കൊല്ലം ജില്ല

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:ജില്ലാവിവരപ്പട്ടിക

കേരളത്തിലെ തെക്കുഭാഗത്തുള്ള ഒരു ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരവും, വടക്ക് പത്തനംതിട്ടയും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.

കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാറ്ദ്ദ‍വും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവൂം പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെൻമല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, കാപ്പിൽ, ഇടവ, പുനലൂർ തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത നിലവിൽ വന്നതും കൊല്ലത്തുതന്നെ.[അവലംബം ആവശ്യമാണ്]

രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 

1957 ഓഗസ്റ്റ്‌ 17-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്. 1982-ൽ പത്തനംതിട്ടയും കുന്നത്തൂറ് താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു.

മാതാ അമൃതാനന്ദമയീ മഠം, കൊല്ലം ജില്ലയിലെ അമൃതപുരിയിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

ക്രിസ്തുവർഷം 9ആം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ്‌ ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമർശങ്ങളില്ല.[1] ക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു.[2]

ഇവിടുത്തെ സന്മാർഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണെന്നും അബുസൈദ്‌ (ക്രി വ 950), ബഞ്ചമിൻ (ക്രി വ 1153-73) എന്നിവർ എഴുതിയിരിക്കുന്നു.[1] കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ്‌ കൊല്ലമെന്ന് അബുൽ ഫിദാ (ക്രി വ 1273 1331) എഴുതിയിട്ടുണ്ട്‌.

വേണാട്‌ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം.[1]

പ്രധാന ആരാധനാലയങ്ങൾ

പ്രമാണം:Jadayupara.JPG
ജഡായു പാറ

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം - കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തഞ്ച്‌ കിലോമീറ്ററുകൾക്കലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. ശിവൻ ആണ് പ്രധാന പ്രതിഷ്ഠ, എന്നാൽ ഉപ ദേവനായ ഗണപതി (വിഘ്നേശ്വരൻ) പ്രാധാന്യം നേടിയിരിക്കുന്നു.ഉത്സവം മീനത്തിലെ തിരുവാതിര നാളിൽ.പാരിപ്പള്ളി ശ്രീ. ഭദ്രകാളി ക്ഷേത്രവും വളരെ പ്രസിദ്ധമാണ്,

പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രം, ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മയ്യനാട്‍ മുളയ്ക്ക കാവിൽ ക്ഷേത്രം, മയ്യനാട്‍ ശാസ്താം കോവിൽ ക്ഷേത്രം തുടങ്ങിയവയാണ്, ജില്ലയിലെ മറ്റ് പ്രസിദ്ധങ്ങളായ ഹൈന്ദവ ആരാധനാലയങ്ങൾ.

പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം, കൊല്ലത്തെ പേരു കേട്ട ഒരു ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ്. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം വ്യത്യാസമില്ലാതെ സർവ്വരും വരുന്നൊരിടം കൂടിയാണ് പുല്ലിച്ചിറ ദേവാലയം. പണ്ടൊരിക്കൽ ഇതൊരു ഹിന്ദു ക്ഷേത്രം ആയിരുന്നു എന്നു കൂടി ഐതിഹ്യം ഉണ്ട്.

കൊല്ലം വലിയപള്ളി, ജോനകപ്പുറം പള്ളി, കൊല്ലൂർവിള ജുമ-അത്ത് പള്ളി, തട്ടാമല ജുമ-അത്ത് പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലീം ആരാധനാലയങ്ങൾ ആണ്.

ചടയമംഗലത്തെ പ്രസിദ്ധമായ ജഡായു പാറ കൊല്ലം ജില്ലയിലാണ്.

ആയൂരിന് 2 കി.മി അടുത്തുള്ള വയനാമ്മുല മഹാദേവക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതാണ്.

വിഷ്ണുവിനെ ബാല ശാസ്താവായി പ്രതിഷ്ടിച്ചിരിക്കുന്ന കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്.ഇവിടുത്തെ വിഷു ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു.

ജനസംഖ്യ

ഏറ്റവും ഒടുവിലത്തെ കനേഷുമാരി (2001) പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ 2 585 208 ആണ്. ഇതിൽ പുരുഷൻമാർ 1 249 621-ഉം സ്ത്രീകൾ 1 335 587-ഉം ആണ്. നഗരവാസികൾ 2.23 ലക്ഷവും ഗ്രാമവാസികൾ 23.8 ലക്ഷവും ആണ്. സ്ത്രീ-പുരുഷ അനുപാതം 1069 ആണ്. ജനസാന്ദ്രത /ച.കി.മീ. ആണ്. ജില്ലയിൽ ജനസംഖ്യയിൽ മുന്നിൽ ഉള്ള ബ്ലോക്ക് മുഖത്തലയാണ്. ഗ്രാമപഞ്ചായത്തിൽ മുന്നിൽ തൃക്കോവിൽവട്ടവും.

സാക്ഷരത

ജില്ലയിലെ സാക്ഷരതാനിരക്ക് 2001-ലെ കനേഷുമാരി ഒരകാരം 91.49 ആണ്. ജില്ലയിൽ ആകെ 213 ഹൈസ്കൂളുകളും 208 യൂ പീ സ്കൂളൂകളും 475 എൽ പി സ്കൂളുകളും 92 ഹയർ സെക്കന്ററി സ്കൂളുകളും ഉണ്ട്. 16 സി ബി എസ് ഇ സ്കൂളുകളും 9 ഐ സി എസ് ഇ സ്കൂളുകളും ഒരു ജവഹർ നവോദയ സ്കൂളുകളും ഉണ്ട്. ആർട്ട്സ് അന്റ് സയൻസ് കോളേജുകൾ സ്വകാര്യ മേഖലയിൽ 12 എണ്ണം ഉണ്ട്. ഒരു സർക്കർ കോളേജും 2 അൺ എയ്ഡഡ് കോളേജുകളും ഒരു പോളീടെക്നിക്കും 48 ഐ ടി സി കളും 6‍ ഐ ടി ഐ കളും ഉണ്ട്. കൂടാതെ 8 അദ്ധ്യാപക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളും പട്ടികജാതി പട്ടികവർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ 30 സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

കലാലയങ്ങൾ

ആർട്സ് ആൻഡ് സയൻസ്

  • ഫാത്തിമ മാതാ നാഷണൽ കോളേജ്‌
  • എസ്. എൻ. കോളേജ്‌
  • എസ്.എൻ വനിതാ കോളജ്
  • എം.എം.എൻ.എസ്.എസ് കോളജ് കൊട്ടിയം
  • എസ്.എൻ കോളജ് ചാത്തന്നൂർ
  • എസ്.ജി കോളജ്
  • സെന്റ് ജോൺസ് കോളേജ്, അഞ്ചൽ.
  • D.B.College ,Sasthamkotta

പ്രൊഫഷണൽ

എഞ്ചിനീയറിംഗ്

മെഡിക്കൽ

  • അസീസിയ മെഡിക്കൽ കോളജ്
  • അസീസിയ ഡന്റൽ കോളജ്
  • ഫാത്തിമ കോളജ് ഓഫ് ഫാർമസി,കിളികൊല്ലൂർ

പോളിടെക്നിക്ക്

വ്യവസായം/തൊഴിൽ

ജില്ലയിൽ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളിൽ 102 789 പേർ തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികൾ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബർ, പ്ലാസ്റ്റിക്ക്, തുകൽ, റെക്സിൻ, സോപ്പ്, ഭക്ഷ്യോൽപ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേർ തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയിൽ 2.5 ലക്ഷം തൊഴിലാളികൾ ഉണ്ട്. മ‍ത്സ്യ മേഖലയിൽ ഒരു ലക്ഷത്തോളം പേർ ഉപജീവനം നടത്തുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോര്പ്പറേഷൻ, കൊല്ലം, ‍കെ.എം.എം.എൽ ചവറ, സിറാമിക്സ് കുണ്ടറ, കെൽ കുണ്ടറ, യുണൈറ്റഡ് ഇലക്ട്രിക്കത്സ് (മീറ്റർ കമ്പനി) പള്ളിമുക്ക് എന്നിവ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളാണ്

ഭുപ്രകൃതി

പ്രമാണം:Beecolony.JPG
തേൻ പാറ

ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ 145 726 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭുമിയിൽ ഭുരിഭാഗവും. പത്തനാപുരം, കൊട്ടരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയിൽ അച്ചൻകോവിൽ, തെന്മല, പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്നു. ജനവാസമുള്ള അച്ചൻകോവിൽ, റോസ്‍മല, ചെന്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങൾ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്.

പ്രധാന ജലസ്രോതസ്സുകൾ

പ്രമാണം:A wire bridge.JPG
ചാലിയക്കരയിലെ കമ്പിപ്പാലം

പ്രധാനമായും രണ്ട് നദികളും (കല്ലടയാർ, ഇത്തിക്കരയാർ) മൂന്ന് കായലുകളും (ശാസ്താംകോട്ട, അഷ്ടമുടി, ഇടവ-നടയറ) ആണ് ജില്ലയിലെ ജലസ്രോതസ്സുകൾ. അച്ചൻകോവിലാറ് ജില്ലയിൽ ഉത്ഭവിക്കുന്നെന്കിലും പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ലകളിലൂടെയും ഒഴുകുന്നു.

കാലാവസ്ഥ

കഠിനമായ ചൂടും ധാരാളം മഴയുമുള്ള ആർദ്രതയേറിയ ഉഷ്ണമേഖലാ കാലാവസ്ഥ്യാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ 30 വർഷത്തിനുള്ളീൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 1969-ലാണ് (4780 mm). ഏറ്റവും കുറവ് 1982-ലും (897 mm). ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്, സാധാരണയായി ജൂൺ മാസത്തിലാണ്, ശരാശരി 487 mm. പുനലൂർ ആണ് ഏറ്റവും ചൂടു കൂടിയ സ്ഥലം.

ധാതു നിക്ഷേപങ്ങൾ

കൊല്ലം ജില്ലയിൽ കാണപ്പെടുന്ന ധാതുക്കൾ, ചുണ്ണാമ്പ് കല്ല്, ചീനക്കളിമണ്ണ്, ഇൽമനൈറ്റ്, മൊണൊസൈറ്റ്, റൂട്ടൈൽ, സിർക്കോൺ, ഗ്രാഫൈറ്റ്, ബൊക്സൈറ്റ്, മൈക്ക എന്നിവയാണ്. കൊല്ലം നഗരത്തിന്റെ 8 കി.മീ. വടക്കുകിഴക്കുള്ള പടപ്പക്കരയിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം സമൃദ്ധമായുണ്ട്. പരവൂരിന്റെ പാറക്കെട്ടുകളിലും അഷ്ടമുടിക്കായലിന്റെ വടക്ക്-കിഴക്ക് ഭാഗങ്ങളിലും ഇത്തിക്കരയാറിന്റെ നീർമറി പ്രദേശങ്ങളിലും ആദിച്ചനെല്ലൂരും ചുണ്ണാമ്പ് കല്ല് കണ്ടെത്തിയിട്ടുണ്ട്. നീണ്ടകര, ചവറ, പൊൻമന, ആലപ്പാട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇൽമനൈറ്റ്, റുട്ടൈൽ, സിർക്കോൺ, മോണൊസൈറ്റ് എന്നിവ ധാരാളം ഉണ്ട്. കൂണ്ടറയിൽ കളിമൺ നിക്ഷേപം ഏറെയുണ്ട്. ജില്ലയിൽ ധാരാളമായി കണ്ടു വരുന്ന വെട്ടുകല്ലിൽ ഗ്രാഫൈറ്റിന്റെ അംശം ഏറെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഓച്ചിറയ്ക്ക് വടക്കും പുനലൂരിന് സമീപത്തുള്ള മൈക്കാമൺ എന്ന സ്ഥലത്തും കാണപ്പെടുന്ന വെട്ടുകല്ലിൽ മൈക്കയുടെ സമൃധ നിക്ഷേപം ഉണ്ട്.

മറ്റ് പ്രധാന കണ്ണികൾ

അവലംബം

  1. 1.0 1.1 1.2 വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്, ഡി സി ബുക്സ്
  2. വേലായുധൻ പണിക്കശ്ശേരി, ഇബ്ൻ ബത്തൂത്ത കണ്ട ഇൻഡ്യ

ഫലകം:കൊല്ലം - സ്ഥലങ്ങൾ ഫലകം:Kerala Dist

de:Kollam (Distrikt) en:Kollam district hi:कोल्लम जिला it:Distretto di Kollam mr:कोल्लम जिल्हा nl:Kollam (district) no:Kollam (distrikt) ta:கொல்லம் மாவட்டம்


"https://schoolwiki.in/index.php?title=കൊല്ലം_ജില്ല&oldid=392359" എന്ന താളിൽനിന്ന് ശേഖരിച്ചത്