ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/നെയ്യാറ്റിൻകര-ചരിത്രതാളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
നെയ്യാറ്റിൻകര-ചരിത്രതാളിൽ

നെയ്യാറ്റിൻകര: തിരുവിതാംകൂർ ചരിത്രം ഉറങ്ങുന്ന മണ്ണ്. കേരള നവോഥാനത്തിനു തുടക്കം കുറിച്ച അരുവിപ്പുറത്തിന്റെയും ചരിത്ര പുരുഷന്മാരായ അയ്യൻകാളിയുടെയും സ്വദേശാഭിമാനിയുടെയും ജന്മ സ്ഥലം.തിരുവിതാംകൂറിന്റെ കലവറ ആയിരുന്ന നാഞ്ചിനാടിന്റെ വാതിൽ പടി-

വേണാട് രാജ്യത്തിന്റെ ഭാഗമായും, തുടർന്ന് തിരുവിതാംകൂർ രാജ്യത്തിലും ഉൾപ്പെട്ടിരുന്ന പ്രദേശമാണ് നെയ്യാറ്റിൻകര. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്ന് രക്ഷപ്പെടുവാൻ പലായനം ചെയ്യുന്ന കാലത്ത് ഈ പ്രദേശത്തു വച്ച് മാർത്താണ്ഡവർമ്മ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളിൽ കയറി മറഞ്ഞിരിക്കുകയുണ്ടായി. രക്ഷാമാർഗ്ഗം തേടുന്നതിനിടയിൽ ഇങ്ങനെയൊരു പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോൾ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. ഉദരത്തിൽ മാതാവ് കൊച്ചുകുഞ്ഞിനെ സംരക്ഷിക്കും പോലെ തന്നെ രക്ഷിച്ച പ്ലാവിനെ അദ്ദേഹം അമ്മച്ചിപ്ലാവ് എന്നു വിളിച്ചു. ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച അദ്ദേഹം ഭരണാധികാരിയായ ശേഷം പിന്നീട് അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ൽ ഒരു ശ്രീകൃഷ്ണക്ഷേത്രം നിർമ്മിക്കുകയുണ്ടായി. തിരുവിതാംകൂറിലെ ബർ‌ദോളി എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച നെയ്യാറ്റിൻകരയിൽ തന്നെയാണ് ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യസമര ഭടന്മാർക്കെതിരെ ബ്രിട്ടീഷുകാർ വെടിമുഴക്കിയതും. 1938-ൽ ബ്രിട്ടീഷുകാർ സ്റ്റേറ്റ് കോൺഗ്രസ്സിനെതിരെ നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തതിനെതിരെ നടന്ന പ്രക്ഷോഭത്തിൽ സ്വാതന്ത്ര്യസമര ഭടന്മാർ പോലീസ് ഉപേക്ഷിച്ചുപോയ കാർ കത്തിക്കുകയും തത്ഫലമായി പട്ടാളം ജനങ്ങൾക്കു നേരെ നടത്തിയ വെടിവെയ്പിൽ വീരരാഘവൻ , കല്ലുവിള പൊടിയൻ , അത്താഴമംഗലം രാഘവൻ , നടവൂർ ചെല്ലകുട്ടൻ , കുട്ടൻപിള്ള, വാറുവിളാകം മുത്തൻ പിള്ള, വാറുവിളാകം പത്മനാഭപിള്ള, മരുത്തൂർ വാസുദേവൻ എന്നിവർ രക്തസാക്ഷികളാവുകയുമുണ്ടായി. ഇവരോടുള്ള ആദരസൂചകമായി സ്വദേശാഭിമാനി പാർക്കിനു സമീപത്ത് ഒരു രക്തസാക്ഷി സ്മാരകസ്തൂപം സ്ഥാപിച്ചിട്ടുണ്ട്.

സ്വാമി വിവേകാനന്ദൻ , ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ , വൈകുണ്ഠസ്വാമികൾ , അയ്യൻകാളി, മഹാത്മാ ഗാന്ധി എന്നിവർ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.

ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം നെയ്യാറ്റിൻകര നഗരത്തോട് വളരെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.


അശ്വിൻ. ആർ. പി
8A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം