എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഈ വിദ്യാലയ മുറ്റത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എ എം യു പി എസ് മാക്കൂട്ടം/തിരുമുറ്റത്തെത്തുവാൻ മോഹം/ഈ വിദ്യാലയ മുറ്റത്ത് എന്ന താൾ എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഈ വിദ്യാലയ മുറ്റത്ത് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഈ വിദ്യാലയ മുറ്റത്ത് / തച്ചറക്കൽ റസാഖ് ആരാമ്പ്രം

യുപി.യായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട മാക്കൂട്ടം എ.എം.യുപി സ്‌കൂളിൽ അഞ്ചാം ക്ലാസിൽ അഡ്മിഷൻ ലഭിച്ച് പഠനം തുടങ്ങുന്ന ആദ്യ ദിവസം. അറബി അധ്യാപകനായ കെ പി മുഹമ്മദ് മാസ്റ്ററാണ് ആദ്യം ക്ലാസിൽ വന്നത്. ഏതു തരം സീറ്റാണെങ്കിലും നട്ടെല്ല് നേരെ വെച്ച് ഒട്ടും വളയാതെ ഇരിക്കുന്ന, കുട്ടികളെ പിതൃ തുല്യം സ്‌നേഹിക്കുന്ന ആ അധ്യാപകൻ പുതിയ കുട്ടികളെയെല്ലാം പരിചയപ്പെട്ടതിനുശേഷം ക്ലാസ് തുടങ്ങുന്നു. കുപ്പായത്തിന് അറബിയിൽ എന്താ പറയുക? അദ്ദേഹത്തിന്റെ ചോദ്യം. ആരും മിണ്ടുന്നില്ല. ഞാൻ മെല്ലെ പറഞ്ഞു. ഖമ്മീസുൻ... അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി മെല്ലെ ചിരിച്ചു. ഇവൻ മിടുക്കനാണ്. അങ്ങനെ ആദ്യ ദിവസം തന്നെ എനിക്കു കിട്ടി, അഭിനന്ദനത്തിന്റെ പൂച്ചെണ്ട്. ആ മാസ്റ്റർ ഇന്ന് നമ്മോടൊപ്പമില്ല.

ഇന്ന് ഞാൻ അധ്യാപകനാണ്. ഈ വിദ്യാലയം അപ്ഗ്രേഡ് ആയതിനുശേഷം പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ കുട്ടി. ആ ബാച്ചിൽ നിന്നുള്ള ആദ്യത്തെ അധ്യാപകൻ. അതേ വിദ്യാലയത്തിൽ തന്നെ അധ്യാപകനായി ആദ്യ പോസ്റ്റിംഗും. ഏതൊരു വ്യക്തിയുടെയും വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ആ വ്യക്തിയുടെ പൂർവ്വകാല അനുഭവങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. എന്നെ ഞാനാക്കിയതിൽ ഈ സരസ്വതീ മന്ദിരത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസം രണ്ടുതവണ ഞാനീ മന്ദിരത്തിനു മുന്നിലൂടെ ബസ്സിൽ കടന്നുപോകാറുണ്ട്. ബസ്സ് പതിനൊന്നിൽ നിന്നും മുറിയനാലിൽ നിന്നും ചൂലാംവയലിലേക്ക് ഇറക്കം ഇറങ്ങുമ്പോൾ ഞാനീ വിദ്യാലയത്തിലേക്ക് നോക്കും. ഒരുപാട് അനുഭവങ്ങൾ എന്നെ രൂപപ്പെടുത്തിയതിൽ പങ്കുവഹിച്ച എന്നെ തേടിയെത്താറുണ്ട്.

എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഫിറ്റു ചെയ്തു നടക്കുന്ന ഹെഡ്മാസ്റ്റർ അഹമ്മദ്കുട്ടി മാസ്റ്റർ ഓഫീസിൽ കസേരയിൽ ഇരിക്കുന്നു.ഞാനും എ.പി മുഹമ്മദ് (അമർ), സി.വി റഷീദ്, കെ.ടി ഖാദർ എന്നീ നാലു പേർ ഹെഡ്മാസ്റ്ററുടെ ഓഫീസിന് മുന്നിൽ നിൽക്കുന്നു. ഞങ്ങൾക്ക് കളിക്കാൻ പന്തും നെറ്റും വേണം. ആവശ്യങ്ങൾ നേടിയെടുക്കാൻ വന്നതാണ്. ഞങ്ങൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സ്‌കൂളിലെ സീനിയറായ അഞ്ചുപേരാണ്. എന്താ നിങ്ങൾ ഇവിടെ നിൽക്കുന്നത്? കാലിന്റെ പെരുവിരലുകളിൽ നിന്നും ഒരു വിറയൽ മുകളിലേക്ക് കയറുന്നു. എന്താ കുട്ടികളെ നിങ്ങൾ ഇവിടെ ക്ലാസിലേക്ക് പോകൂ. എവിടെ നിന്നോ അഹമ്മദ് മാസ്റ്റർ പ്രത്യക്ഷപ്പെടുന്നു. അവർക്ക് പന്തും നെറ്റും വേണമെന്ന് പറയാൻ വന്നതാ. അതൊക്കെ വാങ്ങും. പോയ്‌ക്കോളൂ...ഞങ്ങൾ മിണ്ടാതെ ക്ലാസിലേക്ക്. ഇതേ അഹമ്മദ് മാസ്റ്റർ തന്നെയാ ഞങ്ങളെ പിരികയറ്റി ഹെഡ്മാസ്റ്ററുടെ മുന്നിലേക്ക് വിട്ടത്.

സ്‌കൂൾ ലീഡറെ തിരഞ്ഞെടുക്കുകയാണ്. ഞാനാണ് ആദ്യ സ്‌കൂൾ ലീഡർ സ്ഥാനാർത്ഥി. മറുപക്ഷത്ത് എ.പി അബ്ദുൾ റഹ്മാൻ. ഞാൻ വളരെ പാവം, മെലിഞ്ഞവൻ. വളരെ ചെറുത്. അബ്ദുൾ റഹിമാൻ സ്‌കൂളിലെ മികച്ച ഓട്ടക്കാരൻ, അടിവീരൻ, പയ്യൻമാരുടെ ഹീറോ. വാശിയേറിയ തിരഞ്ഞെടുപ്പ്. അബ്ദുറഹ്മാൻ സഹപാഠികളുടെ അകമ്പടിയോടെ എഴുന്നള്ളി വോട്ട് ചോദിക്കുന്നു. ഞാൻ പേടിച്ച് എവിടെയും പോയില്ല. തിരഞ്ഞെടുപ്പ് വന്ന ദിവസം. എന്റെയും വോട്ട് അബ്ദുറഹ്മാന്. അബ്ദുൽ റഹ്മാൻ എന്റെയും ഹീറോ ആയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണി. ഞാൻ വിജയിച്ചിരിക്കുന്നു!. ശാന്തകുമാരി ടീച്ചർ മൊയ്തീൻ മാസ്റ്ററോട് പറയുന്നത് കേട്ടു, പാവം റസാഖിന് സിംപതി കിട്ടി.

തിരഞ്ഞെടുപ്പു കഴിഞ്ഞു. കൂട്ടുകാർ എന്നെ മുന്നിൽ നടത്തി ആർത്തു വിളിക്കുന്നു. ഞാനിപ്പോൾ ഹീറോ. ക്ലാസിലെ സീനത്ത് എന്റെ നേരെ ഒരു പൊതി നീട്ടി. ജയിച്ചതിൽ സമ്മാനം. പളുങ്കു കൊണ്ടുണ്ടാക്കിയ ഒരു പേപ്പർ വെയിറ്റ്. ഞാൻ ഒരമൂല്യനിധി പോലെ അത് വീട്ടിൽ കൊണ്ടുവെച്ചു. രണ്ട് ദിവസം കഴിഞ്ഞ് സീനത്ത് കരഞ്ഞുകൊണ്ട് എന്റടുത്ത് വന്നു. അവൾക്കാ പേപ്പർവെയിറ്റ് തിരിച്ചുവേണം. അവൾ അത് വീട്ടിൽ നിന്നും മോഷ്ടിച്ചുകൊണ്ടു വന്നതായിരുന്നു.

എ.പി മുഹമ്മദ് സ്‌കൂളിലെ സമ്പന്നൻ. ഐസ് കച്ചവടക്കാരന് മുൻകൂട്ടി പണം കൊടുത്ത് ദിവസവും ഐസ് തിന്നുന്നവൻ. മനസ്സിൽ കൊതിയും ആർത്തിയും. മുഹമ്മദിന് 'കോട്ടി' കൊടുത്താൽ ചിലപ്പോൾ ഒരു കഷണം ഐസ് കിട്ടും. എങ്ങനെയെങ്കിലും ഒരു മുഴുവൻ ഐസ് തിന്നണം. വീട്ടിൽ നിന്ന് ഉമ്മയുടെ കോഴിമുട്ട പൊക്കുക തന്നെ. അങ്ങനെ ഒരെണ്ണം പൊക്കി. തുണിയും ഷർട്ടുമാണ് വേഷം. മുട്ട അരയിൽ ഒളിപ്പിച്ചു. പൂനൂർ പുഴ നിറഞ്ഞൊഴുകുന്ന കാലം. പടനിലം വഴി നടന്നാണ് സ്‌കൂളിലേക്ക് പോകാറ്. താഴെ പടനിലത്ത് ആൽമരത്തിനടുത്തെത്തി. അരയിൽ നിന്നും എന്തോ ദുർഗന്ധം. നോക്കിയപ്പോൾ മുട്ട പൊട്ടിയിരിക്കുന്നു. പുഴയിൽ ഇറങ്ങി ഒരു വിധത്തിൽ കഴുകി നനഞ്ഞ തുണിയും ഉടുത്ത് സ്‌കൂളിലേക്ക്. കൂട്ടുകാർക്കൊക്കെ ദുർഗന്ധമടിക്കുന്നു എന്ന് അവരുടെ മുഖത്ത് നോക്കിയാൽ മനസിലാക്കാം. വൈകുന്നേരം വീട്ടിലെത്തി. ഉമ്മ ഇത്താത്തയോട് പറയുന്നതു കേട്ടു. പൊരുത്തിൽ വെച്ചിരുന്ന വിരിയാത്ത നാല് മുട്ട കലത്തിൽ വെച്ചിരുന്നു. ഒരെണ്ണം കാണുന്നില്ല!

ആറാം ക്ലാസിലെ ഇംഗ്ലീഷ് പിരീയഡ്. ജേഷ്ഠൻ കാദർ മാസ്റ്റർ ക്ലാസെടുക്കുന്നു. തീവണ്ടി കാണാത്തവർ ആരെങ്കിലുമുണ്ടോ? ഞാൻ മാത്രം ഇരിക്കുന്നു. കാദർ മാസ്റ്റർ ഒന്നു ചമ്മിയോ? അടുത്ത ഞായറാഴ്ച കാദർക്കായി എന്നെ വിളിച്ചുണർത്തുന്നു. വേഗം എഴുന്നേറ്റ് കുളിച്ച് ഡ്രസിടൂ. നമുക്കിന്ന് കോഴിക്കോട് പോകണം. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്റ്, പാളയം സ്റ്റാന്റ്, റയിൽവേ സ്റ്റേഷൻ, കടപ്പുറം, റേഡിയോ സ്റ്റേഷൻ, മാനാഞ്ചിറ മൈതാനം ... ഓരോ കാഴ്ചകളും പുതുമകളായി. അങ്ങനെ ആദ്യമായി കോഴിക്കോട് കണ്ടു.

സബ്ജില്ലാ കലോൽസവത്തിനു വേണ്ടി കുട്ടികളെ ഒരുക്കുന്ന ദിനങ്ങൾ. സമയം 11 മണി. കുട്ടികളും അധ്യാപകരും റോഡിലേക്കോടുന്നു. ഞാനും ഓടി. ഹൃദയഭേദകമായിരുന്നു രംഗം. ഒത്ത നടുക്ക് വണ്ടികയറി, തല നെടുകെ പിളർന്ന് തലച്ചോർ ചിതറി എന്നോടൊപ്പം പഠിക്കുന്ന ഒരു കുട്ടി. നടുക്കുന്ന ആ ഓർമ്മ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

സ്‌കൂളിന്റെ 50-ാം വാർഷികം ആഘോഷിക്കുമ്പോൾ ഞാനീ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു. കേരളത്തിന്റെ ധനകാര്യമന്ത്രി വരദരാജൻ നായർ 50-ാം വാർഷികത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത ഒരു വളണ്ടിയർ ആയി ഞാൻ സ്‌കൂളിന്റെ കവാടത്തിൽ ഉണ്ടായിരുന്നു.

ഇന്നീ വിദ്യാലയം 75-ാം വാർഷികം ആഘോഷിക്കുന്നു. ഇവിടെ നിന്നും പഠിച്ച് പുറത്തിറങ്ങി വിജയത്തിന്റെ ഗോപുരങ്ങൾ കീഴടക്കിയവരിൽ ഈ ഞാനും പെടുന്നു. അധ്യാപക പരിശീലനകാലത്ത് ക്ലാസെടുക്കുമ്പോൾ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു എന്റെ മാതൃക. ഇന്നും ക്ലാസെടുക്കുമ്പോൾ ഇവിടുത്തെ അധ്യാപകർ എന്റെ മുന്നിൽ തെളിഞ്ഞു വരാറുണ്ട്. വിജ്ഞാനത്തിന്റെ പൊൻ ദീപങ്ങൾ തലമുറകളിലേക്ക് കൈമാറുന്ന നല്ല അധ്യാപകർ.