സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/ ഈ കൊറോണക്കാലവും കഴിഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണക്കാലവും കഴിഞ്ഞ്


എന്നാണ് എനിക്കെന്റെ അച്ഛനെ ഒന്ന് കാണാൻ കഴിയുന്നത്?? മുത്തശ്ശിയുടെ മടിയിൽ കിടന്നു ടുട്ടു ഓർമ്മിക്കുകുയാണ്. അച്ഛൻ ദുബായിൽ ആയിരുന്നതിനാൽ ഛായാ ചിത്രത്തിലൂടെ മാത്രേ അച്ഛനെ ടുട്ടു കണ്ടിട്ടുള്ളു. എന്റെ അച്ഛൻ എന്നാണ് എന്നെ കാണാൻ വരുക?? ടുട്ടു മുത്തശ്ശിയോട് ചോദിച്ചു. ഏതായാലും ഇത്തവണ ദേവിയുടെ ഉത്സവത്തിന് അവൻ വരാതിരിക്കില്ല മുത്തശ്ശി മറുപടി നൽകി. അപ്പോൾ ടുട്ടുവിന്റെ അച്ഛൻ ഛായാചിത്രത്തിൽ നിന്ന് ഇറങ്ങി വരുന്നതായി അവനു തോന്നി. "മോനേ... സോപ്പിട്ടു കൈ കഴുകി വന്നു ഭക്ഷണത്തിനിരിക്കു" അടുക്കളയിൽ നിന്ന് അമ്മയുടെ വിളിയായിരുന്നു അത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ടുട്ടു കിടക്കയിലേക്കു ചാഞ്ഞു. അമ്മയും മുത്തശ്ശിയും ഗൗരവത്തോടെ എന്തോ സംസാരിക്കുന്നു. അവൻ അവർ പറയുന്നതിന് മെല്ലെ കാതോർത്തു. കൊറോണ വൈറസ് ഗൾഫ് രാജ്യങ്ങളിലും പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ടുട്ടുവിന്റെ അച്ഛൻ ഉടൻ നാട്ടിലേക്ക് എത്തുമെന്നും കേട്ടപ്പോൾ ടുട്ടു വേഗം അമ്മയുടെ അടുത്തേക്ക് ഓടി ചെന്ന് ചോദിച്ചു അമ്മേ അച്ഛൻ വരുമോ?? "വരും നാളെ തന്നെ വരും മോൻ ഉറങ്ങിക്കോ". ആദ്യമായി അച്ഛനെ കാണുന്നതോർത്ത് അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴോ ഉറക്കത്തിലേക്കു വഴുതി സ്വപ്നത്തിലേക്കും. അച്ഛന്റെ കൈ പിടിച്ച് ദേവി ക്ഷേത്രത്തിൽ ദീപങ്ങൾക്കിടയിലൂടെ നടക്കുന്നതും, അച്ഛനോടൊപ്പം ഇരുന്നു സദ്യ ഉണ്ണുന്നതും, മുറ്റത്തെ തേന്മാവിൻ നിന്ന് അച്ഛന്റെ തോളിൽ കയറി മാമ്പഴം കയ്യെത്തി പറിക്കുന്നതും, മാമ്പഴം താഴെ വീണു പൊട്ടിച്ചിതറുന്നതും......പിറ്റേ ദിവസം പുലർച്ചെ തന്നെ എണീറ്റ് ടുട്ടു അടുക്കളയിലേക്കു ഓടിച്ചെന്നു "ടുട്ടു അച്ഛൻ വന്നിട്ടുണ്ട് . വടക്കേ മുറിയിലുണ്ട് പക്ഷെ നീ അങ്ങോട്ടു പോകരുത് " അമ്മ പറഞ്ഞു. ഇത് കേട്ട ടുട്ടു എനിക്കിപ്പോൾ തന്നെ അച്ഛനെ കാണണം എന്ന് പറഞ്ഞ് വാശി പിടിച്ചു. എന്നിട്ട് അവൻ മുത്തശ്ശിയുടെ അടുത്തേക്ക് ഓടി. തിണ്ണയിൽ കാലും നീട്ടി വെറ്റില മുറുക്കി കൊണ്ടിരുന്ന മുത്തശ്ശി അവനെ പിടിച്ച് മടിയിലിരുത്തി പറഞ്ഞു. മോനെ ടുട്ടു മോന്റെ അച്ഛൻ കൊറോണ രോഗം ഉള്ള നാട്ടിൽ നിന്ന് വന്നതാണ് . 14 ദിവസം ആ അടച്ചിട്ട മുറിയിൽ കഴിയണം. അത് കഴിഞ്ഞേ അച്ഛന് പുറത്തിങ്ങാൻ കഴിയു. അതുകൊണ്ട് മോൻ അങ്ങോട്ടു പോകരുത് . ഇത് കേട്ട ടുട്ടുവിനു ആകെ വിഷമമായി. അവൻ മുത്തശ്ശിയുടെ മടിയിൽ തല ചായിച്ചു. മുറ്റത്തെ മാവിൽ നിന്ന് അപ്പോഴും മാമ്പഴം ഞെട്ടറ്റു വീണു കൊണ്ടിരുന്നു......

ആൽബെൻ ജോസഫ്
6 B സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ