സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ശുചിത്വമുള്ള ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള ജീവിതം


ശുചിത്വം പാലിച്ചു കൊണ്ട് ജീവിതം മുന്നോട്ടു നയിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. ശുചിത്വമുള്ള ജീവിതം നയിക്കുവാൻ സഹായകമായ നല്ല ശീലങ്ങൾ ഒരു വ്യക്തിയുടെ ശൈശവകാലം മുതൽ പരിശീലിപ്പിക്കുവാൻ മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും പരിശ്രമിക്കണം. ശുചിത്വം ഇല്ലാതെ ജീവിതം നയിക്കുന്ന ഒരു വ്യക്തി സമൂഹത്തിന് എന്നും തീരാശാപമാണ്. ആധുനിക ലോകത്തിൽ മനുഷ്യർക്കു അനേകം മാരകമായ രോഗങ്ങളെ നേരിടേണ്ടി വരുന്നു. അവയിൽ പല വ്യാധികളും ചെറുക്കുവാൻ ഫലപ്രദമായ പ്രതിവിധി ശുചിത്വം പാലിക്കുക എന്നതാണ്. ഇന്ന് മനുഷ്യ സമൂഹം ഏറ്റവും ഭയത്തോടെ ചെറുത്ത് തോല്പിക്കുവാൻ ശ്രമിക്കുന്ന കൊറോണ വൈറസിനെ തോല്പിക്കുവാൻ ശുചിത്വമുള്ള ജീവിതം നയിക്കുന്നവർക്കേ സാധിക്കൂ. പക്ഷേ, ഇന്നത്തെ സമൂഹത്തിൽ നമുക്ക് ശുചിത്വം പാലിക്കുന്നവരെ വിരലിൽ എണ്ണാൻ മാത്രമേ സാധിക്കൂ എന്ന സത്യം അംഗീകരിക്കേണ്ടി വരും. മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പൊതുവഴികളിലും പൊതുസ്ഥലങ്ങളിലും മാലിന്യ സംസ്കരണം നടത്തുന്നു. ജീവന്റെ നിലനിപ്പിന് ഒഴിച്ചുകൂടാനാകാത്ത ശുദ്ധജല സ്രോതസ്സുകളിൽ പോലും മാലിന്യകൂമ്പാരങ്ങൾ ആണ്. അവയെ മലിനമാക്കി ഒരു സമൂഹത്തിന്റെ ആരോഗ്യത്തെ തന്നെ അപകടപ്പെടുത്തുവാൻ ഇന്നത്തെ മനുഷ്യന് ഒരു മടിയുമില്ല. നമ്മുടെ ശുചിത്വമില്ലാത്ത ജീവിതരീതികൾ മൂലം നമ്മുടെ നാടിന്റെ അഭിമാനമായി നാം കരുതിയിരുന്ന പല ശുദ്ധജല സ്രോതസുകളും ഇന്ന് നമ്മുടെ രാജ്യത്തിന് തന്നെ അപമാനമായിതീരുന്ന വിധത്തിൽ മാലിന്യ സംഭരണികളായി നാം മാറ്റിയെടുത്തിരിക്കുന്നു ശുചിത്വത്തിന്റെ മഹത്വത്തെ വാനോളം പുകഴ്ത്തുന്ന നമുക്ക് അത് പാലിക്കുമ്പോഴുണ്ടാകുന്ന കൊച്ചുകൊച്ചു ത്യാഗങ്ങൾ സഹിക്കുവാൻ ഒട്ടും താല്പര്യമില്ല. വാക്കുകളിലൂടെ മാത്രം ശുചിത്വമുള്ളവർ ആകാതെ പ്രവർത്തിയിലൂടെ അത് പാലിക്കുന്നവർ ആയി മാറിയാൽ നാം നേരിടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ നമുക്ക് പരിഹാരം കാണുവാൻ കഴിയും.


ആഗ്നസ് സെബാസ്റ്റ്യൻ
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം