സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/പ്രകൃതീ......നിനക്കിനിയെത്രനാൾ???
പ്രകൃതീ....നിനക്കിനിയെത്ര നാൾ???
ലോകം മുഴുവൻ ഒരു കുടുംബമായി മാറണമെന്ന ഉദാത്തമായ ദർശനം ആദ്യം മുന്നോട്ട് വച്ച രാജ്യം വേദകാല ഭാരതമാണ്. "വസുധൈവ കുടുംബക"മെന്നും "യാത്ര വിശ്വoഭാവത്യേക നീഡ"മെന്നുമെല്ലാം നാം പാടി. ലോകം മുഴുവൻ ഒരൊറ്റ കുടുംബമാണെന്നും ലോകം ഒരു പക്ഷിക്കൂട് പോലെയാണെന്നുമെല്ലാമാണ് ഇതിന്റെ അർത്ഥം. വിശാലമായ ഈ മഹാപ്രപഞ്ചത്തെ പരിഗണിച്ചു കൊണ്ട് നോക്കുമ്പോൾ മനുഷ്യൻ വളരെ നിസ്സാരനാണ്. എന്നാൽ ഈ മഹാപ്രപഞ്ചത്തെ ആകമാനം നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് അവനെന്ന് തോന്നും. അവൻ പരിസ്ഥിതിക്ക് വരുത്തി വെക്കുന്ന പരിക്കുകൾ കണ്ടാൽ യാതൊരു തത്വദീക്ഷയുമില്ലാതെ സ്വാർത്ഥമോഹത്തോടെ, തികഞ്ഞ ദു:സാമർഥ്യത്തോടെ അവൻ പരിസ്ഥിതിയെ ഉപയോഗിക്കുന്നു. അത് അവന്റെയും അവന്റെ വർഗ്ഗത്തിന്റെയും ഈ പ്രപഞ്ചത്തിന്റെയും നാശത്തിലേക്കുള്ള വഴിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ. "മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ പ്രപഞ്ചത്തിലുണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതല്ല" എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് മനുഷ്യൻ ഈ വാക്യത്തിന്റെ അന്തസത്ത മറന്നിരിക്കുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് അവൻ ഏർപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ സമൂലമായ ഒരു നാശത്തിലേക്കാണ് വഴിവെക്കുന്നത്. കുന്നുകൾ ഇല്ലാതാക്കുന്നതും വയലുകളും തോടുകളും ഇല്ലാതാക്കുന്നതും മണലൂറ്റലും എല്ലാം സൃഷ്ടിക്കുന്ന പാരിസ്ഥിക പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്. കുന്നുകൾ ഏതൊരു നാടിന്റെയും അനുഗ്രഹമാണ്. കുന്നുകളുള്ള ഇടങ്ങളിൽ അതിനെ ചുറ്റിപ്പറ്റി മുന്നോട്ടു പോകുന്ന ഒരു ആവാസ വ്യവസ്ഥയും ഉണ്ടാകും. വിവിധ സസ്യലതാദികളും ചെറു പക്ഷികളും മൃഗങ്ങളുമെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്. കൂടാതെ അമൂല്യമായ ധാതുസമ്പത്തും കുന്നിൻ മുകളിൽ സംഭരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഇവ നശിപ്പിച്ചു നിരന്ന പ്രദേശങ്ങൾ ഉണ്ടാക്കുന്നു. ആധുനിക ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ജീവിത പ്രതിസന്ധി ജലദൗർലഭ്യമാണ്. ലോകം മുഴുവൻ ശുദ്ധജലത്തിനുവേണ്ടി ഓടുകയാണ്. 44 നദികൾ, 300 മി. മീറ്ററിൽ കുറയാത്ത മഴ, സജീവമായ തെക്ക് പടിഞ്ഞാറൻ -വടക്കു കിഴക്കൻ കാലവർഷവും, കായലുകൾ, തടാകങ്ങൾ, കുളങ്ങളുമെല്ലാമുള്ള, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത് രൂക്ഷമെങ്കിൽ ബാക്കിയുള്ള നാടുകളിൽ എന്തായിരിക്കും അവസ്ഥ! ഇങ്ങനെ പോയാൽ "വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രെ" എന്നത് സത്യമാകും. വൃക്ഷങ്ങളെ ഈശ്വരന്മാരായി കണ്ട് ആരാധിച്ചിരുന്ന ഭാരതത്തിൽ ഇന്ന് വനനശീകരണ തോതിൽ കൂടുതൽ ഉണ്ടായിരിക്കുന്നു. ലോകത്തിൽ തന്നെ കാൽ ശതമാനം ഓക്സിജൻ വിതരണം ചെയ്യുന്ന 'ഭൂമിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന ആമസോൺ കാടുകളെ, മനുഷ്യനെ കാൻസർ കാർന്നു തിന്നുന്ന പോലെ കാട്ടുതീ കുറേഒക്കെ ഇല്ലാതാക്കി. ബാക്കിയുള്ള വനങ്ങളുടെ അവസ്ഥയും വേറിട്ടതല്ല. ജീവരാശിയുടെ രക്തനാഡികൾ തന്നെ നദികളാണ്. സംസ്കാരങ്ങൾ രൂപപ്പെട്ടത് നദിതടങ്ങളിൽ ആണ്. നദികളായ സിന്ധുവും ഗംഗയും രൂപപ്പെടുത്തിയ സംസ്കാരങ്ങൾ നമുക്ക് അറിയാവുന്നതാണ്. നമ്മുടെ നദിതടങ്ങൾ പ്ലാസ്റ്റിക്കിനാൽ നിറഞ്ഞു. ഇതെല്ലാം നമ്മൾ തന്നെയാണ് ചെയ്തത്. ഒന്നോർക്കുക ഇവയെല്ലാം വരും തലമുറക്കുവേണ്ടി ഉള്ളതാണ്. ബോധപൂർവം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരു ജീവി മനുഷ്യനാണ്. അതുകൊണ്ടാണ് ഒരു ചിന്തകൻ 'മനുഷ്യൻ ഭൂമുഖത്തിന്റെ കാൻസർ' ആണെന്ന് പറഞ്ഞത്. ആ കാൻസർ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വിവേക ബുദ്ധിയുണ്ടെന്നു അവകാശപ്പെടുന്ന മനുഷ്യസമൂഹം ഇതിനെ തടയുന്നതിന് അന്ധത നടിക്കുന്നു. "പരസ്പര ഭാവയന്താരശ്രേയ പരമ പാപ് സ്വത" എന്ന വേദ തത്വത്തിലേക്ക് മടങ്ങിപോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഓർക്കുക !
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |