ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



=== പ്രവേശനോത്സവം - 2024 ===

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. കെ. ജയകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചും, നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ ഒരുക്കിയും പ്രവേശനോത്സവം വർണ്ണാഭമാക്കി. പ്രവേശനോത്സവഗാനത്തിനൊപ്പം കുട്ടികൾ താളം പിടിച്ച് നൃത്തം ചെയ്തത് ഹൃദ്യമായ ഒരു കാഴ്ചയായിരുന്നു. കുട്ടികളുടെ ഓർമ്മയിൽ നിന്നും മായാത്ത, മറയാത്ത ഒരു അനുഭവമാക്കി പ്രവേശനോത്സവത്തെ മാറ്റുവാൻ സ്കൂളിന് കഴിഞ്ഞു ===


* സ്വാതന്ത്ര്യകീർത്തി *


മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം എന്ന സ്‍ക‍ൂളിന്റെ മുദ്രാവാക്യത്തെ സാധൂകരിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തനതു പ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി. സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് കുട്ടികൾ നേരിട്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വീടുകൾ സന്ദർശിച്ചുകൊണ്ട് നടത്തിയ ഒരു അന്വേഷണാത്മക പഠനപ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി. ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾ ഇങ്ങനെ ശേഖരിക്കുകയും, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച്  പൊതുസമൂഹത്തിനു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ
സ്വാതന്ത്ര്യകീർത്തി എന്ന പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായിട്ടാവാം ഒരു ഗവൺമെന്റ് സ്കൂളിലെ കുട്ടികൾ ജില്ലയിലെ അറിയപ്പെടുന്നവരും, അറിയപ്പെടാതെ പോയവരുമായ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് നേരിട്ട് ഇങ്ങനെ ഒരു അന്വേഷണം നടത്തുകയും, അതൊരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. രാജ്യം മുഴുവനുളള സ്കൂളുകളിലും വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു പഠന പ്രവർത്തനമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.


*ഈ പ്രവർത്തനം നടത്തുവാനുണ്ടായ സാഹചര്യം

കഴിഞ്ഞ അധ്യയനവർഷം ഏഴാം ക്ലാസ്സിന്റെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ അധ്യായങ്ങളായ 'ഗാന്ധിജിയും സ്വാതന്ത്ര്യസമരവും’, 'ഇന്ത്യ പ‍ുതുയുഗത്തിലേക്ക് ' എന്ന യൂണിറ്റ‍ുകളിലെ വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്യ‍ുന്ന സമയത്ത് കുട്ടികൾ ഒരു ചോദ്യം ചോദിച്ചു. 'നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യസമരസേനാനികൾ ആരുമില്ലേ സാർ’? ഉണ്ടെന്ന് മറുപടി പറഞ്ഞെങ്കിലും ആരൊക്കെയെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാനായില്ല. സഹപ്രവർത്തകരോടും, മറ്റുള്ളവരോടും തിരക്കി, നവമാധ്യമങ്ങളിൽ തിരഞ്ഞു പക്ഷേ വ്യക്തമായ ഉത്തരം ലഭിച്ചില്ല. ആ ഉത്തരം തേടിയുള്ള യാത്രയാണ് സ്വാതന്ത്ര്യകീർത്തി എന്ന പഠനപ്രവർത്തനത്തിലേക്ക് ഞങ്ങളെ നയിച്ചത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച ഒരു നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച്  അവിടെയുള്ള കുട്ടികൾക്കും, പുതുതലമുറയ്ക്കും അറിവ് പകർന്നു കൊടുക്കണം എന്ന് ആഗ്രഹമാണ് ഇതിന് ഞങ്ങളെ പ്രേരിപ്പിച്ചത്.

* ഇത് എങ്ങനെയാണ് നടപ്പിലാക്ക‍ുന്നത്?

ദേശീയ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ പ്രശസ്‍തിയിലേക്ക് എത്താൻ കഴിയാതെ പോയ; എന്നാൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച, ദേശസ്‍നേഹത്തിന്റെയും, നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, സമർപ്പണത്തിന്റെയും പര്യായമായ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ചുളള ഒരന്വേഷണം. കുട്ടികളും, അധ്യാപകരും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരന്വേഷണം.തുടർന്ന് ഞായറാഴ‍്ചകളില‍ും, മറ്റ് പൊതു അവധി ദിവസങ്ങളിലുമായി കുട്ടികളുമൊത്ത് സ്വാതന്ത്ര്യസമര സേനാനികളെ അറിയുവാനുള്ള യാത്ര ആരംഭിച്ചു. 2023-24 അധ്യയനവർഷത്തിൽ സ്കൂളിൽ പഠിച്ച ഏഴാംക്ലാസ് വിദ്യാർത്ഥികളുൾപ്പെടുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 2024-25 അധ്യയന വർഷത്തിലെ സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് അംഗങ്ങളായ കുട്ടികളും ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സജീവമായ പിന്തുണ നൽകി. പഴയ തലമുറയിലെ ആൾക്കാരോടും, പൊതുപ്രവർത്തകരോടും, നാട്ടുകാരോടും നേരിട്ട് തിരക്കി അറിയാൻ ശ്രമിച്ചു.അങ്ങനെ കുറച്ച് പേരുകൾ ലഭിച്ചു. കുട്ടികളുമായി അവർ താമസിച്ചിരുന്ന വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുവാൻ തീരുമാനിച്ചു. ഇത് വളരെ ശ്രമകരമായിരുന്നു. വീട് കണ്ടുപിടിച്ച് അവിടെയെത്താൻ സാധിച്ചെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും പതിറ്റാണ്ടുകൾക്ക് മുൻപേ മരണപ്പെട്ടിരുന്നു. പുതിയ തലമുറയിൽ പെട്ടവർ പലരും ജോലിക്കും മറ്റുമായി പല സ്ഥലങ്ങളിലേക്ക് പോയിരുന്നതിനാൽ, കൃത്യമായ വിവരങ്ങൾ നൽകുന്നതിന് പലയിടത്തും ആൾക്കാരുണ്ടായിരുന്നില്ല.വീടിനടുത്തുള്ളവരോട് വിവരങ്ങൾ തിരക്കി അവിടെ താമസിക്കുന്നവരുടെ ഫോൺ നമ്പർ ശേഖരിക്കുവാൻ ശ്രമിച്ചു. ഫോൺ നമ്പർ കിട്ടിയവരെ വിളിച്ച് അന്വേഷിച്ച് അവർ വീട്ടിലുണ്ടാകുന്ന ഒരു ദിവസം നിശ്ചയിച്ച് കുട്ടികളുമായി അവിടേക്ക് ചെന്നു. ഫോൺ നമ്പറുകൾ ലഭിക്കാത്ത ചിലയിടങ്ങളിൽ നിരവധി തവണ പോകേണ്ടതായും വന്നിട്ടുണ്ട്. ആശങ്കയോടെയാണ് വീടുകളിലേക്ക് പോയി തുടങ്ങിയതെങ്കിലും ഓരോ വീട്ടിലും ചെന്നപ്പോൾ ലഭിച്ച സ്വീകരണവും, സഹകരണവും പറഞ്ഞറിയിക്കാനാവാത്തത്ര ഹൃദ്യമായിരുന്നു. മുൻ തലമുറയിൽ പെട്ട സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ച് വളരെ വിശദമായിത്തന്നെ ഓരോരുത്തരും പറഞ്ഞുതന്നു. അവരുടെ മുഖങ്ങൾ അഭിമാനം കൊണ്ടു പ്രകാശിക്കുന്നതും, കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നതും ഞങ്ങൾ കണ്ടു. ആയുസ്സും, ആരോഗ്യവും, സമ്പത്തും മാത്രമല്ല സ്വന്തം കുടുംബത്തെപ്പോലും ത്യജിച്ചുകൊണ്ട് ജന്മനാടിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാന്മാരായ ഓരോ സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചുമുളള വിവരങ്ങൾ ഞങ്ങൾ ഒരു മാന്ത്രികച്ചെപ്പ് തുറന്നു കാണുമ്പോഴുള്ള അത്ഭുതത്തോടെ കൗതുകത്തോടെ കണ്ടും, കേട്ടും മനസ്സിലാക്കി. ഈ അറിവുകളെല്ലാം തന്നെ കുട്ടികൾക്ക് മുന്നോട്ടുള്ള ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിനുള്ള പ്രചോദനമായി മാറും എന്നതിൽ തർക്കമില്ല.


* ഈ പ്രവർത്തനം ആർക്കൊക്കെ പ്രയോജനപ്പെട‍ുന്ന‍ു?

സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് ഈ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യുന്നതായി വിലയിരുത്തുന്നു.രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിലൂടെ അന്വേഷണാത്മക പഠനം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും, അത് എത്രമാത്രം ആഴത്തിൽ മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നു എന്നും രക്ഷിതാക്കൾക്കു കൂടി ബോധ്യപ്പെടുവാൻ അവസരം ഒരുങ്ങുന്നു.കുട്ടികളിലൂടെ ഈ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തുന്നത് വഴി പുതിയ അറിവുകളുടെ വ്യാപനം സാധ്യമാകുന്നു.അങ്ങനെ നോക്കുമ്പോൾ കുട്ടികൾ മാത്രമല്ല പൊതുസമൂഹമാകത്തന്നെ ഈ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളായ ഈ ധീരദേശാഭിമാനികളുടെ ജീവിതത്തിന്റെ വളരെ ചുരുങ്ങിയ ഒരു വിവരണം മാത്രമാണ് ഈ പുസ്തകത്തിലൂടെ നൽകുന്നത്. എന്നിരുന്നാലും ഇന്നത്തെ തലമുറയ്ക്കും, വരും തലമുറകൾക്കും ഈ മഹത്തുക്കൾ നിറച്ചുവെച്ച നന്മയുടെ കൈത്തിരിവെട്ടം പകർന്നു നൽകുവാൻ ഈ പുസ്തകത്തിലൂടെ സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.


സ്വാതന്ത്ര്യകീർത്തിയ‍ുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്

'സ്വാതന്ത്ര്യകീർത്തി' എന്ന പുസ്തകംബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് പ്രകാശനം ചെയ്യുന്നു.


ജ‍ൂലൈ - 25 :- ലോക മ‍ുങ്ങിമരണ നിവാരണ ദിനം


ലോക മ‍ുങ്ങിമരണ നിവാരണ ദിനവുമായി ബന്ധപ്പെട്ട് മുങ്ങിമരണങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയം ആസ്പദമാക്കി ബോധവത്കരണക്ലാസ്സ‍ും വീഡിയോപ്രദർശനവ‍ും സംഘടിപ്പിച്ച‍ു.

'മ‍ുങ്ങിമരണ നിവാരണ ബോധവത്കരണക്ലാസ്സ്


മഴയറിയാം മഴയളക്കാം.


മഴയെ അറിഞ്ഞ് മഴയളക്കാൻ കുട്ടികൾ. മഴ മാപിനികൾ നിർമ്മിച്ചുകൊണ്ടാണ് കുട്ടികൾ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. പാഠഭാഗവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഈ പ്രവർത്തനം കുട്ടികൾക്ക് കൗതുകമുണർത്തുന്നതും രസകരവുമായി മാറി.

മഴയറിഞ്ഞ്, മഴയളന്ന്..



സ്‍ക‍ൂൾ കലോത്സവം


സ്കൂൾ കലോത്സവത്തിന് 2024 ആഗസ്‍റ്റ് 7-ാം തീയതി ബ‍ുധനാഴ്‍ച രാവിലെ 10 മണിക്ക് വർണ്ണാഭമായ തുടക്കമായി. കവയിത്രിയ‍ും, അധ്യാപികയ‍ുമായ ' ശ്രീമതി. സീമ പല്ലന ആണ് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ എസ്.എം.സി. ചെയർമാൻ സുരജിത്ത് കുമാർ, സ്കൂൾ വികസനസമിതി ചെയർമാൻ ശ്രീ. ആർ.രവീന്ദ്രനാഥൻ നായർ, എസ്.എം.സി. വൈസ് ചെയർപേഴ്സൺ ഗീതു സുരേഷ്, അധ്യാപകരായ വി.രജനീഷ് വി.എഫ്.രഹീന ബീഗം, എസ്.സിന്ധു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി ലളിതഗാനം, നാടോടി നൃത്തം, സംഘഗാനം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ ശക്തമായ മത്സരം നടന്ന‍ു. രചനാ മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.കലോത്സവ പരിപാടികൾ വൈകുന്നേരം 4.30 വരെ നീണ്ടു. മത്‍സരയിനങ്ങളിൽ ഒന്നാം സ്ഥാനവും ,എ ഗ്രേഡും നേടിയ കുട്ടികൾ ഉപജില്ല കലോത്സവത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.സ‍്ക‍ൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കൺവീനർമാരായ വി.എഫ്. രഹീനബീഗം, എസ്. ബിന്ദ‍ു, എന്നിവർ പരിപാടികള‍ുടെ നടത്തിപ്പിന് നേത‍ൃത്വം നല‍‍്‍‍കി.


കലോത്‍സവ ചടങ്ങിൽ നിന്ന‍ുളള ദ‍ൃശ്യങ്ങൾ



സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തെക്ക‍ുറിച്ച് ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ..

  • ദേശീയപതാക ഉയർത്തൽ
  • സ്വാതന്ത്ര്യ ദിന റാലി
  • പൊത‍ുസമ്മേളനം
  • സ്വാതന്ത്ര്യ ദിന സ്മരണ
  • സ്വാതന്ത്ര്യ ദിന സന്ദേശം
  • സ്വാതന്ത്ര്യ സമര സേനാനികളായി ക‍ുട്ടികള‍ുടെ പ്രച്ഛന്ന വേഷം
  • ദേശഭക‍്തി ഗാനങ്ങൾ
  • സ്വാതന്ത്ര്യ ദിന പ്രസംഗം
  • സ്വാതന്ത്ര്യ ദിന സദ്യ




സ്‍ക‍ൂൾ ശാസ്ത്രമേള


ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ ഈ അധ്യയന വർഷത്തെ ശാസ്ത്രമേള ആഗസ്‍റ്റ് 21 ബ‍ുധനാഴ്‍ച രാവിലെ 9.30-ന് സ്‍ക‍ൂൾ പ്രഥമാധ്യാപിക സുമി റേയ്ച്ചൽ സോളമൻ ഉദ്ഘാടനം ചെയ്‍ത‍ു. ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയമേള എന്നീ വിഭാഗങ്ങളിൽ 40- ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ശാസ്ത്രമേള കോർഡിനേറ്റേർസ് ആയ സിന്ധു.എസ് ,അനുശ്രീ വി.കെ. എന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്ക്കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്രമേള കുറ്റമറ്റതും മികവുറ്റതും ആയിരുന്നു. സ്ക്കൂൾ തലത്തിൽ നിന്നും ഒന്നാം സ്ഥാനവ‍ും എ-ഗ്രേഡ‍ും നേടി വിജയിച്ച കുട്ടികൾ ഹരിപ്പാട് സബ് ജില്ലാതല ശാസ്ത്രമേളയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.



വായനക്കിലുക്കം


സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും, സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്രവായനാ പരിപോഷണ പരിപാടിയായ *വായനക്കിലുക്കത്തിന്റെ* ഉദ്ഘാടനം വെള്ളംകുളങ്ങര ഗവൺമെൻറ് യു.പി. സ്കൂളിൽ  വാർഡ് മെമ്പർ കെ ജയകൃഷ്ണൻ നിർവഹിച്ചു. പ്രഥമാധ്യാപിക സുമി റെയ്ചൽ സോളമൻ, എസ്.എം.സി. എക്സിക്യൂട്ടീവ് അംഗങ്ങളായ യു.വിനോദ്, എസ്.ശ്രീലാൽ, അധ്യാപകരായ വി.രജനീഷ്, എസ്.സിന്ധു, എസ്. ബിന്ദു, യമുന ശേഖർ ജി.നീനുമോൾ, എസ്. യമുന എന്നിവർ സംസാരിച്ചു. വായനക്കിലുക്കത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലെയും പത്രവാർത്തകളുമായി ബന്ധപ്പെടുത്തിയുള്ള ക്വിസ്, ചർച്ചകൾ, അവതരണങ്ങൾ, പത്രവായന മത്സരങ്ങൾ, എന്നിവ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്ക് സംഘടിപ്പിക്കും.. വിജയികൾക്ക് സമ്മാനങ്ങളുമൂണ്ട്.

പത്രവായനാവേള