ഗവ.എച്ച്എസ്എസ് തരിയോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിൽ കാവുംമന്ദം ടൗണിന് സമീപത്താണ് തരിയോട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം മലബാർ ജില്ലാ എലിമെന്ററി സ്ക്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ തരിയോട് ജി. എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്ന കണ്ണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദര മേനോൻ എന്നയാളുടെ വാടകക്കെട്ടിടത്തിലാണ് 1957 ൽ ആരംഭിച്ച ഹൈസ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 ലാണ് സ്ക്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. വയനാട് ജില്ലയിലെ ആദ്യ ഹയർ സെക്കണ്ടറി വിഭാഗമാണിത്. വയനാട്ടിലെ ആദിമ ജനവിഭാഗങ്ങളുടെ അക്ഷരസ്വപ്നങ്ങളെ പൂവണിയിച്ചു കൊണ്ട് അഞ്ചു പതിറ്റാണ്ടിലധികമായി തരിയോടിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഈ വിദ്യാലയം. 2007 ൽ ഈ വിദ്യാലയം സുവർണ്ണ ജൂവിലി ആഘോഷിച്ചു. ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. 2017-18 ൽ വജ്ര ജൂവിലി ആഘോഷങ്ങളും ഗംഭീരമായി നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബഹു. ശ്രീ.കെ ടി ജലീൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലയിലെ ആദ്യകാല സർക്കാർ വിദ്യാലയമായ തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 65ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് .അഞ്ച് മുതൽ പ്ലസ് ടു വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിൽ ആയിരത്തോളം വിദ്യാർഥികളാണ് അദ്ധ്യയനം നടത്തുന്നത് .50 ശതമാനത്തിലധികം പ്രാക്തന ഗോത്രവിഭാഗത്തിൽപെടുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പഠിക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 65 വർഷമായി പാഠ്യപാഠ്യേതര മേഖലകളിൽ മികവിന്റെ കേന്ദ്രമായി പ്രവർത്തിച്ച് വരികയാണ് .കഴിഞ്ഞ വർഷത്തിൽ കോവിഡ് മഹാമാരിയെ അതിജീവിച്ചുകൊണ്ട് എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം കരസ്ഥമാക്കുവാനും 14 കുട്ടികൾക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കുനാനും പരീക്ഷ എഴുതിയ എല്ലാ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളേയും വിജയിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു. അധ്യാപകരുടേയും ,പി.ടി.എ യുടേയും , സ്കൂൾ സപ്പോർട്ടിങ് ഗ്രുപ്പിന്റേയും കൃത്യമായ ഇടപെടലുകളും ഉത്തരവാദിത്തത്തോടെ ഉള്ള പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ വിലമതിക്കുന്നതാണ് .കോവിഡ് കാലത്ത് വിദ്യാലയം തുറക്കാത്ത അവസ്ഥയിൽ നിരവധി ഓൺലൈൻ ക്ലാസുകളിലൂടെയും, കോളനിസന്ദർശനത്തിലൂടെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രവർത്തന ഫലമായി നിരവധി മികവാർന്ന പ്രവർത്തനങ്ങൾ കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ആയി നടത്തുവാൻ കഴിഞ്ഞു. 50ശതമാനത്തിലധികം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സൗകര്യം ഇല്ലാത്ത അവസ്ഥയിൽ സന്നദ്ധസംഘടനകളുടേയും പൂർവ വിദ്യാർഥി സംഘടനയുടേയും ശ്രമഫലമായി നിരവധി സ്മാർട്ഫോണുകൾ കുട്ടികൾക്ക് പലഘട്ടങ്ങളിലായി വിതരണം ചെയ്യുവാൻ സാധിച്ചു. കേരള സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 202ലാപ്ടോപ്പുകൾ എസ്.ടി വിഭാഗം വിദ്യാർഥികൾക്ക് നൽകുവാനും സാധിച്ചു. കോവിഡ് കാലഘട്ടത്തിൽ ഓൺലൈനിലൂടെ വിവിധതരം ക്ലാസുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുവാൻ സാധിച്ചു. ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ,മറ്റ് ദിനാചരണങ്ങൾ എന്നിവ ഓൺലൈനിലൂടെ നടത്തുകയും വിവിധ വിദ്യാർഥികളെ മത്സരത്തിൽ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതലത്തിലും മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കുവാനും സാധിച്ചു. 75ാം ആസാദി കാ മഹോത്സവത്തിന്റെ ഭാഗമായി വയനാട്ജില്ലയിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ ശരത്ചന്ദ്രൻ എം.ആർ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അതുപോലെ ആർട്ട് അധ്യാപകർ നടത്തിയ വിവിധ മത്സരങ്ങളിൽ അശ്വതി ബിനീഷ്,അനുഷ്.കെ.എസ് ,പൂജ,അരുണിമ കെ സുരേഷ് തുടങ്ങിയ വിദ്യാർഥികൾ പെയിന്റിങ്ങിലും മറ്റ് രചനകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കി.