ഗവ.എച്ച്എസ്എസ് തരിയോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിൽ കാവുംമന്ദം ടൗണിന് സമീപത്താണ് തരിയോട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം മലബാർ ജില്ലാ എലിമെന്ററി സ്ക്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ തരിയോട് ജി. എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്ന കണ്ണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദര മേനോൻ എന്നയാളുടെ വാടകക്കെട്ടിടത്തിലാണ് 1957 ൽ ആരംഭിച്ച ഹൈസ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 ലാണ് സ്ക്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. വയനാട് ജില്ലയിലെ ആദ്യ ഹയർ സെക്കണ്ടറി വിഭാഗമാണിത്. വയനാട്ടിലെ ആദിമ ജനവിഭാഗങ്ങളുടെ അക്ഷരസ്വപ്നങ്ങളെ പൂവണിയിച്ചു കൊണ്ട് അഞ്ചു പതിറ്റാണ്ടിലധികമായി തരിയോടിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഈ വിദ്യാലയം. 2007 ൽ ഈ വിദ്യാലയം സുവർണ്ണ ജൂവിലി ആഘോഷിച്ചു. ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. 2017-18 ൽ വജ്ര ജൂവിലി ആഘോഷങ്ങളും ഗംഭീരമായി നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബഹു. ശ്രീ.കെ ടി ജലീൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലയിലെ ആദ്യകാല സർക്കാർ വിദ്യാലയമായ തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 65ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് .അഞ്ച് മുതൽ പ്ലസ് ടു വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിൽ ആയിരത്തോളം വിദ്യാർഥികളാണ് അദ്ധ്യയനം നടത്തുന്നത് .50 ശതമാനത്തിലധികം പ്രാക്തന ഗോത്രവിഭാഗത്തിൽപെടുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പഠിക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 65 വർഷമായി പാഠ്യപാഠ്യേതര മേഖലകളിൽ മികവിന്റെ കേന്ദ്രമായി പ്രവർത്തിച്ച് വരികയാണ് .കഴിഞ്ഞ വർഷത്തിൽ കോവിഡ് മഹാമാരിയെ അതിജീവിച്ചുകൊണ്ട് എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം കരസ്ഥമാക്കുവാനും 14 കുട്ടികൾക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കുനാനും പരീക്ഷ എഴുതിയ എല്ലാ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളേയും വിജയിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു. അധ്യാപകരുടേയും ,പി.ടി.എ യുടേയും , സ്കൂൾ സപ്പോർട്ടിങ് ഗ്രുപ്പിന്റേയും കൃത്യമായ ഇടപെടലുകളും ഉത്തരവാദിത്തത്തോടെ ഉള്ള പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ വിലമതിക്കുന്നതാണ് .കോവിഡ് കാലത്ത് വിദ്യാലയം തുറക്കാത്ത അവസ്ഥയിൽ നിരവധി ഓൺലൈൻ ക്ലാസുകളിലൂടെയും, കോളനിസന്ദർശനത്തിലൂടെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രവർത്തന ഫലമായി നിരവധി മികവാർന്ന പ്രവർത്തനങ്ങൾ കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ആയി നടത്തുവാൻ കഴിഞ്ഞു. 50ശതമാനത്തിലധികം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സൗകര്യം ഇല്ലാത്ത അവസ്ഥയിൽ സന്നദ്ധസംഘടനകളുടേയും പൂർവ വിദ്യാർഥി സംഘടനയുടേയും ശ്രമഫലമായി നിരവധി സ്മാർട്ഫോണുകൾ കുട്ടികൾക്ക് പലഘട്ടങ്ങളിലായി വിതരണം ചെയ്യുവാൻ സാധിച്ചു. കേരള സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 202ലാപ്ടോപ്പുകൾ എസ്.ടി വിഭാഗം വിദ്യാർഥികൾക്ക് നൽകുവാനും സാധിച്ചു. കോവിഡ് കാലഘട്ടത്തിൽ ഓൺലൈനിലൂടെ വിവിധതരം ക്ലാസുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുവാൻ സാധിച്ചു. ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ,മറ്റ് ദിനാചരണങ്ങൾ എന്നിവ ഓൺലൈനിലൂടെ നടത്തുകയും വിവിധ വിദ്യാർഥികളെ മത്സരത്തിൽ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതലത്തിലും മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കുവാനും സാധിച്ചു. 75ാം ആസാദി കാ മഹോത്സവത്തിന്റെ ഭാഗമായി വയനാട്ജില്ലയിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ ശരത്ചന്ദ്രൻ എം.ആർ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അതുപോലെ ആർട്ട് അധ്യാപകർ നടത്തിയ വിവിധ മത്സരങ്ങളിൽ അശ്വതി ബിനീഷ്,അനുഷ്.കെ.എസ് ,പൂജ,അരുണിമ കെ സുരേഷ് തുടങ്ങിയ വിദ്യാർഥികൾ പെയിന്റിങ്ങിലും മറ്റ് രചനകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കി.
2019 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സ്കൂളിൽആരംഭിച്ചു.ബഹുഭൂരിപക്ഷം നിർദ്ധനരായ വിദ്യാർഥികൾ കേഡറ്റുകൾ ആയ എസ് പി സി പദ്ധതി പി.ടി എ യുടേയും പഞ്ചായത്തിന്റേയും സന്നദ്ധസംഘടനകളുടേയും ശ്രമഫലമായി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ സാധിച്ചു.സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ടാലൻറ് ഹണ്ട് എന്ന പരിപാടി ഈവിദ്യാലയത്തിൽ നടന്നുവരുന്നു .വിവിധ തലങ്ങളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ജൂൺ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച ജനുവരിയിൽ സ്റ്റാറിനെ പ്രഖ്യാപിക്കുന്ന സിവിൽസർവ്വീസ് മോഡൽ ഇൻറർവ്യൂയിലൂടെ മാസത്തിൽ മൂന്ന് മത്സരങ്ങൾ നടത്തി മുപ്പതോളം മത്സരങ്ങൾ നടത്തി നൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തുകൊണ്ട് അവസാനം യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിൽ പന്ത്രണ്ടോളം വിദ്യാർഥികൾക്ക് എത്തിനിൽക്കുകയാണ്.ഈ വിദ്യാർത്ഥികൾക്കുള്ള ഉള്ള സമ്മാനപുരസ്ക്കാര ചടങ്ങ് 2022ജനുവരി ഇരുപതാം തീയതി വ്യാഴാഴ്ച ആദരണീയനായ ജില്ലാപഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എം മുഹമ്മദ്ബഷീർ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ വയനാട്ടിലെ പ്രഗത്ഭനായ ഫോക്‌ലോർ ആർട്ടിസ്റ്റും ഫോക്‌ലോർ അവാർഡ് ജേതാവുമായ ശ്രീ മാത്യൂസ് വൈത്തിരി മുഖ്യാതിഥിയായിരുന്നു .ഡി.ഇ.ഒ ഇൻ ചാർജ്ജ് ശ്രീ ഹരികൃഷ്ണൻ എൻ.പി ,മറ്റ് പ്രമുഖരായ വ്യക്തികൾ ഈ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു .
വിദ്യാലയത്തിന്റെ വികസന പാതയിൽ മറ്റൊരു ഏട് തുറന്നുകൊണ്ട് 75ാം ഇന്ത്യയുടെ സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി ഗാന്ധിദീപം എന്ന പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചു .ഗാന്ധിദീപം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ സഹോദരങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽകർമ്മവും ഗാന്ധിദീപം പദ്ധതിയുടെ ഉദ്ഘാടനവും ആദരണീയനായ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ ശ്രി.ടി.സിദ്ദീഖ് സ്കുൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.ജി ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി വ്യക്തികൾ പങ്കെടുത്തു.
വിദ്യാലയത്തിൽ അധ്യാപകരുടേയും പിടിഎയുടേയും കൃഷിവകുപ്പിന്റേയും സഹകരണത്തോടെ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിത്തോട്ടം നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. വിശാലമായ സ്ഥലത്ത് തക്കാലി,കോലിഫ്ലവർ,കാബേജ് തുടങ്ങി നിരവധി പച്ചക്കറികൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ വിദ്യാലയത്തിൽ തന്നെ നട്ടുപിടിപ്പിക്കുന്നു.ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.ജി ഷിബു നിർവഹിച്ചു .ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ട് തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 65ാംവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തനത് പരിപാടികളുമായി മുന്നേറികൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത് .
2022 മാർച്ചിൽ 91 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. അതിൽ 50 ശതമാനത്തിലധികം എസ് ടി വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് .എല്ലാ കുട്ടികളേയും ജയിപ്പിക്കുക ,കൂടുതൽ കുട്ടികൾക്ക് എ പ്ലസ് നേടി കൊടുക്കുക എന്ന ലക്ഷ്യവുമായി അധ്യാപകരും പി.ടി. എ യും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് എന്നിവർ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു .അതിന്റെ ഭാഗമായി കോളനി സന്ദർശനം നടത്തി എല്ലാ വിദ്യാർഥികളേയും സ്കൂളിൽ എത്തിച്ച് സമ്പൂർണ്ണ വിദ്യാലയ പ്രവേശനം ലക്ഷ്യമിട്ടു കൊണ്ട് നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടന്നു വരുന്നത് .ഈ വർഷം നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം ലക്ഷ്യമിട്ടുകൊണ്ട് ക്യാമ്പുകൾ ആരംഭിക്കാനുള്ള തീരുമാനം പി.ടി എ യിലും സ്റ്റാഫ് കൗൺസിലിലും എടുക്കുകയുണ്ടായി.സ്കുളിന്റെ അധ്യയന മേഖലയിൽ മറ്റൊരു പ്രത്യേകത2000 ൽ ആരംഭിച്ച വിദ്യാർഥികളുടെ റസിഡൻഷ്യൽ ക്യാമ്പ് കഴിഞ്ഞവർഷവും ഭംഗിയായി നടത്തുവാൻ കഴിഞ്ഞു .ഐ.ടി.ഡി.പി യുടെ ആഭിമുഖ്യത്തിൽ ഐ.ടി.ഡി.പി യുടെ ഫണ്ട് ഉപയോഗിച്ചു കൊണ്ട് എസ് ടി വിദ്യാർത്ഥിക്കുള്ള ക്യാമ്പ് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ് .ഈ വർഷവും ക്യാമ്പ് ആരംഭിക്കാനുള്ള നടപടികൾ ആലോചിച്ചു കൊണ്ടിരിക്കുന്നു . പി.ടി .എ യുടേയും അധ്യാപകരുടെയും പരിശ്രമം വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. അതുപോലെ സന്നദ്ധസംഘടനകളുടേയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റേയും കൂടുതൽ ഇടപെടൽ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്.
വിശാലമായ ഗ്രൗണ്ട് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹാന്റ്ബോളിൽ പ്രത്യേക പരിശീലനം പി.ടി അധ്യാപികയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു .കഴിഞ്ഞ കുുറേ വർഷങ്ങളായി ഹാന്റ്ബോളിൽ മികവാർന്ന പരിശീലനം നൽകിക്കൊണ്ട് പല വിദ്യാർഥികളെയും മിലിട്ടറി പോലീസ് സേനകളിൽ ജോലി ലഭിക്കുന്നതിന് സഹായിച്ചു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്.ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായ പലരും പല മേഖലകളിൽ തിളക്കമാർന്ന വിജയം നേടിയിട്ടുള്ലവരാണ് അത്തരത്തിൽ ഉള്ളവരെ കണ്ടെത്തി വിദ്യാലയ അങ്കണത്തിൽ അവരെ ആദരിക്കുന്ന ചടങ്ങും ആലോചിക്കുന്നു.വരും വർഷങ്ങളിൽ കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ കാണിച്ചു കൊണ്ട് തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അതിന്റെ വികസനപാതയിൽ പുതിയചുവടുകൾ വെച്ചുകൊണ്ട് ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ കഴിയും