ജി എച്ച് എസ് മണത്തല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മതസൗഹാർദ്ദത്തിന്റെയും പ്രവാസ ജീവിതങ്ങളുടെയും ചരിത്രമുറങ്ങുന്ന ചാവക്കാട് മണത്തല ദേശത്ത് പഴയ പ്രതാപത്തോടെ പുതിയ പ്രൗഢിയോടെ വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറി നാടിൻറെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി തലയെടുപ്പോടെ നിലകൊള്ളുകയാണ് മണത്തല ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ. ചുരുങ്ങിയ നാളുകൾക്കപ്പുറം നൂറ്റാണ്ടിൻറെ പാരമ്പര്യം കൈപ്പിടിയിലൊതുക്കുവാൻ കുതിച്ചുകൊണ്ടിരിക്കുന്ന സ്കൂളിന് കയറിവന്ന പടികളിലോരോന്നിലും വിജയത്തിൻറെ തിളക്കമുണ്ട്.മധുരിക്കുന്ന ഓർമകളുണ്ട്.

തീരദേശത്തിൻറെ പരാധീനതകൾക്കിടയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദൂര സ്വപ്‌നമായിരുന്ന ഒരുകാലത്ത് പ്രതീക്ഷയുടെ പൊൻതരിവെട്ടം തൂകി കടലിൻറെ മക്കളുടെ ജീവതത്തിലേക്ക് അക്ഷര വെളിച്ചം പകരാൻ 1927 ൽ ഒരേക്കർ എഴുപത്തിമൂന്ന് സെൻറ് സ്ഥലത്ത് മണത്തല സ്കൂൾ സ്ഥാപിതമായി.

വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ 1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1956-ൽ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂട്ടുങ്ങൽ എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ എന്ന പേരിൽ അറിയപ്പെട്ടു. 1967-68 വിദ്യാലയ വർഷം മുതൽ ഗവ. ഹൈസ്കൂൾ മണത്തലയായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ IX, X ക്ലാസുകൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്.2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല ' എന്നറിയപ്പെട്ടു.