എ.യു. പി. എസ്. അപ്പുപിള്ളയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന അപ്പുപ്പിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തിരുന്നൽവേലിയിൽ നിന്നും കച്ചവടത്തിനായി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസം ആക്കുകയും ചെയ്ത ആളുകളാണ് അപ്പുപ്പിള്ളയൂർവാസികളിൽ കൂടുതലും. അപ്പുപ്പിള്ളയുടെ നേതൃത്വത്തിൽ വന്നതിനാലാകണം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന തമിഴ് പേര് ലഭിച്ചത്. 'ഊര്' എന്നാൽ തമിഴിൽ ഗ്രാമം എന്നാണ് അർഥം.

വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള തന്റെ ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. അന്ന് മലബാർ ജില്ലയുടെ ഭാഗമായിരുന്നു നമ്മുടെ പ്രദേശം. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഓലമേഞ്ഞ ഒറ്റമുറിയിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വിദ്യാലയം തുടങ്ങുവാനുള്ള എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള പെരിയപിള്ളയ്ക്ക് നൽകിയിരുന്നു. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്. അപ്പുപ്പിള്ളയൂർ എയ്ഡഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല നാമം. 1935 മുതൽ മൂന്നാം ക്ലാസ്സിന് ഔദ്യോഗിക അംഗീകാരം മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ലഭിച്ചു (അംഗീകാര നമ്പർ: 8 (24) Dated 28-7-1934). 1936 മുതൽ നാലാം ക്ലാസ്സിന് ഔദ്യോഗിക അംഗീകാരം മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ലഭിക്കുകയുണ്ടായി (അംഗീകാര നമ്പർ: 2 (16) Dated 21-10-1936). 1938 മുതൽ അഞ്ചാം ക്ലാസ് താൽകാലികമായി പ്രവർത്തിക്കാനുള്ള അനുമതി മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്നും ലഭിച്ചു. (അംഗീകാര നമ്പർ: 8 (23) Dated 4 -12 -1937). 1962 വരെ അപ്പുപിള്ളയൂർ എയ്ഡഡ് എലിമെന്ററി വിദ്യാലയമായി തുടർന്നു. 1962 ൽ ആറാം ക്ലാസും അനുവദിച്ചതോടെ എലിമെന്ററി വിഭാഗത്തിൽ നിന്നും എയ്ഡഡ് അപ്പർ പ്രൈമറി വിഭാഗമായി ഉയർത്തപ്പെട്ടു. 1965 ൽ ഏഴാം ക്ലാസ്സും അനുവദിച്ചു കിട്ടി. (Ref: C429794/ 65 dt 20-8-1965)

തമിഴ് സംസാരിക്കുന്ന ആളുകൾ അപ്പുപിള്ളയൂർ ഗ്രാമത്തിൽ ഉള്ളതിനാൽ അവരുടെ മക്കൾക്കും മാതൃഭാഷയിൽ വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി തമിഴ്  മാധ്യമത്തിൽ അധ്യയനം നടത്താനുള്ള സർക്കാരുടെ അനുമതി വിദ്യാലയം തേടുകയുണ്ടായി. 1965 ൽ തമിഴ് മീഡിയം ഒന്നാം ക്ലാസ്സ് സർക്കാരിന്റെ അനുമതിയോടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുതുടങ്ങി. 1970 ലാണ് തമിഴ് മീഡിയം യു.പി വിഭാഗം അനുവദിച്ചു കിട്ടുന്നത്.

1963ൽ  വിദ്യാലയത്തിന്റെ സ്ഥാപകനായ പെരിയപിള്ളയുടെ മരണശേഷം മകനായ പി. കൃഷ്ണമൂർത്തി വിദ്യാലയത്തിന്റെ മാനേജർ പദവി ഏറ്റെടുത്തു. ദീർഘകാലം മാനേജരായിരുന്ന ഇദ്ദേഹത്തിന്റെ കാലത്താണ് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുന്നത്. ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും പിന്നീട് ഇരുനില കെട്ടിടങ്ങളാക്കി മാറ്റുകയും ചെയ്തു. സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ, സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്ക് നൽകുവാൻ മാനേജരായിരുന്ന കൃഷ്ണമൂർത്തി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2004 ൽ ആരംഭിച്ചത്. പ്രീ പ്രൈമറി സ്കൂളിന്റെ ആദ്യത്തെ പേര് ഹരിശ്രീ വിദ്യാമന്ദിർ എന്നായിരുന്നു. സ്കൂളിന്റെ മുൻ അധ്യാപകനായ വാസു തിരൂളി മാസ്റ്റർ ആയിരുന്നു ആദ്യകാലത്ത് പ്രീ പ്രൈമറി സ്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. പിന്നീട് 2010 ൽ വിദ്യാലയത്തിന്റെ മാനേജ്‌മന്റ്  പ്രീ പ്രൈമറി വിഭാഗത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഇപ്പോൾ 90 വിദ്യാർത്ഥികളും 3  അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.

സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. കേരളത്തിൽ പൊതുവായി കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം സാമാന്യ ജനം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീ‍ഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2009 ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം കൈകൊണ്ടു. 2010 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കുള്ള അനുമതി സർക്കാരിൽ നിന്നും കിട്ടുകയുണ്ടായി. 2010 മുതൽ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള പഠനം തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സാധാരണക്കാർക്കും മികച്ച നിലവാരത്തിൽ പൊതുവിദ്യാലയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് മീഡിയത്തിലൂടെ മിടുക്കരാവാം എന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൽ തെളിയിച്ചതോട് കൂടി രക്ഷിതാക്കൾ ആവേശത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിദ്യാർത്ഥികളെ ചേർത്തു.

കാലോചിതമായ മാറ്റങ്ങൾ ആർജിച്ചു കൊണ്ട് പുരോഗതിയുടെ പടവുകൾ കയറാൻ എന്നും കരുത്തുറ്റൊരു അധ്യാപക സമൂഹം കൂട്ടായി പ്രവർത്തിച്ചു വരുന്നു. ഉന്നത വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയുമുള്ള എത്രയോ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ അഭിമാന താരങ്ങളായി ഇന്നും തിളങ്ങുന്നു. ചരിത്ര വഴികൾ എത്രയോ പിന്നിട്ട് ഈ കാലഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും അധ്യാപകരും അപ്പുപിള്ളയൂർ ഗ്രാമ നിവാസികളും മറ്റ് പ്രാദേശിക സഹകരണ സംഘങ്ങളും വിദ്യാലയത്തിന് ഇന്നും വലിയൊരു ഊർജ കേന്ദ്രമായി പ്രവർത്തിച്ചു വരുന്നു. ഇന്ന് വിദ്യാലയത്തിൽ മലയാളം,തമിഴ്, ഇംഗ്ലീഷ് മീഡിയങ്ങളിലായി 31 അധ്യാപകരുടെ കീഴിൽ 700ഓളം കുട്ടികൾ പഠിക്കുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾ , പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ, സമൂഹ - സമ്പർക്ക പ്രവർത്തനങ്ങൾ ....... തുടങ്ങിയവയെല്ലാം മറ്റ് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും നമ്മുടെ വിദ്യാലയാങ്കണത്തിലേക്ക് ആകർഷിക്കുന്ന ചില സുപ്രധാന ഘടകങ്ങളാണ്.

തുടർന്നും കർമനിരതരായി...... സമൂഹ നന്മക്കായി ...... നല്ല തലമുറകൾക്കായി നമുക്ക് ഒത്തൊരുമിക്കാം.......

വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച ഗുരുക്കന്മാർ:

കെ. അപ്പു, എസ്. വെങ്കിടസ്വാമി, വി. രാമസ്വാമി റെഡിയാർ, വി.ആർ. പങ്കി മേനോൻ, എം. സാന്തിയാഗോ, കെ.എൻ.ബാലകൃഷ്ണൻ, ദേവൻ, എ. ശങ്കുണ്ണി മേനോൻ, കെ. രാധ അമ്മാൾ, എ. പത്മാവതി അമ്മാൾ, എം.എസ്. മീനാക്ഷി, എ. സുന്ദരൻ, എം. നടരാജൻ, സി. ശങ്കരൻ, പി.കെ. പൊന്നൻ, ചന്ദ്രമതി അമ്മ, എ.ജി. പൊന്നമ്മ, പി.കൃഷ്ണമൂർത്തി, കെ.ദേവകി, ആർ. നാരായണസ്വാമി, എം. ഷണ്മുഖൻ, കെ.ജി. അലമ്മ, എം.കെ. നാരായണൻ, എം.ആർ. ലളിതാംബിക, കെ. കൊച്ച, ടി.പി. ചാമിയാർ, സി.വി. ദ്വാരകനാഥൻ, കെ.മുകുന്ദനുണ്ണി, എൽ. രമാമണി, കെ.പാപ്പാത്തി, സരസമ്മ, ആറുക്കുട്ടി, എ. കുഞ്ചൻ, വി.വി. പരശുരാമൻ, സി.ജി.സുലോചന, എം.ആർ.പ്രഭാവതി, കെ.പി. പ്രഭാവതി, പി.പാറുക്കുട്ടി, പി.ദേവി, എൽ.ആർ. അമ്മിണി, എം.പൊന്നമ്മ, വി.എൻ.രത്‌നമ്മ, എസ്. വിജയലക്ഷ്‍മി, പി.ദേവകി, പി. ജയലക്ഷ്മി, വാസു തിരൂളി, വി.കുമാരി, വി.രാജേശ്വരി, എച്. നൂർജഹാൻ, യു. പുഷ്പലത, എം.ആർ. ശൈലേന്ദ്രി ദേവി, എസ്. ഓമന, വി.മഹാദേവൻ, എം.പി. ശശിധരൻ, അൻവർ ബാഷ, ആർ. ലീലാമ്പാൾ, പി.എം. ശാന്തകുമാരി, സി.ടി. അംബിക, ഐ. ജയ്ത്തൂൺ, കെ.പി.വിശാലം, ആർ.വരദരാജേശ്വരി, പി.ശ്രീലത