സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പഞ്ചവർണ്ണക്കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പഞ്ചവർണ്ണക്കിളികൾ

അമ്മയുടെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. ചിന്നു ഓടിച്ചെന്ന് ഫോണെടുത്തു. ദുബായിൽ നിന്ന് അവളുടെ അച്ഛൻ ആയിരുന്നു വിളിച്ചത്.

മോളെ, സുഖമല്ലേ.. നിന്റെ പരീക്ഷകൾ ഒക്കെ കഴിഞ്ഞോ..

ഇല്ലച്ഛാ.. രണ്ടെണ്ണം കൂടി ബാക്കിയുണ്ട്.

അച്ഛൻ എന്നാ നാട്ടിലേക്ക് വരുന്നത്.

അടുത്ത ആഴ്ച വരുന്നുണ്ട് മോളെ. മോൾക്ക് എന്തൊക്കെയാ വേണ്ടത്.

പുതിയ ഉടുപ്പ്, ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ, പിന്നെ അച്ഛന് ഇഷ്ടപ്പെട്ടത് എന്തും. അച്ഛൻ വന്ന ഉടനെ ഒരു വിനോദയാത്ര പോണം കഴിഞ്ഞ തവണ പോകാൻ പറ്റിയില്ലല്ലോ.

അതൊക്കെ പോകാം. അച്ഛൻ സമ്മതിച്ചു

അവൾ അമ്മയ്ക്ക് ഫോൺ കൈമാറി.


കുറച്ചു ദിവസങ്ങൾക്ക് ശേഷം ടിവിയിൽ വാർത്ത കാണുകയായിരുന്നു ചിന്നു.

കൊറോണ രോഗം പടരുന്നു. മരണസംഖ്യ കൂടുന്നു. രാജ്യത്ത് ലോക്ക് ഡൗൺ. വിദേശത്തു നിന്ന് എത്തുന്ന വരെ നിരീക്ഷണത്തിലാക്കുന്നു.

ഇത് കണ്ട് ചിന്നു അമ്മയോട് ചോദിച്ചു.

അമ്മേ.. അപ്പോൾ അച്ഛന് നാട്ടിൽ വരാൻ പറ്റില്ല അല്ലേ. നമ്മളെങ്ങനെ വിനോദയാത്രയ്ക്ക് പോകും.

ലോക്ക് ഡോൺ ആയതുകൊണ്ട് എവിടെയും പോകാൻ പറ്റില്ല. ചെറിയ കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുത്. അവശ്യ സേവനങ്ങൾക്ക് മാത്രമായി ചില സ്ഥാപനങ്ങളും കടകളും തുറക്കും. വാഹനങ്ങൾ ഓടില്ല. രോഗമുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കും. വിദേശത്തു നിന്നു വരുന്നവരെ പ്രത്യേകിച്ച്.

അപ്പോൾ അച്ഛൻ വീട്ടിലേക്ക് വരില്ലേ.

വന്നാലും അച്ഛൻ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടിവരും. ഇത് പെട്ടെന്ന് പടർന്നുപിടിക്കുന്ന രോഗമാണ്. നമ്മൾ കരുതലോടെ ഇരുന്നാൽ ആർക്കും രോഗം ബാധിക്കില്ല.

ഇതുകേട്ട് ചിന്നുവിന് സങ്കടമായി.

രണ്ടുനാൾ കഴിഞ്ഞ് അച്ഛൻ നാട്ടിൽ വിമാനമിറങ്ങി. ഉടൻ വീട്ടിലേക്ക് വിളിച്ചു. രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയണമെന്നും കുറച്ചുനാൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ പറ്റുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചതായി അച്ഛൻ പറഞ്ഞു.

നാട്ടിൽ എത്തിയിട്ടും അച്ഛനെ അടുത്തു കാണാൻ സാധിക്കാത്തതിൽ ചിന്നുവിന് വിഷമമായി.

അവൾക്ക് അച്ഛൻ കൊണ്ടുവരാമെന്നു പറഞ്ഞ പുത്തനുടുപ്പും കളിപ്പാട്ടങ്ങളും അവൾ സ്വപ്നം കണ്ടു.

ഇനിയിപ്പോൾ അടുത്ത വീട്ടിൽ കളിക്കാൻ പോകാൻ പറ്റില്ല. വീടിന് പുറത്തിറങ്ങാൻ പറ്റില്ല. വിനോദയാത്രയും ഇല്ല.

ചിന്നു വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. പുസ്തകങ്ങൾ വായിച്ചു.

വീട്ടിലെ കൂട്ടിൽ വളർത്തുന്ന പഞ്ചവർണ്ണ കിളികളെ കണ്ടപ്പോൾ ചിന്നു ആലോചിച്ചു.

അവയ്ക്ക് അച്ഛനെയും അമ്മയെയും കാണാൻ പറ്റില്ല. നീലാകാശത്ത് കൂട്ടുകാരോടൊപ്പം പറന്നുല്ലസിക്കാൻ കഴിയില്ല. ജീവിതത്തിൽ എന്നും ലോക്ക് ഡൗൺ.

അവൾ ആ പഞ്ചവർണ്ണ കിളികളെ തുറന്നുവിട്ടു.

മാസ്ക് ധരിച്ചും കൈകൾ കഴിയും ചിന്നു വീട്ടിൽ തന്നെ ഇരുന്നു. അച്ഛന്റെ തിരിച്ചുവരവിനായി കാത്തുനിന്നു.

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയശേഷം അച്ഛൻ വീട്ടിലെത്തി. അച്ഛനെ കണ്ടയുടൻ ചിന്നു സന്തോഷത്തോടെ തുള്ളിച്ചാടി. പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളും ചോക്ലേറ്റും നഷ്ടപ്പെട്ടെങ്കിലും രോഗബാധയില്ലാത്ത അച്ഛനെ തിരിച്ചുകിട്ടിയല്ലോ.

അല്പനാൾ കരുതലോടെ അകന്നു നിന്നാലും പിന്നീട് ചേർന്നു നിൽക്കാൻ സാധിച്ചല്ലോ. സന്തോഷം കൊണ്ട് ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു.

അവൾ മുറിയിലേക്ക് ഓടി. അമ്മ തുന്നിയെടുത്ത മാസ്കുകളിൽ നിന്ന് ഒരെണ്ണം അച്ഛന് കൊടുത്തു.

ദുബായിലെയും മെഡിക്കൽ കോളേജിലെയും വിശേഷങ്ങൾ കേട്ടുകൊണ്ട് അച്ഛന്റെ മുന്നിൽ അവൾ ഇരുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ട്..

ചിന്നു കാത്തിരിക്കുന്നു സ്കൂൾ തുറക്കാൻ.

പ്രാർത്ഥന നമ്പ്യാർ സി കെ
3 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത