സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതി സുസ്ഥിരത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സുസ്ഥിരത

പ്രകൃതി അമ്മയാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ചുതുടങ്ങിയത്.

വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ, കുടിവെള്ള സംബന്ധമായ പ്രശ്നങ്ങൾ ഇവയൊക്കെ ഏതാനും ചിലതു മാത്രമാണ്.

സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തെ ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനങ്ങൾ. മണ്ണൊലിപ്പും വനനശീകരണവും പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്നു. ഇന്ത്യയിൽ വനപ്രദേശങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നു. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്താൽ മാത്രമേ ഈ ദു:സ്ഥിതി തടയാനാവൂ. അന്തരീക്ഷത്തിൽ നിന്നും കാർബൺഡയോക്സൈഡ് സ്വീകരിച്ച് ഓക്സിജൻ പുറത്തു വിടുന്നതിനും ഈ വൃക്ഷങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാനകാര്യം അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ വർദ്ധനവാണ്. ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞുനിറുത്തി അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലവിതാനം ഉയരുന്നു.

ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ-ജൈവ പ്രവർത്തനങ്ങളുടെ ഫലമായാണ് കൃഷിക്ക് ഉപയുക്തമായ മണ്ണുരൂപം കൊള്ളുന്നത്. പേമാരിമൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ഈ മണ്ണുമുഴുവനും തന്നെ നഷ്ടപ്പെടുന്നു. മണ്ണോലിപ്പ്, ജലമലിനീകരണം, ഖരമലിനീകരണം, നിർമ്മാർജ്ജനപ്രശ്നങ്ങൾ, അതിവൃഷ്ടി, വരൾച്ച പുഴമണൽ ഖനനം, വ്യവസായവൽക്കരണംമൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം ഇവയൊക്കെ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

പ്രെയ്സി ബിനു
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം