Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം


സ്ക‍ൂൾതല പ്രവേശനോത്സവം 2025-ജ‍ൂൺ -5 വ്യാഴാഴ്ച ആഘോഷപ‍ൂർവ്വം നടത്തപ്പെട്ടു.തോരണങ്ങൾ ചാർത്തിയും, അലങ്കാരങ്ങൾ ഒരുക്കിയും, മനോഹരമാക്കിയ സ്കൂളിലേക്ക് കുട്ടികളെ നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്തു.  

കുട്ടികൾ ഏറെ സന്തോഷത്തോടെയും ഊർജ്ജത്തോടെയും പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തു. നവാഗതരായ കുട്ടികൾക്കായി സ്കൂളിലെ മുതിർന്ന കുട്ടികൾ പ്രത്യേക സ്നേഹ സ്വാഗതം കരുതിവെച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ സുരേന്ദ്രൻ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.


 
പ്രവേശനോത്സവം 2025


സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി


സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പഠന വിടവും പഠനത്തിൽ പിന്നാക്കം കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനായിട്ടുള്ള പഠന പ്രവർത്തനങ്ങൾ 2024 - 25 അവധിക്കാലം മുതൽ തന്നെ ആരംഭിച്ചിരുന്നു. അന്ന് തുടക്കം കുറിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയായി കുട്ടികൾക്ക് അനുയോജ്യമായ പഠന പ്രവർത്തനങ്ങൾ ലളിതവും, ഐ.സി.ടി. സഹായം ഉപയോഗിച്ച് ആകർഷകമാക്കിയും, കുട്ടികളിലേക്ക് എത്തിക്കുവാനും കുട്ടികളെ സജീവമായി പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട് അവരുടെ പഠന പുരോഗതി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാധിഷ്ഠിതമായി അനുരൂപീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.



സാക്ഷരം


മലയാളഭാഷയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയ ഒരു പഠന പരിപോഷണ പരിപാടിയാണ് സാക്ഷരം. 5-ഘട്ടങ്ങളായിട്ടാണ് സാക്ഷരം നടത്തിയത്. ഒന്നാം ഘട്ടത്തിൽ ഒരു പ്രീ-ടെസ്റ്റ് നടത്തി കുട്ടികളെ തിരഞ്ഞെടുത്തു. രണ്ടാം ഘട്ടത്തിൽ അക്ഷരങ്ങളും, ലിപികളും ഉറപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ചെയ്തു.

മൂന്നാംഘട്ടത്തിൽ നമ്മൾ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ കണ്ടെത്തി എഴുതാൻ പഠിച്ചു. കൂടാതെ പാഠപുസ്തകത്തിൽ നിന്നും കൂടുതൽ വാക്കുകൾ കണ്ടെത്തി എഴുതാൻ പരിശീലിപ്പിച്ച‍ു. നാലാം ഘട്ടത്തിൽ വായനാകാർഡുകൾ നൽകി വായിപ്പിച്ചു,വർക്ക്ഷീറ്റ‍ുകൾ നല്കി ചെയ്യിപ്പിച്ച‍ു. ഇത‍ിന‍ുപ‍ുറമേ പാഠപുസ്തകങ്ങൾ തെറ്റുകൂടാതെ വായിക്കുവാന‍ും പഠിപ്പിച്ചു. അഞ്ചാംഘട്ടത്തിൽ കുട്ടികൾക്ക് പാഠപുസ്തകം അല്ലാതെയുള്ള പുസ്തകങ്ങൾ നൽകി വായിപ്പിക്കുകയും, സ്വതന്ത്രമായി എഴുതാൻ പരിശീലനം നൽകുകയും ചെയ്തു.

'സാക്ഷരം' - വിവിധ ഘട്ടങ്ങൾ


നല്ല നാളേക്കായി

ബോധവത്ക്കരണ ക്ലാസ്സും, സെമിനാറും


കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കൾക്കുള്ള പങ്ക് എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുളള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. അഡ്വ. സുനിൽകുമാരൻ തമ്പിയാണ് ക്ലാസ് നയിച്ചത്.

ഇതിന് പുറമെ നിയമബോധവത്കരണവും അവകാശ സംരക്ഷണവും എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകുകയും ചെയ്തു.


സ്കൂൾ ശാസ്ത്രമേള


സ്കൂൾ ശാസ്ത്രമേള 2025 ജൂലൈ 31ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു . പ്രഥമാധ്യാപിക സുമി റീച്ചൽ സോളമൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയം, ഐ.ടി. വിഭാഗങ്ങളിൽ, വ്യത്യസ്ത ഇനങ്ങളിലായി എൽ പി യു പി വിഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു . വാശി നിറഞ്ഞ മത്സരത്തിനൊടുവിൽ മികച്ച പ്രകടനത്തോടെ സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയവർ ഉപജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനറായ എസ് സിന്ധു , സ്കൂൾ ശാസ്ത്രമേള സഹ കൺവീനറായ വി കെ അനുശ്രീ എന്നിവർ ശാസ്ത്രമേളയ്ക്ക് നേതൃത്വം നൽകി .


 
ശാസ്ത്രമേളയി-ൽ നിന്നൊര‍ു ചിത്രം


സ്കൂൾ കായികമേള


2025-26 വർഷത്തെ സ്കൂൾ കായികമേള സെപ്റ്റംബർ 11, 12 തീയതികളിലായി സ്കൂൾ മൈതാനത്ത് നടത്തപ്പെട്ടു. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ കായികമേള ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഇനങ്ങളിലായി ഏകദേശം 72 കുട്ടികൾ കായികമേളയിൽ പങ്കെടുത്തു. 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ എന്നീ ദിനങ്ങളിലായി ഓട്ട മത്സര ഇനങ്ങളിലഡും , ലോങ്ങ് ജമ്പ് , സ്റ്റാൻഡിങ് ബ്രോഡ് ജംമ്പ് തുടങ്ങിയ മറ്റ് ഇനങ്ങളിലും കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. സ്കൂൾ കായികമേളയിൽ ഒന്നും ,രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ ഉപജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


 
കായിക മത്സരങ്ങൾ

സ്കൂൾ കലോത്സവം


സ്കൂൾ കലോത്സവം സെപ്റ്റംബർ 18 19 വ്യാഴം , വെള്ളി ദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. വാർഡ് പ്രതിനിധി ശ്രീ കെ ജയകൃഷ്ണൻ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . എസ് എം സി എക്സിക്യൂട്ടീവ് അംഗമായ ശ്രീ. യു. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സുമി റേച്ചൽ സോളമൻ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകൻ വി. രജനീഷ് , എസ്.ആർ.ജി. കൺവീനർ എസ്.

സിന്ധ, സ്കൂൾ കലോത്സവ കൺവീനർ എസ്. ബിന്ദു സി.ഡി.എസ്. ആറാം വാർഡ് ചെയർപേഴ്സൺ ജഗദമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി വി എഫ് രഹീന ബീഗം കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറി. 60ലധികം കുട്ടികൾ വ്യത്യസ്തയിനങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്റ്റേജിൽ എത്തി. രചന മത്സരങ്ങളിലും ആവേശപൂർവ്വമായ പങ്കാളിത്തമാണ് കുട്ടികളിൽ നിന്നുമുണ്ടായത്. മത്സരിച്ച ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയവർ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹത നേടി. കലാപരിപാടികൾ 19/09/2025 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ അവസാനിച്ചു.


 
സ്കൂൾ കലോത്സവം ഉദ്ഘാടനം


ഒരുവട്ടം കൂടി

സ്കൂൾ പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം


സ്കൂളിലെ ആദ്യ യു.പി. ബാച്ച് (1984-87) വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമവും, ഗുരുവന്ദനവും സംഘടിപ്പിച്ചു. ആദ്യ യുപി ബാച്ചിലെ കുട്ടികളും അവരെയൊന്നും പഠിപ്പിച്ച അധ്യാപകരും ആണ് 38 വർഷങ്ങൾക്ക് ശേഷം മാതൃ വിദ്യാലയത്തിൽ വീണ്ടും കണ്ടുമുട്ടിയത്. സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികളും, അധ്യാപകരും, എസ്.എം.സി അംഗങ്ങളും ഈ ധന്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാനായി സ്കൂളിൽ എത്തിയിരുന്നു. വൈകാരികമായ നിമിഷങ്ങൾക്കാണ് തിങ്ങിനിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചത്. ഹരിതാഭമായ ബാല്യകാല ഓർമ്മകൾ അയവിറക്കി അന്നത്തെ കുട്ടികളും, അന്നത്തെ കുട്ടികളുടെ കുസൃതികളും ,കുറുമ്പുകളും ഓർത്തെടുത്ത് വിവരിച്ച് പൂർവ്വ അധ്യാപകരും കാലത്തെ 38 വർഷം പിറകിലേക്ക് കൊണ്ടുപോയി. അന്നത്തെ കുട്ടികളുടെയും, ഇന്നത്തെ കുട്ടികളുടെയും കലാപരിപാടികൾ ചടങ്ങുകൾക്ക് മിഴിവേകി. തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം പഴയ അധ്യാപകരും, കുട്ടികളും ക്ലാസ് റൂമിൽ വീണ്ടും ഒത്തുകൂടുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തതിനുശേഷമാണ് പിരിഞ്ഞത്.

സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്ക‍ും, അധ്യാപകർക്കും എല്ലാം തന്നെ ഈ പൂർവ്വവിദ്യാർത്ഥി - അധ്യാപക സംഗമം ഒരു പുതിയ അനുഭവവും, വരുംം കാലത്തേക്കുള്ള പ്രചോദനവുമായി മാറത്തക്കവിധം സവിശേഷതയുള്ളതായിരുന്ന‍ു.


 
സ്കൂളിലെ ആദ്യ യു.പി. ബാച്ചിലെ (1984-87) ക‍ുട്ടികള‍ും, അധ്യാപകര‍ും.