എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/തിരുമുറ്റത്തെത്തുവാൻ മോഹം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുക്കാൽ പതിറ്റാണ്ടു പിന്നിട്ട ഈ സ്ഥാപനത്തിലെ നാലു പതിറ്റാണ്ട് മുമ്പുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ഞാൻ. അറിവിന്റെ ആദ്യാക്ഷരങ്ങൾ കനിഞ്ഞരുളിയ ഈ പഴയ വിദ്യാലയത്തെ ആർക്കാണ് മറക്കുക. എന്റെ ജീവിതപാത തീരുമാനിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയത് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
സ്‌കൂളിലെ ആദ്യദിവസം ഇന്നും ഓർക്കുന്നു. ബാപ്പ കൈപിടിച്ചു കൊണ്ടുവന്നതും നിറഞ്ഞ പുഞ്ചിരിയോടെ ഒന്നാം ക്ലാസിൽ പഠിപ്പിച്ചിരുന്ന പെരവൻ മാസ്റ്റർ ക്ലാസിലേക്ക് കൂട്ടികൊണ്ടുപോയതും ശുഭ്ര വസ്ത്രധാരിയായ പെരവൻ മാസ്റ്റർ ബ്ലാക്ക് ബോർഡിൽ 'തറ'യെന്നെഴുതിയതും ഇന്നും ഞാനോർക്കുന്നു. അറിവിന്റെ ആദ്യക്ഷരങ്ങൾ ഞങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട ഗുരുനാഥൻ എന്നും ഓർമ്മയിൽ ജീവിക്കുന്നു. രണ്ടാം ക്ലാസിലെ ഞങ്ങളുടെ ക്ലാസ് അധ്യാപകൻ കുരുവട്ടൂർ സ്വദേശിയായ രാഘവൻ മാസ്റ്ററായിരുന്നു. എന്റെ പിതാവിന്റെ ഗുരുനാഥൻ കൂടിയാണ് അദ്ദേഹം. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ യുവത്വം കഴിച്ചു കൂട്ടിയ രാഘവൻ സാറിൽ നിന്നുമാണ് ദേശസ്‌നേഹത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബാലപാഠങ്ങൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ആകർഷകമായ നാടൻ കളികളിലൂടെയും സരസമായ കഥകളിലൂടെയും കുട്ടികളുടെ മനം കവർന്ന രാഘവൻ മാസ്റ്റർ മഹാത്മജിയുടെയും റൂസ്സോവിന്റെയും ടാഗോറിന്റെയും അധ്യാപന സിദ്ധാന്തങ്ങൾ സ്വാംശീകരിച്ചിരുന്നു എന്ന് ഞങ്ങൾക്ക് മനസിലാക്കാൻ പിന്നീട് എത്രയോ വർഷങ്ങൾ വേണ്ടി വന്നു. വൈലോപ്പിള്ളിയുടെ മാമ്പഴവും വയലാറിന്റെ ആയിഷയും ചങ്ങമ്പുഴയുടെ വാഴക്കുലയും ആസ്വദിക്കാനുള്ള ഭാഗ്യം നന്നേ ചെറുപ്പത്തിലേ ഞങ്ങൾക്ക് ലഭിച്ചിരുന്നു.
മൂന്നാം തരത്തിലെ ക്ലാസ് അധ്യാപകനായിരുന്നു കെ.പി പണിക്കർ. ശാസ്ത്രവും ഗണിതവും നന്നായി പഠിപ്പിച്ചു. പുറായിൽ അസ്സയിൻ മാസ്റ്ററും, കറുത്തേടത്ത് ചെറുണ്ണി മാസ്റ്ററും അറബി അധ്യാപകൻ മുഹമ്മദ് മാസ്റ്ററും വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയ സ്‌നേഹവും കാരുണ്യവും ഇന്നും മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്നു.നാലാം ക്ലാസിലെ അധ്യാപകനും പിന്നീട് ദീർഘകാലെ സ്‌കൂൾ ഹെഡ്മാസ്റ്റർ പദം അലങ്കരിച്ച് സ്‌കൂളിൽ നിന്ന് വിരമിക്കുകയും ചെയ്ത എ.സി അഹമ്മദ്കുട്ടി മാസ്റ്ററെ പരാമർശിക്കാതെ ഈ ഓർമപുതുക്കൽ പൂർണമാകില്ല. അദ്ദേഹം മാതൃകയാക്കാൻ പറഞ്ഞ പലരും ഇന്ന് ഉയർന്ന സർക്കാർ സ്ഥാനങ്ങളിൽ ജോലി ചെയ്തുവരുന്നു. കൃത്യ നിഷഠയിലും ഉത്തരവാദിത്വത്തിലും ഒട്ടും വിട്ടുവീഴ്ച വരുത്താതെ നിരവധി വർഷം ഹെഡ്മാസ്റ്റർ പദം അലങ്കരിച്ച അഹമ്മദ്കുട്ടി മാസ്റ്ററുടെ സജീവ സാന്നിധ്യം ഇന്നും ചൂലാംവയലിലും സമീപ പ്രദേശങ്ങളിലും നിലനിൽക്കുന്നു.
ഞങ്ങൾക്ക് മൂന്നിലും നാലിലും ഇംഗ്ലീഷ് പഠിപ്പിച്ചത് ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച എൻ.ചന്തു മാസ്റ്ററായിരുന്നു. ഇംഗ്ലീഷ് നന്നായി കൂട്ടി എഴുതാനും വായിക്കാനും അത്യാവശ്യം ഇംഗ്ലീഷിൽ തന്നെ ആശയവിനിമയം നടത്തുവാനും ഞങ്ങൾക്ക് സാധിച്ചിരുന്നു. കുഗ്രാമത്തിലെ മലയാളം മീഡിയം എൽ.പി സ്‌കൂളിൽ പോലും ഇംഗ്ലീഷിന് അത്രയും നല്ലൊരു നിലവാരമുണ്ടാക്കാൻ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ അധ്യാപന വൈദഗ്ധ്യം. പിന്നീട് എം.എ ഇംഗ്ലീഷ് അടക്കം നിരവധി പരീക്ഷകളിൽ ഇംഗ്ലീഷിന് നല്ല മാർക്കോടെ വിജയിക്കാൻ കഴിഞ്ഞത് ചന്തുമാസ്റ്ററിട്ട ശക്തമായ അടിത്തറയുടെ പിൻബലത്തിലായിരുന്നു.
മാക്കൂട്ടം എ.എം.യു.പി സ്‌കൂളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ നിന്ന് വിദ്യാഭ്യാസപരമായി മുന്നേറ്റം നടത്തിയവർ ഈ സ്ഥാപനത്തിന്റെ പൂർവ്വ വിദ്യാർഥികളാണെന്ന് കാണാം. ഡോക്ടർമാരും എഞ്ചിനീയർമാരും അധ്യാപകരും സർക്കാർ ജീവനക്കാരും രാഷ്ട്രീയ നേതാക്കൻമാരും ആ കൂട്ടത്തിലുണ്ട്. ഇപ്പോൾ ബ്രസീലിൽ ജോലിചെയ്യുന്ന ശാസ്ത്രജ്ഞൻ പീടികപുറായിൽ ഹംസ ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രിയപ്പെട്ട പല ഗുരുനാഥൻമാരും ഒരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് പറന്നുപോയി. പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ചിലരും ഓർമ്മയായി. മാക്കൂട്ടം എന്റെ ആത്മവിദ്യാലയത്തിനു മുന്നിലൂടെ കടന്നു പോകുമ്പോഴെല്ലാം ഒ.എൻ.വിയുടെ വരികൾ മനസ്സിൽ തുടി കൊട്ടാറുണ്ട്.
ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം.....