കൊല്ലം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

ആദിദേവ് ജി

എന്റെ പേര് ആദിദേവ് ജി, തേവന്നൂർ ഗവ. എച്ച് എസ് എസിൽ പഠിക്കുന്നു. ഞാൻ ക്യാമ്പിൽ വന്നപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു, പക്ഷേ അത് ഞാൻ വിചാരിക്കുന്നതിലും മികച്ചതായിരുന്നു.  ഈ ക്യാമ്പിൽ ഞങ്ങൾ ഇതുവരെ കാണാത്ത   അധ്യാപകരും ഞങ്ങളോട് വളരെ അടുപ്പമുള്ളവരായിരുന്നു, മാതാപിതാക്കളില്ലാതെ ഞങ്ങളെ ഒറ്റയ്ക്ക് നേരിടാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ക്ലാസ്സിൽ ഞാൻ ആനിമേഷനെ കുറിച്ച് ധാരാളം കാര്യങ്ങൾ പഠിക്കുന്നു, ബ്ലെൻഡറുമായുള്ള ആദ്യ അനുഭവമായിരുന്നു അത് പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഞങ്ങളുടെ ഇൻസ്ട്രക്ടർമാർ വളരെയധികം സഹായിച്ചു.  ക്യാമ്പ് ഫയറിൽ എല്ലാ ആനിമേഷൻ, പ്രോഗ്രാമിംഗ് ഗ്രൂപ്പുകളും ഒത്തുചേരുകയും ഞങ്ങളുടെ ഇൻസ്ട്രക്ടർമാരായ അധ്യാപകർക്കൊപ്പം ഒരുപാട് ആസ്വദിക്കുകയും ചെയ്തു, അതിൽ ഞങ്ങളുടെ എല്ലാ അധ്യാപകരും ഞങ്ങളോടൊപ്പം ഭാഗമാകുകയും ഒരുമിച്ച് ആസ്വദിക്കുകയും ചെയ്തു.  എന്നെ പ്രോത്സാഹിപ്പിച്ചതിന് എന്റെ ഹെഡ് മാസ്റ്റർ, ക്ലാസ് ടീച്ചർ, ഐടി ടീച്ചർ എന്നിവർക്ക് നന്ദി, ഈ ക്യാമ്പിൽ പങ്കെടുക്കാൻ ഞങ്ങളെല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ഞാൻ കരുതുന്നു.  കൂടാതെ എനിക്ക് കുറച്ച് പുതിയ സുഹൃത്തുക്കളെ ലഭിച്ചു, ഞങ്ങൾ എല്ലാവരും ഇടവേളകളിലും ഒഴിവു സമയങ്ങളിലും ഒരുമിച്ച് ചിലവഴിച്ചു.  ക്യാമ്പിൽ എനിക്ക് ഇനി  വളരെക്കാലമായി ഓർത്തിരിക്കാൻ അത്തരമൊരു ഓർമ്മ ലഭിച്ചു. നന്ദി

ഗൗരി രാജ്

എന്റെ പേര് ഗൗരി രാജ്. വി എച്ച് എസ് എസ് വയനകം സ്കൂളിൽ പഠിക്കുന്നു. ഓച്ചിറയിലുള്ള വയനകം എന്ന കൊച്ചു ഗ്രാമത്തിൽ ആണ് ഞാൻ താമസിക്കുന്നത്.ഫെബ്രുവരി 17,18 തീയതികളിൽ ജി എച്ച് എസ് എസ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ റെസിഡെൻഷ്യൽ ക്യാമ്പിൽ ഞാൻ പങ്കെടുത്തു. തികച്ചും വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഒരു ക്യാമ്പായിരുന്നു അത്.നിറയെ സൗഹൃദ ബന്ധങ്ങൾ ഉണ്ടായ ആ ക്യാമ്പ്ദിനങ്ങൾ എത്ര കാലങ്ങൾ കഴിഞ്ഞാലും മനസ്സിൽ നിന്ന് മാഞ്ഞു പോവുകയില്ല. ഒരു ക്യാമ്പ് എന്നതിലുപരി ഒരു കുടുംബം എന്ന പോലെയാണ് രണ്ട് ദിനങ്ങൾ ഞങ്ങൾ അവിടെ കഴിഞ്ഞത്. അനിമേഷൻ എന്ന മേഖലയെ കുറിച്ച് എനിക്ക് തികച്ചും വലിയ അറിവുകൾ ആണ് അവിടെ നിന്നും കിട്ടിയത്. അത് ഞങ്ങൾക്ക് പകർന്നു തന്ന വിദഗ്ധരായ അധ്യാപകരെ ഞാൻ എന്നും ഓർക്കും. കാര്യം അറിവുകൾ പകർന്നു തന്നതിലും മുകളിൽ ആണ് അവർ ഞങ്ങൾക്ക് തന്ന സ്നേഹം, സംരക്ഷണം എന്നിവയെല്ലാം. കൊല്ലം ജില്ലയിലെ വിവിധ സബ്ജില്ലകളിൽ നിന്ന് വന്ന വിവിധ തരം സ്വഭാവങ്ങളും കഴിവുകളും ചിന്താഗതികളും ഉള്ള ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. ഞങ്ങൾക്ക് വേണ്ട രീതിയിൽ ഉള്ള താമസ സൗകര്യവും ഭക്ഷണവും മറ്റു കാര്യങ്ങളും ഒരുക്കി തന്ന ഇതിന്റെ എല്ലാ സംഘാടകരോടും ഞാൻ നന്ദി പറയുന്നു. ഒരു കാര്യത്തിലും ഞങ്ങൾക്ക് അവിടെ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. അനിമേഷൻ എന്ന മേഖലയെ ഞാൻ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയതും ഈ ക്യാമ്പ് കാരണം ആണ്. മുന്നോട്ടുള്ള എന്റെ പഠന മേഖല അനിമേഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും ആയിരിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്. തീർച്ചയായും അങ്ങനെ ഒരു മേഖല തെരഞ്ഞെടുത്ത് ആയിരിക്കും ഞാൻ പഠിക്കുക. ആ ഒരു മേഖല എനിക്ക് ഇത്രയേറെ ഇഷ്ടപ്പെടാൻ ഈ കഴിഞ്ഞ ക്യാമ്പ് അത്രയേറെ സ്വാധീനം ആണ് ചെലുത്തിയിട്ടുള്ളത്. വിദ്യാർത്ഥികളോട് എന്നല്ല കൂട്ടുകാരോട് എന്നുള്ള രീതിയിൽ ആണ് എല്ലാ അദ്ധ്യാപകരും ഞങ്ങളോട് പെരുമാറിയത്. ക്യാമ്പ് ദിനങ്ങൾ ഞങ്ങൾക്ക് ഓർമയിൽ സൂക്ഷിക്കാൻ ഉള്ള ഒന്നാക്കി തീർത്തത്തിൽ അദ്ധ്യാപകരുടെ പങ്കു വളരെ വലുതാണ്. അനിമേഷനിലും പ്രോഗ്രാമിങ്ങിലും ഞങ്ങൾ വിദ്യാർത്ഥികൾക്കുള്ള കഴിവിനെ വളർത്തിയെടുക്കാൻ തീർച്ചയായും ഈ ക്യാമ്പ് പ്രയോജനപ്പെട്ടു. എന്നെ സംബന്ധിച്ച് ഞാൻ വീട്ടിൽ നിന്നും അങ്ങനെ മാറി നിന്നിട്ടില്ല. അതുകൊണ്ട് തന്നെ അവിടെ വരുമ്പോൾ എങ്ങനെ ആയിരിക്കും എന്നും എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അവിടെ ഉണ്ടാകുമോ എന്നുള്ള ഒരു ആശങ്ക എനിക്ക് ഉണ്ടായിരുന്നു. മറ്റുള്ള കുട്ടികൾക്കും അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടുണ്ടാകും എന്നാണ് ഞാൻ വിചാരിക്കുന്നത്. എന്നാൽ എന്റെ പ്രതീക്ഷയിലും അപ്പുറം ആയിരുന്നു അവിടുത്തെ അന്തരീക്ഷം. ഞങ്ങൾക്ക് ഒരു കുഴപ്പവും കൂടാതെ അവിടെ നിൽക്കാൻ സാധിച്ചത് അവിടുത്തെ സംഘാടകരുടെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്വം കൊണ്ട് മാത്രമാണ്. രണ്ട് വർഷങ്ങൾ കൊണ്ടുള്ള പരിചയം പോലെയാണ് ഞങ്ങൾ എല്ലാവരും പരസ്പരം പെരുമാറിയത്. ആദ്യ ദിവസത്തിന്റെ അവസാനം ഞങ്ങളുടെ കലാപരിപാടികളും തമാശകൾ നിറഞ്ഞ കളികളും ഒരു ക്യാമ്പ് ഫയറും അവർ സംഘടിപ്പിച്ചിരുന്നു. ആ ക്യാമ്പിലെ ഞങ്ങളുടെ പ്രധാന നിമിഷങ്ങൾ അവയായിരുന്നു. ഞങ്ങളുടെ ഉള്ളിലെ കലാവാസനയെ ഒന്നുകൂടി ഉണർത്താൻ ഉള്ള ഒരു അവസരം ആയിട്ടും അത് മാറി. കൊച്ചു കുട്ടികളെപ്പോലെയാണ്  അദ്ധ്യാപകർ ആ രസകരമായ വേളയിൽ ഞങ്ങളോടൊപ്പം ആടിയും പാടിയും സമയം ചെലവഴിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത നിമിഷങ്ങൾ ആണ്  ആ സ്കൂൾ അന്തരീക്ഷം ഞങ്ങൾക്ക് സമ്മാനിച്ചത്. നല്ല സുഹൃത്ത് ബന്ധങ്ങളും അദ്ധ്യാപകരും ആണ് ഈ ക്യാമ്പിലൂടെ ഞങ്ങൾക്ക് കിട്ടിയത്. ഒന്നു കൂടി എന്റെ ആ കുടുംബത്തോടൊപ്പം ഇങ്ങനെ ഒരു നിമിഷം ചെലവഴിക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. ഇത്രയും ആനന്ദഭരിതവും വിജ്ഞാന പ്രദവുമായ ഒരു ക്യാമ്പ് സംഘടിപ്പിച്ച ഇതിന്റെ എല്ലാ സംഘാടകരോടും അദ്ധ്യാപകരോടും മാത്രവുമല്ല എന്റെ പ്രിയപ്പെട്ട മിത്രങ്ങളോടും എന്റെയും എന്റെ സ്കൂളിന്റെ പേരിലും ഞാൻ നന്ദി അറിയിക്കുന്നു.