നാഷണൽ സർവ്വീസ് സ്കീം

സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ 2016 ൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ആരംഭിച്ചു. വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തിക്കൊണ്ട്  വിദ്യാർഥികൾക്കും,സ്കൂളിനും, നാടിനും മാതൃകയായ ഒരു യൂണിറ്റായി മാറി സ്കൂളിന്റെ എൻ.എസ്.എസ് യൂണിറ്റ്.2021ൽ മലപ്പുറം ജില്ലയിലെ മികച്ച നാഷണൽ സർവീസ് യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസറായി സ്കൂളിലെ മുഹ്സിൻ ചോലയിലിനെയും തിരഞ്ഞെടുത്തു.സ്കൂൾ നടത്തിയ  പ്രധാന പ്രോഗ്രാമുകൾ താഴെ കൊടുക്കുന്നു.

നാഷണൽ സർവിസ് സ്‌കീമിന്റെ മികച്ച പ്രവർത്തങ്ങൾ

ഉപ്പിലിട്ട ഓർമ്മകൾ

 
ഉപ്പിലിട്ട ഓർമ്മകൾ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീർ നിർവഹിക്കുന്നു

അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വയോജന സംഗമത്തിൽ ചർച്ചകളും ഓർമ്മകൾ പങ്കുവയ്ക്കലും നടന്നു. നൂറിലേറെ വയോജനങ്ങളാണ് സംഗമത്തിന് എത്തിയത്. പഴയ തലമുറയുടെ അറിവിനു അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനവും ആദരം നൽകാനാണ് പരിപാടി സംഘടിപ്പിച്ചത്. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്ന പുതുതലമുറയ്ക്ക് പഴയ തലമുറകളുടെ അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനം കൈമാറാനുള്ള മികച്ച ഒരു വേദിയായി സംഗമം. ഒട്ടേറെ പരിപാടികൾ ശ്രദ്ധേയമായിരുന്നു വയോജന ദിനാചരണം. 'ഓർമ്മ കൂട്ട്', 'രുചി കൂട്ട്', 'ചോദ്യ കൂട്ട്' എന്നീ വ്യത്യസ്ത പ്രോഗ്രാമുകൾ ചടങ്ങിൽ നടത്തി. ചടങ്ങ് ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.

 
കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള

കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള

സഹപാഠിക്കൊരു വീട്പദ്ധതിക്കു വേണ്ടി 'കൂട്ടായ്മയുടെ കൈപുണ്യം ' ഭക്ഷ്യമേള നവ്യാനുഭൂതിയായി. സ്വന്തമായി ഒരു വീട് എന്ന രണ്ട് സഹപാഠികളുടെ സ്വപ്നം പൂവണിയിക്കാൻ മറ്റു കൂട്ടുകാർ കൈകോർത്തപ്പോൾ രക്ഷിതാക്കളും അയൽവാസികളും നാട്ടുകാരും അതിന് പിന്തുണയേകി.സ്കൂൾ കുട്ടികൾ തയാറാക്കിയ 50 സ്റ്റാളുകൾക്ക് പുറമെ പൂർവ്വ വിദ്യാർഥികൾ ഒരുക്കിയ ഒരുമ-92 സ്റ്റാളും, അധ്യാപകരുടെ 'ഉസ്താദ്കുശിനി' സ്റ്റാളും ശ്രദ്ധേയമായി. ലൈവ് കിച്ചൻ, ഇഷൽ തക്കാരം,നാട്ടു ചന്ത, ഉസ്താദ് കുശിനി, മെഹന്തി ഫെസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് സ്കൂളിലെ നിർധനരായ രണ്ട് വിദ്യാർഥികൾക്ക് വീടെടുത്ത്നൽകുന്നത്. ഉമ്മമാർ വീടുകളിൽ നിന്നുംപാചകം ചെയ്തുകൊണ്ട് വന്ന വ്യത്യസ്തയിനം വിഭവങ്ങളാണ് പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിൽ വിൽപനക്കെത്തിയത്.തൽസമയം ഉണ്ടാക്കിയ രുചികരമായ ഭക്ഷണ സാധനങ്ങളും, നാടൻ ഉൽപന്നങ്ങളുടെ നാട്ടുചന് യും,മേളക്ക് മാറ്റുകൂട്ടി. 80 ഇനം വ്യത്യസ്തയിനം ബിരിയാണികളുടക്കം 500 ൽപരം രുചികരമായ ഭക്ഷണ സാധനങ്ങളാണ് ഭക്ഷ്യ മേളയിലെത്തിയത്. ഭക്ഷ്യമേള യിലൂടെ 23.5 ലക്ഷം രൂപയാണ് ലഭിച്ചത്. ഭക്ഷ്യ മേള കോഴിക്കോട് ഹൈസൺ ഹെരിറ്റേജ് എക്സിക്യൂട്ടീവ് ഷെഫ് ബിജു മാത്യു ഉദ്ഘാടനം ചെയ്തു. രണ്ട് വര്ഷം കൊണ്ട് സഹപാടിക്കൊരു വീട് പദ്ധതി വഴി സ്കൂളിന്റെ എൻ.എസ് .എസ് യൂണിറ്റ് 7 വീടുകളാണ് നിർമിച്ചു നൽകിയത്. കൂട്ടായ്മയുടെ കൈപ്പുണ്യം വഴി നിർമിച്ച വീടുകളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മനുഷ്യ ഇന്ത്യ

 
മനുഷ്യ ഇന്ത്യ

സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൻറ ഭാഗമായാണ് ഊർങ്ങാട്ടിരിയിൽ ലഹരിക്കെതിരെ ബോധവത്കരണത്തിന് വേറിട്ട പരിപാടി നടത്തി. മൈത്ര സ്റ്റേഡിയത്തിൽ വർണാഭമായ വേഷവിധാനം ചെയ്ത വിദ്യാർത്ഥികൾ ഒന്നിച്ചുചേർന്ന് ഭാരതത്തിന്റെ മാതൃക നിർമ്മിക്കുകയും അതിനുചുറ്റും പൊതുജനങ്ങൾ കൈകോർത്തുപിടിച്ച് മനുഷ്യച്ചങ്ങല തീർത്തുകൊണ്ടാണ് വിദ്യാർഥികൾ ലഹരിവിരുദ്ധ ബോധവത്കരണം നടത്തിയത്. നാട്ടുകാരും പങ്കെടുത്തു. കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുജനങ്ങൾക്കായി നടത്തിയ 'അറിവരങ്ങ്'  ക്വിസ് മത്സരത്തിന് നൗഷാദ് അരീക്കോട് നേതൃത്വം നൽകി.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

 
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ലോകത്ത് 2030ഓടെ സുസ്ഥിര വികസനവും ദാരിദ്ര്യ നിർമ്മാർജ്ജനവും  സാധ്യമാക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക രാജ്യങ്ങൾ പ്രഖ്യാപിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളെ മാതൃകയാക്കാൻ സ്കൂളിലെ വിദ്യാർഥികൾ. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത്  2015 സെപ്റ്റംബറിൽ പ്രഖ്യാപിച്ച വികസനലക്ഷ്യങ്ങളുടെ  വാർഷികാഘോഷ പരിപാടികളുടെ  പശ്ചാത്തലത്തിലാണ് പുതിയ ലോകം സൃഷ്ടിക്കാനുള്ള ആഗോള കൂട്ടായ്മയുടെ ഭാഗമാവാൻ സുല്ലമുസ്സലാം ഓറിയന്റൽ  ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തീരുമാനിച്ചത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ  പ്രചാരണത്തിനായി പ്രവർത്തിക്കുന്ന യൂത്ത് മൈൻഡ്  ഇന്റർനാഷണൽ എൻ.ജി.ഒ  യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന ഗ്ലോബൽ ആക്ഷൻ ഇവന്റിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുകയും അവയെ മാതൃകയാക്കാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു പരിപാടി പ്രിൻസിപ്പാൾ കെടിഎം മുനീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് മൂവ്മെന്റ് ഇന്റർനാഷണൽ ചെയർമാൻ അബൂ സാലി ഒ കെ   17 ലക്ഷ്യങ്ങളെ പരിചയപ്പെടുത്തി.

കൊയ്ത്തുൽസവം

 
കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം വി ടി ബൽറാം എം. എൽ. എ നിർവഹിക്കുന്നു

എൻ.എസ്.എസ്, സ്കൗട്ട്സ്, ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച സുഭിക്ഷം പദ്ധതിയിലൂടെ വിളയിച്ച് നെല്ലിന്റെ കൊയ്ത്ത്തുത്സവം ഗ്രാമത്തിന്റെ ഉത്സവമായി. ഉദ്ഘാടനം വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു. യുവതലമുറയിൽ കാർഷിക അവബോധം സൃഷ്ടിക്കാൻ ഇത്തരത്തിലുള്ള പരിപാടികൾക്ക്സാ ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അധ്വാനത്തെ ബൽറാം പ്രശംസിച്ചു. യുവകർഷകൻ നൗഷർ കല്ലടയുടെ വെളേളരി ചാലിപ്പാടത്താണ് ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തിയത്. സ്വന്തമായി ഭക്ഷണം വിഷരഹിതമായി ഉണ്ടാക്കാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികൾ വിളയിച്ചത്. കൊയ്തെടുത്ത നൂറു പറ നെല്ല് സ്കൂളിന്റെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറാനാണ് ഉദ്ദേശ്യം. ഈവർഷത്തെ കരനെൽകൃഷിയിലൂടെ വിളവെടുത്ത കാഞ്ചന് ഇനത്തിൽപെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്.

ദണ്ഡിയാത്ര പുനരാവിഷ്കരണം

 
ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ

മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിൽ, ദണ്ഡിയാത്രയുടെ എൺപത്തിയൊമ്പതാം വാർഷികത്തിൽ, ദേശീയ സ്വാതന്ത്ര്യ സമരത്തെ ജനകീയവൽക്കരിക്കുകയും ഇന്ത്യൻ ദേശീയതയെ നിർവചിക്കുകയും ചെയ്ത ഉപ്പുസത്യഗ്രഹത്തിന്റെ പുനരാവിഷ്കാരം, കാലത്തിന്റെ കെട്ട മൂല്യങ്ങൾക്കെതിരെയുള്ള ഉണർത്തുപാട്ടായി കൗതുകക്കാഴ്ചക്കപ്പുറം ആശയഗാംഭീര്യത്തിന്റെ ആവിഷ്കാരം, അതു പ്രസരിപ്പിക്കുന്ന മൂല്യം കൊണ്ടു തന്നെ ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി. ഗാന്ധിയുടെ രൂപസാമ്യമുള്ള ഗാന്ധിയൻ ഡോ. ചാച്ചാ ശിവരാജൻ നേതൃത്വം നൽകിയ ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ,  ഗാന്ധിയെ അനുഗമിച്ച സമര ഭടന്മാരായി വിദ്യാർത്ഥികൾ വേഷമിട്ടു. സരോജിനി നായിഡു, മണിലാൽഗാന്ധി, മിഥു ബെൻ എന്നിങ്ങനെ ദണ്ഡിയാത്രയിൽ പങ്കെടുത്ത പ്രമുഖരും പ്രഗത്ഭരുമായ ദേശീയ പ്രസ്ഥാന നേതാക്കളായും വിദ്യാർത്ഥികൾ വേഷം പകർന്നു. അരീക്കോട് വില്ലേജ് ഓഫീസിന് സമീപം സജ്ജീകരിച്ച ആശ്രമത്തിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് നാട്ടുകാരും വിദ്യാർത്ഥികളും യാത്രക്കാരുമായ ആയിരങ്ങൾ അനുഗമിച്ചു. യാത്രയ്ക്കിടെ ഗാന്ധിക്കും അനുചരർക്കും സ്വീകരണം നൽകിയ അസലാലി, നവാഗം, ആനന്ദ്, സൂററ്റ് നവസാരി  തുടങ്ങിയ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം പുനരാവിഷ്കരിച്ചു. ദണ്ഡിയാത്രാ വേളയിൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളുടെ മലയാളാവിഷ്കാരം വിസ്മയകരമായി. യഥാർത്ഥ ദണ്ഡി യാത്രയെ ഓർമിപ്പിക്കുമാറ് യാത്രാ വീഥിക്കിരുവശവും സ്ത്രീകളും കുട്ടികളും നാട്ടുകാരുമായ ആയിരങ്ങൾ യാത്രക്ക് ആശീർവാദവും ഐക്യദാർഢ്യവുമായി അണിനിരന്നു. പുഷ്പവൃഷ്ടിയും പൂമാലയുമായി സ്ത്രീകളും കുട്ടികളും ഗാന്ധിയെയും അനുചരന്മാരെയും സ്വീകരിച്ചു. താഴത്തത്തങ്ങാടിയിൽ, ചാലിയാർ പുഴയോരത്ത് പ്രതീകാത്മകമായി ഉപ്പു കുറിക്കിക്കൊണ്ട് ദണ്ഡിയാത്രയുടെ പുനരാവിഷ്കാരത്തിന്റെ സമാപനത്തിന് തടിച്ചുകൂടിയ ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തടയണ നിർമ്മാണം

 
വിദ്യാർത്ഥികൾ തടയണ നിർമാണത്തിൽ

അരീക്കോട് പഞ്ചായത്തിലെ ചെമ്രക്കാട്ടൂർ, വെള്ളേരി, താഴത്തുമുറി ,വലിയ കല്ലിങ്ങൽ ,ചീക്കോട് പഞ്ചായത്തിലെ വിളയിൽ, കുഴിമണ്ണ പഞ്ചായത്തിലെ കടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ എൻഎസ്എസ്- സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കടുങ്ങല്ലൂർ പാലത്തിന് താഴെ തടയണ നിർമിച്ചാണ് വിദ്യാർത്ഥികൾ നാട്ടുകാരുടെ മനം കുളിർപ്പിക്കുന്നത്. അരീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉള്ള ഒരു പ്രദേശമാണ് ഇത്. ഏപ്രിൽ,മെയ് മാസങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്തെ കൃഷിക്കാർക്കും കുടുംബങ്ങൾക്കും ആണ് വിദ്യാർത്ഥികളുടെ ദൗത്യം ആശ്വാസമേകുന്നത്. യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരി- ചാലിപ്പാടത്തെ ഒരേക്കറോളം വരുന്ന വയലിൽ വർഷങ്ങളായി  സ്ക്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കുന്നുണ്ട് .'മാതൃക ഹരിതഗ്രാമം' ആയി സ്കൂൾ നേരത്തെ പ്രഖ്യാപിച്ച പ്രദേശത്തിൻറെ കുടിവെള്ളക്ഷാമം കൂടി തടയണ നിർമ്മാണത്തിലൂടെ പരിഹരിക്കപ്പെടുകയാണ്. അഞ്ഞൂറിൽപരം പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ചാണ് ശ്രമകരമായ തടയണ നിർമ്മാണം നടത്തുന്നത്.പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ്  പി വി എ മനാഫ് ജലം സംരക്ഷിക്കുന്നതിന് സ്ഥിരം സംവിധാനം പ്രദേശത്ത് ഉണ്ടാകുമെന്ന് ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചത് നാട്ടുകാർക്ക് ആശ്വാസമായി. അരീക്കോട്, ചീക്കോട്, കുഴിമണ്ണ  എന്നീ മൂന്ന് പഞ്ചായത്തുകളിലെ 5 വാർഡുകളിലായി പരന്നുകിടക്കുന്ന 2500 കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനകരം ആകുന്നത്. സ്കൂളിലെ 160 സന്നദ്ധ വളണ്ടിയർമാർക്ക് ഒപ്പം നാട്ടുകാരും തടയണ നിർമ്മാണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിരിയാണിപ്പാടം കൊയ്ത്തുത്സവം

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർ ആറ്റുനോറ്റുണ്ടാക്കിയ 'ബിരിയാണിപ്പാട'ത്തെ വിളവെടുപ്പ്!കൊയ്ത്തുത്സവം കെങ്കേമമാക്കാൻ ബഹുമാനപ്പെട്ട മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കൂടിയെത്തിയതോടെ ബിരിയാണിപ്പാടത്ത് ആവേശം ഇരട്ടിയായി.പിരിഞ്ഞു പോകുന്ന കൂട്ടുകാർക്ക് ഗംഭീര യാത്രയയപ്പ് നൽകാൻ വേണ്ടിയാണ് അവർ ഇപ്രാവശ്യം 'ബിരിയാണിയരി' കൃഷി ചെയ്തത്.നെൽ വിത്ത്‌ തേടി കുറെ അലഞ്ഞു അവസാനം വയനാട്ടിലെ ചെറുവയൽ രാമന്റെ കയ്യിൽ നിന്നാണ് മുന്തിയ 'ഗന്ധ കശാല' ഇനത്തിൽപെട്ട വിത്ത് തേടിപ്പിടിച്ചു എത്തിച്ചതും കൃഷിയിറക്കിയതും.യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിലാണ് സ്കൂളിലെ എൻ.എസ്.എസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ഇറക്കിയത്. വിദ്യാർത്ഥികൾക്കൊപ്പം മന്ത്രിയും നെല്പാടത്തേക്കിറങ്ങിയതോടെ കൊയ്തുപാട്ടിന്റെ ഈരടികൾ ഉയർന്നു. പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു.ഇടകാലത്ത് നമുക്ക് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി ബിരിയാണിപ്പാടത്തെ കൊയ്ത്തുത്സവം.

 
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ബിരിയാണി പാടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുന്നു

കഴിഞ്ഞ നാലു വർഷമായി കുട്ടികൾ ഇവിടെ കൃഷിയിറക്കുന്നുണ്ട്.വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നല്കുകയാണ് പതിവ്.സ്കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരി യെ 'മാതൃകാ ഹരിത ഗ്രാമം' ആയി പ്രഖ്യാപിചിരുന്നു.പ്രദശത്തെ 2500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർത്ഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ 'തടയണ' നിർമിച്ചത് ഇക്കഴിഞ്ഞ മാസത്തിലായിരുന്നു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു.സ്കൂളിലെ ജെ.ആർ .സി യൂണിറ്റിലെ വിദ്യാർഥികളും കൊയ്‌ത്തിൽ പങ്കെടുത്തു.നൗഷർ കല്ലടയെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും പൂർവ വിദ്യാർത്ഥിയുമായ അഡ്വ.പി വി മനാഫ് സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിരിയാണിപ്പാടത്തെ വിളവ് ദുരിതാശ്വാസ നിധിയിലേക്ക്

 
എൻ.എസ്.എസ് വളണ്ടിയർ ലീഡർ  മുഹമ്മദ് അനസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  ബിരിയാണി പാടത്തെ വിളവിൽ നിന്നും ലഭിച്ച തുക മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നൽകുന്നു

സ്‌കൂളിലെ എൻ എസ് എസ്(നാഷണൽ സർവീസ് സ്‌കീം) വിദ്യാർത്ഥികളാണ് വെള്ളേരി ചാലിപ്പാടത്ത് ഒരേക്കറോളം വരുന്ന നെൽപാടത്ത് നിന്നുള്ള ഈ വർഷത്തെ വിളവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച് കരുതലിന് പുതിയ മാനം നൽകിയത് .അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി മൂലം ബിരിയാണി വിളമ്പി എസ്.എസ് .എൽ.സി , പ്ലസ് ടു   സെന്റോഫ് നടത്താമെന്ന മോഹങ്ങളെല്ലാം പൊലിഞ്ഞപ്പോൾ പക്ഷെ, കീഴടങ്ങാൻ അവർ തയ്യാറാല്ലായിരുന്നു.കോവിഡ് മഹാമാരിക്ക് ശേഷം വരാനിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ദൗർലഭ്യം മുൻകൂട്ടിക്കണ്ട്  വിളവ് പൂർണമായും വിത്താക്കി ആവശ്യക്കാർക്ക് നൽകിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയായ 31430 രൂപ സമാഹരിച്ചത്.തങ്ങൾക്ക് അടുത്ത വർഷം കൃഷി ചെയ്യാനുള്ള വിത്ത് മാറ്റിവെച്ചു ബാക്കി വന്ന നാലു ക്വിന്റലോളം നെൽ വിത്തുകളാണ് സമീപ പ്രദേശത്തെ കർഷകർക്ക് കൃഷിക്കായി നൽകിയത്.  വയനാട്ടിലെ പാരമ്പര്യ കർഷകരിൽ നിന്നാണ് ബിരിയാണി അരിക്കുള്ള 'ഗന്ധകശാല' ഇനത്തിൽപ്പെട്ട  മേത്തരം വിത്ത് ശേഖരിച്ചത്.യുവകർഷകൻ നൗഷർ കല്ലടയുടെ വയലിലാണ് കുട്ടികൾ കഴിഞ്ഞ അഞ്ചു വർഷമായി കൃഷിയിറക്കുന്നത്.നിർദേശങ്ങളുമായി നൗഷർ എപ്പോഴും കുട്ടികൾക്കൊപ്പമുണ്ടാകും. ജെ.ആർ .സി , സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികളും പാടത്തിറങ്ങി. കെങ്കേമമായി ഞാറു നടീലും അതിലും ഗംഭീരമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കൊയ്തുത്സവവും ബിരിയാണിപ്പാടത്ത് അരങ്ങേറി.മാർച്  അവസാനം പരീക്ഷ കഴിഞ്ഞു ബിരിയാണി വിളമ്പി പിരിയാനായിരുന്നു പ്ലാൻ. എല്ലാവരും ചർച്ച നടത്തിയാണ് നെൽവിത്തുകൾ ആവശ്യക്കാർക്ക് നൽകിയതും ലഭിച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതും.  ബഹു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വശം തന്നെ  തുക കൈമാറിയപ്പോൾ വിദ്യാർഥികളുടെ മുഖത്തു ബിരിയാണി വെച്ചു വിളമ്പിയത്തിന്റെ ഇരട്ടി സന്തോഷം.അത് എൻ.എസ്.എസ് വളണ്ടിയർ ലീഡർ മുഹമ്മദ് അനസിന്റെ വാക്കുകളിൽ നിഴലിക്കുകയും ചെയ്തു.'ഇപ്രാവശ്യത്തെ വിളവ് വേറിട്ട ഒരു പ്രവർത്തനം നടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ.പക്ഷെ,അതിനേക്കാൾ എത്രയോ മഹത്തരമായ ഉദ്യമത്തിലേക്ക് അത് നൽകാൻ കഴിഞ്ഞപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ല.....ഒപ്പം ഞങ്ങളുടെ നെൽവിത്തുകൾ സമീപപ്രദേശങ്ങളിലൊക്കെ ക്ഷാമകാലം സമൃദ്ധമാക്കും..'

കോവിഡ് പ്രതിരോധ സന്ദേശ ഗാനo

 
കോവിഡ് പ്രതിരോധ ഗാനം പി.കെ കുഞ്ഞാലികുട്ടി റിലീസ് ചെയ്യുന്നു

കോവിഡ് പ്രതിരോധയജ്ഞത്തിൽ അത്യധ്വാനം ചെയ്‌ത് കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും മറ്റു  മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ -എൻ.എസ്.എസ് യൂണിറ്റ് കേരളത്തിലെ അറിയപ്പെടുന്ന 20 റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തി തയ്യാറാക്കിയ കോവിഡ് സന്ദേശ ഗാനത്തിന്റെ  ഔപചാരിക ലോഞ്ചിങ് ബഹുമാന്യനായ പി കെ കുഞ്ഞാലി കുട്ടി എം.പി  നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ടി മുനീബുറഹ്മാൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ്  പശ്ചാത്തലത്തിൽ സർക്കാർ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഗാനം തയ്യാറാക്കിയത്. ബദറുദ്ധീൻ പാറന്നൂറിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായനും,  സ്കൂളിലെ മുൻ സംഗീതാധ്യാപകനുമായ കെ. വി അബൂട്ടിയുടെ സംഗീതത്തിൽ ഹകീം പുൽപ്പറ്റയാണ് ഈ വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ക്രാപ് ചാലഞ്ച്

 
വിദ്യാർത്ഥികൾ സ്ക്രാപ്പ് ചലഞ്ചിൽ

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു നിർമ്മിക്കാൻ സ്ക്രാപ് ചാലഞ്ചുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ.ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തിരുവാലിയിൽ നിർമ്മിക്കുന്ന 4 വീടുകൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനു വേണ്ടിയാണു എൻ.എസ്.എസ് വളണ്ടിയർമാർ സ്ക്രാപ്  ചാലെഞ്ച് എന്ന ആശയവുമായി രംഗത്തിറങ്ങിയത്.സ്വന്തം വീട്ടിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും, അരീക്കോട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും  പഴയ പത്രക്കടലാസുകളും,ഇരുമ്പ് സാമഗ്രികളും, പ്ലാസ്റ്റിക്കും, കുപ്പികളുമെല്ലാം ശേഖരിച്ചു വിൽപ്പന നടത്തിയാണ് തുക സമാഹരിക്കുന്നത്.ഇതിനകം ഒരു ലക്ഷം രൂപയിലധികം സ്ക്രാപ് കളക്ഷനിലൂടെ സമാഹരിച്ചു.

കർഷക വേഷത്തിൽ കളക്ടർ;കൊയ്ത്തുത്സവം കെങ്കേമമാക്കി കുട്ടികൾ

 
മലപ്പുറം ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ IAS കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുന്നു

സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ ബിരിയാണിപ്പാടത്തിന്റെ കൂട്ടുകാർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല-നൂറുമേനി വിളവെടുപ്പുമായി ആഘോഷത്തിമിർപ്പിൽ കൊയ്ത്തുത്സവം. പക്ഷേ, ഇത്തവണത്തെ വിളവെടുപ്പിന് ഒരു കൗതുകവും കുട്ടികൾ ഒരുക്കിയിരുന്നു. ജില്ലയുടെ കളക്ടറെ തന്നെ വിളവെടുപ്പിന് ഒപ്പം കൂട്ടി. കലക്ടർ മാത്രമായല്ല, കർഷകനായും കൊയ്ത്തുകരനായും അദ്ദേഹം ജനപ്രതിനിധികളേയും നാട്ടുകാരെയും സാക്ഷിയാക്കി കുട്ടികൾക്ക് കൊയ്തുത്സവത്തിന് നേതൃത്വം നൽകി.സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് യുവകർഷകനും വാർഡ് മെമ്പറുമായ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിൽ കുട്ടികൾ കൊയ്ത്തുത്സവം കെങ്കേമമാക്കിയത്. ഒരേക്കർ സ്ഥലത്തു കൃഷി ചെയ്ത ഔഷധ മൂല്യമുള്ള നെല്ലിനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് ആദ്യം പാകമായ 'ഗന്ധകശാല' ഇനത്തിൽ പെട്ട നെല്ല്  കൊയ്ത്തുപാട്ടിന്റെ ഈരടികൾക്കൊപ്പം കളക്ടറും സംഘവും  കൊയ്തെടുത്തു. ഇടക്കാലത്ത്  നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി കലക്ടറുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം.തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന കാർഷിക വൃത്തിയോടുള്ള സ്നേഹവും ആദരവും വ്യക്തമാക്കി കാലത്ത്  7 മണിയോടെ തന്നെ കലക്ടർ സ്ഥലത്തെത്തിയിരുന്നു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.താൻ ഒരു കർഷക കുടുംബത്തിലെ അംഗമായത്തിൽ അഭിമാനമുണ്ടെന്നു അദ്ദേഹം പറഞ്ഞു.കൃഷിപാഠങ്ങൾ പറഞ്ഞും വിശേഷങ്ങൾ പങ്ക് വെച്ചും രണ്ട് മണിക്കൂർ നേരം അദ്ദേഹം കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾഉച്ചഭക്ഷണ പദ്ധതിയിലേക്ക്  പച്ചക്കറികൃഷിയൊരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ

 
നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്കുള്ള പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചെയ്യുന്നു

പുതിയ അധ്യയന വർഷത്തിൽ  സ്കൂളിൽ എത്തുന്ന കുഞ്ഞനിയന്മാർക്കും അനിയത്തിമാർക്കും സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കാൻ സ്വന്തമായി പച്ചക്കറിത്തോട്ടം ഒരുക്കി കാത്തിരിക്കുകയാണ് ഇവിടെ എൻ.എസ്.എസ് വളണ്ടിയർമാർ.അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലാണ് കോവിഡ് പ്രതിബന്ധങ്ങൾ മറികടന്ന് വിദ്യാർത്ഥികൾ കൃഷിതോട്ടം ഒരുക്കിയിരിക്കുന്നത് . കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ ഔദ്യോഗിക സമർപ്പണം നിർവ്വഹിച്ചു. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചകറി വികസനപദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രൊജക്ട് അധിഷ്ഠിത  പച്ചക്കറികൃഷിയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്. പച്ചക്കറി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയൂം സ്കൂൾ ഉച്ച ഭക്ഷണത്തിനാവശ്യമായി വരുന്ന പച്ചക്കറികൾ വിളയിച്ചെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വർഷത്തിൽ എല്ലാ കാലത്തും പച്ചക്കറി കൃഷി ചെയ്യുന്നതിന്നാവശ്യമായ മഴമറയിലാണ് കൃഷി എന്നതാണ് പ്രധാന ആകർഷണം. മഴ മറക്കുളളിൽ ഡ്രിപ്പ് ഇറിഗേഷൻ രീതി, ലംബമാന കൃഷീ(വെർട്ടിക്കൽ ഫാർമിംഗ് )തിരിനാള കൃഷി (വിക് ഇറിഗേഷൻ ), തൂക്കു പൂന്തോട്ടം (ഹാങ്ങിങ് ഗാർഡൻ ) മിസ്റ്റ് ഇറിഗേഷൻ എന്നീ നൂതന കാർഷിക രീതികൾ സംയോജിപ്പിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്. മേൽ കൃഷി രീതികളെകുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക അനുഭവം ലഭ്യമാക്കുക എന്നത് കൂടിയാണ് സ്ക്കൂൾ എൻ.എസ്.എസ് ന്റെ കീഴിൽ നടത്തുന്ന ഈ പ്രൊജക്ടിന്റെ മുഖ്യലക്ഷ്യം. മഴമറക്കുള്ളിലെ കൃഷിക്ക് പുറമെ 'കൃത്യതകൃഷി'യുടെ ഒരു പ്രദർശന യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനോടൊപ്പം ഹൈടെക് കൃഷി രീതികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തലും പദ്ധതിയിലൂടെ ഉന്നമിടുന്നുണ്ട്.കൃഷി ഓഫീസർ ടി നജ്മുദ്ധീൻ  വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങളുമായി എപ്പോഴും കൂടെയുണ്ട്. എൻ.എസ്.എസ് വളണ്ടിയർമാർ സ്കൂളിൽ ഒരു വാഴത്തോട്ടവും നിർമിച്ചിട്ടുണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വയലും വീടും

 
സഹപാഠിക്കൊരു വീട് പദ്ധതി -ഏഴാമത്തെ വീടിന്റെ താക്കോൽദാനം
 
ടി.കെ.ടി അബ്ദു ഹാജി ഞാറു നടീൽ ഉത്ഘാടനം ചെയുന്നു

സ്കൂളിൽ ഈ വർഷത്തെ ശിശുദിനാഘോഷം ഇരട്ടി മധുരമുള്ളതായി.'വയലും വീടും' എന്ന തലക്കെട്ടിൽ ശിശുദിനത്തിൽ സ്കൂൾ ശ്രദ്ധേയമായ രണ്ട് പ്രോഗ്രാമുകളാണ് ഏറ്റെടുത്തു നടത്തിയത്.സ്കൂളിലെ കുട്ടി കർഷകർ വെള്ളേരി ചാലിപാടത്ത് യുവകർഷകൻ നൗഷർ കല്ലടയുടെ പത്തേക്കർ കൃഷിയിടത്തിൽ ഇറക്കുന്ന നെൽകൃഷിയുടെ 'ഞാറു നടീൽ ' ആയിരുന്നു വയലും വീടും പരിപാടിയിലെ ആദ്യത്തേത്.അരീക്കോട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ ടി.കെ.ടി അബ്ദുഹാജി ഞാറു നടീലിന് നേതൃത്വം നൽകി. രാവിലെ 8 30 ന് ആഘോഷ നിറവിൽ നടന്ന നടീൽഉത്സവത്തിന് കുട്ടികൾക്കൊപ്പം നാട്ടുകാരും മുതിർന്ന കർഷകരും പങ്കുചേർന്നു. തുടർന്ന് 10.30  തെരട്ടമ്മല്ലിൽ വെച്ച് 'സഹപാഠിക്കൊരു വീട്' പദ്ധതിയിൽ അതിഥി തൊഴിലാളിയായി ഇവിടെ എത്തിയ രാജസ്ഥാൻ സ്വദേശിയുടെ എട്ടാംക്ലാസിൽ പഠിക്കുന്ന അരിഷബാനുവിന് എൻ.എസ്.എസ് നേതൃത്വത്തിൽ നിർമിച്ചു നൽകിയ ഏഴാമത്തെ വീടിന്റെ താക്കോൽ കുട്ടികൾ ചേർന്ന് കൈമാറി. ശിശു ദിനത്തിൽ പ്രത്യേക വേഷവിധാനങ്ങളോടെ കൂടെ എത്തിയ വിദ്യാർത്ഥികൾ താക്കോലിനോടൊപ്പം വൃക്ഷത്തൈ കൈമാറി. വിദ്യാർഥികൾ തന്നെ മുൻകൈയെടുത്ത് മധുരപലഹാരങ്ങൾ വിതരണംചെയ്തു ഗൃഹപ്രവേശനം ആഘോഷമാക്കി. സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് ഞാറു നടീലും ഗൃഹപ്രവേശനം നടന്നത്. കഴിഞ്ഞ അഞ്ചു വർഷമായി വെള്ളേരി ചാലി പാടത്ത് എൻ.എസ്.എസ് വളണ്ടിയർമാർ ഒരേക്കർ നെൽപ്പാടത്ത് കൃഷി ഇറക്കുന്നുണ്ട്. എന്നാൽ ഇപ്രാവശ്യം ശ്രീ നൗഷർ കല്ലടയുടെ മാർഗനിർദേശങ്ങളോടെ പത്തേക്കർ സ്ഥലത്ത് കൃഷിയിറക്കി പുതിയ പരീക്ഷത്തിന് ഇറങ്ങുകയാണ്. 'കൂട്ടായ്മയുടെ കൈപ്പുണ്യം' ഭക്ഷ്യമേള സംഘടിപ്പിച്ച് നേരത്തെ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് കീഴിൽ 6 നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമിച്ചു നൽകിയിരുന്നു. കൊവിഡ് മൂലം കൂട്ടായ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഏഴാമത്തെ വീട് നിർമ്മാണം പൂർത്തിയാക്കിയത്. അതിഥി തൊഴിലാളികളെ ചേർത്തു പിടിക്കാൻ വേണ്ടി കൂടിയാണ് ഈ സംരംഭത്തിന് കുട്ടികൾ മുന്നിട്ടിറങ്ങിയത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഹരിക്കെതിരെ കാവലാൾ

 
ലഹരിക്കെതിരെ കാവലാൾ -സദസ്സ്
 
ലഹരിക്കെതിരെ കാവലാൾ- ഋഷിരാജ് സിംഗ് മനുഷ്യ മതിലിൽ പങ്കാളികളായ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'ലഹരിക്കെതിരെ കാവലാൾ' എന്ന പേരിൽ അരീക്കോട് ടൗണിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കെതിരെയും പ്രതിരോധത്തിന്റെ മനുഷ്യമതിൽ തീർത്തു. കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പടെ പ്രദേശത്തെ മുഴുവൻ ആളുകളും മനുഷ്യമതിലിൽ അണിചേർന്നു.മനുഷ്യമതിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് തുറന്ന ജീപ്പിൽ സഞ്ചരിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫിസ്, പ്രദേശത്തെ ക്ലബുകൾ, സാംസ്‌കാരിക സമിതികൾ,  എന്നിവരുടെ സഹകരണത്തോടെയാണ് മനുഷ്യമതിൽ തീർത്തത്. പരിപാടിയുടെ സമാപന സംഗമം സുല്ലമുസലാം അറബിക് കോളജിന് മുൻവശത്തെ ആംഫീ തിയേറ്ററിൽ മുഖ്യാതിഥി ഋഷിരാജ് സിങ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.ലഹരി സാമൂഹിക വിപത്താണെന്നും സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണെന്നും ലഹരി മാഫിയക്ക് വിട്ടുനൽകാതെ  സമൂഹം അവരെ ചേർത്ത് പിടിച്ചു നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രെറ്റ് എൻ.എം മെഹറലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും  വിദ്യാർഥികൾ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ റിസോർട്ടുകളും ഓഡിറ്റോറിയങ്ങളും വാടകക്കെടുത്ത് ഡിജെ പാർട്ടികളും മറ്റും സംഘടിപ്പിച്ചു കലാലയങ്ങൾ ലഹരി വിപണന കേന്ദ്രമാക്കാനുള്ള പുതിയ പ്രവണതക്കെതിരെ വിദ്യാർഥികളെയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായി പ്രതിരോധിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ മുന്നോടിയായി പി.കെ ബഷീർ എം.എൽ.എ മുഖ്യരക്ഷാധികാരിയായും,അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി. കെ. ടി അബ്ദു ഹാജി ചെയർമാൻ ആയും കാഞ്ഞിരാല അബ്ദുൽ കരീം കൺവീനർ ആയും ജാഗ്രതാ സമിതി രൂപീകരിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദ്യുതി -രക്തദാന ക്യാമ്പ്

 
രക്ത ദാന ക്യാമ്പ് അഡ്വ .പി.വി.എ മനാഫ് ഉൽഘാടനം  ചെയ്യുന്നു

സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ.മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കും ജില്ലാ ഇൻഫർമേഷൻ ഓഫീസും  ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ  അഡ്വ. പി. വി എ മനാഫ് ഉദ്ഘാടനം ചെയ്തു  .വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവെ കേരളത്തിൽ രക്തദാനം ചെയ്യുന്നവരുടെ എണ്ണം കുറവാണ്.മെഡിക്കൽ കോളേജുകളിൽ ആവശ്യമായി വരുന്ന രക്തത്തിന്റെ പകുതി പോലും ശേഖരിക്കപ്പെടുന്നില്ല.രക്തം ആവശ്യമായി വരുമ്പോൾ കുടുംബാംഗങ്ങൾ അതാത് സമയത്തു സംഘടിപ്പിക്കുന്ന രീതിയാണ് പൊതുവെ കേരളത്തിൽ ഉള്ളത്.രക്തദാനം എന്നത് ബോധവൽക്കരണത്തിലൂടെ  കൂടുതൽ ജനകീയമാക്കാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് പി. വി. എ മനാഫ് അഭിപ്രായപ്പെട്ടു. ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസ ബോധ വൽക്കരണ ക്ലാസ് എടുത്തു. സന്നദ്ധരായ 75 പേരിൽ നിന്നും 50 യൂണിറ്റ്  രക്തം സ്വീകരിച്ചു. വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ നടത്തി മാതൃകയായ യൂണിറ്റാണ് സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റ്.ചടങ്ങിൽ  ജില്ലാ ഇൻഫർമേഷൻ അസിസ്റ്റന്റ് ശരണ്യ ടി,കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. എൻ. വി അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബിൻലാൽ, അരീക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം,പ്രിൻസിപ്പാൾ മുനീബ് റഹ്മാൻ കെടി,ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം,പി. ടി.എ പ്രസിഡണ്ട് പി. സി സബീബ്, എം. ടി. എ പ്രസിഡന്റ്‌ റജീന എം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹസിൻ ചോലയിൽ എന്നിവർ പങ്കെടുത്തു. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊയ്ത്തുത്സവം

 
കൃഷി മന്ത്രി പി പ്രസാദ് കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്യുന്നു

അരീക്കോട്:സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർ കോവിഡ് കാലത്ത് ആറ്റുനോറ്റുണ്ടാക്കിയ നെൽപ്പാടത്തെ കൊയ്ത്തുത്സവം അക്ഷരാർത്ഥത്തിൽ ഗ്രാമോത്സവമായി ആഘോഷിച്ചു.ഉത്സവം കെങ്കേമമാക്കാൻ ബഹുമാനപ്പെട്ട കൃഷി മന്ത്രി പി പ്രസാദ് കൂടിയെത്തിയതോടെ പാടത്ത് ആവേശം ഇരട്ടിയായി.നേൽപ്പാടത്ത് കുട്ടികൾ തീർത്ത മാതൃക മുതിർന്നവർ പിൻപറ്റണമെന്നതാണ് ഈ കൊയ്ത്തുത്സവം നൽകുന്ന പാഠമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു അദ്ദേഹം പറഞ്ഞു. 'ഐശ്വര്യ' ഇനത്തിൽപെട്ട വിത്താണ് ഇപ്രാവശ്യം കൃഷി ചെയ്തത്.യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ ഒരേക്കർ വയലിലാണ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ഇറക്കിയത്.അദ്ദേഹത്തെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു. പ്രദേശത്തെ മുതിർന്ന കർഷകരായ ലീല, പൗക്ക, മറിയുമ്മ വി പി, മുഹമ്മദ്‌ മഠത്തിൽ, ചെറിയാപ്പു പാമ്പോടൻ, കമ്മുട്ടി എൻ വി, കൊറ്റി, ചക്കിക്കുട്ടി, അലവി കൊട്ടപ്പറമ്പൻ എന്നിവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം മന്ത്രിയും നെല്പാടത്തേക്കിറങ്ങിയതോടെ കൊയ്തുപാട്ടിന്റെ ഈരടികൾ ഉയർന്നു.പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു.ഇടകാലത്ത് നമുക്ക് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി ചാലി പാടത്തെ കൊയ്ത്തുത്സവം.വൈകുന്നേരം 4 മണിക്കായിരുന്നു കൊയ്ത്തുത്സവം. വിദ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും, നാട്ടുകാരും ചേർന്ന് കൊയ്ത്തുത്സവം വെള്ളേരി ഗ്രാമത്തിന്റെ ഉത്സവമാക്കി. കഴിഞ്ഞ അഞ്ചു വർഷമായി കുട്ടികൾ ഇവിടെ കൃഷിയിറക്കുന്നുണ്ട്.വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നല്കുകയാണ് പതിവ്.സ്കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരി യെ 'മാതൃകാ ഹരിത ഗ്രാമം' ആയി പ്രഖ്യാപിചിരുന്നു.പ്രദശത്തെ 2500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർത്ഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ 'തടയണ' നിർമിച്ചത് കഴിഞ്ഞ വർഷത്തിലായിരുന്നു. വ്യത്യസ്ത  പ്രോഗ്രാമുകൾ നടത്തി മാതൃകയാവുകയാണ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റ്. കൂട്ടായ്മയുടെ കൈപ്പുണ്യം എന്നപേരിൽ  ഭക്ഷ്യ മേള നടത്തി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് രണ്ട് വർഷങ്ങൾ കൊണ്ട് വീടുകൾ നിർമിച്ചു നൽകിയിരുന്നു.മലപ്പുറം ജില്ലയിലെ കഴിഞ്ഞ വർഷത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റായും, പ്രോഗ്രാം ഓഫീസറായി സ്കൂളിലെ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിലിനെ തിരഞ്ഞെടുത്തിരുന്നു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... ചിത്രശാല കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവാർഡുകൾ

 
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് ൽ നിന്ന് പ്രിൻസിപ്പാൾ കെ.ടി മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  എൻ.എസ് .എസ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നു.

മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021

2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ  ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം സ്കൂളിലെ എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ   മുഹ്സിൻ ചോലയിലിന് ലഭിച്ചു.തിരുവനന്തപുരത്തു വെച്ചു നടന്ന പ്രൗഡ ഗംഭീരമായ  ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് ൽ നിന്ന് പ്രിൻസിപ്പാൾ കെ.ടി മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ഭക്ഷ്യ മേള നടത്തി 6 സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകിയതും, വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്താൻ ഒരു ഏക്കറിൽ  ജൈവ നെൽകൃഷി നടത്തിയതും ആണ് സ്‌കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്.

സഹചാരി പുരസ്ക്കാരം-2021

 
സഹചാരി അവാർഡ് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണണിൽ നിന്നും പ്രിൻസിപ്പാൾ സ്വീകരിക്കുന്നു

ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പുറത്തും പിന്തുണക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്‌ക്കാരത്തിനു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അർഹരായി.മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ  ജില്ലാ കളക്ടർ കെ . ഗോപാല കൃഷ്ണനിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ കെ.ടി മുനീബുറഹ്മാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം

സ്ക്രാപ്പ് ചാലഞ്ച് അവാർഡ്-2021

മലപ്പുറം(E) ജില്ലാ എൻ.എസ്.എസ് കമ്മിറ്റി സുവർണ ഭവനങ്ങളുടെ നിർമാണാർത്ഥം സംഘടിപ്പിച്ച 'സ്ക്രാപ്പ് ചാലഞ്ച്' ൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച (1,35,755 രൂപ) സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരെ ഇന്ന് ആദരിച്ചു.  ശുചിത്വ മിഷൻ നൽകിയ 'പ്രശംസ പത്രം'വളണ്ടിയർമാർക്ക് കൈമാറി.

നാഷണൽ സർവ്വീസ് സ്കീം ഗാലറി

 
ജില്ലാ ശുചിത്വ മിഷൻ അവാർഡ്

എൻ.എസ്.എസ് വിംഗ് നടത്തിയ വിവിധ പ്രോഗ്രാമുകളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക