ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.1950-ലാണ് മാനന്തവാടി ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മനസിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടമായിത്തന്നെ മാനന്തവാടി നിലനിൽക്കുകയാണ്.

ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യകളുടെ ഭാഗമായിരുന്നു മലബാർ. മലബാറിന്റെ ഒരുഭാഗമായി ഈ പശ്ചിമഘട്ട നിരകളും പ്രദേശങ്ങളും. കാർഷിക മേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്നേഹിച്ച്സംരക്ഷിച്ച് പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്ന ഒരു കൂട്ടം ജനത. വിരലിലെണ്ണാവുന്ന ചില വ്യക്തികൾക്കല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി നിലനിന്നിരുന്ന കാലം . എന്നാൽ അത്ഭുതമെന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായ് തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർത്ഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ! . പിന്നീട് 1944ൽ കല്പറ്റയിൽ ശ്രീ. ജിനചന്ദ്രൻ എം ജെ അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്, മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു.ലോവർ എലിമെന്ററി സ്കൂളെന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ പഠനം നിലച്ചു പോകുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണ് ഉണ്ടായത്. സാധാരണക്കാർക്കാകട്ടെ ഉന്നത പഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറേ നല്ല മനസുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനവും കൂടി ഒത്തുചേരുകയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂളെന്ന മഹാസ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുമായിരുന്നു.1950ൽ ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിരത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായിമാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.

സ്കൂളിന്റെ സ്ഥലം

ഇന്ന് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന ചങ്ങാടക്കാവ് എന്ന സ്ഥലം ട്യൂ എന്ന് പേരുള്ള ഒരു ജർമൻ പട്ടാളക്കാരന്റേതായിരുന്നു. കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ, ആ സ്ഥലം വിട്ടുതരണമെങ്കിൽ പകരം സ്ഥലം അദ്ദേഹത്തിന് വേണമെന്ന് വാശി പിടിച്ചു. എന്നാൽ പിന്നീട് അക്വിസിഷൻ നടത്തിയാണ് സ്കൂൾ നിർമാണം ആരംഭിച്ചത്.സ്കൂളിനും കളിസ്ഥലതിനുമയി 16 ഏക്കറോളം സ്ഥലം ലഭിക്കുകയും ചെയ്തു.സ്കൂൾ കെട്ടിടം പണി ചൂണ്ട സ്വദേശിയായ ഡിക്രൂസ് എന്ന വ്യക്തിയെ ചുമതല ഏൽപിക്കുകയും, അർപ്പണ ബുദ്ധിയോടെ പണി പൂർത്തിയാക്കുകയും ചെയ്തു.സാമ്പത്തികമായ കാര്യത്തിൽ വളരെ ഉദാരമായ ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കമ്മിറ്റിക്ക് വേണ്ടത്ര സാമ്പത്തിക കെട്ടുറപ്പ് ഇല്ലാത്തതിനാൽ  പണിക്കുലിയായ വലിയ ഒരു തുക ശ്രീ. ഡിക്രൂസ് വിട്ട് കൊടുക്കുകയും ചെയ്തു.അതിൻ്റെ ഓർമയ്ക്കായി ഡിക്രൂസ് ബിൽഡിംഗ് എന്ന പേരിൽ ഞങ്ങളുടെ സ്കൂളിൽ ഒരു കെട്ടിടമുണ്ട്. ഹൈ സ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക രിക്കപ്പെടുന്നതിന് അഹോരാത്രം പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ, നല്ലവരായ നാട്ടുകാർ എല്ലാവരെയും ഈ തരുണത്തിൽ സ്മരിക്കട്ടെ.

  1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന  ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട്  അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.