"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{| class="wikitable" | |||
|- | |||
| [[രാജകീയ പ്രൗഢികളോടെ ഒരു ഗ്രാമം]] || || [[വിദ്യാലയചരിത്രം]] || [[മുന്നേറ്റത്തിന്റെ വഴികളിലൂടെ]] || [[ക്ലബ്ബുകൾ]] || [[പത്രവാർത്ത]] || [[ചിത്രശേഖരം]] || [[വിദ്യാലയോത്സവങ്ങൾ]] | |||
|} | |||
{{Infobox AEOSchool | {{Infobox AEOSchool |
23:37, 29 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
രാജകീയ പ്രൗഢികളോടെ ഒരു ഗ്രാമം | വിദ്യാലയചരിത്രം | മുന്നേറ്റത്തിന്റെ വഴികളിലൂടെ | ക്ലബ്ബുകൾ | പത്രവാർത്ത | ചിത്രശേഖരം | വിദ്യാലയോത്സവങ്ങൾ |
മന്ദങ്കാവ് എ. എൽ. പി സ്കൂൾ | |
---|---|
വിലാസം | |
മന്ദങ്കാവ് മന്ദങ്കാവ്, നടുവണ്ണൂർ. , 673614 | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 9496212412 |
ഇമെയിൽ | hmmannankavealps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47642 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനികുമാരി.ടി.കെ |
അവസാനം തിരുത്തിയത് | |
29-09-2018 | 47642 |
കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും ഉള്ളിയേരി - പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനുമായിരുന്ന ശ്രീ.കേശവൻ കാവുന്തറ ആണ്.
ദേശചരിത്രം
ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്.
രാജകീയ പ്രൗഢികളോടെ ഒരു ഗ്രാമം......
വിദ്യാലയചരിത്രം
മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്. 1953 ൽ ഓല മേഞ്ഞുണ്ടാക്കിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി അയനിക്കാം മഠത്തിൽ രാമൻ നായർ എന്ന മാന്യവ്യക്തി വിലക്കു നല്കിയതും റോഡ് അരികിലുള്ളതുമായ 16 സെന്റ് സ്ഥലത്താണ് ഈ സരസ്വതീക്ഷേത്രസ്ഥാനം. 1953ൽ തുടങ്ങിയ ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിരമായ അംഗീകാരം ലഭിച്ചത് 1960ൽ മാത്രമാണ്. പ്രാരംഭദശയിൽ ഇവിടെ അഞ്ചാംതരം ഉണ്ടായിരുന്നെങ്കിലും അതിന് താൽക്കാലികമായ അംഗീകാരമേ ഉണ്ടായിരുന്നുള്ളൂ. മൺമറഞ്ഞുപോയ പുതിയോട്ടിൽ അമ്മദ്, കുറ്റ്യാട്ട് കുമാരൻ, മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. കുറഞ്ഞകാലം കൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ സജീവസാന്നിധ്യമായി മാറിയ ഏ.കെ.ദാമോദരൻ നായർ, ടി.കെ.വീരാൻകുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ തുടങ്ങിയവർ തുടർന്നുള്ള വർഷങ്ങളിൽ ഇവിടെ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. അറബിക് പഠനം നടപ്പായതോടെ എ.സി. പൂക്കോയ തങ്ങൾ പ്രസ്തുത തസ്തികയിൽ അദ്ധ്യാപകനിയമനം നേടി.
വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികളുടെ നൈസർഗ്ഗികമായ ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാര്യമായ വേദികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രസ്തുത അദ്ധ്യാപകരുടെ പ്രവർത്തനം അതീവ കാര്യക്ഷമവും ശ്രദ്ധാർഹവുമായിരുന്നുവെന്നത് അടിവരയിട്ടു പറയേണ്ടതാണ്! സമീപത്തുള്ള പറമ്പിൻകാട് മൈതാനിയിൽ അവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഇടക്കിടെ സംഘടിപ്പിക്കപ്പെട്ട കലാ-കായിക-പ്രവൃത്തിപരിചയ മത്സരങ്ങളും ആയോധനകലകളുടെ അത്യപൂർവ്വമായ പ്രദർശനങ്ങളും മറ്റും അതിനള്ള ദൃഷ്ടാന്തങ്ങളാണ്. ശ്രീ.രാഘവൻ കോറോത്ത് ഈ സ്ഥാപനത്തിലെ ആദ്യത്തെ വിദ്യാർത്ഥിയായി സ്കൂൾ റജിസ്റ്ററിൽ സ്ഥാനം നേടി.
മുൻസാരഥികൾ
കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ എന്നിവർക്കുശേഷം കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ് എന്നിവ൪ ഈ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്.
സർവ്വീസിലിരിക്കേ മരണമടഞ്ഞ കെ.ബീരാൻകുട്ടി മാസ്റ്റർ, സർക്കാർ സർവ്വീസിലേക്ക് സ്ഥലം മാറിപ്പോയ ശ്രീമതി കെ.രമണി എന്നിവർ ഈ സ്ഥാപനത്തിൽ ശ്രദ്ധേയരായിത്തീർന്ന മറ്റുരണ്ട് അദ്ധ്യാപകരാണ്.
ക്ലാസുകളും അദ്ധ്യാപകരും
കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് മിനികുമാരി.ടി.കെ യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരും ശ്രീമതി.രജിത.പി പ്രീ പ്രൈമറി അദ്ധ്യാപികയായും പ്രവർത്തിക്കുന്നു.
മുന്നേറ്റത്തിന്റെ വഴികളിലൂടെ
ഭൗതികസൗകര്യങ്ങൾ
ആറ് ദശവത്സരങ്ങളിലൂടെ ഈ വിദ്യാലയം കടന്നെത്തുമ്പോൾ അതിന്റെ ഭൗതിക സൗകര്യങ്ങൾ വേണ്ടത്ര മെച്ചപ്പെടുത്തുന്നതിൽ ഈ സ്ഥാപനത്തിന്റെ മാനേജർ കാണിക്കുന്ന അതീവ ശ്രദ്ധയും താല്പര്യവും ശ്ലാഘനീയമാണ്. കെട്ടുറപ്പുള്ളതും സൗകര്യപ്രദവുമായ കെട്ടിടങ്ങൾ പഴയ ഓലമേഞ്ഞുണ്ടാക്കിയ ഷെഡ്ഡുകളെ കേവലം ഓർമ്മകളാക്കിയിരിക്കുന്നു. ശുദ്ധവായു സഞ്ചാരം വേണ്ടുവോളമുള്ള ക്ലാസ് മുറികളും ഓഫീസ്സും ആവശ്യമായ ഫർണീച്ചറുകൾ കൊണ്ട് സജ്ജമാണ്. ക്ലാസ്സുമുറികളിലേതു കൂടാതെ ഓരോ അധ്യാപകനും ഓഫീസിൽ പ്രത്യേകം മേശയും ഇരിപ്പിട സംവിധാനങ്ങളുമുണ്ട്. കെട്ടിടങ്ങൾ വൈദ്യുതീകരിക്കപ്പെട്ടവയും ലൈറ്റ്, ഫാൻ സൗകര്യങ്ങളോടുകൂടിയതും ആണ്. സ്കൂൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സ്വന്തമായ മൈക്ക് സംവിധാനമുണ്ട്. ഓരോ ക്ലാസിലും ലൈബ്രറി സൂക്ഷിക്കാനാവശ്യമായ സ്റ്റീൽ അലമാരകളുണ്ട്. ഓരോ ക്ലാസ് മുറിയിലുമുണ്ട് ക്ലോക്കുകൾ. കുട്ടികൾക്കുള്ള ഭക്ഷണമൊരുക്കുന്നതിന് സ്കൂളിൽ പ്രത്യേകമുറിയുണ്ട്. സ്വന്തമായ കിണറും ജലവിതരണ സംവിധാനങ്ങളുമുണ്ട്. 4 ഫ്ലഷ് ഔട്ട് കക്കൂസുകളും ഫ്ലഷ്ഔട്ട് സംവിധാനത്തോടു കൂടിയ ഒരു കുളിമുറിയും ഈ സ്ഥാപനത്തിലുണ്ട്. സ്കൂളും അതിന്റെ പരിസരവും മതിലുകൾ കെട്ടി സുരക്ഷിതമാണ്.......
എല്ലാ ക്ലാസ്മുറികളും സ്മാർട്ട് ആവുന്നു
2018-19 അദ്ധ്യയനവർഷത്തിന്റെ ആദ്യ പകുതിയോടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളം സ്മാർട്ട് ക്ലാസ് റൂമുകളാക്കാൻ തീരുമാനമായി. ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി അനുവദിച്ച സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാൻ 05-08-2018ന് സ്കൂളിൽ ഹെഡ്മിസ്ട്രസ് വിളിച്ചുചേർത്ത അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണ സമിതി, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ ഒരു ക്ലാസ്റൂം സ്മാർട്ട് ആക്കാനുള്ള തീരുമാനം അറിയിച്ചു. മറ്റു ക്ലാസുകൾ അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണസമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്മാർട്ട് ക്ലാസ് മുറികളാക്കും.
കലകളുടെ രംഗവേദി
സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും വൈദഗ്ദ്ധ്യവും സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നതിന് സ്കൂളിന് സ്വന്തവും ശാശ്വതവുമായ ഒരു സ്റ്റേജ് എന്ന സ്വപ്നം ഈ വർഷം സാർത്ഥകമാവുന്നു. ഏതാണ്ട് നിർമ്മാണം പൂർത്തിയായ ഈ കലാമണ്ഡപം സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ പട്ടികയിൽ മറ്റൊരു മുതൽക്കൂട്ടാണ്.
പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം
നാട്ടുകാരുെടയും രക്ഷിതാക്കളുടെയും അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ഈ അദ്ധ്യയനവർഷത്തിൽ(2018-19) സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ 2018 ജൂൺ 22ന് നിർവ്വഹിച്ചു. അദ്ധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ, എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ, ശ്രീ. രാജേഷ് ഇടുവാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
'വെളിച്ച'ത്തിന്റെ പ്രകാശനം
സ്കൂൾ അടുത്ത 5 വർഷങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രിതരേഖയായ "വെളിച്ചം" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ നിർവ്വഹിച്ചു. ബാലുശ്ശേരി ബി.പി.ഒ ശ്രീ.കെ.പി.സാഹിർ മാസ്റ്റർ എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണന് നല്കിക്കൊണ്ട് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. ശ്രീ.പ്രകാശൻ മാസ്റ്റർ രക്ഷാകർത്തൃബോധവൽക്കരണം നടത്തി. തുടർന്ന് ഗ്രൂപ്പ്തലചർച്ചകളും നടന്നു.
പൊതുവിദ്യാഭ്യാസസംരക്ഷണം
സെമിനാറും ബോധവൽക്കരണക്ലാസ്സും
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു.
വിദ്യാലയസമിതികൾ
അദ്ധ്യാപക-രക്ഷാകർത്തൃസമിതി
സ്കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സഹകരിക്കുകയും അവയെല്ലാം സാർത്ഥകമാക്കുന്നതിന് നിരന്തരം യത്നിക്കുകയും ചെയ്യുന്ന അതിശക്തമായ അദ്ധ്യാപക-രക്ഷാകർത്തൃസമിതി ഇപ്പോൾ ഈ വിദ്യാലയത്തിന്റെ വലിയൊരു മുതൽക്കൂട്ടാണ്.
2018-'19 അദ്ധ്യയനവർഷത്തിൽ സ്കൂൾ അദ്ധ്യാപകരക്ഷാകർത്തൃസമിതിയുടെ പ്രസിഡണ്ടായി ശ്രീ.കെ.എം.നാരായണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ. ഇ.കെ.ഷിജുവാണ് വൈസ് പ്രസിഡണ്ട്. രാജേഷ്.സി, ബിനു കണ്ണാട്ട്, റിനീഷ്.കെ.പി, സജില.ഇ.കെ, അസ്മ.എം, സതീഷ്കുമാർ കോലാത്ത് മീത്തൽ, സുജിത ചാലിൽ, പ്രദീഷ്.സി.പി എന്നിവരും അദ്ധ്യാപകരായ മിനികുമാരി.ടി.കെ, സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ ബി.ടി എന്നിവരുമാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
എം.പി.ടി.എ
സജീവമായി പ്രവർത്തിക്കുന്ന മാതൃ രക്ഷിതാക്കളുടെ സംഘടനയും ഈ വിദ്യാലയ പ്രവർത്തനങ്ങളുടെ ഊർജ്ജമായിട്ടുണ്ട്. ശ്രീമതിമാർ രജില, വത്സല, റാജിബ, സിജിന, നസീറ, അസ്മ, റഷീജ, ഷിംന, സജിനി എന്നിവരുൾപ്പെട്ടതാണ് ഈ അദ്ധ്യയനവർഷത്തിലെ മാതൃസമിതി.
ഉച്ചഭക്ഷണക്കമ്മറ്റി
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിക്കുകയും അതിന്റെ ദൈനന്ദിന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന ഉച്ചഭക്ഷണക്കമ്മറ്റി വാർഡ് മെമ്പർ ശ്രീമതി ഷാഹിന കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീമതിമാർ രജില, മഞ്ജുഷ, സിന്ധു, ഷൈജി.എൽ.വി, ബിജു.എൽ.വി, മൈമൂന, ഷിജു.ഇ.കെ, എന്നിവർ ഉൾക്കൊള്ളുന്നതാണ്.
സ്കൂൾ സംരക്ഷണസമിതി
ഇംഗ്ലീഷ് മീഡിയവും അൺ എയ്ഡഡ് വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വലിയൊരു ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുപോലെയുള്ള പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതിന്റെ നിലനില്പിനെത്തന്നെ അത് സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ നിരവധി പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനം മന്ദങ്കാവിന്റെ മുഖ്യ സാംസ്കാരിക സ്രോതസ്സായി നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ശക്തമായൊരു സംരക്ഷണ സമിതിതന്നെ ഇവിടെ രൂപികരിച്ചിട്ടുണ്ട്. ശ്രീ. എ.എം.ബാലകൃഷ്ണൻ നായർ ഈ സംരക്ഷണസമിതിയുടെ പ്രസിഡണ്ടാണ്.
വിദ്യാലയോത്സവങ്ങൾ
പ്രവേശനോത്സവം
ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന പ്രവേശനോത്സവം. പി.ടി.എയുടെ സജീവമായ സഹകരണത്തോടെ അന്നേ ദിവസം വിദ്യാലയവും പരിസരവും കുരുത്തോലകൾകൊണ്ടും ബലൂണുകൾ കൊണ്ടും കമനീയമായി അലങ്കരിക്കുകയും ആകർഷകമാക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ തൂങ്ങിയെത്തുന്ന നവാഗതരായ പിഞ്ചോമനകളെ സ്വീകരിക്കുന്നത് മധുരവും സമ്മാനപ്പൊതികളും നല്കിയാണ്. സാമൂഹ്യസാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉദ്ഘാടനയോഗവും ഇതോടൊപ്പം സംസ ടിപ്പിക്കാറുണ്ട്.
ഓണം പൊന്നോണം....
കൊല്ലംതോറും കേരളം സന്ദർശിക്കാനെത്തുന്ന മഹാബലിയെ വരവേല്ക്കാനെന്ന വിശ്വാസത്തോടെ കൊണ്ടാടുന്ന ഓണം സ്കൂളിലും ഒരു ഉത്സവമായിത്തന്നെ ആഘോഷിക്കുന്നു. ഉത്സാഹപൂർവ്വം ഓരോ ക്ലാസിലും കുട്ടികൾ ഒരുക്കുന്ന ഓണപ്പൂക്കളം ശ്രദ്ധാർഹമാണ്. ഓണപ്പാട്ടുകളും ഓണക്കളികളും ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ ഓണാഘോഷത്തിൽ രക്ഷിതാക്കളുടെ നിറസാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഇവിടെയെത്തുന്ന അമ്മമാർക്കു വേണ്ടിയും വിവിധ മത്സരങ്ങൾ നടത്താറുണ്ട്. ഉച്ചയ്ക്ക് ഓണസ്സദ്യയും പതിവാണ്.
സ്കൂൾ ഡേ
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ സർഗ്ഗശേഷികളെ വളർത്തുന്നതിനും അവരുടെ അത്തരം കഴിവുകൾ രക്ഷിതാക്കൾക്കും സമൂഹത്തിനും നേരിട്ട് ആസ്വദിക്കുന്നതിനും കളമൊരുക്കുന്നതാണ് സ്കൂൾ ഡേ. 2011 മുതൽ ഞങ്ങൾ ഓരോ വർഷാവസാനവും സ്കൂൾ ഡേ ആഘോഷിക്കാറുണ്ട്. ഇതൊരു മത്സരവേദിയല്ല എന്നതുകൊണ്ടുതന്നെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അനുമോദനത്തിന്റെ ഭാഗമായി ഉപഹാരവും നല്കി വരുന്നു.
മികവുകൾ
വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ മികവുകൾ കൈവരിക്കാൻ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
മേളകളിലെ തിളക്കം
2017-18 അദ്ധ്യയന വർഷത്തിൽ വിവിധ കലാമേളകളിലായി ഈ കൊച്ചുവിദ്യാലയം നിരവധി നേട്ടങ്ങൾ കൈവരിയ്ക്കുകയുണ്ടായി.
അനുഗ്രഹ.ജി: വായനാവാരത്തോടനുബന്ധിച്ച് താലൂക്ക്തലത്തിൽ നടന്ന പ്രശ്നോത്തരിയിലും ഗ്രാമോത്സവം 2017 താലൂക്ക്തല പ്രശ്നോത്തരിയിലും ഒന്നാം സ്ഥാനം. * പേരാമ്പ്ര ഉപജില്ലാതല സയൻസ് ക്വിസ്സിൽ രണ്ടാം സ്ഥാനം.* കെ.പി.എസ്.ടി.എ നടത്തിയ മെഗാ ക്വിസ്സിൽ മൂന്നാം സ്ഥാനം. * ഗ്രാമ പഞ്ചായത്ത്തല സ്കൂൾ കലോത്സവത്തിൽ കടങ്കഥയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം.* ഉപജില്ലാതല കടങ്കഥ മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രസംഗത്തിൽ എ ഗ്രേഡും.
ബിശ്വാസ്.എം. എസ്: ബി.ആർ.സി. നടത്തിയ പരിസ്ഥിതി ക്വിസ്സിലും ഉപജില്ലാ ഗണിതശാസ്ത്ര പ്രശ്നോത്തരിയിലും മൂന്നാം സ്ഥാനം.
അതിരൂപ്.എസ്.ആർ: തമിഴ് പദ്യം ചൊല്ലൽ മത്സരത്തിൽ പഞ്ചായത്ത്തലത്തിൽ രണ്ടാം സ്ഥാനവും ഉപജില്ലാതലത്തിൽ എ ഗ്രേഡും.
മാതൃഭാഷയുടെ മാഹാത്മ്യംതേടി
നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു .മാതൃഭാഷ എന്നത് അമ്മയിലൂടെ കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭാഷയാണ്.അത് അമ്മിഞ്ഞപ്പാലിനൊപ്പം കുട്ടി സ്വായത്തമാക്കുന്നു. കുട്ടികളുടെ ചിന്താശേഷി, ആശയ വിനിമയത്തിനുള്ള കഴിവ് എന്നിവയെല്ലാം രൂപപ്പെടുന്നത് അവരുടെ കുഞ്ഞുനാളിലാണ്.അതുകൊണ്ട് തന്നെ മാതൃഭാഷയുടെ മഹത്വം അമൂല്യമാണ്. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മാത്രമേ സ്വന്തമായി അറിവു നേടാൻ കുട്ടികളെ സഹായിക്കുകയുള്ളു. പെറ്റമ്മയെ മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിന് തുല്യമാണ് നാം നമ്മുടെ മാതൃഭാഷയെ അവഗണിക്കുന്നതും കൈയൊഴിയുന്നതും. നമ്മുടെ മാതൃഭാഷ പൊതു വിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നു പോലും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു കാരണമാവുന്നത് ആധുനിക മലയാളികളുടെ ഇംഗ്ലീഷിനോടുള്ള അമിതഭ്രമമാണ്. മറ്റേതൊരു ഭാഷയും നാം സ്വായത്തമാകുന്നത് മാതൃഭാഷയ്ക്കർഹമായ സ്ഥാനവും അംഗീകാരവും നൽകിക്കൊണ്ട് മാത്ര മാവണം. മാതൃഭാഷയുടെ മാഹാത്മ്യ മറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാ സ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാര രൂപങ്ങളിലും സർഗാത്മക പ്രവർത്തനങ്ങളിലും പ്രാപ്തരാവാനും നമ്മുടെ കുട്ടികൾക്ക് സാധിക്കണം. ഈ ലക്ഷ്യസാധ്യത്തിനുവേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് മലയാളസമിതി. വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ സമിതിയുടെ ആസൂത്രിത പട്ടികയിലുണ്ട്.
എൽ.എസ്.എസ്
പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. അനുഗ്രഹ.ജി, ബിശ്വാസ്.എം.എസ് എന്നീ വിദ്യാർത്ഥികൾ 2017-18 അദ്ധ്യയനവർഷത്തിൽ എൽ.എസ് എസ് പരീക്ഷയിൽ വിജയികളായി ഈ വിദ്യാലയത്തിന്റെ തിളക്കം കൂട്ടിയവരാണ്!
സ്കൂൾ മുന്നിലുണ്ട്;
വാഹനങ്ങൾ വേഗത കുറയ്ക്കുക
റോഡരികിലുള്ള ഈ വിദ്യാലയത്തിന് ഇരുഭാഗത്തു നിന്നും ചീറി വരുന്ന വാഹനങ്ങൾ വലിയ ഭീഷണിയാണ്. സ്കൂൾ പരിസരമാണെന്ന് അറിയിക്കാൻ ഇരു ഭാഗത്തും മുന്നറിയിപ്പ് ഫലകങ്ങൾ ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ 'നിവേദനം തയ്യാറാക്കൽ' എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഈ വിഷയം അടിസ്ഥാനമാക്കി കുട്ടികൾതന്നെ ഒരു നിവേദനം തയ്യാറാക്കി ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. കുട്ടികളടെ ഇത്തരം സാമൂഹികമായ ഇടപെടലുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പ് ഫലകങ്ങളുമായി സ്കൂളിൽ എത്തുകയും കുട്ടികളെ അഭിനന്ദിക്കുകയും ആ ഫലകങ്ങൾ റോഡരികിൽ സ്ഥാപിയ്ക്കുകയുമുണ്ടായി.
സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്.
ബാലോത്സവം
സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.
എന്റോവ്മെമെന്റുകൾ
ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ നല്കി വരുന്നുണ്ട്. ഓരോ വർഷവും ഈ എന്റോവ്മെമെന്റുകൾ വിതരണം ചെയ്യുന്നത് ശിശുദിനത്തോടനുബന്ധിച്ചുള്ള പ്രത്യേകയോഗത്തിലാണ്.
വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്
ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ.കെ.കേശവൻ ഏർപ്പെടുത്തിയ 10,000 രൂപയുടെ ഈ എന്റോവ്മെന്റ് എല്ലാ വർഷവും ആഗസ്റ്റ് 14 ന് നല്കി വരുന്നു. ഓരോ ക്ലാസിലും പഠനത്തിൽ കഴിവു തെളിയിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇതിന് അർഹരാണ്.
വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.
ദിനാചരണങ്ങൾ
അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം, ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി.
ക്ലബ്ബുകൾ
1.മലയാളസമിതി
കുട്ടികളുടെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മന്ദങ്കാവ് എ.എൽ.പി.. സ്കൂളിൽ പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് മലയാളസമിതി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മലയാളസമിതി പ്രത്യേകം ഊന്നൽ നൽകാറുണ്ട്. കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ, കേരളപ്പിറവി ദിനാഘോഷം, നാടൻപാട്ട് ശില്പശാല. സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് ചുമർ പത്രികകളും ചാർട്ടുകളും തയ്യാറാക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും മലയാളസമിതിയുടെ ഉദ്ദേശ്യലക്ഷങ്ങളിൽ പെട്ടവയാണ്. കുട്ടികളുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി (2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു. മലയാളസമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനദിനത്തിൽ അദ്ധ്യാപികയും കവയിത്രിയുമായ ശ്രീമതി. മാലതി നമ്പ്യാർ നിർവ്വഹിച്ചു
സ്കൂൾ മലയാളസമിതിയുടെ പ്രധാനപ്രവർത്തനങ്ങൾ അറിയുന്നതിന് ചുവടെ കാണുന്ന കണ്ണികളിൽ അമർത്തുക
2.കാർഷിക ക്ലബ്ബ്
ഈ വിദ്യാലയത്തിൽ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഇത്. കുഞ്ഞു മനസ്സുകളിൽ നമ്മുടെ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാർഷികരംഗത്തോടും കൃഷിയോടും അവരുടെ താല്പര്യം വളർത്തിയെടുക്കുന്നതിനും ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. നടുവണ്ണൂർ കൃഷി വികസന ഓഫീസറുടെ മാർഗ്ഗനിർദ്ദേശങ്ങളും ക്ലാസ്സുകളും ഞങ്ങൾക്ക് യഥാസമയം ലഭിക്കുന്നുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതോടൊപ്പം കാർഷിക ജോലിയിൽ രക്ഷിതാക്കളുടെ സേവനവും നിരന്തരമായ മേൽനോട്ടവും മറ്റു സഹായ സഹകരണങ്ങളും ഉണ്ടാവുന്നത് സ്കൂളിലെ കാർഷികവ്യത്തിക്ക് വലിയൊരു അനുഗ്രഹമാണ്. ഗ്രോ ബാഗുകളും കൃഷിക്ക് ഉപയോഗിക്കാറുണ്ട്. ജൈവപച്ചക്കറി കൃഷിയാണ് മുഖ്യം. വെണ്ട, കുമ്പളം, ചീര, കാബേജ്, പച്ചമുളക്, പടവലം, വഴുതിന, തക്കാളി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന ഈ പച്ചക്കറികൾ പൂർണ്ണമായും ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനാണ്. കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ചിങ്ങം ഒന്ന് കർഷകദിനമായി ഈ വിദ്യാലയത്തിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് കൃഷിയോടും കൃഷിക്കാരോടും മതിപ്പും ബഹുമാനവും വളർത്തുന്നതിന് അന്ന് പ്രാദേശികകർഷകരെ മാതൃകയായി ആദരിക്കുന്ന പതിവുമുണ്ട്.
3.ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിത ശാസ്ത്രവിഷയത്തോട് കുട്ടികൾ പൊതുവേ പ്രകടമാക്കുന്ന അകൽച്ചയൊഴിവാക്കി, ഗണിതത്തിന്റെ മധുരവും മാസ്മരികവുമായ ഒരു ലോകത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ് നടത്തി വരുന്നുണ്ട്. ഗണിതോത്സവം, ഗണിതോപകരണ ശില്പശാല എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ ഗണിതോത്സവവും ഗണിതോപകരണശില്പശാലയും നിറവാർന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ മാത്രമല്ല, രക്ഷിതാക്കളിൽ പോലും പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള നല്ലൊരു വേദിയായി.
4.ഹെൽത്ത് ക്ലബ്ബ്
ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക് ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ഇ.വിനോദ് ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി.
5.പ്രവൃത്തിപരിശീലന ക്ലബ്ബ്
കുട്ടികളുടെ ഭാവനാവികാസം, തൊഴിൽ പരിശീലനം, ബുദ്ധിവളർച്ച എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന പ്രവൃത്തി പരിശീലനക്ലബ് സ്കൂളിൽ സജീവമാണ്. 2017-18ൽ സ്കൂൾ അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കുട നിർമ്മാണത്തിലും പനയോലകൊണ്ടുള്ള ഉല്പന്നങ്ങളുണ്ടാക്കുന്നതിലും ഏകദിന പ്രവ്യത്തിപരിശീലന ശില്പശാല സംഘടിപ്പിക്കപ്പെട്ടു. ഈ പ്രദേശത്തുകാരനായ ശ്രീ. എൽ.വി.അശോകൻ പ്രസ്തുത തൊഴിലുകളിൽ പരിശീലനം നല്കി.
6. പഠനയാത്രകൾ
കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ ഉല്ലാസപ്രദവും വിജ്ഞാനപ്രദവുമായ പഠനയാത്രകൾ ഈ വിദ്യാലയത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരോടൊപ്പം രക്ഷിതാക്കളും രംഗത്തുണ്ട്. കഴിവതും ഏകദിന പഠനയാത്രകളാണ്. കുട്ടികൾക്ക് മാനസികമായ ഉല്ലാസവും അനുഭവജ്ഞാനവും വളർത്തുന്നതോടൊപ്പം യാത്രാനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് യാത്രാവിവരണരചനയിൽ പരിശീലനം നല്കുന്നതിനും ഈ സന്ദർഭം ഞങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്.
ചിത്രശേഖരം
ചിത്രശേഖരത്തിലേക്ക് പോകാൻ ഇവിടെ അമർത്തുക
വഴികാട്ടി
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ നടുവണ്ണർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ .വിദ്യാലയം സ്ഥിതി ചെയ്യുന്നത് മന്ദങ്കാവിൽ പ്രസിദ്ധമായ കേരഫെഡ് നിലകൊള്ളുന്ന പറമ്പിൻകാട് മലയുടെ അടിവാരത്ത് റോഡിന്റെ അടുത്താണ്. നടുവണ്ണൂർ - മുത്താമ്പി റോഡിൽ നടുവണ്ണൂരിൽ നിന്ന് 5 കി.മീറ്ററോ, മുത്താമ്പിയിൽ നിന്ന് 4 കി.മീറ്ററോ സഞ്ചരിച്ചാൽ മന്ദങ്കാവ് എ.എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലത്തിൽ എത്തിച്ചേരാം. ബസ്സുകൾക്ക് പുറമെ, ജീപ്പ് ഓട്ടോറിക്ഷ ടാക്സി സംവിധാനങ്ങളുമുണ്ട്. {{#multimaps:11.4763,75.746624|width=800px|zoom=12}}