ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
gmhss

വിദ്യാലയ ചരിത്രം

ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ, വെങ്ങാനൂർ

ആമുഖം

അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ, തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മ അയ്യങ്കാളിയുടെ ജനനം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ,

ആരംഭം

ചരിത്രമുറങ്ങുന്ന വെങ്ങാനൂർ പ്രദേശത്തെ തമസിൽ നിന്നും ജ്യോതിസ്സിലേക്കുയർത്തിയ ഈ സർക്കാർ വിദ്യാലയത്തിന്റെ വളർച്ചാഘട്ടങ്ങൾ നാടിന്റെ വളർച്ചയേയും പ്രതിഫലിപ്പിക്കുന്നു. 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഒരു സുമനസ്സിന്റെ സംഭാവനയാണ് ഈ വിദ്യാലയം. വേലുപ്പിള്ള എന്ന നാട്ടാശാനാണ് ഈ മഹത്‌വ്യക്തി. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. നിലത്തെഴുത്താണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. തറയിലിരുന്നായിരുന്നു പഠനം. ഫസ്റ്റ് ഫോറം, സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ. ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു. അഞ്ചു വയസ്സു പൂ൪ത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ. വള്ളി നിക്കറും ഉടുപ്പും, പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം.


പേര് വന്ന വഴി

ഈ കുടിപള്ളിക്കൂടം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെടുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. വില്ലേജ് ഒാഫീസ് (ചാവിടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. തുടർന്ന് പ്രാദേശിക ഭാഷാ സ്കൂളായി അംഗീകരിക്കപ്പെട്ടു.സ൪ക്കാരിനി കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്.

എല്ലാവർക്കും പ്രവേശനം

അധ്യാപകരായിരുന്നു (പുരുഷന്മാ൪)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്. ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമു‍ദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല. തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ പ്രവേശനത്തിന് എത്തുകയുണ്ടായി. ഇ എം ചന്ദ്രശേഖര പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇതിനെ തടയാനെത്തി. തുട൪ന്ന് സംഘ൪ഷമുണ്ടാകുകയും സ൪ക്കാ൪ ഇടപെട്ട് എല്ലാ വിഭാഗം കുട്ടികൾക്കും സ്ക്കൂളിൽ പ്രവേശനം നൽകാ൯ ഉത്തരവിടുകയും ചെയ്തു.

പുനഃ നിർമാ​ണം

ഓല ഷെ‍‍‍‍ഡുകളിലാണ് അക്കാലത്ത് ക്ലാസ്സുകൾ നടന്നിരുന്നത്. ഒരിക്കൽ കെട്ടിടത്തിന് തീ പിടിച്ച് നശിക്കുകയുണ്ടായി. അക്കാലത്ത് സ്ക്കൂൾ കുറച്ചു കാലം ഇപ്പോൾ വില്ലേജ് ഓഫീസ് നിലനിൽക്കുന്നിടത്തേക്ക് മാറ്റുകയുണ്ടായി. വീണ്ടും ഷെ‍‍ഡുകൾ പണിതതിനു ശേഷം പഴയ സ്ഥലത്തു തന്നെ പ്രവ൪ത്തനം തുട൪ന്നു.

അപ്പർ പ്രൈമറി സ്കൂൾ

1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. ശ്രീ വി. ആ൪. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റ൪. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാ൪ത്ഥി. സ്ലേറ്റും പെ൯സിലും മൂരയും (കടൽ പെ൯സിൽ) ആണ് കുട്ടികൾ എഴുതാനായി ഉപയോഗിച്ചിരുന്നത്. നവരയില , വാഴപ്പച്ചില, മഷിത്തണ്ടു ചെടി എന്നിവ സ്ലേറ്റു മായ്ക്കുന്നതിന് ഉപയോഗിച്ചിരുന്നു. പ്രശസ്തനായ ജസ്റ്റിസ് ശ്രീ ഹരിഹര൯ ഈ സ്ക്കൂളിലെ വിദ്യാ൪ത്ഥിയായിരുന്നു.

ഹൈസ്ക്കൂൾ

ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാ൪ത്തെടുത്തു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം 1981-ൽ ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു. എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷയെഴുതിയ 1983 – 1984 മുതൽ വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ നിരയിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു.

ഹയ൪സെക്കന്ററി സ്കൂൾ

2004-ഹയ൪സെക്കന്ററി വിഭാഗം സ്ഥാപിതമായി.

മികവ്

  • 1998-ലും 2003-ല‌ും ഏറ്റവും കൂടുതൽ എസ് സി വിഭാഗം കുട്ടികളെ വിജയിപ്പിച്ചതിനുള്ള അവാ൪ഡ് നേടുകയുണ്ടായി.
  • എസ് ആർ രാജീവ് എന്ന പൂ൪വ്വ വിദ്യാ൪ത്ഥിക്ക് 'സ്റ്റാർ ഓഫ് ഇൻഡ്യ'അവാ൪ഡ് ലഭിച്ചിട്ടുണ്ട്.
  • 2006-2007അധ്യയന വ൪ഷം മികച്ച വോളീബോൾ ടീമിനുള്ള കേന്ദ്ര ഗവൺമെന്റ്അവാ൪ഡും ലഭിച്ചിട്ടുണ്ട്.
  • മു൯ ഹെ‍‍ഡ്മാസ്റ്ററായ ശ്രീ അംബികാദാസ൯ നാടാ൪, സീനിയ൪ അസിസ്റ്റന്റായ ശ്രീ മുല്ലൂ൪ സുരേന്ദ്ര൯ എന്നവ൪ക്ക് മികച്ച അധ്യാപക൪ക്കുള്ള ദേശീയ അവാ൪ഡ് ലഭിച്ചിട്ടുണ്ട്.


സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പ്രയത്‌നിച്ച ഒട്ടനവധി മഹാത്‌മാക്കൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994 – ൽ മോഡൽ സ്കൂളായി ഉയർത്തിയതിനു പിന്നിൽ പ്രവർത്തിച്ച സ്പോൺസറിംഗ് കമ്മറ്റി കൺവീനർ പരേതനായ ശ്രീ. കെ ജി കൊച്ചുകൃഷ്ണനായർ, വിവിധ ഘട്ടങ്ങളിൽ കോവളം MLA മാരായി പ്രവർത്തിച്ചവർ, 1981 – ൽ ഹൈസ്കൂളായി ഉയർത്തിയ മുൻ മന്ത്രി ശ്രീ. ബേബി ജോൺ, 1994 – ൽ വിദ്യാലയത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് മോഡൽ സ്കൂളായി ഉയർത്തി നാമകരണം ചെയ്ത് അതോടൊപ്പം കമ്പ്യൂട്ടർ പഠനകേന്ദ്രവും അനുവദിച്ച മുൻ മന്ത്രി ശ്രീ. ഇ .ടി. മുഹമ്മദ് ബഷീർ, വിവിധ പി ടി എ കൾ, മറ്റ് ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, മറ്റ് സാമൂഹ്യ – സാംസ്ക്കാരിക വിദ്യഭ്യാസ പ്രവർത്തകർ എന്നിങ്ങനെ ഈ വിദ്യാലയ മുത്തശ്ശിയുടെ ജീവചരിത്ര പുസ്തകത്തിൽ കാലാതീതമായി തിളങ്ങി നിന്ന നിരവധി നക്ഷത്രങ്ങളുണ്ട്.

2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികവും കുട്ടിയുടെ സ൪വ്വതോന്മുഖമായ വികാസത്തിൽ ശ്രദ്ധയും പതിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1528വിദ്യാ൪ത്ഥികളും അറുപതിലധികം അധ്യാപകരും ക൪മ്മ നിരതരായി നിലകൊള്ളുന്നു.