"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഓർമ്മക്കുറിപ്പ് == ലഘുചിത്രം|260x260ബിന്ദു ലെസ്‌ലി ജോർജ് നിഴലും വെളിച്ചവും ഇടകലർന്നിരിക്കുന്നു. വെളിച്ചത്തിന്റെ വേലിയേറ്റത്തിൽ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (added Category:19042 using HotCat)
 
വരി 22: വരി 22:


GHSS Perassannur*
GHSS Perassannur*
[[വർഗ്ഗം:19042]]

10:27, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഓർമ്മക്കുറിപ്പ്

ലെസ്‌ലി ജോർജ്

നിഴലും വെളിച്ചവും ഇടകലർന്നിരിക്കുന്നു. വെളിച്ചത്തിന്റെ വേലിയേറ്റത്തിൽ കാണുന്നതെല്ലാം പുഞ്ചിരിക്കുന്ന പൂക്കളെപ്പോലുള്ള കുരുന്നു മുഖങ്ങൾ. റിട്ടയർമെൻറ് ജീവിതം ആസ്വദിക്കുകയാണെന്ന് പറയുമ്പോൾ പോലും എന്റെ മനസ്സിൽ ആ തുറന്ന ആകാശത്തിന് കീഴിലുള്ള പേരശ്ശന്നൂർ എന്ന മനോഹര ഗ്രാമത്തിലെ വിദ്യാലയത്തിന്റെ വിശാലത ഒരു നഷ്ട വസന്തം ആയി കനൽ മൂടി കിടക്കുന്നു. ജീവിതത്തിന്റെ ഒഴുക്കിൽ അധ്യാപനം എന്ന തുറയിൽ എത്തിയപ്പോഴും ഇത്ര നല്ലൊരു വിദ്യാലയത്തിന്റെ ഭാഗമാകും എന്ന് ഒരിക്കലും ഞാൻ കരുതിയില്ല.  കൂടെ എന്റെരണ്ട് മക്കൾക്ക് കൂടി ആ ഭാഗ്യം ഉണ്ടായി. രണ്ടുപേർക്കും അറിവിന്റെ അക്ഷയഖനി മലർക്കെ തുറന്നു നൽകിയ മഹത്തായ സ്ഥാപനം. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന്റെ ദൃശ്യമനോഹാരിത അവർണനീയമാണ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങളും നീലാകാശവും പഞ്ഞിക്കെട്ടുകൾ പോലെ വെൺ മേഘങ്ങളും നിളാ നദിയും ഉൾക്കൊള്ളുന്ന ഈ അഭിരാമ സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണ്. വിദ്യാലയമുറ്റത്തായി പടർന്നുപന്തലിച്ചു നിൽക്കുന്ന ആൽമരങ്ങൾ. ആലിനോട് ചേർന്നുള്ള കെട്ടിടങ്ങളിൽ ക്ലാസുകൾ നടന്നിരുന്ന കാലത്ത് മിക്ക ദിവസങ്ങളിലും ക്ലാസിലെ കുട്ടികളുമായി ആൽത്തറയിൽ ഇരുന്ന് കഥകൾ പറയുകയും കവിതകൾ ചൊല്ലുകയും ചെയ്തിരുന്നു. ആൽത്തറയിൽ ഇരുന്ന് പഠിക്കുന്നത് കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. പഠനോത്സവങ്ങൾ നടത്തുവാനും അസംബ്ലി ചേരുവാനും ഈ മുത്തശ്ശി മരങ്ങൾ തണലേകിയിരുന്നു.

വിരമിക്കുന്ന അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ഗുരു സംഗമം എന്ന ഹൃദയസ്പർശിയായ പരിപാടി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. നാളിതുവരെ അവരോടൊപ്പം അധ്യാപന ജീവിതത്തിന്റെ മാധുര്യം നുകർന്ന എല്ലാ അധ്യാപകരും അന്നവിടെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. മനസ്സിലൂടെ കാലം മിന്നൽ വേഗത്തിൽ പിന്നിലേക്ക്... ഓർമ്മകൾക്ക് എന്ത് സുഗന്ധം.

എൽ പി, യുപി, എച്ച് എസ്, വിഭാഗങ്ങൾ വേലിക്കെട്ടുകൾ ഇല്ലാതെ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന മാതൃകാ സ്ഥാപനം. സ്കൂളിന്റെ നെടുംതൂണായ പിടിഎയുടെ പിന്തുണ സ്കൂളിനെ തലയെടുപ്പോടെ നിൽക്കുന്നതിന് സഹായിക്കുന്ന ഒരു ഘടകം കൂടിയാണ്.

കുന്നും കുഴിയും രാവും പകലും സുഖങ്ങളും ദുഃഖങ്ങളും എല്ലാം പ്രകൃതി പ്രതിഭാസമല്ലോ... ഇത്രയേറെ സന്തോഷങ്ങൾക്കിടയിലും എന്റെ അധ്യാപന ജീവിതത്തിൽ വേദന നിർഭരമായ ഒരു അനുഭവം നാളുകളോളം എന്നെ അലട്ടുവാൻ ഇടയായി. എല്ലാവർഷത്തെയും പോലെ ആ വർഷവും ഓണപരീക്ഷ മുറ തെറ്റാതെ എത്തി. പരീക്ഷയുടെ അവസാനദിവസം ഓണാഘോഷമായിരുന്നു. ഓരോ ക്ലാസ് മുറിയിലേക്കുംവസന്തം വിരുന്നെത്തി. നാട്ടിലുള്ള എല്ലാ പൂക്കളും ഓരോരോ ക്ലാസ് മുറികളിലും സ്ഥാനം പിടിച്ചു. നിറങ്ങളുടെ ആഘോഷം . കുട്ടികൾ ഓണപ്പൂക്കളത്തിന് ചുറ്റും കളിയും ചിരിയുമായി കൂടി. എന്റെക്ലാസിലെ ശബ്ന മോളും ആ കൂട്ടത്തിൽ ഉണ്ട്. കുട്ടികളെ പൂക്കളത്തിനു ചുറ്റുമിരുത്തി ഫോട്ടോയും വീഡിയോയും എടുത്തു. ഓണസദ്യയും കഴിച്ച് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. ഓണ അവധിക്ക്  ശബ്ന ഫാത്തിമയും കുടുംബവും ഏർവാടിയിലേക്ക് ഒരു യാത്രപോയി. തിരിച്ചുവരുമ്പോൾ തമിഴ്നാട്ടിൽ വെച്ച് ഉണ്ടായ ഒരു വാഹനാപകടത്തിൽ ശബ്നയും ഉമ്മയും സഹോദരനും മറ്റൊരു ലോകത്തേക്ക് യാത്രയായി. നാടിനെ നടുക്കിയ സംഭവമായിരുന്നു അത്. അവധിക്കുശേഷം ക്ലാസ്സിൽ എത്തിയ ഞങ്ങളെല്ലാവരും ശോകമൂകരായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എന്റെ കവിളുകളിൽ ഞാൻ അനുഭവിച്ചു. കുട്ടികൾക്കും കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കണ്ണീരിൽ കുതിർന്ന അക്ഷരങ്ങളോടെ ഞാൻ തുടരട്ടെ.... അവളെ നമുക്ക് അങ്ങനെ വിട്ടു കളയാൻ പറ്റില്ലല്ലോ. കുട്ടികളുടെ പാർക്കിനോട് ചേർന്ന് അവൾക്കായി സ്മൃതി വനം ഒരുക്കി. അവളുടെ പുഞ്ചിരി തൂകുന്ന മുഖത്തെ ഓർമ്മിപ്പിക്കുമെന്നോണം ആ സ്മൃതി വനത്തിന്റെ നടുവിലായി ആമ്പൽ കുളവും. ശബ്നമോളുടെ ഓർമ്മകളോടൊപ്പം ആ സ്മൃതി വനവും വളർന്നുകൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ അവിടെ വിരുന്നെത്തുന്ന ഇളം കാറ്റ് ഞങ്ങളെ തഴുകുമ്പോഴെല്ലാം മോളെ കുറിച്ചുള്ള ഓർമ്മകളും മനസ്സിലൂടെ കടന്നുപോകും.

നീണ്ട 19 വർഷത്തെ ഈ വിദ്യാലയത്തിലെ സേവനത്തിനുശേഷം വിരമിച്ചെങ്കിലും ഈ വിദ്യാലയവും എൻ്റെ പ്രിയപ്പെട്ട സഹപ്രവർത്തകരും കുട്ടികളും രക്ഷിതാക്കളും മനസ്സിൽ മായാതെ നിൽക്കുന്നു.

"ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി പൊഴിക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിർമ്മല പൗർണമി".

എന്ന അക്കിത്തത്തിൻ്റെ വരികളിലെ പൗർണമി പോലെ എന്റെ ഹൃദയാകാശത്തിൽ ഉദിച്ചു നിൽക്കുന്ന പൗർണമിത്തിങ്കളാണ് പേരശ്ശന്നൂർ സ്കൂൾ. എന്റെപ്രിയപ്പെട്ട സഹപ്രവർത്തകരും കുട്ടികളും ആ നഭസ്സിലെ കണ്ണ് ചിമ്മിച്ചിരിക്കുന്ന വെള്ളിനക്ഷത്രങ്ങളും.

Lesli George

Rtd Teacher

GHSS Perassannur*