എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ

2019  -2020   പ്രവർത്തങ്ങൾ

അരീക്കോട്ടെ പിള്ളേരും അഞ്ചു വീടും

പെരുന്നാൾ സമ്മാനമായി വീട് നിർമ്മിച്ചു നൽകി ചെറിയ പെരുന്നാൾ ആഘോഷം അവിസ്മരണീയമാക്കുകയാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ എൻ.എസ്..എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ സഹപാഠിക്കൊരു വീട് പദ്ധതിയിലാണ് നിർധനരായ അഞ്ചു വിദ്യാർഥികൾക്ക് വീട് നിർമ്മിച്ചു നൽകിയത്. അരീക്കോട്-താഴത്തങ്ങാടി കിളി കല്ലിങ്ങൽ, കാവനൂർ- 12 വെസ്റ്റ് പത്തനാപുരം, വടക്കുമുറി, എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ വീട് നിർമ്മിച്ചു നൽകിയത്. പെരുന്നാൾ ദിനത്തിൽ നാലു വീടുകളിൽ ഗ്രഹപ്രവേശം നടന്നു. സഹപാഠിക്കൊരു വീടൊരുക്കാൻ കൂട്ടായ്മയുടെ കൈപ്പുണ്യം പേരിൽ കഴിഞ്ഞ ഡിസംബർ ഏഴിന് സ്കൂളിൽ സംഘടിപ്പിച്ച മേളയിലൂടെ 24 ലക്ഷം രൂപയാണ് സമാഹരിച്ചത്.

കള പറിക്കൽ

 
വിദ്യാർത്ഥികൾ കള പറിക്കലിൽ

സ്കൂളിലെ വിദ്യാർത്ഥികൾ കൃഷി ചെയ്യുന്ന കര നെല്ലിന്റെ കള പറിക്കൽ നടന്നു .

വെള്ളപ്പൊക്ക ദുരിതാശ്വാസം

കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യമേളയിലൂടെ അഞ്ചാമത്തെ വീട്

 
അഞ്ചാമത്തെ വീടിന്റെ താക്കോൽ ദാനം

കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേളയിലൂടെ കണ്ടത്തിയ പണം കൊണ്ട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റ്  നിർമിച്ച നൽകുന്ന അഞ്ചാമത്തെ വീടിന്റെ താക്കോൽ 01-09-2019ബുധൻ രാവിലെ പത്ത്  മണിക്ക്    ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് എൻ.വി സകരിയ സാഹിബ് അവകാശിക്ക് കൈമാറി .എൻ.എസ്.എസ് യൂണിറ്റിനെ കീഴിൽ 'സഹപാഠിക്കൊരു വീട്' പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിൽ നിന്നാണ് തുടക്കം. പണം കണ്ടെത്തുന്നതിനുള്ള പല വഴികളും ആലോചിച്ചു ഒടുവിൽ ആവിപറക്കുന്ന ആശയം തന്നെ അധ്യാപകർ കണ്ടെത്തി. സ്കൂളിൽ അഞ്ചു മുതൽ 12 ക്ലാസ് വരെ  2500 ലധികം കുട്ടികൾ പഠിക്കുന്നു. വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഭക്ഷ്യമേള നടത്തുക അതിൽ നിന്നു കണ്ടെത്തുന്ന പണം വീട് നിർമ്മാണത്തിന് ഉപയോഗിക്കാം എന്ന് തീരുമാനിക്കുകയും 2018  ഡിസംബർ 7ന്  ഭക്ഷ്യമേള സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഓരോ ക്ലാസിനും  ഒന്നെന്ന രീതിയിൽ ആകെ 50 സ്റ്റാളുകളാണ് ഭക്ഷ്യമേള ഉണ്ടായിരുന്നത്. സെവൻസ് ഫുട്ബോൾ മത്സരം കാണാൻ എത്തുന്ന അതേ ആവേശത്തോടെ ജനം കാരുണ്യത്തിന് കൈനീട്ടം നൽകാൻ എത്തി. വൈകീട്ട് 3 മുതൽ രാത്രി 9 വരെ നടന്ന ഭക്ഷ്യമേളയിൽ നിന്ന് 24 ലക്ഷം രൂപ ലഭിച്ചു. ഇത് ഉപയോഗിച്ച് 5 വീടുകൾ അവകാശികൾക്ക് നിർമിക്കാനായി   .. അരീക്കോട് -താഴത്തങ്ങാടി, കിളികല്ലിങ്ങൽ, കാവനൂർ -12, വെസ്റ്റ് പത്തനാപുരം, വടക്കുംമുറി എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ വീട് നിര്മിച്ഛ് നൽകിയത്. നാല് വീടുകളുടെ ഗൃഹ പ്രവേശനം കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്നിരുന്നു. എം ബി ബി ഷൗക്കത്തലി ചെയർമാനും മൂസദീക്  മുസ്ലിയാരകത്ത്  കൺവീനറും, രക്ഷിതാക്കളും,  നാട്ടുകാരും അടങ്ങിയ കമ്മിറ്റിയാണ് വീട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് .മാനവിക മൂല്യങ്ങളുടെ പാഠങ്ങൾ പകർന്നു നൽകാൻ ആണ് സഹപാഠികൾക്ക് വീടൊരുക്കുന്ന  പദ്ധതി നടപ്പിലാക്കിയത് എന്നും, അരീക്കോട് തേരട്ടമ്മൽ പ്രദേശത്തുള്ള ഒരു വിധവക്ക് വീട് നിർമിച്ചു നല്കാൻ സ്കൂളിലെ NSS യൂണിറ്റ്  തീരുമാനിച്ചതായും, വരുംവർഷങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും   പ്രിൻസിപ്പാൾ കെ ടി മുനീബുറഹ്മാൻ അറിയിച്ചു

അക്ഷര സമ്മാനം

സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ  സംയുക്താഭിമുഖ്യത്തിൽ പ്രളയത്തിൽ ലൈബ്രറികൾ നശിച്ച ചാലിയാർ തീരത്തെ 16 സ്കൂളുകളിലേക്ക് അമ്പതിനായിരം രൂപയുടെ  അറുനൂറിലധികം പുസ്തകങ്ങൾ നൽകി. സ്കൂളിലെ പുസ്തകമേളയായ 'ഫെസ്റ്റോ ലെറ്റ്‌'ൽ   നിന്നാണ് അക്ഷര സമ്മാനം പദ്ധതി രൂപീകരിച്ചത് പേരുകൊണ്ട് അക്ഷരോത്സവമായിരുന്നുവെങ്കിലും ഫെസ്റ്റ് ഒ ലെറ്റ് പക്ഷെ, അക്ഷരങ്ങളുടെ മാത്രം ഉത്സവമായിരുന്നില്ല; ആവിഷ്കാരങ്ങളുടെയും വിജ്ജാനപ്പരീക്ഷകളുടെയും ഉത്സവമായിരുന്നു. അരീക്കോടിന്റെയും സമീപദേശങ്ങളുടെയും വിദ്യാഭ്യാസ, സാംസ്കാരിക വീഥിയിൽ എന്നും വഴിവിളക്കായി തെളിഞ്ഞു നിൽക്കുന്ന, അജ്ഞതയുടെ ഇരുൾ പടർന്ന കാലത്ത്, ദീപസ്തംഭമായി വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പ്രസരിപ്പിച്ച സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ സെപ്റ്റംബർ 20, 21, 22 (വെള്ളി, ശനി, ഞായർ) തിയ്യതികളിലായി സംഘടിപ്പിച്ചത്. മൂന്നു ദിവസങ്ങളിൽ നടന്ന 'ഫെസ്റ്റോ ലെറ്റ്‌' പുസ്തകമേളയിൽ  ഇരുപതോളം പ്രസാധകരുടെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ വിപണനം ചെയ്തു.  ഇരുപതിനായിരത്തിൽ അധികം ആളുകൾ സന്ദർശിച്ചു. സാഹിത്യകാരൻ പി സുരേന്ദ്രൻ,  മാധ്യമപ്രവർത്തകൻ എ.പി കുഞ്ഞാമു, പ്രഭാഷകൻ പി എം. എ ഗഫൂർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. വയലും വീടും നാടകവും , റാസ ബീഗത്തിന്റെ  ഗസലും സാംസ്കാരിക രാവിന്  നിറം പകർന്നു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ലോകത്ത് 2030 ഓടെ സുസ്ഥിര വികസനവും ദാരിദ്ര്യ നിർമ്മാർജ്ജനവും  സാധ്യമാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളെ ' മാതൃകയാക്കാൻ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത്  2015 സെപ്റ്റംബറിൽ പ്രഖ്യാപിച്ച വികസനലക്ഷ്യങ്ങളുടെ  വാർഷികാഘോഷ പരിപാടികളുടെ  പശ്ചാത്തലത്തിലാണ് പുതിയ ലോകം സൃഷ്ടിക്കാനുള്ള ആഗോള കൂട്ടായ്മയുടെ ഭാഗമാവാൻ സുല്ലമുസ്സലാം ഓറിയന്റൽ  ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തീരുമാനിച്ചത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ  പ്രചാരണത്തിനായി പ്രവർത്തിക്കുന്ന യൂത്ത് മൈൻഡ്  ഇന്റർനാഷണൽ എൻ ജി ഒ  യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന ഗ്ലോബൽ ആക്ഷൻ ഇവന്റിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുകയും അവയെ മാതൃകയാക്കാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു പരിപാടി പ്രിൻസിപ്പാൾ കെടിഎം മുനീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് മൂവ്മെന്റ് ഇന്റർനാഷണൽ ചെയർമാൻ അബൂ സാലി ഒ കെ   17 ലക്ഷ്യങ്ങളെ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം പിടിഎ പ്രസിഡണ്ട് അൻവർ കാരാട്ടിൽ കെ അബ്ദു നസീർ എംപി റഹ്മത്തുള്ള എന്നിവർ ആശംസയർപ്പിച്ചു.

ദണ്ഡിയാത്ര പുനരാവിഷ്കരണം

ഗാന്ധി ജയന്തി ദിനത്തിൽ ദണ്ഡിയാത്രയുടെ പുനരാവിഷകാരം കൊണ്ട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധയാകർഷിച്ചു. മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിൽ, ദണ്ഡിയാത്രയുടെ എൺപത്തിയൊമ്പതാം വാർഷികത്തിൽ, ദേശീയ സ്വാതന്ത്ര്യ സമരത്തെ ജനകീയവൽക്കരിക്കുകയും ഇന്ത്യൻ ദേശീയതയെ നിർവചിക്കുകയും ചെയ്ത ഉപ്പുസത്യഗ്രഹത്തിന്റെ പുനരാവിഷ്കാരം, കാലത്തിന്റെ കെട്ട മൂല്യങ്ങൾക്കെതിരെയുള്ള ഉണർത്തുപാട്ടായി. കൗതുകക്കാഴ്ചക്കപ്പുറം ആശയഗാംഭീര്യത്തിന്റെ ആവിഷ്കാരം, അതു പ്രസരിപ്പിക്കുന്ന മൂല്യം കൊണ്ടു തന്നെ ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി. ഗാന്ധിയുടെ രൂപസാമ്യമുള്ള ഗാന്ധിയൻ ഡോ. ചാച്ചാ ശിവരാജൻ നേതൃത്വം നൽകിയ ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ,  ഗാന്ധിയെ അനുഗമിച്ച സമര ഭടന്മാരായി വിദ്യാർത്ഥികൾ വേഷമിട്ടു. സരോജിനി നായിഡു, മണിലാൽഗാന്ധി, മിഥു ബെൻ എന്നിങ്ങനെ ദണ്ഡിയാത്രയിൽ പങ്കെടുത്ത പ്രമുഖരും പ്രഗത്ഭരുമായ ദേശീയ പ്രസ്ഥാന നേതാക്കളായും വിദ്യാർത്ഥികൾ വേഷം പകർന്നു.അരീക്കോട് വില്ലേജ് ഓഫീസിന് സമീപം സജ്ജീകരിച്ച ആശ്രമത്തിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് നാട്ടുകാരും വിദ്യാർത്ഥികളും യാത്രക്കാരുമായ ആയിരങ്ങൾ അനുഗമിച്ചു. യാത്രയ്ക്കിടെ ഗാന്ധിക്കും അനുചരർക്കും സ്വീകരണം നൽകിയ അസലാലി, നവാഗം, ആനന്ദ്, സൂററ്റ് നവസാരി  തുടങ്ങിയ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം പുനരാവിഷ്കരിച്ചു. ദണ്ഡിയാത്രാ വേളയിൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളുടെ മലയാളാവിഷ്കാരം വിസ്മയകരമായി. യഥാർത്ഥ ദണ്ഡി യാത്രയെ ഓർമിപ്പിക്കുമാറ് യാത്രാ വീഥിക്കിരുവശവും സ്ത്രീകളും കുട്ടികളും നാട്ടുകാരുമായ ആയിരങ്ങൾ യാത്രക്ക് ആശീർവാദവും ഐക്യദാർഢ്യവുമായി അണിനിരന്നു. പുഷ്പവൃഷ്ടിയും പൂമാലയുമായി സ്ത്രീകളും കുട്ടികളും ഗാന്ധിയെയും അനുചരന്മാരെയും സ്വീകരിച്ചു. താഴത്തത്തങ്ങാടിയിൽ, ചാലിയാർ പുഴയോരത്ത് പ്രതീകാത്മകമായി ഉപ്പു കുറിക്കിക്കൊണ്ട് ദണ്ഡിയാത്രയുടെ പുനരാവിഷ്കാരത്തിന്റെ സമാപനത്തിന് തടിച്ചുകൂടിയ ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.

സുല്ലമുസ്സലാമിൽ നിന്നും രണ്ടു പ്രതിഭകൾ ഡൽഹിയിലേക്ക്

രാഷ്ട്രപതിഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതിനുള്ള നിർവൃതിയിലാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ  ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി മിസ്‌നയും, പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ  എം.മുഹമ്മദ് ഷഹദിനും  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'പാസ്സ്‌വേർഡ്' പദ്ധതിയിലൂടെയാണ് ഡൽഹിക്ക് ഇവർക്ക് ക്ഷണം ലഭിച്ചത്. ട്യൂണിങ്, ഫ്ലവറിങ് എന്നീ സ്റ്റേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കാണ് 7 ദിവസം നീണ്ടുനിൽക്കുന്ന  'എക്സ്പ്ലോറിങ്  ഇന്ത്യ ' യിലേക്ക് ക്ഷണം ലഭിക്കുന്നത്. പാർലമെന്റും,  ഡൽഹിയിലെ വിവിധ സർവ്വകലാശാലകളും,  ചരിത്ര സ്മാരകങ്ങളും,  സന്ദർശിക്കാനുള്ള അവസരവും പ്രതിഭകൾക്കായി ഒരുക്കിയിട്ടുണ്ട്. അരീക്കോട് കോഴക്കോട്ടുർ  കുറുവങ്ങാടൻ  അബ്ദു റഷീദിന്റെയും റസീനയുടെ മകളാണ് മിസ്‌ന. അരീക്കോട് താഴത്തങ്ങാടി മുസ്ലിയാരകത്ത് നജീബിന്റേയും  ഷറീനയുടെ മകനാണ് മുഹമ്മദ് ഷഹദിൻ. എം.

ഗ്രാമത്തിന് ഉത്സവമായി  ഞാറുനടീൽ

സ്കൂളിലെ എൻ.എസ്.എസ്  യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ  വെള്ളേരി ചാലിപ്പാടംവയലിൽ നടത്തിയ ഞാറു നടീൽ  ഗ്രാമത്തിന്റെ ഉത്സവമായി. ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ എ പി ഉണ്ണികൃഷ്ണൻ നടീൽ പാട്ടുമായി രംഗം തകർത്തപ്പോൾ  വായ്ത്താരിയും ആയി വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ഒപ്പം  കൂടിയതോടെ പ്രദേശമാകെ ഉത്സവ പ്രതീതിയായി . അരീക്കോട് വെള്ളേരിയെ മാതൃക ഹരിത ഗ്രാമമായി അദ്ദേഹം ചടങ്ങിൽവച്ച് പ്രഖ്യാപിക്കുകയും ചെയ്തു. യുവ തലമുറയിൽ കാർഷിക അവബോധം സൃഷിടിക്കാൻ ഇത്തരത്തിലുള്ള പരിപാടികൾക്ക്   സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  കുട്ടികളുടെ ഈ അധ്വാനത്തെ എ പി ഉണ്ണി കൃഷ്ണൻ  മുക്തകണ്ഡം പ്രശംസിച്ചു. യുവ കർഷകൻ നൗഷർ കല്ലടയുടെ അതുപോലെ ഒരേക്കറോളം വരുന്ന നെൽവയലിൽ ആണ് ജൈവ നെൽകൃഷിയുടെ നടീൽ  നടത്തിയത്. സ്വന്തമായി ഭക്ഷണം വിഷരഹിതമായ ഉണ്ടാകാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികൾ വിളയിച്ചത്.  കൊയ്തെടുത്തതിന് ശേഷം അരി  സ്കൂളിലിന്റെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറാനാണ് ഉദ്ദേശ്യം.  ഈ വർഷം     ഗന്ധകശാല ഇനത്തിൽ പെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്.  കഴിഞ്ഞ വർഷം  'ഐശ്വര്യ ' ഇനത്തിൽ പെട്ട വിത്ത്‌റക്കി 100 പറ നെല്ല് വിദ്യാർത്ഥികൾ ഉല്പാദിപ്പിച്ചിരുന്നു. ഞാറിനു  വേണ്ടി വിത്ത് ഇറക്കിയതും, നിലമൊരുക്കിയതും വിദ്യാർത്ഥികൾ തന്നെയായിരുന്നു. ചടങ്ങിൽ യുവ കർഷകൻ നൗഷർ കല്ലടയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പൊന്നാട  അണിയിച്ചു. . ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് പി വി മനാഫ് അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പറമ്പൻ ലക്ഷ്മി, അരീക്കോട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ എം പി രമ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉമ്മർ വെള്ളേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രിയ,പഞ്ചായത്ത് മെമ്പർ ഷീന,  പി ടി എ പ്രസിഡന്റ്‌ അൻവർ കാരാട്ടിൽ, കൃഷിഓഫീസർമാരായ അജിത്ത് കുമാർ, നജ്മുദ്ദീൻ, സ്കൂൾ മാനേജർ കെ അബ്ദുസലാം മാസ്റ്റർ, സ്കൂൾ H.M സി പി അബ്ദുൽ കരീം, എം .പി .ബി ഷൌക്കത്ത്തു ടങ്ങിയവർ ആശംസകളർപ്പിച്ചു,

കുരുന്നുകൾക്ക് ശിശുദിന സമ്മാനം നൽകി സുല്ലമുസ്സലാം വിദ്യാർത്ഥികൾ

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ ശിശു ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു  എൻഎസ്എസ് യൂണിറ്റിന്റെ  മാതൃക ഹരിതഗ്രാമം ആയ വെള്ളേരിയിലെ അംഗനവാടിയിലും  താഴത്തങ്ങാടി അംഗനവാടിയിലും  മധുര വിതരണം നടത്തി. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികൾ കുരുന്നു കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു, കളറിംഗ് പെൻസിലുകളും,  കളറിംഗ് പുസ്തകങ്ങളും, ബാല  പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് സമ്മാനിച്ചാണ് വിദ്യാർത്ഥികൾ  വിദ്യാർത്ഥികൾ മടങ്ങിയത്.

 
എൻ.എസ്.എസ് വിദ്യാർത്ഥികൾ അങ്കണവാടിയിൽ

സുല്ലമുസ്സലാം വിദ്യാർഥികളുടെ ആറാമത്തെ വീടിൻറെ താക്കോൽ കൈമാറി

സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഈ വർഷം നിർമ്മിച്ച് നൽകുന്ന ആറാമത്തെ വീടിൻറെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ . പി വി എ മനാഫ് നിർവഹിച്ചു. ഊർങ്ങാട്ടിരി തെരട്ടമ്മൽ പ്രദേശത്തെ ഒരു വിധവക്കാണ് വിദ്യാർത്ഥികൾ   വീട് നിർമ്മിച്ച് നൽകുന്നത്. ഭക്ഷ്യമേള സംഘടിപ്പിച്ച് സഹപാഠികൾക്ക്  5 വീട് നിർമ്മിച്ച് നൽകിയതിൽ പ്രചോദനം  ഉൾക്കൊണ്ടുകൊണ്ട് ആറാമത്തെ വീടും നിർമിച്ചു നൽകാൻ കുട്ടികൾ തീരുമാനിക്കുകയായിരുന്നു. പ്രൊഫസർ എൻ വി സക്കരിയ, എംടി അബ്ദുനാസർ ,ഷൗക്കത്തലി, പി ടി എ പ്രസിഡന്റ്‌ അൻവർ കാരാട്ടിൽ, സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ കരീം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ കെടി മുനീബ്  റഹ്മാൻ  സ്വാഗതവും,  എൻഎസ്എസ് കോ-ഓർഡിനേറ്റർ മുഹ്സിൻ ചോലയിൽ നന്ദിയും പറഞ്ഞു.

 
സഹപാടിക്കൊരു വീട് പദ്ധതി വഴി ഉണ്ടാക്കിയ വീടിൻറെ താക്കോൽ  ദാനം

വേറിട്ട  പാഠങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾ ആദിവാസി കോളനിയിൽ

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ് എസ് യൂണിറ്റിന്റെയും, സ്കൗട്ട്സ് &ഗൈഡ്സ് യൂണിറ്റിന്റെയും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വയനാട്ടിലെ നൂൽ പുഴ പഞ്ചായത്തിലെ പുത്തൻ കുന്ന് കരിയമ്പാടി പണിയ ആദിവാസി കോളനി സന്ദർശിച്ചു. വിദ്ധാർത്ഥികൾ ആദിവാസികളിൽ  നിന്നും അവരുടെ സാമൂഹ്യ ജീവിതത്തെ കുറിച്ച് വിവരശേഖരണം നടത്തി. ആദിവാസികൾക്കിടയിൽ വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ 'പാവ  നാടകത്തിലൂടെ ' ബോധവൽക്കരണം നടത്തി, തുടർന്ന് വിദ്യാർത്ഥികളുടെ കലാ പരിപാടികളും അവതരിപ്പിച്ചു. തുടർന്ന് ആദിവാസികൾക്ക് പുതപ്പുകളും,  വസ്ത്രങ്ങളും,  ആഹാരവസ്തുക്കളും  വിദ്യാർഥികൾ കൈമാറി. ഗോത്ര വിഭാഗങ്ങളുടെ തനത്  നൃത്ത രൂപം  വിദ്യാർത്ഥികൾക്കുവേണ്ടി ആദിവാസികൾ  അവതരിപ്പിച്ചു