സഹായം Reading Problems? Click here


കരുനാഗപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്


സമുദ്ര നിരപ്പിൽ നിന്നും 20 മീറ്ററിൽ താഴെ ഉയരത്തിൽ ആണ് നഗരസഭയുടെ എല്ലാപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്ക് ഭാഗത്തുനിന്നും തെക്കുപടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം. തോടുകൾ വടക്കുനിന്നും തെക്കോട്ടും അവിടെ നിന്നും പടിഞ്ഞാറോട്ടും ഒഴുകുന്ന രീതിയാണ് കാണുന്നത്. കാർഷിക മേഖലകളാക്കി തരം തിരിക്കുമ്പോൾ ഓണാട്ടുകര മേഖലയിലാണ് കരുനാഗപ്പളളി ഉൾപ്പെടുന്നത്. ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ തോടുകളും കുളങ്ങളും ആണ്.


കൃഷികഴിഞ്ഞാൽ ബഹുഭൂരിപക്ഷം സാധാരണക്കാരും ഉപജീവന മാർഗ്ഗമായി സ്വീകരിച്ചിരുന്നത് രണ്ട് പരമ്പരാഗത ചെറുകിട വ്യവസായങ്ങൾ ആയിരുന്ന കയറും കൈത്തറിയും ആയിരുന്നു. ഇതിനുപുറമെ നാടൻ ചക്കിൽ എണ്ണയാട്ട്, കക്കാനീറ്റ്, വളളംകെട്ട്, ബോട്ട് നിർമ്മാണം എന്നീ ചെറുകിട വ്യവസായങ്ങളും ഈ പ്രദേശത്തുണ്ടായിരുന്നു. 35 വർഷത്തിലധികം പഴക്കമുളള ഗംഗ ടൈൽ ഫാക്ടറിയാണ് നഗരസഭയിലെ ഏറ്റവും പഴക്കം ചെന്ന ചെറുകിട യൂണിറ്റ്. ഇത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നു. നാളികേര സംസ്കരണത്തിനു വേണ്ടിയുള്ള കൊപ്രാ പുരകൾ നിലവിലുണ്ട്. പരമ്പരാഗത വ്യവസായങ്ങളുടെ മേഖലയായിരുന്ന പ്രദേശത്ത് ആധുനിക ചെറുകിട കുടിൽ വ്യവസായ സംരംഭങ്ങളായ തീപ്പെട്ടി, മെഴുകുതിരി, ചന്ദനത്തിരി, അലുവ, അലുമിനിയം ഫാക്ടറി, ബ്രഡ്ഡ്, ബേക്കറി സാധനങ്ങൾ, ആർട്ടിസ്റ്റ് ബ്രഷ്, ആയൂർവേദ മരുന്ന്, ഹോളോബ്രിക്സ്, സ്റ്റീൽ ഫാബ്രിക്കേഷൻ, എൻജിനീയറിംഗ് വർക് ഷോപ്പുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയുടെയെല്ലാം നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടുതലും സ്വകാര്യ മേഖലയിലാണ്. തഴപ്പായ് നെയ്ത്ത് തൊഴിലാക്കിയവരും പ്രദേശത്ത് അങ്ങിങ്ങായി ഉണ്ട്. എല്ലാ വ്യവസായ യൂണിറ്റുകളിലും ഭൂരിഭാഗവും സ്ത്രീകളാണ് തൊഴിലെടുക്കുന്നത്. കയർ വ്യവസായത്തിനാണ് പരമ്പരാഗത മേഖലയിൽ പ്രമുഖ സ്ഥാനം.


ഉന്നതമായ സാംസ്കാരിക പാരമ്പര്യമുള്ള ഉറവിടങ്ങളിൽ ഒന്നാണ് കൊച്ചു ഗ്രാമമായ കരുനാഗപ്പളളി. കഥകളിക്ക് പുതിയ മാനം നൽകിയ നാട്ടിൽ നാടൻ കലകളായ പുലിവേഷം, കാക്കാരിശ്ശി നാടകം, വില്പാട്ട്, കോലടികളി, തിരുവാതിരക്കളി, പടയണി, ശാസ്താംപാട്ട് തുടങ്ങിയവയെല്ലാം സർവ സാധാരണമായിരുന്നു. ശാസ്ത്രീയ സംഗീതജ്ഞരായിരുന്ന ചെല്ലപ്പൻ ഭാഗവതർ, കണ്ണമംഗലം ശിവരാമ ഭാഗവതർ, ശിവറാം ഭാഗവതർ, ഫ്ളുട്ട് വിദഗ്ദ്ധൻ സേതു മാസ്റ്റർ, നാദസ്വര വിദ്വാൻ പുല്ലന്തറ പി.കെ.ഷൺമുഖൻ ഭാഗവതർ തുടങ്ങിയവരെല്ലാം അവരവരുടേതായ സംഭാവനകൾ സമൂഹത്തിന് നല്കി. ചിത്രരചനാ രംഗത്ത് പ്രതിഭകളായിരുന്ന അച്യുതൻ പിളളയും ഉപേന്ദ്രനാഥും അവരുടേതായ സംഭാവനകൾ നല്കിയിട്ടുണ്ട്. നാടക സമിതികൾ, നൃത്ത സംഘങ്ങൾ തുടങ്ങി സമസ്ത മേഖലയിലും നാടിന്റേതായ സംഭാവനകൾ സാംസ്കാരിക കേരളത്തിന് നൽകാൻ പൂർവികർക്കു കഴിഞ്ഞിട്ടുണ്ട്. ജാതിമതഭേദമെന്യേ സമസ്ത ജനവിഭാഗങ്ങളും ഒത്തൊരുമിച്ച് എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുളള ഉത്സവാഘോഷങ്ങൾ ആചരിക്കുന്നു.

"https://schoolwiki.in/index.php?title=കരുനാഗപ്പള്ളി&oldid=540124" എന്ന താളിൽനിന്നു ശേഖരിച്ചത്