കൊല്ലം ജില്ല
കേരളത്തിലെ തെക്കുഭാഗത്തുള്ള ഒരു ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയില്‍ മുന്‍പ് ക്വയിലോണ്‍ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഇപ്പോള്‍ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരവും, വടക്ക് പത്തനംതിട്ടയും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ് കൊല്ലത്തിന്റെ അതിരുകള്‍. കശുവണ്ടി സംസ്കരണവും കയര്‍ നിര്‍മ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങള്‍.
കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായല്‍ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാറ്ദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്. ഇന്ത്യയിലെ ഏറ്റവൂം പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയില്‍ ആണ്. തെന്മല, ജടായുപ്പാറ, പരവൂര്‍, പാലരുവി വെള്ളച്ചാട്ടം, കാപ്പില്‍, ഇടവ, പുനലൂര്‍ തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
തിരുവിതാംകൂര്‍ രാജ്യം നിലനിന്നിരുന്നപ്പോള്‍, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത നിലവില്‍ വന്നതും കൊല്ലത്തുതന്നെ.[അവലംബം ആവശ്യമാണ്]
രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
1957 ഓഗസ്റ്റ് 17-നാണു കൊല്ലം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം എന്നീ താലൂക്കുകള്‍ ചേര്‍ത്തു കൊല്ലം ജില്ല രൂപീകൃമായത്. 1982-ല്‍ പത്തനംതിട്ടയും കുന്നത്തൂറ് താലൂക്കിലെ ചില പ്രദേശങ്ങളും ചേര്‍ത്ത് പത്തനംതിട്ട ജില്ല നിലവില്‍ വന്നു.
മാതാ അമൃതാനന്ദമയീ മഠം, കൊല്ലം ജില്ലയിലെ അമൃതപുരിയില്‍ സ്ഥിതിചെയ്യുന്നു.
ചരിത്രം
ക്രിസ്തുവര്‍ഷം 9ആം ശതകം വരെ കേരളം സന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ് ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ല.[1] ക്രിസ്തുവര്‍ഷം 851ല്‍ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ് കൊല്ലത്തെപ്പറ്റി ആദ്യമായി പരാമര്‍ശിച്ചിരിക്കുന്നത്. കൊല്ലവര്‍ഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ് കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമര്‍ശം. കൊല്ലവര്‍ഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച് പറയുന്നു. മധ്യ കാലഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക് കപ്പലുകള്‍ പോയിരുന്നത് കൊല്ലം, കോഴിക്കോട് തുറമുഖങ്ങളില്‍ നിന്നു മാത്രമായിരുന്നു.[2]
ഇവിടുത്തെ സന്മാര്ഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണെന്നും അബുസൈദ് (ക്രി വ 950), ബഞ്ചമിന് (ക്രി വ 1153-73) എന്നിവര്‍ എഴുതിയിരിക്കുന്നു.[1] കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ് കൊല്ലമെന്ന് അബുല്‍ ഫിദാ (ക്രി വ 1273 1331) എഴുതിയിട്ടുണ്ട്.
വേണാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം.[1]
പ്രധാന ആരാധനാലയങ്ങള്‍
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം - കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തഞ്ച് കിലോമീറ്ററുകള്‍ക്കലെ, കൊട്ടാരക്കരയില്‍ സ്ഥിതി ചെയ്യുന്നു. ശിവന് ആണ് പ്രധാന പ്രതിഷ്ഠ, എന്നാല്‍ ഉപ ദേവനായ ഗണപതി (വിഘ്നേശ്വരന്) പ്രാധാന്യം നേടിയിരിക്കുന്നു.ഉത്സവം മീനത്തിലെ തിരുവാതിര നാളില്‍.പാരിപ്പള്ളി ശ്രീ. ഭദ്രകാളി ക്ഷേത്രവും വളരെ പ്രസിദ്ധമാണ്,
പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രം, ഉമയനല്ലൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മയ്യനാട് മുളയ്ക്ക കാവില്‍ ക്ഷേത്രം, മയ്യനാട് ശാസ്താം കോവില്‍ ക്ഷേത്രം തുടങ്ങിയവയാണ്, ജില്ലയിലെ മറ്റ് പ്രസിദ്ധങ്ങളായ ഹൈന്ദവ ആരാധനാലയങ്ങള്‍.
പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം, കൊല്ലത്തെ പേരു കേട്ട ഒരു ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം വ്യത്യാസമില്ലാതെ സര്‍വ്വരും വരുന്നൊരിടം കൂടിയാണ് പുല്ലിച്ചിറ ദേവാലയം. പണ്ടൊരിക്കല്‍ ഇതൊരു ഹിന്ദു ക്ഷേത്രം ആയിരുന്നു എന്നു കൂടി ഐതിഹ്യം ഉണ്ട്.
കൊല്ലം വലിയപള്ളി, ജോനകപ്പുറം പള്ളി, കൊല്ലൂര്‍വിള ജുമ-അത്ത് പള്ളി, തട്ടാമല ജുമ-അത്ത് പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലീം ആരാധനാലയങ്ങള്‍ ആണ്.
ചടയമംഗലത്തെ പ്രസിദ്ധമായ ജഡായു പാറ കൊല്ലം ജില്ലയിലാണ്.
ആയൂരിന് 2 കി.മി അടുത്തുള്ള വയനാമ്മുല മഹാദേവക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതാണ്.
വിഷ്ണുവിനെ ബാല ശാസ്താവായി പ്രതിഷ്ടിച്ചിരിക്കുന്ന കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്.ഇവിടുത്തെ വിഷു ഉല്‍സവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകര്‍ഷിക്കുന്നു.
ജനസംഖ്യ
ഏറ്റവും ഒടുവിലത്തെ കനേഷുമാരി (2001) പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ 2 585 208 ആണ്. ഇതില്‍ പുരുഷന്മാര് 1 249 621-ഉം സ്ത്രീകള്‍ 1 335 587-ഉം ആണ്. നഗരവാസികള്‍ 2.23 ലക്ഷവും ഗ്രാമവാസികള്‍ 23.8 ലക്ഷവും ആണ്. സ്ത്രീ-പുരുഷ അനുപാതം 1069 ആണ്. ജനസാന്ദ്രത /ച.കി.മീ. ആണ്. ജില്ലയില്‍ ജനസംഖ്യയില്‍ മുന്നില്‍ ഉള്ള ബ്ലോക്ക് മുഖത്തലയാണ്. ഗ്രാമപഞ്ചായത്തില്‍ മുന്നില്‍ തൃക്കോവില്‍വട്ടവും.
സാക്ഷരത
ജില്ലയിലെ സാക്ഷരതാനിരക്ക് 2001-ലെ കനേഷുമാരി ഒരകാരം 91.49 ആണ്. ജില്ലയില്‍ ആകെ 213 ഹൈസ്കൂളുകളും 208 യൂ പീ സ്കൂളൂകളും 475 എല്‍ പി സ്കൂളുകളും 92 ഹയര്‍ സെക്കന്ററി സ്കൂളുകളും ഉണ്ട്. 16 സി ബി എസ് ഇ സ്കൂളുകളും 9 ഐ സി എസ് ഇ സ്കൂളുകളും ഒരു ജവഹര്‍ നവോദയ സ്കൂളുകളും ഉണ്ട്. ആര്‍ട്ട്സ് അന്റ് സയന്‍സ് കോളേജുകള്‍ സ്വകാര്യ മേഖലയില്‍ 12 എണ്ണം ഉണ്ട്. ഒരു സര്‍ക്കര്‍ കോളേജും 2 അണ് എയ്ഡഡ് കോളേജുകളും ഒരു പോളീടെക്നിക്കും 48 ഐ ടി സി കളും 6 ഐ ടി ഐ കളും ഉണ്ട്. കൂടാതെ 8 അദ്ധ്യാപക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ 30 സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.
കലാലയങ്ങള്‍
ആര്‍ട്സ് ആന്‍ഡ് സയന്‍സ്
- ഫാത്തിമ മാതാ നാഷണല്‍ കോളേജ്
- എസ്. എന്‍. കോളേജ്
- എസ്.എന്‍ വനിതാ കോളജ്
- എം.എം.എന്‍.എസ്.എസ് കോളജ് കൊട്ടിയം
- എസ്.എന്‍ കോളജ് ചാത്തന്നൂര്‍
- എസ്.ജി കോളജ്
- സെന്റ് ജോണ്‍സ് കോളേജ്, അഞ്ചല്‍.
- D.B.College ,Sasthamkotta
പ്രൊഫഷണല്‍
എഞ്ചിനീയറിംഗ്
- ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിംഗ്
- കോളജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമണ്‍
- കോളജ് ഓഫ് എഞ്ചിനീയറിംഗ്,കരുനാഗപ്പള്ളി
- യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്
- ട്രാവന്‍കൂര്‍ എഞ്ചിനീയറിംഗ് കോളജ്,ഓയൂര്‍
മെഡിക്കല്‍
- അസീസിയ മെഡിക്കല്‍ കോളജ്
- അസീസിയ ഡന്റല്‍ കോളജ്
- ഫാത്തിമ കോളജ് ഓഫ് ഫാര്‍മസി,കിളികൊല്ലൂര്‍
പോളിടെക്നിക്ക്
- എസ്.എന്‍ പോളിടെക്നിക്ക് കോളജ്, കൊട്ടിയം
- ഗവ. പോളിടെക്നിക്ക് കോളജ്, എഴുകോണ്‍
- ഗവ. പോളിടെക്നിക്ക് കോളജ്, കരുനാഗപ്പള്ളി
- ഗവ. പോളിടെക്നിക്ക് കോളജ്,പുനലൂര്‍
വ്യവസായം/തൊഴില്‍
ജില്ലയില്‍ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളില്‍ 102 789 പേര് തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികള്‍ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബര്‍, പ്ലാസ്റ്റിക്ക്, തുകല്‍, റെക്സിന്, സോപ്പ്, ഭക്ഷ്യോല്‍പ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേര് തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയില്‍ 2.5 ലക്ഷം തൊഴിലാളികള്‍ ഉണ്ട്. മത്സ്യ മേഖലയില്‍ ഒരു ലക്ഷത്തോളം പേര് ഉപജീവനം നടത്തുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോര്പ്പറേഷന്, കൊല്ലം, കെ.എം.എം.എല്‍ ചവറ, സിറാമിക്സ് കുണ്ടറ, കെല് കുണ്ടറ, യുണൈറ്റഡ് ഇലക്ട്രിക്കത്സ് (മീറ്റര്‍ കമ്പനി) പള്ളിമുക്ക് എന്നിവ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളാണ്
ഭുപ്രകൃതി
ജില്ലയുടെ ആകെ ഭുവിസ്തൃതിയില്‍ 145 726 ഹെക്ടര്‍ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയില്‍ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭുമിയില്‍ ഭുരിഭാഗവും. പത്തനാപുരം, കൊട്ടരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയില്‍ അച്ചന്‍കോവില്‍, തെന്മല, പുനലൂര്‍ എന്നിവയുടെ പരിധി പൂര്‍ണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങള്‍ തിരുവനന്തപുരം ഡിവിഷന്റെ പരിധിയില്‍ കൂടി ഉള്‍പ്പെടുന്നു. ജനവാസമുള്ള അച്ചന്‍കോവില്‍, റോസ്മല, ചെന്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങള്‍ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്.
പ്രധാന ജലസ്രോതസ്സുകള്‍
പ്രധാനമായും രണ്ട് നദികളും (കല്ലടയാര്‍, ഇത്തിക്കരയാര്‍) മൂന്ന് കായലുകളും (ശാസ്താംകോട്ട, അഷ്ടമുടി, ഇടവ-നടയറ) ആണ് ജില്ലയിലെ ജലസ്രോതസ്സുകള്‍. അച്ചന്കോവിലാറ് ജില്ലയില്‍ ഉത്ഭവിക്കുന്നെന്കിലും പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ലകളിലൂടെയും ഒഴുകുന്നു.
കാലാവസ്ഥ
കഠിനമായ ചൂടും ധാരാളം മഴയുമുള്ള ആര്‍ദ്രതയേറിയ ഉഷ്ണമേഖലാ കാലാവസ്ഥ്യാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളീല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 1969-ലാണ് (4780 mm). ഏറ്റവും കുറവ് 1982-ലും (897 mm). ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്, സാധാരണയായി ജൂണ്‍ മാസത്തിലാണ്, ശരാശരി 487 mm. പുനലൂര്‍ ആണ് ഏറ്റവും ചൂടു കൂടിയ സ്ഥലം.
ധാതു നിക്ഷേപങ്ങള്‍
കൊല്ലം ജില്ലയില്‍ കാണപ്പെടുന്ന ധാതുക്കള്‍, ചുണ്ണാമ്പ് കല്ല്, ചീനക്കളിമണ്ണ്, ഇല്‍മനൈറ്റ്, മൊണൊസൈറ്റ്, റൂട്ടൈല്‍, സിര്‍ക്കോണ്‍, ഗ്രാഫൈറ്റ്, ബൊക്സൈറ്റ്, മൈക്ക എന്നിവയാണ്. കൊല്ലം നഗരത്തിന്റെ 8 കി.മീ. വടക്കുകിഴക്കുള്ള പടപ്പക്കരയില്‍ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം സമൃദ്ധമായുണ്ട്. പരവൂരിന്റെ പാറക്കെട്ടുകളിലും അഷ്ടമുടിക്കായലിന്റെ വടക്ക്-കിഴക്ക് ഭാഗങ്ങളിലും ഇത്തിക്കരയാറിന്റെ നീര്‍മറി പ്രദേശങ്ങളിലും ആദിച്ചനെല്ലൂരും ചുണ്ണാമ്പ് കല്ല് കണ്ടെത്തിയിട്ടുണ്ട്. നീണ്ടകര, ചവറ, പൊന്മന, ആലപ്പാട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ ഇല്‍മനൈറ്റ്, റുട്ടൈല്‍, സിര്‍ക്കോണ്‍, മോണൊസൈറ്റ് എന്നിവ ധാരാളം ഉണ്ട്. കൂണ്ടറയില്‍ കളിമണ്‍ നിക്ഷേപം ഏറെയുണ്ട്. ജില്ലയില്‍ ധാരാളമായി കണ്ടു വരുന്ന വെട്ടുകല്ലില്‍ ഗ്രാഫൈറ്റിന്റെ അംശം ഏറെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഓച്ചിറയ്ക്ക് വടക്കും പുനലൂരിന് സമീപത്തുള്ള മൈക്കാമണ്‍ എന്ന സ്ഥലത്തും കാണപ്പെടുന്ന വെട്ടുകല്ലില്‍ മൈക്കയുടെ സമൃധ നിക്ഷേപം ഉണ്ട്.
മറ്റ് പ്രധാന കണ്ണികള്‍
അവലംബം
ഫലകം:കൊല്ലം - സ്ഥലങ്ങള്‍ ഫലകം:Kerala Dist
വര്‍ഗ്ഗം:കേരളത്തിലെ ജില്ലകള്‍ വര്‍ഗ്ഗം:കൊല്ലം ജില്ല
de:Kollam (Distrikt) en:Kollam district hi:कोल्लम जिला it:Distretto di Kollam mr:कोल्लम जिल्हा nl:Kollam (district) no:Kollam (distrikt) ta:கொல்லம் மாவட்டம்