ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
44055-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44055
യൂണിറ്റ് നമ്പർLK/2018/44055
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർരഞ്ചു എൽ
ഡെപ്യൂട്ടി ലീഡർകീർത്തന കൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിമ
അവസാനം തിരുത്തിയത്
03-11-202344055


പൊതുവിവരങ്ങൾ

2022-2025 ബാച്ചിൽ ആകെ 32 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും യാസിൻ ഹാജ ടി സി വാങ്ങി അൺ എയ്ഡഡിൽ പോയ ഒഴിവിൽ കൈറ്റിൽ അപേക്ഷ നൽകി റാങ്ക് ലിസ്റ്റിൽ അടുത്ത അംഗമായ ദേവിക എം ന് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകി. മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാ‍ത്ഥികളിൽ നിന്നുള്ള ലീഡർ രഞ്ചുവും ഡെപ്യൂട്ടി ലീ‍ഡർ കീർത്തന എസ് കൃഷ്ണയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.

സ്കൂൾതലനിർവ്വഹണസമിതി അംഗങ്ങൾ 2022-2023

ചെയർമാൻ ശ്രീ.സലാഹുദീൻ പി.ടി.എ പ്രസിഡന്റ്
കൺവീനർ ശ്രീമതി സന്ധ്യ ഹെഡ്‍മിസ്ട്രസ്
വൈസ് ചെയർപേഴ്സൺ 1 ശ്രീമതി.രജിത എം.പി.ടി.എ പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺ 2 ശ്രീ.ജിജിത്ത്. ആർ.നായർ പി.ടി.എ വൈസ് പ്രസിഡന്റ്
ജോയിന്റ് കൺവീനർ 1 മിസ്.ലിസി ആർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
ജോയിന്റ് കൺവീനർ 1 നിമ എൻ ആർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
കുട്ടികളുടെ പ്രതിനിധി രഞ്ചു എൽ ലിറ്റിൽ കൈറ്റ്സ് ലീഡർ
കുട്ടികളുടെ പ്രതിനിധി കീർത്തന കൃഷ്ണൻ ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ

അംഗങ്ങൾ

LK 2022-2025
LK 2022-2025

ഐ ടി മേള 2023

ഐ ടി മേള ഓവറോൾ മൂന്നാം സ്ഥാനം

ഐ ടി മേള സ്കൂൾതലത്തിൽ നടന്നപ്പോൾ പഞ്ചമി എം നായർ,ഹൃദ്യ അനിൽ,ഗൗരി സുനിൽ,വിജിത മുതലായ കുട്ടികൾ സജീവമായി പരിശീലനത്തിൽ ഏർപ്പെടുകയും എല്ലാ കുട്ടികളെയും പരിശീലിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുയയും ചെയ്തു.മത്സരത്തിൽ വിജയിച്ചവരിൽ നിന്നും ഒന്നാം സമ്മാനാർഹരായവരെ ലിസി ടീച്ചർ അനിമേഷനും സ്ക്രാച്ച് പ്രോഗ്രാമിങും മലയാളം കമ്പ്യൂട്ടിംഗും വെബ് പേജും പ്രസെന്റേഷനും പരിശീലിപ്പിച്ചു.നിമ ടീച്ചർ ക്വിസിന് ഒരുക്കി.കുട്ടികൾ ലഭ്യമായ സമയത്തിനുള്ളിൽ നിന്നും നന്നായി പരിശീലിക്കുകയും സബ്‍ജില്ലാതലത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.പഞ്ചമി എം നായർ അനിമേഷനും ഗൗരി സുനിൽ പ്രോഗ്രാമിങ്ങിനും രണ്ടാം സ്ഥാനം നേടി.

കലോത്സവം2023

2023 ഒക്ടോബർ മൂന്നാം തീയതിയും നാലാം തീയതിയും ആയിട്ടാണ് സംഘടിപ്പിച്ചത്.മഴ അവധി കാരണം നാലാം തീയതിയിലെ കലോത്സവം മാറ്റി അഞ്ചാം തീയതിയിലാണ് നടത്തിയത്.മൂന്നാം തീയതി രാവിലെ മുതൽ നടന്ന എല്ലാ പ്രോഗ്രാമുകളുടെയും മീഡിയാ കവറേജ് ലിറ്റിൽ കൈറ്റ്സാണ് നടത്തിയത്.രാവിലെ തന്നെ ക്യാമറ കൊണ്ടു പോയി പ്രോഗ്രാം കൺവീനർ ശ്രീ.പ്രശാന്ത് സാറിന്റെ നിർദേശപ്രകാരം മുഴുവൻ പരിപാടികളും റെക്കോർഡ് ചെയ്യുകയും ഫോട്ടോകൾ കൺവീനർക്കും പിടിഎ,സ്റ്റാഫ് തുടങ്ങിയവർക്കും അയച്ചുകൊടുക്കുകയും യൂട്യൂബിൽ അപ്‍ലോഡ് ചെയ്യാനുള്ള വീഡിയോയ്ക്കായി പരിപാടികൾ ഫോൾഡറിലാക്കി ഏൽപ്പിക്കുകയും ചെയ്തു.രഞ്ചു,പഞ്ചമി,ഗൗരി,ആര്യ,ആതിര,പ്രീജ തുടങ്ങിയ കുട്ടികൾക്കായിരുന്നു കലോത്സവത്തിന്റെ മീഡിയാ ചുമതല.

റോബോട്ടിക്സ് പരിശീലനം

കൈറ്റിൽ നിന്നും ലഭിച്ച അർഡുനോ ഉപയോഗിച്ച് കുട്ടികൾ ട്രാഫിക് ലൈറ്റ്,ഓട്ടോമാറ്റിക് വഴിവിളക്ക് മുതലായവ ചെയ്തു.

സ്കൂൾ വിസിറ്റ്

ലിറ്റിൽ കൈറ്റ്സിന്റെ 2022-2025 ബാച്ചിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും സ്കൂൾക്യാമ്പിന്റെ ഫീഡ്‍ബാക്ക് മനസിലാക്കി സബ്‍ജില്ലാ ക്യാമ്പിന്റെ ഒരുക്കത്തിനുള്ള മാർഗനിർദേശങ്ങൾ നൽകാനും കൂടുതൽ മികവാർന്ന പഠനം എങ്ങനെ ഉറപ്പാക്കാമെന്ന നിർദേശങ്ങൾ നൽകാനുമായി മാസ്റ്റർ ട്രെയിനർ ശ്രീ.അരുൺ സാർ സെപ്റ്റംബർ 13 ന് സ്കൂളിൽ സന്ദർശനം നടത്തുകയുണ്ടായി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രവർത്തനഡയറിയും മിസ്ട്രസുമാരെ ഡയറിയും അറ്റൻഡസും സാർ കണ്ട് ഒപ്പിടുകയും വിസിറ്റേഴ്സ് ഡയറിയിൽ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.ഹൃദ്യ അനിൽ സാറിന് നന്ദി അർപ്പിച്ചു സംസാരിച്ചു.

ക്യാമ്പോണം

2022-2025 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഓണക്കാലത്ത് വിപുലമായി സംഘടിപ്പിച്ചു.കൈറ്റിൽ നിന്നുള്ള നിർദേശപ്രകാരം സെപ്റ്റംബർ രണ്ടാം തീയതി നടത്താൻ തീരുമാനിച്ചു.അതിൻ പ്രകാരം സ്കൂളിലേയ്ക്ക് എക്റ്റേണൽ ആർ പിയായി ശ്രീ.സതീഷ് സാറിനെ നൽകുകയും ചെയ്തു.സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചർ എക്റ്റേണൽ ആർ പിയായതിനാൽ ടീച്ചറും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസും നിമടീച്ചറും ചേർന്ന് ക്യാമ്പ് ഭംഗിയായി സംഘടിപ്പിച്ചു.ഭക്ഷണം ക്രമീകരിക്കാനായി എൻ സി സി എ എൻ ഒ ശ്രീ.ശ്രീകാന്ത് സാർ സഹായിച്ചത് വളരെ ഉപകാരപ്രദമായി.രുചിയുള്ള ഭക്ഷണം സ്കൂൾ പാചകമുറിയിൽ തയ്യാറാക്കി തന്നതു കാരണം രുചിയും ശുചിത്വവും ഉറപ്പാക്കാനും കുട്ടികൾക്ക് ലഭ്യമായ ഫണ്ടിനകത്തു നിന്ന് ഇഷ്ടഭക്ഷണം നൽകാനും സാധിച്ചു.32 കുട്ടികളും വളരെ ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകികൊണ്ട് എക്റ്റേണൽ ആർ പി ശ്രീ.സതീഷ് സാറും ക്യാമ്പിൽ സന്നിഹിതനായിരുന്നു.

ക്യാമ്പ് രാവിലെ 9.20 ന് ബഹു ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ.സലാഹുദീൻ ആശംസകളർപ്പിച്ചു സംസാരിച്ചു.9.30 ന് ക്യാമ്പ് ആരംഭിച്ചു.ഓണക്കാലത്തിലായതിനാൽ ഓണക്കളികളുടെ അനുസ്മരണത്തോടെയാരംഭിച്ച ക്യാമ്പിൽ കുട്ടികൾ ആഹ്ലാദപൂർവം വാദ്യോപകരണങ്ങളുടെ താളക്രമങ്ങളും ടെമ്പോയും മറ്റും സ്വന്തമായി സൃഷ്ടിച്ച താളത്തിനനുസരിച്ച് ക്രമപ്പെടുത്തുകയും സ്ക്രാച്ച് 3 യിൽ കംപോസ് ചെയ്ത് സംഗീതം പുറപ്പെടുവിക്കുകയും ചെയ്ത് ഓണത്തിന്റെ താളവും ആരവവും ചോർന്നു പോകാതെ ക്യാമ്പിലും എത്തിക്കാൻ ആദ്യ സെഷൻ സംഗീതം കംപോസിങിലൂടെ സാധിച്ചു.

ഏതാനും ഡിജിറ്റൽ ആശംസാകാർഡുകളുമായി ആർ പി ലിസി ടീച്ചർ കുട്ടികളുടെ അനിമേഷന്റെ താല്പര്യം വർധിപ്പിക്കുകയും ഇതേപോലെ ആശംസാകാർഡ് നിർമിക്കാമെന്ന് പറഞ്ഞുകൊണ്ട് ഓപ്പൺടൂൺസിൽ gif ഫയലായി ആശംസാകാർഡ് നിർമിക്കാനായി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. എക്സ് ഷീറ്റിന്റെ ഉപയോഗം കുട്ടികൾക്ക് പുതിയ അറിവായിരുന്നു.അതുപോലെ വെക്ടർ ലവലിൽ ടെക്സ് ചേർക്കുന്നതും അതിന് സ്കെയിൽ ടൂളുപയോഗിച്ച് അനിമേഷൻ ചെയ്യുന്നതും കുട്ടികളിൽ താല്പര്യം ഉളവാക്കി.കുട്ടികൾ ആത്മവിശ്വാസത്തോടെ സ്വന്തമായി ആശംസാക്കാർഡുകൾ നിർമിച്ചശേഷം കുറച്ച് പ്രൊമോ വീഡിയോകൾ ടീച്ചർ കാണിച്ചുകൊടുത്തശേഷം പ്രത്യേകതകൾ കുട്ടികളോട് കണ്ടെത്താനാവശ്യപ്പെടുകയും കണ്ടെത്തിയവ കുറിച്ചത് വായിപ്പിച്ചശേഷം ഓപ്പൻടൂൺസിൽ പ്രൊമോ വീഡിയോ ചെയ്യാനായി വിവിധ ചിത്രങ്ങളും ശബ്ദഫയലും കൊണ്ടുവരാനും എക്സ്ഷീറ്റിൽ ഇവ ക്രമപ്പെടുത്തിയ ശേഷം ബേസിക്സിൽ അനിമേഷൻ നൽകി ചലിപ്പിക്കാനും ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സാധിച്ചു.വെള്ളത്തെ പുറകിലാക്കാനും കൂടുതൽ ചിത്രങ്ങൾ കൊണ്ട് വന്ന് അനിമേഷൻ ആകർഷകമാക്കാനും കുട്ടികൾ മത്സരിച്ചു.

ഉച്ചയ്ക്ക് കുട്ടികൾ രുചികരമായ ഭക്ഷണം കഴിച്ചശേഷം ലാബിൽ തിരിച്ചെത്തിയ ശേഷം വിനോദത്തിനുള്ള അവസരമായിരുന്നു.ഓണക്കാലമായതിനാൽ നമ്മുടെ തനത് സംസ്കാരത്തിൽ ഉൾപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ഗെയിം കളിച്ചാണ് കുട്ടികൾ രസകരമായി പ്രോഗ്രാമിങിലേയ്ക്ക് പ്രവേശിച്ചത്.കുട്ടികളും പൂവും ഓണപ്പൂക്കളവുമായി ഓരോ ടീമും വാശിയേറിയ ഗെയിം കളിച്ച ശേഷം ടീച്ചർ അവരോട് ഏതു സോഫ്‍റ്റ്‍വെയറാണ് ഉപയോഗിച്ചതെന്നും അതിലെ ബ്ലോക്കുകളും മറ്റും കണ്ടെത്താനും അവ കുറിക്കാനും പറയുകയും കുട്ടികൾ അത് അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് സ്ക്രാച്ച് 3 യിൽ സ്പ്രൈറ്റ് കൊണ്ടുവരുകയും കുട്ടികൾക്ക് ചലനത്തിനുള്ള ബ്ലോക്കുകൾ കണ്ടെത്തി നൽകിയ ശേഷം പൂവിനും പൂക്കളത്തിനും ബ്ലോക്കുകൾ നൽകി ഗെയിം പൂർത്തിയാക്കി.ബ്രോഡ്കാസ്റ്റ് ചെയ്യുന്നതും സ്വീകരിക്കുന്നതും കോസ്റ്റ്യൂം മാറ്റങ്ങളും കുട്ടികൾ മനസിലാക്കി.തുടർന്ന് അനിമേഷന്റെ അസൈൻമെന്റും സ്ക്രാച്ചിന്റെ അസൈൻമെന്റും വിശദമാക്കി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.സെപ്റ്റംബർ പത്തിന് കുട്ടികൾ അസൈൻമെന്റ് പൂർത്തിയാക്കി.ഉപജില്ലാ ക്യാമ്പിലേയ്ക്ക് അനിമേഷന് മീര എം ആർ,പഞ്ചമി എം നായർ,കീർത്തന കൃഷ്ണൻ,രഞ്ചന ആർ കൃഷ്ണൻ എന്നിവരും പ്രോഗ്രാമിങിന് രഞ്ചു എൽ,വിജിത വി,ഹൃദ്യ അനിൽ,ഗൗരി സുനിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഫീൽഡ് ട്രിപ്പ്2023

ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കാനായി ശ്രമിച്ചുകൊണ്ടിരുന്ന സന്ദർഭത്തിലാണ് ഫ്രീഡം ഫെസ്റ്റ് വന്നത്.തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന പ്രദർശനം ഒരു മണിക്കൂർ മാത്രമാണെന്നറിഞ്ഞപ്പോൾ ആ പ്രദർശനം കണ്ടശേഷം അടുത്തുള്ള ഏതെങ്കിലും സ്ഥലം കൂടെ സന്ദർശിക്കാമെന്ന് തീരുമാനിച്ചു.അങ്ങനെയാണ് മ്യൂസിയം തിരഞ്ഞെടുത്തത്.പന്ത്രണ്ട് മണിയോടെ മ്യൂസിയത്തിലെത്തി.അവിടെ മരത്തണലുകളിലിരുന്ന് കുട്ടികൾ ഭക്ഷണം കഴിച്ചു.തുടർന്ന് ഡീഗാൾ സാർ മൃഗശാലയിൽ ചെന്ന് ടിക്കറ്റ് വിവരങ്ങൾ അന്വേഷിച്ച് തിരിച്ചെത്തി.മൃഗശാല സന്ദർശിക്കാനുള്ള കുട്ടികളുടെ ആഗ്രഹം പരിഗണിച്ച് ടിക്കറ്റെടുക്കുകയും ഏകദേശം രണ്ടര മണിക്കൂർ കൊണ്ട് മൃഗശാല കണ്ട് അഞ്ചു മണിയോടെ തിരിച്ച് സ്കൂളിലെത്തുകയും ചെയ്തു.കുട്ടികൾക്കും മിസ്ട്രസുമാർക്കും ഈ ഫീൽഡ് ട്രിപ്പ് ആസ്വാദ്യകരമായിമാറി.

സ്വാതന്ത്ര്യദിനാഘോഷം ഒരുക്കം

സ്വാതന്ത്യദിനാഘോഷത്തിന്റെ ഒരുക്കങ്ങളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു.ദേശസ്നേഹം തുളുമ്പുന്ന പ്രസ്തുത പരിപാടിയിലേയ്ക്കാവശ്യമായ അലങ്കാരങ്ങൾ നിർമിക്കാൻ ലിറ്റിൽ കൈറ്റ്സിലെ കാവ്യ,റീജ,അനിൽ,ദീപ്തി മുതലായവർ മുന്നോട്ടുവന്നു.ക്യാമറയും സാങ്കേതിക സഹായവും മാത്രമല്ല അലങ്കാരപണിയും തങ്ങൾക്ക് വഴങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ത്രവർണത്തിലുള്ള പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങൾ നിർമിച്ച് റാലിയ്ക്ക് പൊലിമ കൂട്ടാൻ സഹായിച്ചു.

ഒപ്പം@2023

2023-2026 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടത്താനായി മിസ്ട്രസുമാരെ സഹായിക്കാനായി സന്നദ്ധരായി ധാരാളം ലിറ്റിൽ കൈറ്റ്സ് മുന്നോട്ടുവന്നു.ക്ലാസ് സമയമായതിനാൽ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേരെ ഉൾപ്പെടുത്തി ടീമാക്കുകയും ലാബ് ക്രമീകരണം,കുട്ടികൾക്ക് മറ്റ് സഹായങ്ങൾ എന്നിവയ്ക്കായി ക്രമീകരിക്കുകയും ചെയ്തു.തങ്ങളെ ഏൽപ്പിച്ച എല്ലാ ഡ്യൂട്ടിയും കുട്ടികൾ കൃത്യമായി നിർവഹിച്ചു.

കൂൾ സപ്പോർട്ട്

അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന്റെ ഭാഗമായി പരിഗണിക്കുന്ന ഐ ടി പരീശീലനമായ കൂൾ പരീക്ഷയ്ക്കുള്ള മൊഡ്യൂളുകളിലെ ഐ സി ടി ഭാഗങ്ങൾ ആവശ്യപ്പെടുന്ന അധ്യാപകർക്ക് പരിശീലനം നൽകാനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്നദ്ധരാണെന്നറിയിച്ചതിനെ തുടർന്ന് കമ്പ്യൂട്ടർ ലാബിലെത്തി പരിശീലനം നടത്തിയ അധ്യാപകർക്ക് ഗൗരി സുനിലിന്റെയും പഞ്ചമി എം നായരിന്റെയും നേതൃത്വത്തിൽ നടത്തി.കൂൾ പരിശീലനത്തിനാവശ്യമായ ലാപ്‍ടോപ്പുകൾ അധ്യാപകർക്ക് എത്തിക്കാനും ഗ്രാഫിക്സ്,മലയാളം ടൈപ്പിംഗ് മുതലായവയിൽ ആവശ്യമായ സഹായം നൽകാനും കുട്ടികൾ മുന്നിട്ട് നിന്നു.

ശ്രദ്ധയിലെ പങ്കാളിത്തം

ശ്രദ്ധ ക്ലാസിൽ കുട്ടികൾക്കായി ഐ ടി സാധ്യത പ്രയോജനപ്പെടുത്തി ക്ലാസെടുക്കാനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളും പങ്കാളികളായി.അധ്യാപകർ ക്ലാസെടുക്കുന്ന സമയത്ത് വേണ്ട വീഡിയോകളും സ്ലൈഡ് ഷോയുമൊക്കെ കൈകാര്യം ചെയ്യുകയും കുട്ടികളെ പഠനത്തിൽ സഹായിക്കുകയും ചെയ്തു കൊണ്ട് ലിറ്റിൽ കൈറ്റ്സ് മുന്നിട്ടു നിന്നു.

ചന്ദ്രനെ തൊടാം നിലാവ് വരക്കാം

ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള വിവിധ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിച്ച ഡിജിറ്റൽ പെയിന്റിംഗും അനിമേഷനും കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.നിലാവ് എന്ന വിഷയത്തിൽ ധാരാളം കുട്ടികൾ ജിമ്പിൽ ചിത്രം തയ്യാറാക്കാൻ ശ്രമിച്ചുവെങ്കിലും പത്തുപേർ ഫൈനലിലെത്തുകയും മത്സരത്തിൽ വൈഷ്ണവി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.അനിമേഷന്റെ വിഷയം ചന്ദ്രയാൻ വിക്ഷേപണം ആയിരുന്നു.ആറു പേരാണ് മത്സരത്തിൽ പങ്കെടുത്തത്.

കിഫ്ബി കെട്ടിടം ഉദ്ഘാടനം പങ്കാളിത്തം

കിഫ്ബി കെട്ടിടം ഉദ്ഘാടനം നടന്ന ജൂലായ് മൂന്നിലെ എല്ലാ പരിപാടികൾക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായസഹകരണങ്ങളുമായി മുന്നിട്ട് നിന്നു.സ്റ്റേജിലെ ലൈവ് പ്രദർശനവും മീഡിയയും ആദ്യം ലിറ്റിൽ കൈറ്റ്സിനെ കൺവീനർ അഗസ്ത്യാനോസ് സാർ ഏൽപ്പിങ്കിലും പിന്നീട് സ്പോൺസർഷിപ്പ് കിട്ടിയതിനാൽ സ്റ്റേജ് ലൈവ് ഇവന്റ് മാനേജ്‍മെന്റ് ടീമിനെയും മീഡിയയ്ക്കായി പ്രൊഫണൽ ടീമിനെയും ഏൽപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവരോടൊപ്പം ചേർന്ന് സ്കൂൾ യൂട്യൂബ് ചാനലിനു വേണ്ട മീഡിയ ക്രമീകരണം ചെയ്യുകയും അവരുടെ സഹായത്തോടെ കൂടുതൽ കാര്യങ്ങൾ പഠിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് പകർത്തിയ ക്യാമറ ദൃശ്യങ്ങളാണ് സ്കൂൾ യൂട്യൂബ് ചാനലിലും സ്കൂൾ വിക്കിയിലും ഉപയോഗിച്ചിരിക്കുന്നത്.

പ്രവേശനോത്സവം സ്റ്റേജ്&മീഡിയ

പ്രവേശനോത്സവത്തിൽ സ്റ്റേജിൽ സ്ക്രീൻ സജ്ജീകരിക്കുകയും ലാപ്‍ടോപ്പിൽ വെബ്ക്യാം സജ്ജീകരിച്ച് പ്രൊജക്ടറിൽ സ്റ്റേജ് വലുതായി ലൈവാക്കി കാണിക്കുയും എല്ലാ പ്രോഗ്രാമുകളും DSLR ക്യാമറ ഉപയോഗിച്ച് വീഡിയോയാക്കുകയും ചെയ്തു.

ഹൈടെക് ഉപകരണ സംരക്ഷണം@സമ്മർ വെക്കേഷൻ

ഹൈടെക് ഉപകരണങ്ങളുടെ സംരകഷണം വേനലവധിക്കാലത്ത് എങ്ങനെ ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരവുമായി ഈ ബാച്ചിലെ കൊച്ചു മിടുക്കർ മുന്നോട്ടുവന്നു.ആദ്യം പ്രൊജക്ടറുകൾ ഒരു തുണി ബാഗ് തയ്യാറാക്കി അതുപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിച്ചു.തുടർന്ന് ലാബിലെയും ക്ലാസ് മുറികളിലെയും ലാപ്‍ടോപ്പുകൾ നിശ്ചിത ദിവസങ്ങളുടെ ഇടവേളകളിൽ ഓരോ ഗ്രൂപ്പുകാരായി വന്ന് ചാർജ് ചെയ്യുകയും ഉപയോഗിക്കുകയും തുടർന്ന് കാര്യക്ഷമത ഉറപ്പു വരുത്തുകയും ചെയ്യുന്നു.എന്തെങ്കിലും പ്രശ്നമുള്ളതായി കണ്ടാൽ ഉടൻ തന്നെ ഐടി കോർഡിനേറ്ററെ അറിയിക്കുകയും സമയബന്ധിതമായി പരാതി രജിസ്റ്റർ ചെയ്ത് പരിഹാരം കണ്ടെത്തി ഉപകരണ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.അതു പോലെ ക്യാമറ,വെബ്ക്യാം മുതലായവയും ഇടയ്ക്കിടയ്ക്ക് പ്രവർത്തിപ്പിച്ച് നോക്കി കാര്യക്ഷമത ഉറപ്പാക്കുന്നു.

എന്റെ മാഗസിൻ

മാഗസിനായുള്ള തയ്യാറെപ്പിന്റെ ഭാഗമായി കുട്ടികൾ മലയാളം ടൈപ്പ് റൈറ്റിംങ് പരിശീലിക്കാൻ തുടങ്ങി.

പഠനോത്സവം@2023

സ്കൂളിൽ നടന്ന പഠനോത്സവത്തിൽ ലിറ്റിൽകൈറ്റ്സിന്റെ പങ്കാളിത്തം ബിപിസിയുടെയും പിടിഎയുടെയും മറ്റ് സ്റ്റാഫിന്റെയും പ്രശംസ പിടിച്ചുപറ്റി.ശാസ്ത്രവിഷയത്തിലെ പരീക്ഷണങ്ങളും മറ്റും എല്ലാവർക്കും കാണത്തക്കവിധം കുട്ടികൾ ലൈവ് ഷോ നടത്തിയതാണ് എല്ലാവരെയും ആകർഷിച്ചത്.വിവിധ രാസവസ്തുക്കളുപയോഗിച്ച് നടത്തിയ എക്സ്പിരിമെന്റുകൾ എല്ലാവർക്കും കാണാനായത് ലഭ്യമായ ഒരു ഉപകരണം ഉപയോഗിച്ചുകൊണ്ടാണ്.സ്കൂൾ ലാബിലുള്ള വെബ്ക്യാം കുട്ടികൾ ലാപ്‍ടോപ്പുമായി കണക്ട് ചെയ്തശേഷം ആപ്ലിക്കേഷനിലെ ചീസ് വെബ് കണക്ടർ ഉപയോഗിച്ച് കണക്ട് ചെയ്ത് വെബ്ക്യാമിനെ മേശയിലേയ്ക്ക് കാണിച്ചാണ് ലൈവ് ചെയ്തത്.ഇത് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരുന്ന പ്രൊജക്ടറിന്റെ സ്കീനിൽ തെളിഞ്ഞപ്പോൾ ലിറ്റിൽകൈറ്റ്സിലെ കൊച്ചു കൂട്ടുകാർക്ക് വലിയ സന്തോഷമായി.ഇത് കൈകാര്യം ചെയ്യാനായി എട്ടാം ക്ലാസിലെ രഞ്ചു,വിജിത തുടങ്ങിയവരോടൊപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു കുട്ടിയാണ് ഇത് ഉടനീളം കൈകാര്യം ചെയ്തത്.അവരുടെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.

ഹരിതവിദ്യാലയം വീഡിയോ പ്രദർശനം

ഹരിതവിദ്യാലയം പ്രോഗ്രാം പ്രൈമറി മുതലുള്ള കുട്ടികളെ കാണിക്കാനും പുതിയ ആശയങ്ങൾ പകർത്താനായി വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും ആയിട്ടാണ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ശ്രമിച്ചത്.അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികൾ പ്രൊജക്ടറും ലാപ്‍ടോപ്പുമായി ക്ലാസുകൾ സന്ദർശിച്ചത്.ക്ലാസുകൾ ഏതൊക്കെയാണ് അധ്യാപകരില്ലാതെ ഫ്രീയാകുന്നത് എന്നത് സീനിയർ ടീച്ചേഴ്സിനോട് ചോദിച്ച് മനസിലാക്കി അത്തരം പിരീഡുകളിലും ഉച്ചയ്ക്കുള്ള വിശ്രമസമയത്തുമാണ് ഷോ നടത്തിയത്.എട്ടാം ക്ലാസിലെ പ്രൊജക്ടർ ഉപയോഗം എന്ന പാഠം എല്ലാവരും മനസിലാക്കിയോയെന്ന് പരിശോധിക്കാനും ഇത് സഹായകമായി.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ കീസ്റ്റോൺ മാറ്റിയും റെസല്യൂഷൻ മാറ്റിയും മറ്റുമാണ് പ്രൊജക്ടർ കൈമാറിയത്.കുട്ടികൾ ക്ലാസുകളിൽ ചെന്ന് കണക്ട് ചെയ്തപ്പോഴാണ് വ്യത്യാസം മനസിലാക്കിയത്.ആദ്യം ചിലരെങ്കിലും ഒന്നു പതറിയെങ്കിലും വിജയകരമായി പ്രൊജക്ടർ സെറ്റിംഗ്സ് ചെയ്ത് ഷോ പൂർത്തിയാക്കി.കുട്ടികൾക്കെല്ലാം വലിയ സന്തോഷമായി.മാത്രമല്ല എൽ പി,യു പി ക്ലാസുകളിൽ ഹരിതവിദ്യാലയം ഷോ കണ്ടതിൽ നിന്നും നമുക്ക് നടപ്പിലാക്കാൻ സാധിക്കുന്ന ആശയങ്ങൾ കുറിപ്പായി എഴുതി വാങ്ങുകയും നല്ല കുറിപ്പ് തയ്യാറാക്കിയവരെ ക്ലാസ് അധ്യാപകരുടെ സാന്നിധ്യത്തിൽ അഭിനന്ദിക്കുകയും ചെയ്തു.

ലഹരിവിരുദ്ധക്യാമ്പെയ്ൻ പങ്കാളിത്തം

ലഹരിവിരുദ്ധക്യാമ്പെയ്നിന്റെ ഭാഗമായി സ്കൂൾതലത്തിൽ നടന്ന പരിപാടികളിലും ബോധവത്ക്കരണത്തിലും ലിറ്റിൽകൈറ്റ്സിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.റാലിയുടെ ഒരുക്കവും റാലി മുഴുവനും ലിറ്റിൽകൈറ്റ്സ് മൊബൈലിലും ഡി എസ് എൽ ആറിലും പകർത്തി.എട്ടിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അധ്യാപകരുടെയും പിടിഎ ക്കാരുടെയും ഫോണുകളിൽ അവർക്കായി വീഡിയോ പകർന്ന് നൽകിയത്.തുടർന്ന് സ്റ്റേജ് പരിപാടികളിലും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ പങ്കെടുക്കുകയും നാടകം,ഡാൻസ് മുതലായവയിൽ മികവ് പുലർത്തുകയും ചെയ്തു.

പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും

കൈറ്റിൽ നിന്നും ലഭിച്ച ലാപ്‍ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്‍ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്‍ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്‍ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു.

YIP ഐഡിയ സമർപ്പണ പരിശീലനം 2023

വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി.

എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.

തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ ര‍ഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്


ആർഡിനോ കിറ്റ്

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പ്രധാനപ്പെട്ടൊരു പരിശീലന മേഖലയാണ് പ്രോഗ്രാമിങ് , ഇലക്ട്രോണിക്സ് & റോബോട്ടിക്സ് .സംസ്ഥാന സർക്കാർ മുൻപ് നൽകിയ റാസ്പ്ബെറി പൈ, ഇലക്ട്രോണിക്സ് ബ്രിക് കിറ്റ് എന്നീ ഉപകരണങ്ങളാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിലെ റോബോട്ടിക് പ്രവർത്തനങ്ങൾക്കായി സ്കൂളുകളിൽ ഉപയോഗിച്ചു വന്നിരുന്നത് . കഴിഞ്ഞ ഏഴ് വർഷമായി സ്കൂളുകളിൽ ഉപയോഗിച്ചുവന്നിരുന്ന പ്രസ്തുത ഉപകരണങ്ങൾ പലതും പ്രവർത്തനരഹിതമായിരിക്കുന്നതിനാൽ റോബോട്ടിക് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ സ്കൂളുകൾക്ക് സാധിക്കാതെ വന്ന പശ്ചാത്തലത്തിൽ ഇത് പരിഹാരിക്കാനായി ഇലക്ട്രോണിക് - റോബോട്ടിക് പഠനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതും പൊതുമാർക്കറ്റിൽ ലഭ്യമായതുമായ റോബോട്ടിക് ഉപകരണങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്ക് നൽകുന്നതിന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതിന്റെ ഭാഗമായി പുതിയ റോബോട്ടിക് കിറ്റുകൾ

സ്കൂളുകൾക്ക് നൽകിയതിൽ നമ്മുടെ സ്കൂളിനും അഞ്ച് കിറ്റുകൾ ലഭിച്ചു. ആർഡിനോ എന്ന മൈക്രോ കൺട്രോളർ ഡെവലപ്മെന്റ് ബോർഡും അനുബന്ധ ഉപകരണങ്ങളുമാണ് പ്രസ്തുത കിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .നവംബർ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂജപ്പുര കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ ഇത് ഏറ്റുവാങ്ങിയത്.ഉപകരണങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് കൈപ്പറ്റിയത്.

YIP ട്രെയിനിംഗ്

യങ് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ കാട്ടാക്കട ഉപജില്ലാതലപരിശീലനം ഒക്ടോബർ മാസം കുളത്തുമ്മൽ സ്കൂളിൽ വച്ച് ശ്രീ.സതീഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു.സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും സിമി ടീച്ചറും പരിശീലനത്തിൽ പങ്കെടുത്തു.എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും കുട്ടികളെ എങ്ങനെ ഇന്നവേറ്റീവ് ആശയങ്ങളിലേയ്ക്ക എത്തിച്ച് അവരെ ഗവൺമെന്റ് ഒരുക്കിയിരിക്കുന്ന പരിശീലന പരിപാടിയിൽ എത്തിച്ച് സാങ്കേതിക,സാമ്പത്തിക സഹായത്തോടെ നവമായ ആശയങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്നും പരിശീലനത്തിൽ സതീഷ് സാർ വിശദമായി പറഞ്ഞുതന്നു.

തുടർന്ന് സ്കൂൾ തല പരിശീലനം ആദ്യം ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങൾക്കും നൽകി.പത്താം ക്ലാസിലെ ബി ഡിവിഷനിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒത്തുകൂടി.പരിശീലനപരിപാടി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ ശരണ്യ പി ബി സ്വാഗതം ആശംസിച്ചു.ആദ്യ സെഷൻ സിമി ടീച്ചർ കൈകാര്യം ചെയ്തു.തുടർന്നുള്ള സെഷനുകളിലൂ

ടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിലെ പുതിയ ബാച്ച് (2022-2025) കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 12/09/2022 ൽ സ്കൂളിലെ സയൻസ് ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചർ,സിമി ടീച്ചർ എന്നിവരും വിസിറ്റിങ് റിസോഴ്സ് പേഴ്സണായി ഡോ.പ്രിയങ്കയും നയിച്ച ക്യാമ്പിന് ഊർജ്ജം പകർന്നു കൊണ്ട് മാസ്റ്റർ ട്രെയിനറായ ശ്രീ.സതീഷ് സാറും വേണ്ട പിന്തുണ നൽകി കൊണ്ട് ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാറും ഉണ്ടായിരുന്ന ക്യാമ്പിൽ വീരണകാവ് സ്കൂളിലെ എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 32 കുട്ടികളും പങ്കെടുത്തു.

രാവിലെ 9.30 ന് ബഹുമാനപ്പെട്ട സന്ധ്യടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിസി ടീച്ചർ ക്യാമ്പിന്റെ കാര്യപരിപാടികളെ കുറിച്ച് വിശദമാക്കി.തുടർന്ന് കുട്ടികളുടെ രജിസ്ട്രേഷൻ നടത്തി.അഞ്ചു സെഷനുകളായാണ് ക്യാമ്പ് നടക്കുന്നതെന്നും കുട്ടികളെല്ലാവരും നന്നായി പങ്കെടുക്കണമെന്നും ടീച്ചർ ഓർമിപ്പിച്ചു.ക്യാമ്പിന് എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് ഡീഗാൾ സാർ ഒന്നാം സെഷൻ കൈകാര്യം ചെയ്യാനായി സിമി ടീച്ചറിനെ ക്ഷണിച്ചു.

ഒന്നാം സെഷൻ

ഒന്നാം സെഷനിൽ സിമി ടീച്ചർ പ്രൊജക്ടറിൽ ഗ്രൂപ്പു തിരിക്കാനുള്ള ഫയൽ പ്രദർശിപ്പിച്ചു.ആദ്യം ഐ ടി അനുബന്ധ ഉപകരണങ്ങളുടെ ചിത്രം gif ഫയലിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും അത് അപ്രത്യക്ഷമായപ്പോൾ കുട്ടികൾക്ക് ആകാംക്ഷയായി.തുടർന്ന് ചിത്രങ്ങളുടെ സ്ഥാനത്ത് അക്കങ്ങൾ വന്നപ്പോൾ കുട്ടികൾ താല്പര്യപൂർവ്വം ശ്രദ്ധിച്ചിരുന്നു.സിമി ടീച്ചർ അവരോട് ഓരോ നമ്പർ വീതം അതിന്റെ വരിയും നിരയും ഉൾപ്പെടെ ഓർമിച്ചുവയ്ക്കാൻ ആവശ്യപ്പെടുകയും കുട്ടികൾക്ക് നമ്പർ കുറിച്ചു വയ്ക്കാനുള്ള സാവകാശം നൽകുകയും ചെയ്തു.അടുത്ത gif ഫയലിൽ ചിത്രങ്ങൾ കുട്ടികൾ കണ്ട് അവരവരുടെ നമ്പറിന്റെ സ്ഥാനത്തുള്ള ചിത്രം തിരിച്ചറിയാനും ഡസ്ക്ടോപ്പ്,ലാപ്‍ടോപ്പ്,ടാബ്,സ്കാനർ,പ്രിന്റർ തുടങ്ങിയ ചിത്രങ്ങളിൽ ഒരേ പോലുള്ള ചിത്രം ലഭിച്ചവർ ഒന്നിച്ചു ചേർന്ന് ഗ്രൂപ്പാകാനും ടീച്ചർ ആവശ്യപ്പെട്ടു.കുട്ടികൾ ആറു പേരടങ്ങുന്ന ടീമുകളായി മാറിയിരിക്കുകയും അവരവർക്ക് കിട്ടിയ പേരുകൾ ഗ്രൂപ്പിന് നൽകുകയും ചെയ്തു.പിന്നീട് അവർ പരസ്പരം പരിചയപ്പെടുകയും മുന്നോട്ട് വന്ന് ഓരോരുത്തരും അടുത്തയാളെ പരിചയപ്പെടുത്തുകയും ചെയ്തു.ആർ.പി മാരും പരിചയം പുതുക്കി.ഗ്രൂപ്പുകളിൽ എല്ലാ ഉപകരണങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയും ആർ.പിമാർ നൽകിയ വർക്ക്ഷീറ്റിൽ ഉപകരണം,ഉപയോഗം എന്നിവ പൂർത്തിയാക്കുകയും ചെയ്തു.എല്ലാ ഗ്രൂപ്പുകളിൽ നിന്നും ഓരോ പ്രതിനിധികളെത്തി ഇത് വായിക്കുകയും കൂട്ടിച്ചേർക്കലുകൾ നടത്തി സ്കോർ രേഖപ്പെടുത്തുകയും നന്നായി ചെയ്ത ഗ്രൂപ്പുകളെ പ്രത്യേകം അഭിനന്ദിക്കുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തുടർന്ന് കുട്ടികൾ വിട്ടുപോയ ഭാഗങ്ങൾ കൂട്ടിചേർത്തുകൊണ്ട് ലിസി ടീച്ചർ ആദ്യ സെഷൻ ക്രോഡീകരിച്ചു.

രണ്ടാം സെഷൻ

രണ്ടാം സെഷനിൽ ആദ്യ മൂന്നു ഗ്രൂപ്പുകളെ ഒന്നിച്ച് ഒരു ഗ്രൂപ്പായും ബാക്കിയുള്ള ഗ്രൂപ്പുകളെ രണ്ടാമത്തെ ഗ്രൂപ്പായും തിരിച്ച് ഹൈടെക്,ലിറ്റിൽ കൈറ്റ്സ് എന്നീ വിഷയങ്ങൾ പരിചയപ്പെടുത്തി.ലിസി ടീച്ചർ ടോപ്പിക് തിരഞ്ഞെടുക്കാനായി ടോസ് ഇട്ടു. ഹൈടെക് ആദ്യ ഗ്രൂപ്പിനും ലിറ്റിൽ കൈറ്റ്സ് രണ്ടാം ഗ്രൂപ്പിനും ലഭിച്ചു.സിമി ടീച്ചർ കുട്ടികളോട് ഈ രണ്ട് വിഷയങ്ങളെ കുറിച്ചും അവർക്ക് അറിയാവുന്നത് എഴുതാനും ഗ്രൂപ്പിൽ ചർച്ച ചെയ്ത് ക്രോഡീകരിക്കാനും ആവശ്യപ്പെട്ടു.കുട്ടികൾ അവരുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചു.തുടന്ന് നടന്ന ഗെയിം ആവേശം കൊണ്ടും മാത്സര്യം കൊണ്ടും രസകരമായി.ഹൈടെക് ഗ്രൂപ്പിലെ അഭിഷേക് ലിറ്റിൽ കൈറ്റ്സിൽ വിട്ടുപോയ പോയിന്റുകൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചതും അത് തങ്ങൾ എഴുതിയതാണെന്ന ലിറ്റിൽ കൈറ്റ്സിലെ സൂര്യയുടെ വാദവും ചർച്ച ചൂടേറിയതാക്കി.പിന്നീട് വീഡിയോകൾ കാണുകയും കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തു.ലിസി ടീച്ചർ ക്രോഡീകരിച്ചു.

മൂന്നാം സെഷൻ

പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങൾ മനസിലാക്കികൊണ്ട് പ്രോഗ്രാമിങ്ങിന്റെ ലോകത്തേയ്ക്ക് കുട്ടികളെ ആകർഷിക്കാനായി സ്ക്രാച്ച് പരിചയപ്പെടുത്തികൊണ്ട് ലിസി ടീച്ചർ മൂന്നാമത്തെ സെഷൻ നയിച്ചു.മൊഡ്യൂളിലെ കാർ ഗെയിം കളിച്ചു കൊണ്ട് ഇത് ഏതു സോഫ്‍റ്റ്‍വെയറാണെന്ന് അറിയാമോയെന്ന ചോദ്യത്തിന് കുറെയേറെ കുട്ടികൾ സ്ക്രാച്ച് എന്നു ഉത്തരം പറയുകയും തുടർന്ന് അവരുടെ ലാപ്‍ടോപ്പിൽ പേസ്റ്റ് ചെയ്തിരുന്ന ബോൾ ഗെയിം കളിക്കുകയും ചെയ്തു.ആറു ഗ്രൂപ്പുകളായി പഴയതുപോലെ തിരിഞ്ഞാണ് ഗെയിം കളിച്ചത്.പത്തു മിനിട്ട് സമയം കൊണ്ട് രഞ്ചു 20 സ്കോർ നേടി.കുട്ടികൾക്ക് ഗെയിമിലുള്ള താല്പര്യം ഉണർത്തികൊണ്ട് സ്വന്തമായി ഗെയിം നിർമിക്കാനാകും എന്നോർമപ്പെടുത്തി ലിസി ടീച്ചർ കളർ സെൻസിങിന്റെ പ്രോഗ്രാം അവതരിപ്പിച്ചു.ഓരോന്നിലും എന്തെല്ലാം മാറ്റമുണ്ടായി എന്നും അത് എങ്ങനെയായിരിക്കാമെന്നും ടീച്ചർ ചോദിച്ചുകൊണ്ട് അവരുടെ അറിവിനെ ഉണർത്തി.തുടർന്ന് പ്രോഗ്രാം കുട്ടികൾ നോട്ടിൽ എഴുതി.പിന്നീട് ഓരോ ഗ്രൂപ്പുകാരും തങ്ങൾക്കായി ലഭ്യമാക്കിയിരുന്ന ലാപ്‍ടോപ്പിൽ പ്രോഗ്രാം തയ്യാറാക്കി.ആദ്യം തയ്യാറാക്കി വിജയകരമായി പ്രവർത്തിപ്പിച്ചത് സൂര്യയുടെ ഡസ്ക്ടോപ്പ് ഗ്രൂപ്പാണ്.ബാക്കിയുള്ളവരും വേഗത്തിൽ പ്രവർത്തനം പൂർത്തിയാക്കി അവതരിപ്പിച്ചു.കളർ സെൻസിങ് ബ്ലോക്കിന്റെ ഉപയോഗവും ബാക്ക്ഡ്രോപ്പ് വരയ്ക്കുന്നതും കുട്ടികൾ മനസിലാക്കി.

നാലാം സെക്ഷൻ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രധാന പ്രവർത്തനമെന്നത് എന്താണെന്ന ചോദ്യത്തിന് ഹൈടെക് ഉപകരണങ്ങളുടെ പരിപാലനമെന്ന് കീർത്തന നൽകിയ ഉത്തരം ശരിയാണെന്നും പ്രൊജക്ടറിന്റെ പരിപാലനം മനസിലാക്കിക്കുന്ന സെഷനാണിതെന്നും പറഞ്ഞുകൊണ്ട് ലിസി ടീച്ചർ നാലാം സെഷനിലേയ്ക്ക് കടന്നു.ക്ലാസിലെ പ്രൊജക്ടർ ഏതു കമ്പനിയാണെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് പ്രൊജക്ടർ ക്രമീകരിക്കാനുമായി സയൻസ് ലാബിലെ ഐസർ പ്രൊജക്ടറും കമ്പ്യൂട്ടർ ലാബിലെ ബെൻക്യു പ്രൊജക്ടറും പരിചയപ്പെടുത്തി റിമോട്ടിൽ പ്രൊജക്ടറിന്റെ ക്രമീകരണം കാണിച്ചുകൊടുത്തു.റസല്യൂഷൻ,ആകൃതി,മിറർ മുതലായവ കുട്ടികളിൽ നിന്നും ഏതാനും പേർ ചെയ്തു പരിശീലിച്ചു.

ഒരു ത്രീഡി അനിമേഷൻ വീഡിയോ ലിസി ടീച്ചർ പ്രദർശിപ്പിച്ചു.ശബ്ദമില്ലാത്തതിന് കാരണമെന്തെന്നും അത് ക്രമീകരിക്കുന്ന വിധവും പരിചയപ്പെടുത്തി.സെറ്റിംഗ്സിൽ നിന്നും സൗണ്ട് സെലക്ട് ചെയ്ത് ഇൻപുട്ട് ഔട്ട്പുട്ട്,ശബ്ദം മുതലായവ ക്രമീകരിക്കുന്ന വിധം മനസിലാക്കിച്ചു.തുടർന്ന് വീഡിയോ ശരിയായ വിധത്തിൽ പ്രദർശിപ്പിച്ചു.വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് ബ്ലെൻഡർ എന്ന ത്രീഡി അനിമേഷൻ സോഫ്‍റ്റ്‍വെയറാണെന്നും പരിചയപ്പെടുത്തി.

അഞ്ചാം സെഷൻ

മൊബൈലിലെ മൾട്ടിപ്ലിക്കേഷൻ ആപ്പ് സ്ക്രീൻ കാസ്റ്റ് വഴി ലിസി ടീച്ചർ പ്രൊജക്ടറിൽ പ്രദർശിപ്പിച്ച് ഏതാനും കുട്ടികളെ വിട്ട് ഉത്തരം ചെയ്യിച്ചു.തുടർന്ന് ടീച്ചർ തെറ്റ് ഉത്തരം നൽകികൊണ്ട് ആപ്പിലെ വ്യത്യാസങ്ങൾ കാണിച്ച് ഇത്തരം മൊബൈൽ ആപ്പ് നമുക്കും നിർമിക്കാനാകുമെന്നും അതിനായി കമ്പ്യൂട്ടറിലെ പ്രോഗ്രാമിങ്ങിൽ നിന്നും MIT APP INVENTER തുറന്ന് സ്ക്രാച്ചിലെ പോലെ ബ്ലോക്കുകൾ നൽകണമെന്നും ടീച്ചർ പറഞ്ഞശേഷം പ്രൊജക്ടറിലൂടെ ആപ്പിന്റെ പ്രവർത്തനം പരിചയപ്പെടുത്തി.

തുടർന്ന് കുട്ടികളിൽ നിന്നും ഏതാനും ചിലർ മുന്നോട്ട് വന്ന് ഫീഡ്‍ബാക്ക് നൽകി.ജിത്തു ജോസ് എല്ലാ സെഷനുകളും അറിവ് നൽകിയെന്നും ക്യാമ്പ് ഉപകാരപ്പെട്ടുവെന്നും അഭിപ്രായപ്പെട്ടു.രഞ്ചു ക്യാമ്പിലെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും സ്ക്രാച്ചിൽ ഗെയിം നിർമിക്കുമെന്ന് പറയുകയും ചെയ്തു.ക്യാമ്പിലെ മൊബൈൽ ആപ്പ് നിർമാണം ഇഷ്ടപ്പെട്ടുവെന്നും അതിന്റെ കൂടുതൽ ക്ലാസുകൾ പ്രതിക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.ലിസി ടീച്ചറും സിമി ടീച്ചറും പ്രിയങ്ക ടീച്ചറും തങ്ങൾക്കു തന്ന അറിവിനും പരിഗണനയ്ക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.തുടർന്ന് സ്റ്റാഫ് സെക്രട്ടറി കുട്ടികൾക്ക് നല്ലൊരു ഭാവിയും അധ്യാപകർക്ക് നന്ദിയും അറിയിച്ചു.

3.30 ന് വളരെ രസകരവും ഉപകാരപ്രദവുമായ പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.