ്ഞാനികമായ ഒരു മാർഗ്ഗരേഖ രൂപപ്പെടുത്തുവാൻ മിഷനറിമാർക്ക് കഴിഞ്ഞു.

ചരിത്രാന്വേഷണങ്ങളുടെ രാജരഥ്യയിൽ അറിവിൻറെ തീർത്ഥാടനം നമ്മെക്കൊണ്ടെത്തിക്കുന്നത് മാവേലിക്കരയിലാണ്. റവ. ജോസഫ് പീറ്റ് എന്ന യുഗപ്രഭാവൻറെ പാദസ്പർശമേറ്റ് പവിത്രമാക്കപ്പെട്ട മാവേലിക്കരയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ ധൈഷണിക ദാഹം തീർക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്ഥാപിതമായ പള്ളിക്കൂടമാണ് ബിഷപ്പ് ഹോഡ്ജസ് സ്കൂൾ. റവ. ആൽഫ്രഡ് നോയൽ ഹോഡ്ജസ്സ് - വിദ്യാഭ്യാസത്തിൻറെ സർവ്വജ്ഞപീഠങ്ങൾ കരസ്ഥമാക്കിയ ധീഷണാശാലി, ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്ന സമൂഹത്തിൻറെ അമിക്കയറുകളെ ആത്മാവിൻറെ വിശുദ്ധിയിൽ പൊട്ടിച്ചെറിഞ്ഞ പ്രാർത്ഥനാവീരൻ - സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻറെ നന്മകൾ ഉപേക്ഷിച്ച് ഭാരതത്തിലേക്ക് ചുവടുകൾ വച്ചു.

ഉത്തരേന്ത്യൻ മിഷണറിയായി സേവനം അനുഷ്ഠിച്ചശേഷം തിരുവിതാംകൂർ-കൊച്ചി മഹായിടവകയിൽ പട്ടക്കാരനായി നിയോഗിക്കപ്പെട്ടു. 1890 ൽ മഹായിടവക അദ്ധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടപ്പോൾ യുക്തിഭദ്രവും ദർശനയുക്തവുമായ ഒരു വിദ്യാഭ്യാസ സമീകരണത്തിന് നാന്ദി കുറിക്കുകയായിരുന്നു. പിൽക്കാലത്ത് മഹാത്മാഗാന്ധിയുടെ പ്രകീർത്തനങ്ങൾക്ക് വിഷയീഭവിച്ച തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം കേരള സമൂഹത്തിന് പരിചയപ്പെടുത്തുന്നത് തിരുമേനിയാണ്. പെൺകുട്ടികൾക്ക് അക്ഷരജ്ഞാനവും പ്രായോഗിക ജീവിതത്തിനുള്ള പരിശീലനവും തൊഴിൽ പരിചയവും നൽകുവാനായി നാടെങ്ങും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിതുയർത്തി. മാവേലിക്കരയിലും അത്തരത്തിലുള്ള പാഠശാലകൾ പ്രവർത്തിച്ചിരുന്നു. 1905 ൽ സമാദരണീയനായ റൈറ്റ് റവ. ചാൾസ് ഹോപ്പ് ഗിൽ തിരുമേനി തൻറെ മുൻഗാമികളുടെ കാൽനഖേന്ദു മരീചികകളെ പിന്തുടർന്ന് ഇവിടെ എത്തുകയും ഹോഡ്ജസ്സ് തിരുമേനിയുടെ പ്രവർത്തന മികവിനും ആത്മീയ തീഷ്ണതക്കും അംഗീകാരം നൽകിക്കൊണ്ട് മാവേലിക്കരിയലെ പ്രസിദ്ധമായ പള്ളിക്കൂടത്തിന് ബിഷപ്പ് ഹോഡ്ജസ്സ് സ്ക്കൂൾ എന്ന് നാമകരണം ചെയ്തു.

ആംഗലേയ വിദ്യാഭ്യാസത്തിൻറേയും ആധുനിക ശാസ്ത്ര സമീപനങ്ങളുടേയും അടിസ്ഥാനശിലകൾ പാകുവാൻ ഈ ബിഷപ്പ് ഹോഡ്ജസ്സ് സ്ക്കൂളിന് കഴിഞ്ഞു. മദ്ധ്യതിരുവതാംകൂറിൻറെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന വിജ്ഞാനകുതുകികളുടേയും ഓണാട്ടുകരയുടെ കർഷക സന്തതികളുടേയും ബൗദ്ധികഭൗതിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് ഈസ്ഥാപനം പര്യാപ്തമായി. സുസജ്ജമായ ലൈബ്രറിയും ലാബോറട്ടറിയും സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നത് വിദ്യാർത്ഥികൾക്ക് എന്നപോലെ സമീപവാസികളായ മുതിർന്ന തലമുറയ്ക്കും വായനയുടേയും നിരീക്ഷണങ്ങളുടേയും വാതായനങ്ങൾ തുറന്നു. കായികരംഗത്തും അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിക്കുവാൻ നമുക്ക് സാധിച്ചു. 1940-ൽ സ്ക്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുടെ സ്മരണാർത്ഥം പണിത സെൻറിനറി ഹാൾ വിദ്യാഭ്യാസത്തിനായി സമർപ്പിക്കപ്പെട്ടു. ഭാരതത്തിൻറെ സ്വാതന്ത്ര്യ സമ്പാദനത്തിന് പ്രചോദനമായ ആശയങ്ങൾക്ക് ജീവൻ വെക്കുവാൻ ഈ സ്ക്കൂൾ മുഖാന്തിരമായി എന്നതും എടുത്തുപറയേണ്ട സംഗതിയാണ്. ഭാരതത്തിലെ ആദ്യകാല സ്കൗട്ട് യൂണിറ്റുകളിൽ ഒന്ന് നമ്മുടെ സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നു.

തിരുവിതാംകൂർ മഹാരാജാവിൻറെ കിരീടധാരണച്ചടങ്ങിലും പിറന്നാൾ പരിപാടി യോടനുബന്ധിച്ചും ബിഷപ്പ് ഹോഡ്ജസ്സ് സ്ക്കൂൾ പതാകയുടെ കീഴിൽ ഈ യൂണിറ്റ് അംഗങ്ങൾ അണിനിരക്കുന്നതിൻറെ ദൃശ്യങ്ങൾ ബാലൻ എന്ന സിനിമയുടെ ന്യൂസ് റീലിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ഉത്തരവാദിത്വ ഭരണത്തിനുവേണ്ടി മഹാത്മാഗാന്ധിയുടെ ആഹ്വാനമനുസരിച്ച് വിദ്യാർത്ഥികൾ സമരം നടത്തിയ ഒരു സന്ദർഭവും ഉണ്ടായിട്ടുണ്ട്. 1960ൽ പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് സ്ഥാപിതമായപ്പോൾ അധ്യാപന പരിശീലന രംഗത്തെ ഫീഡർ സ്ക്കൂളായി ഇത് ഉയർത്തപ്പെട്ടു. 1964 ൽ ബിഷപ്പ് മൂർ കോളേജ് സ്ഥാപിതമായതോടെ ഉന്നതവിദ്യാഭ്യാസ രംഗത്തെയും അധ്യാപന പരിശീലന രംഗത്തേയും പല ഗവേഷണങ്ങൾക്കും വേദിയാകുവാൻ സ്ക്കൂളിന് കഴിയുന്നു. അക്കാലത്തെ നൂതന സംരംഭമായ പെഡഗോഗിക്ക് അസിസ്റ്റൻസ് സെൻറർ സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നു. കേരള സർക്കാർ 1998-ൽ കോളേജിൽ നിന്നും പ്രീ-ഡിഗ്രി വേർപെടുത്തുന്നതിൻറെ ഭാഗമായി സ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ സയൻസ് ബയോളജി, ഹ്യുമാനിറ്റിസ് വിഭാഗങ്ങളും, 2000-ൽ കൊമേഴ്സും കമ്പ്യൂട്ടർ സയൻസും, 2011-ൽ സയൻസ് ഇലക്ട്രോണിക്സ് വിഭാഗവും ആരംഭിച്ചു. ഇന്ന് ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

ഗുരുശിഷ്യബന്ധത്തിൻറെ മഹനീയ മാതൃകയും പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവും, സാമൂഹിക സേവന തൽപ്പരതയും, മാതൃകാ ജീവിതവും വിദ്യാർത്ഥികളിൽ നിരന്തരം പ്രദാനം ചെയ്യുവാൻ ഇന്നും കഴിയുന്നു എന്നുള്ളത് സ്ഥാപക നേതാക്കളുടെ ദർശനത്തികവിൻറെ പര്യായമായി പരിലസിക്കുന്നു.