സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ/അക്ഷരവൃക്ഷം/മലയാളി പൊളിയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളി പൊളിയാണ്

" മലയാളി പൊളിയാണ് ," മലയാളികൾക്ക് നല്കാൻ പറ്റിയ ഏറ്റവും നല്ല വിശേഷണം.ഇന്ത്യാ ഭൂപടത്തിന്റെ ഒരു കോണിൽ കിടക്കുന്ന ഈ ചെറിയ സംസ്ഥാനത്തെപ്പറ്റി ഇന്ന് ലോകം മുഴുവൻ പറയുന്നുണ്ടെങ്കിൽ അത് ഇവിടുത്തെ ജനങ്ങളുടെ ചെറുത്തുനില്പ് ഒന്നുകൊണ്ട് മാത്രമാണ് ." ഒരുമയുണ്ടെങ്കിൽ ഒലക്കമേലും കിടക്കാം" എന്നു പറഞ്ഞ് പഠിച്ചവനാണ് മലയാളി. അത് പ്രാവർത്തികമാക്കാനും മലയാളികൾക്ക് അറിയാമെന്ന് ഈ കൊറോണക്കാലത്തു തെളിയിച്ചുകൊണ്ടിരിക്കുന്നു. കുപ്പിയിൽ നിന്നും വന്ന ഭൂതത്തെപ്പോലെ നാശം വിതയ്ക്കുന്ന മഹാമാരിയെ കുപ്പിയിലാക്കിയില്ലെങ്കിലും എതെങ്കിലും ഒരു കുളത്തിൽ കെട്ടിത്താഴ്ത്തുമെന്ന് അരക്കിട്ടുറപ്പിച്ചവനാണ് മലയാളി. ഭൂതം കുപ്പി പൊട്ടിക്കുമെന്ന് മനസ്സിലാക്കിയ ഉടനെ മന്ത്രവാദവും വടിയും കൈയ്യിലെടുത്ത നമ്മുടെ ഭരണാധികാരികളും പോലീസും ലോകത്തെ വൻകിട രാഷ്ട്രങ്ങൾക്കു തന്നെ ഇന്ന് മാതൃക ആണ് . ലോക പോലീസായ അമേരിക്കയിൽ ദിവസവും ആയിരങ്ങൾ മരിച്ചു വീഴുമ്പോഴും കേരളത്തിൽ മരണസംഖ്യ രണ്ടക്കം കടക്കാതെ പിടിച്ചു നിർത്തിയിരിക്കുന്നു. രോഗം എവിടെനിന്നു വരുന്നു എന്നറിയാതെ ലോക രാജ്യങ്ങൾ നട്ടം തിരിയുമ്പോൾ മലയാളികൾ രോഗിയുടെ റൂട്ട് മാപ്പ് വരെ തയ്യാറാക്കുന്നു. ആവശ്യമെന്നാൽ കേരളത്തിൽ ഓരോ മലയാളിയും പോലീസാണ് . ഇന്ന് ഓരോ മലയാളിയും സമരത്തിലാണ് , കൊറോണയ്ക്കെതിരെ ഒറ്റ പാർട്ടിയാണ് . എല്ലാവരുടെയും ഒരൊറ്റ ആവശ്യം പടർന്നു പിടിക്കുന്ന മഹാമാരിയെ എങ്ങനെയും തുടച്ചുനീക്കുക എന്നുള്ളതാണ് . സാഹചര്യത്തിനൊത്ത് മാറാൻ കഴിയുന്നവനാണ് ഓരോ മലയാളിയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ സാഹചര്യത്തെ മലയാളിക്കനുസരിച്ച് മാറ്റിക്കളയും. ദുരന്തങ്ങളും മഹാമാരികളും മലയാളിക്ക് പുതുമയല്ല. പ്രളയം വന്ന് മുക്കിക്കൊല്ലാൻ നോക്കിയപ്പോൾ വെള്ളത്തിൽ ചവിട്ടി ഉയർന്നു നിന്നവനാണ് മലയാളി. നിപ്പാ വൈറസ് വവ്വാലിന്റെ രൂപത്തിൽ വന്നപ്പോൾ ചൂട്ടും കത്തിച്ച് പ്രതിരോധിക്കാനും മലയാളി മടിച്ചില്ല. പ്രതിരോധങ്ങൾ മലയാളിയെ തളർത്തിയിട്ടില്ല, മറിച്ച് പ്രതിരോധ ശേഷി വർദ്ധിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ടു തന്നെയാണ് ലോകരാഷ്ട്രങ്ങളെ കീഴടക്കിയ കൊറോണയുടെ വേരുകൾക്ക് കേരളത്തിൽ ആഴ്ന്നിറങ്ങാൻ കഴിയാതെ വരുന്നത് . ദുരന്തങ്ങൾ മലയാളിയുടെ അതിജീവനത്തിനുള്ള കരുത്ത് കൂട്ടുകയാണ് ചെയ്യുന്നത് . സാഹചര്യങ്ങൾ മലയാളികളെ മാറ്റുകയാണ് . ഒരു കാലത്ത് പള്ളിക്കും അമ്പലത്തിനും ദൈവത്തിനും വേണ്ടി പിടിവലി കൂട്ടിയവർ അവയെല്ലാം മാറ്റി നിർത്തി സഹജീവിയെ ചേർത്തുപിടിക്കുന്നു. പ്രളയം വന്നപ്പോഴും കൊറോണയുടെ ഈ അവസരത്തിലും ഒരു മനുഷ്യനും കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികളെപ്പോലും സഹോദരങ്ങളായി ചേർത്തുപിടിക്കുന്നു. സുഭിക്ഷക്കാലത്ത് ഒരു പക്ഷേ സഹജീവിക്ക് വെള്ളം കൊടുക്കാത്തവൻ ഇന്ന് ഒരു പിടിച്ചോറുമായി തെരുവിലേയ്ക്ക് ഇറങ്ങുന്ന കാഴ്ച മറ്റുള്ളവർക്ക് അവിശ്വസനീയമായിത്തോന്നാം. അംബരചുംബികളായ വിവിധ സ്ഥാപനങ്ങളും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ഉള്ള ലോകരാഷ്ട്രങ്ങൾക്ക് ഒരു പക്ഷേ അതിനേക്കാൾ ഉയരമുള്ള മനസ്സുകളുള്ള മലയാളികൾ ഒരു ചോദ്യചിഹ്നമായി കിടപ്പുണ്ടാവാം. മലയാളി എന്നത് ഓരോ കേരളീയന്റെയും ആത്മാവിൽ കുടിയിരിത്തിയിരിക്കുന്ന ഒരു വികാരമാണ് . മറ്റുള്ളവരിൽ നിന്ന് മലയാളിയെ വേറിട്ടു നിർത്തുന്നതും അതിജീവന തത്ത്വം പകർന്നു നല്കുന്നതും ഇതേ വികാരം തന്നെയാവും. മലയാളി എല്ലാവർക്കും ഒരു അത്ഭുതമായി മാറുന്നതും ഇതു കൊണ്ട് തന്നെയാണ് . പ്രതിസന്ധികളെയെല്ലാം അതിജീവിച്ചിട്ടുള്ള മലയാളി കൊറോണയെന്ന മഹാമാരിയെയും അതിജീവിക്കും.


അഖില കെ. ബിനു
7 സെന്റ് മേരീസ് ഹൈസ്കൂൾ കക്കാടം പൊയിൽ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം