ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്‍സവം : 2023-24
അക്ഷരത്തെ ചേർത്തുനിർത്തി അറിവിന്റെ ലോകത്തേക്ക് പറന്നുയരുവാൻ ഒരു അധ്യയന വർഷം കൂടി വന്നെത്തി. ആദ്യാക്ഷരം നുകരുവാനെത്തിയ കുരുന്നുകളെ വർണശബളമായ പ്രവേശനോത്സവത്തോടുകൂടിയാണ് ജി.യു.പി.എസ്. വെള്ളംകുളങ്ങര വരവേറ്റത് പുത്തനുടുപ്പിട്ട് അച്ഛനമ്മമാരുടെ കൈപിടിച്ച് ആദ്യമായി സ്കൂളിലേക്ക് എത്തിയ കുഞ്ഞുങ്ങളെ പഞ്ചായത്തുതല പ്രവേശനോത്സവം നടത്തിയാണ് സ്വീകരിച്ചത്. മുതിർന്ന വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഗിരീഷ് ആയിരുന്നു. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് പ്രഥമാധ്യാപകന്റെ ചാർജ‍് വഹിക്കുന്ന രജനീഷ് സാർ ആയിരുന്നു. പൂർവകാലങ്ങളെ അപേക്ഷിച്ച് ഈ വർഷം നവാഗതരുടെ എണ്ണം കൂടിയത് സ്കൂൾ മികവിനുള്ള അംഗീകാരമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട് ശ്രീ.ഗിരീഷ് സംസാരിച്ചു. ഗ്രാമപഞ്ചായത്തിന്റെ യശസ്സുയർത്തുന്നതിൽ ജി.യു.പി.എസ്. വെള്ളംകുളങ്ങര വഹിക്കുന്ന പങ്ക് വിവരിച്ചു കൊണ്ടാണ് ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഷിജ സുരേന്ദ്രൻ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ശേഷം കുട്ടികൾക്കു മുൻപാകെ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു. തുടർന്ന് നവാഗതരായ കുട്ടികളെ വർണത്തൊപ്പികളും, മധുരപലഹാരങ്ങളും, പൂക്കളും നൽകി സ്വീകരിച്ചു. കുട്ടികൾക്ക് പ്രവേശനോത്സവസന്ദേശം നൽകിയത് വിയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ഷാനവാസായിരുന്നു.
പിന്നീട് സുസ്ഥിരവികസനത്തിനുള്ള ദേശീയ അവാർഡ് നേടിയ വീയപുരം പഞ്ചായത്ത് ഭരണസമിതിയെയും, സെക്രട്ടറിയെയും സ്കൂൾതലത്തിൽ ആദരിച്ചു. തുടർന്ന് സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണനെ ആദരിക്കുകയും, എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥിനി പാർവതിയെ അനുമോദിക്കുകയും ചെയ്തു. ഈ അധ്യയന വർഷത്തിലെ ദിനാചരണപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് ജൂൺ -1 ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര കർഷകരെ ആദരിച്ചു. സ്കൂൾ തുറക്കുന്ന ദിവസം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും ആരംഭിച്ചത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം നൽകി. തുടർന്ന് വാർഡ് മെമ്പർ ജയകൃഷ്‍ണൻ, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി നന്ദകുമാർ കളപ്പുരയ്ക്കൽ, മുൻ പ്രഥമാധ്യാപിക ശ്രീലത ടീച്ചർ, പൂർവ്വ വിദ്യാർത്ഥിയും, പൂർവവിദ്യാർത്ഥി സംഘടനാ ഭാരവാഹിയുമായ ജഗന്നാഥൻ, മുൻ പ്രഥമാധ്യാപിക ഷൈല ടീച്ചർ, മുൻ സീനിയർ അധ്യാപിക ശ്രീകല ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി യമുന ടീച്ചറിന്റെ നന്ദി പ്രകാശനത്തോടുകൂടി പ്രവേശനോത്സവ ചടങ്ങുകൾ ഔദ്യോഗികമായി അവസാനിക്കുകയും, കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ലോക പരിസ്ഥിതിദിനം -ജൂൺ -5
സചിത്ര പഠനം
ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാത്തെ ഭാഷയിൽ എഴുതുവാനും ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് സചിത്ര പഠനം.സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി എന്നിവുടെ സഹായത്തോടെ; ശക്തമായ ദൃശ്യനുഭവത്തിന്റെ പിന്തുണയോടെ, രൂപീകരണ പാഠം തയാറാക്കുന്നു.അക്ഷരങ്ങളുടെ പുന രനുഭവത്തിന് സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠ ഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് സചിത്ര പാഠം ക്ലാസ്സിൽ മുന്നേറുന്നത്.. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്കുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്കുവാനും അവസരം ഒരുക്കുകയും ചെയ്യുന്നു.