ഉള്ളടക്കത്തിലേക്ക് പോവുക

എ.യു. പി. എസ്. അപ്പുപിള്ളയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന അപ്പുപ്പിള്ളയൂർ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തിരുന്നൽവേലിയിൽ നിന്നും കച്ചവടത്തിനായി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസം ആക്കുകയും ചെയ്ത ആളുകളാണ് അപ്പുപ്പിള്ളയൂർവാസികളിൽ കൂടുതലും. അപ്പുപ്പിള്ളയുടെ നേതൃത്വത്തിൽ വന്നതിനാലാകണം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന തമിഴ് പേര് ലഭിച്ചത്. 'ഊര്' എന്നാൽ തമിഴിൽ ഗ്രാമം എന്നാണ് അർഥം.

വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. അന്ന് മലബാർ ജില്ലയുടെ ഭാഗമായിരുന്നു നമ്മുടെ പ്രദേശം. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഓലമേഞ്ഞ ഒറ്റമുറി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. വിദ്യാലയം തുടങ്ങുവാനുള്ള എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള പെരിയപിള്ളയ്ക്ക് നൽകിയിരുന്നു. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്. അപ്പുപ്പിള്ളയൂർ എയ്ഡഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല നാമം. 1935 മുതൽ മൂന്നാം ക്ലാസ്സിന് ഔദ്യോഗിക അംഗീകാരം മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ലഭിച്ചു (അംഗീകാര നമ്പർ: 8 (24) Dated 28-7-1934). 1936 മുതൽ നാലാം ക്ലാസ്സിന് ഔദ്യോഗിക അംഗീകാരം മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ലഭിക്കുകയുണ്ടായി (അംഗീകാര നമ്പർ: 2 (16) Dated 21-10-1936). 1938 മുതൽ അഞ്ചാം ക്ലാസ് താൽകാലികമായി പ്രവർത്തിക്കാനുള്ള അനുമതി മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്നും ലഭിച്ചു. (അംഗീകാര നമ്പർ: 8 (23) Dated 4 -12 -1937). 1962 വരെ അപ്പുപിള്ളയൂർ എയ്ഡഡ് എലിമെന്ററി വിദ്യാലയമായി തുടർന്നു. 1962 ൽ ആറാം ക്ലാസും അനുവദിച്ചതോടെ എലിമെന്ററി വിഭാഗത്തിൽ നിന്നും എയ്ഡഡ് അപ്പർ പ്രൈമറി വിഭാഗമായി ഉയർത്തപ്പെട്ടു. 1965 ൽ ഏഴാം ക്ലാസ്സും അനുവദിച്ചു കിട്ടി (Ref: C429794/ 65 dt 20-8-1965). 1965 ൽ തന്നെയാണ് തമിഴ് മീഡിയം ഒന്നാം ക്ലാസ്സ് അനുവദിച്ചു കിട്ടുന്നത്. 1970 ലാണ് തമിഴ് മീഡിയം യു.പി വിഭാഗം അനുവദിച്ചു കിട്ടുന്നത്. സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. കേരളത്തിൽ പൊതുവായി കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം സാമാന്യ ജനം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീ‍ഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2009 ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം കൈകൊണ്ടു. 2010 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കുള്ള അനുമതി സർക്കാരിൽ നിന്നും കിട്ടുകയുണ്ടായി. 2010 മുതൽ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു.

വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച ഗുരുക്കന്മാർ:

കെ. അപ്പു, എസ്. വെങ്കിടസ്വാമി, വി. രാമസ്വാമി റെഡിയാർ, വി.ആർ. പങ്കി മേനോൻ, എം. സാന്തിയാഗോ, കെ.എൻ.ബാലകൃഷ്ണൻ, ദേവൻ, എ. ശങ്കുണ്ണി മേനോൻ, കെ. രാധ അമ്മാൾ, എ. പത്മാവതി അമ്മാൾ, എം.എസ്. മീനാക്ഷി, എ. സുന്ദരൻ, എം. നടരാജൻ, സി. ശങ്കരൻ, പി.കെ. പൊന്നൻ, ചന്ദ്രമതി അമ്മ, എ.ജി. പൊന്നമ്മ, പി.കൃഷ്ണമൂർത്തി, കെ.ദേവകി, ആർ. നാരായണസ്വാമി, എം. ഷണ്മുഖൻ, കെ.ജി. അലമ്മ, എം.കെ. നാരായണൻ, എം.ആർ. ലളിതാംബിക, കെ. കൊച്ച, ടി.പി. ചാമിയാർ, സി.വി. ദ്വാരകനാഥൻ, എ. കുഞ്ചൻ, വി.വി. പരശുരാമൻ, സി.ജി.സുലോചന, എം.ആർ.പ്രഭാവതി, കെ.പി. പ്രഭാവതി, പി.പാറുക്കുട്ടി, പി.ദേവി, എൽ.ആർ. അമ്മിണി, എം.പൊന്നമ്മ, വി.എൻ.രത്‌നമ്മ, എസ്. വിജയലക്ഷ്‍മി, പി.ദേവകി, പി. ജയലക്ഷ്മി, വാസു തിരൂളി, വി.കുമാരി, വി.രാജേശ്വരി, എച്. നൂർജഹാൻ, യു. പുഷ്പലത, എം.ആർ. ശൈലേന്ദ്രി ദേവി, എസ്. ഓമന, ആർ. ലീലാമ്പാൾ, പി.എം. ശാന്തകുമാരി, സി.ടി. അംബിക, ഐ. ജയ്ത്തൂൺ, കെ.പി.വിശാലം