സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/അക്ഷരവൃക്ഷം/എന്റ കലപിലക്കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കലപിലക്കൂട്ടുകാർ

എന്റെ കലപിലക്കൂട്ടുകാർ ആഴ്ചയിൽ രണ്ടോ , മൂന്നോ തവണ ചാവക്കാടന്റെ കടയിൽ നിന്നും ടൈഗർ ബിസ്ക്കറ്റ് വാങ്ങും. എന്തിനാണെന്നോ രാവിലേയും, വൈകുന്നേരവും വരുന്ന കിളികൾക്ക് കൊടുക്കാൻ.രാവിലേയുംഎട്ടെണ്ണം.വൈകുന്നേരവും എട്ടെണ്ണം. ഇത് പല വലിപ്പത്തിലായി പൊട്ടിച്ച് മതിലിനു മുകളിൽ വച്ചിരിക്കുന്നതു കാണാം. വരുന്ന ഓരോ കിളിയെക്കുറിച്ചും അമ്മ ഓരോ ഭാവനകൾ നിരത്തും.ആദ്യമൊന്നും തീരെ താല്പര്യമുണ്ടായിരുന്നില്ല കേൾക്കാൻ. പിന്നെപ്പിന്നെ കേട്ടേപ്പറ്റൂ എന്ന അവസ്ഥ വന്നപ്പോൾ അല്പാല്പമായി താല്പര്യം എനിക്കും വന്നു തുടങ്ങി ( രാവിലെ വീടിനു പുറത്തു കൊണ്ടുപോയാണ് അമ്മ രണ്ടു പുറത്തേയ്ക്കും മുടിമടഞ്ഞു തരാറ്. അപ്പോഴാണ് ഈ വക വാചകങ്ങളൊക്കെ. അപ്പൊപ്പിന്നെ കേക്കാതെ പറ്റില്ലല്ലോ) ഇപ്പൊ അമ്മയോടൊപ്പം ഞാനും കൂടും. ബിസ്ക്കറ്റിട്ടാൽ ആദ്യം വരുന്നത് ചവിറ്റിലക്കിളികളാണ്. അവിറ്റിന്റെ കലപില ശബ്ദം കേട്ടാൽ അമ്മ പറയും മീൻ മാർക്കറ്റിൽ പോയ പോലുണ്ടെന്ന്. അവരുടെ ഊഴം കഴിഞ്ഞാൽ ബുൾബുളുകളെത്തും.അവരുടെ നാട്യം കണ്ടാൽ ഇന്നും ഇതുതന്നെ എന്നു തോന്നും. അപ്പൊ ഇതൊക്കെ നോക്കി കറണ്ടിന്റെ കമ്പീമ്പില് എന്തോ ഒരപകർഷതാബോധവും പേറി രണ്ടു മൂന്നു കാക്കകളിരിക്ക്ണ് ണ്ടാവും. അവരെക്കണ്ടാ അമ്മയ്ക്ക് അമ്മടെ കുട്ടിക്കാലം ഓർമ്മ വരുംത്രെ.(അമ്മടെ തറവാട്ടില് അമ്മ മാത്രേ കറത്ത്ട്ട് ള്ളൂ. ബാക്കിള്ളോരൊക്കെ നല്ല വെളുത്തിട്ടാ. ആരു കാണുമ്പഴും അമ്മമ്മയോട് ചോയിക്കും ത്രെ 'ഇതിനെ ആസ്പത്രീന്ന് മാറീതാന്ന്' ഇതാണ് ട്ടൊ അമ്മടെ അപകർഷതയ്ക്ക് ള്ള കാര്യം) ബുൾബുളുകള് പോവുമ്പൊ കാക്കകള് പതുക്കെ എറങ്ങി വരും.ഓരോന്നായിക്കൊത്തും. അതിലൊരു കാക്ക ഒന്നു കൊത്തിയാ അത് അപ്പൊത്തന്നെ അവര്ക്ക് കുടിക്കാൻ വെച്ചിരിക്ക്ണ വെള്ളപ്പാത്രത്തില് മുക്കും. അതു കാണുമ്പൊ മുത്തശ്ശി കായ വറുത്തത് പൊടിച്ച് തിന്നണതാ ഓർമ്മ വരാ. കാക്കകളുടെ അവസരം കഴിയാൻ കാത്തിരിക്കും ഓലഞ്ഞാലികള്. അവർക്ക് നല്ല ശൗര്യാട്ടൊ. അവരിരിക്കുമ്പൊ ഒറ്റപ്പക്ഷികള് പോലും ആ വഴിക്ക് വരില്ല.എല്ലാരോടും വഴക്ക്ണ്ടാക്കും.അതോണ്ടന്നെ എനിക്ക് അവിറ്റിനെ ഇഷ്ടല്ല. പിന്നെ മിണ്ടാതെ വരണത് ചെമ്പോത്താണ്. അതെന്നുമൊന്നും വരില്ല. ഇടയ്ക്കു മാത്രം. അതു വരുമ്പോ വയലാറിന്റെ ഏതോ രണ്ട് വരി കവിത പറയും അമ്മ. കൂട്ടത്തില് അവസാനം വരണത് വണ്ണാത്തിപ്പുള്ളാണ്. കറണ്ടിന്റെ കമ്പീലൊക്കെയിരുന്ന് എന്തു നല്ല ശബ്ദാ..ണ്ടാക്കാ. പക്ഷെ ണ്ടല്ലോ.അഹങ്കാരം സഹിക്കില്ല. ബിസ്ക്കറ്റിന്റെ അടുത്തൊന്നു വന്നിരിക്കും. എന്നിട്ട് ഇതിനേക്കാൾ നല്ലത് എന്റെ വീട്ടിലുണ്ട് എന്ന നാട്യത്തിൽ ഞങ്ങളെയൊന്നു നോക്കിപ്പോവും. അപ്പഴേക്കും അമ്മമ്മ ദോശ കഴിക്കാൻ വിളിക്കും. ഒപ്പം പറയേം ചെയ്യും' രണ്ടിനും പ്രാന്താ '

സപര്യ.എ
8. A സി.ബി.കെ.എം.എച്ച്.എസ്സ്.എസ്സ്.പുതുപ്പരിയാരം
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ