Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്കാലത്തിന്റെ ബാക്കിപത്രം
ഈ കോവിഡ്കാലം ഓർമിപ്പിക്കുന്നത് നമ്മുടെ പരാശ്രയത്വം ആണ്. പച്ചക്കറികളും പഴവർഗ്ഗങ്ങളുമൊക്കെയായി അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ചരക്കു വണ്ടിയുടെ എണ്ണം കുറയുന്നത് നമ്മുടെ അടുക്കളകളുടെ ആധി കൂട്ടുന്ന സാഹചര്യം അങ്ങേയറ്റം നിർഭാഗ്യകരമാണ്. അതു കൊണ്ടു തന്നെ കാർഷിക സ്വയംപര്യാപ്തത എന്ന വാക്കിന്റെ വെളിച്ചം ഇവിടെ പ്രസക്തമാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളോടുള്ള അമിത ആശ്രയത്വം അവസാനിപ്പിച്ചു കൊണ്ടു വേണം കേരളം കാർഷിക സ്വയംപര്യാപ്തയുടെ കാഹളം മുഴക്കാൻ. പച്ചക്കറികളുടെ ഉൽപാദനം ഒരു ജനകീയ മുന്നേറ്റമായി മാറിയപ്പോൾ വലിയൊരു പങ്ക് പച്ചക്കറികൾ മലയാള മണ്ണിൽ തന്നെ വിളഞ്ഞു തുടങ്ങിയിട്ടുണ്ടെന്നുള്ളത് അഭിമാനകരമാണ്. നമുക്കു വേണ്ട പച്ചക്കറികൾ നമ്മുടെ മണ്ണിൽത്തന്നെ വിളയിക്കാൻ കേരളത്തിൽ സാധ്യതകളുണ്ട്. ഈ ഹരിത വിപ്ലവം വർഷം മുഴുവൻ സ്ഥിരതയോടെ നിലനിർത്താൻ വേണ്ട സാഹചര്യങ്ങളാണ് ഇനിയുണ്ടാവേണ്ടത്. നമ്മൾ ഈ കോവിഡ് കാലത്ത് വീടുകളിലെ പച്ചക്കറി ക്യഷിയിലുണ്ടായ വർധനയും, വാണിജ്യ പച്ചക്കറിക്കൃഷിക്കുണ്ടായ ഉണർവും മികവുറ്റവിധം മുന്നോട്ടു കൊണ്ടു പോകണം.അന്യസംസ്ഥാനങ്ങളിൽ പ്രതികൂല കാലാവസ്ഥ ഉണ്ടായാൽ കേരളത്തിന്റെ കലവറ കാലിയാകുന്ന സാഹചര്യം ഇനിയൊരിക്കലും ഇവിടെയുണ്ടായിക്കൂടാ.തരിശുനിലങ്ങളിൽ കൃഷിയിറക്കാനായി ഓരോ പഞ്ചായത്തും അത്തരം സ്ഥലങ്ങൾ ഏതൊക്കെയാണെന്നു കൃത്യമായി കണ്ടെത്തിയും പശുവളർത്തലും, മത്സ്യക്കൃഷിയും, മൃഗസംരക്ഷണ മേഖലയും മറ്റും കർമപദ്ധതിയിൽ ഉൾപ്പെടുത്തിയും പ്രാധാന്യം നൽകണം.
അങ്ങേയറ്റം പ്രതികൂലമായ സാഹചര്യമുണ്ടായാൽ ഒരുപക്ഷേ, കേരളം ഉൾപ്പെടെയുള്ള ഇന്ത്യാ മഹാരാജ്യത്തിനു തന്നെയും ഒരു ക്ഷാമ കാലത്തെ നേരിടേണ്ടി പോലും വന്നേക്കും. അങ്ങനെയൊരു ദുഃസ്ഥിതിയുണ്ടായാൽ പരിഹരിക്കാനുള്ള വഴി സ്വയംപര്യാപ്തത തന്നെയാണ്. എത്രയും വേഗം നാം ഉൾപ്പെടുന്ന കേരളം കാർഷിക സ്വയംപര്യാപ്തത നേടിയേ തീരു. ഈ കോവിഡ് കാലത്തിന്റെ ബാക്കിപത്രത്തിൽ അതിന്റെ ഫലശ്രുതിയുമുണ്ടാവണം.
ഈ കോവിഡ് കാലത്തെ നാം ഒരുമിച്ച് അതിജീവിക്കാം......
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|